മൂസാനബി

[ 23 - Aya Sections Listed ]
Surah No:7
Al-A'raaf
103 - 129
പിന്നീട്‌ അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക്‌ നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ ദൃഷ്ടാന്തങ്ങളോട്‌ അന്യായം കാണിക്കുകയാണ്‌ ചെയ്തത്‌. അപ്പോള്‍ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌.(103)മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു.(104)അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ.(105)ഫിര്‍ഔന്‍ പറഞ്ഞു: നീ തെളിവും കൊണ്ട്‌ തന്നെയാണ്‌ വന്നിട്ടുള്ളതെങ്കില്‍ അതിങ്ങ്‌ കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.(106)അപ്പോള്‍ മൂസാ തന്‍റെ വടി താഴെയിട്ടു. അപ്പോഴതാ അത്‌ ഒരു പ്രത്യക്ഷമായ സര്‍പ്പമാകുന്നു.(107)അദ്ദേഹം തന്‍റെ കൈ പുറത്തെടുത്ത്‌ കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവര്‍ക്കെല്ലാം അത്‌ വെള്ളയായി കാണുന്നു.(108)ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നല്ല വിവരമുള്ള ജാലവിദ്യക്കാരന്‍ തന്നെ.(109)നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്ന്‌ പുറത്താക്കാനാണ്‌ അവന്‍ ഉദ്ദേശിക്കുന്നത്‌. അതിനാല്‍ നിങ്ങള്‍ക്കെന്താണ്‌ നിര്‍ദേശിക്കാനുള്ളത്‌?(110)അവര്‍ (ഫിര്‍ഔനോട്‌) പറഞ്ഞു: ഇവന്നും ഇവന്‍റെ സഹോദരന്നും താങ്കള്‍ കുറച്ച്‌ ഇടകൊടുക്കുക. നഗരങ്ങളില്‍ ചെന്ന്‌ വിളിച്ചുകൂട്ടാന്‍ ആളുകളെ അയക്കുകയും ചെയ്യുക.(111)എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുക്കല്‍ കൊണ്ടുവരട്ടെ(112)ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത്‌ വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ്‌ ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന്‌ തീര്‍ച്ചയാണല്ലോ?(113)ഫിര്‍ഔന്‍ പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ (എന്‍റെ അടുക്കല്‍) സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.(114)അവര്‍ പറഞ്ഞു: ഹേ, മൂസാ ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ഇടുന്നത്‌.(115)മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ കണ്ണുകെട്ടുകയും അവര്‍ക്ക്‌ ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ്‌ അവര്‍ കൊണ്ടു വന്നത്‌.(116)മൂസായ്ക്ക്‌ നാം ബോധനം നല്‍കി; നീ നിന്‍റെ വടി ഇട്ടേക്കുക എന്ന്‌. അപ്പോള്‍ ആ വടിയതാ അവര്‍ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു.(117)അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.(118)അങ്ങനെ അവിടെ വെച്ച്‌ അവര്‍ പരാജയപ്പെടുകയും, അവര്‍ നിസ്സാരന്‍മാരായി മാറുകയും ചെയ്തു.(119)അവര്‍ (ആ ജാലവിദ്യക്കാര്‍) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.(120)അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.(121)മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍.(122)ഫിര്‍ഔന്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക്‌ അനുവാദം നല്‍കുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന്‌ പുറത്താക്കാന്‍ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച്‌ നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്‌. അതിനാല്‍ വഴിയെ നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.(123)നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യും; തീര്‍ച്ച.(124)അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങള്‍ തിരിച്ചെത്തുന്നത്‌.(125)ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക്‌ വന്നപ്പോള്‍ ഞങ്ങള്‍ അത്‌ വിശ്വസിച്ചു എന്നത്‌ മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ.(126)ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും (അനുവദിച്ച്‌) വിടുകയാണോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നാം അവരുടെ (ഇസ്രായീല്യരുടെ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും.(127)മൂസാ തന്‍റെ ജനങ്ങളോട്‌ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട്‌ സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും.(128)അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ (ദൂതനായി) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ വന്നതിന്‌ ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്‌. അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട്‌ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവന്‍ നോക്കുന്നതാണ്‌.(129)
Surah No:7
Al-A'raaf
142 - 144
മൂസായ്ക്ക്‌ നാം മുപ്പത്‌ രാത്രി നിശ്ചയിച്ച്‌ കൊടുക്കുകയും, പത്ത്‌ കൂടി ചേര്‍ത്ത്‌ അത്‌ പൂര്‍ത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ നിശ്ചയിച്ച നാല്‍പത്‌ രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്‍റെ സഹോദരനായ ഹാറൂനോട്‌ പറഞ്ഞു: എന്‍റെ ജനതയുടെ കാര്യത്തില്‍ നീ എന്‍റെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത്‌ പ്രവര്‍ത്തിക്കുകയും, കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക.(142)നമ്മുടെ നിശ്ചിത സമയത്തിന്‌ മൂസാ വരികയും, അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന്‌ നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക്‌ നോക്കൂ. അത്‌ അതിന്‍റെ സ്ഥാനത്ത്‌ ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ പര്‍വ്വതത്തിന്‌ വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട്‌ അദ്ദേഹത്തിന്‌ ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.(143)അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്‍റെ സന്ദേശങ്ങള്‍കൊണ്ടും, എന്‍റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക്‌ നല്‍കിയത്‌ സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.(144)
Surah No:7
Al-A'raaf
148 - 155
മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട്‌ സംസാരിക്കുകയില്ലെന്നും, അവര്‍ക്ക്‌ വഴി കാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു.(148)അവര്‍ക്കു ഖേദം തോന്നുകയും, തങ്ങള്‍ പിഴച്ച്‌ പോയിരിക്കുന്നു എന്ന്‌ അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ്‌ ഞങ്ങളോട്‌ കരുണ കാണിക്കുകയും, ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും.(149)കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌.(150)അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിന്‍റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ.(151)കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്കു തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും, ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്‌. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത്‌ അപ്രകാരമത്രെ.(152)എന്നാല്‍ തിന്‍മകള്‍ പ്രവര്‍ത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവര്‍ക്കു തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ അതിന്‌ ശേഷം ഏറെ പൊറുത്തുകൊടുക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു.(153)മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (ദിവ്യസന്ദേശമെഴുതിയ) പലകകള്‍ എടുത്തു. അവയില്‍ രേഖപ്പെടുത്തിയതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാണുണ്ടായിരുന്നത്‌.(154)നമ്മുടെ നിശ്ചിത സമയത്തേക്ക്‌ മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന്‌ എഴുപത്‌ പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട്‌ ഉഗ്രമായ കുലുക്കം അവര്‍ക്ക്‌ പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ്‌ തന്നെ അവരെയും എന്നെയും നിനക്ക്‌ നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്‍മാര്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത്‌ നിന്‍റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത്‌ മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരികയും, ഞങ്ങളോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ പൊറുക്കുന്നവരില്‍ ഉത്തമന്‍.(155)
Surah No:7
Al-A'raaf
159 - 162
മൂസായുടെ ജനതയില്‍ തന്നെ സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ഗദര്‍ശനം ചെയ്യുകയും അതനുസരിച്ച്‌ തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്‌.(159)അവരെ നാം പന്ത്രണ്ട്‌ ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട്‌ അദ്ദേഹത്തിന്‍റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത്‌ നിന്‍റെ വടികൊണ്ട്‌ ആ പാറക്കല്ലില്‍ അടിക്കൂ എന്ന്‌ അദ്ദേഹത്തിന്‌ നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന്‌ പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക്‌ കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി. നാം അവര്‍ക്ക്‌ മേഘത്തണല്‍ നല്‍കുകയും, മന്നായും കാടപക്ഷികളും നാം അവര്‍ക്ക്‌ ഇറക്കികൊടുക്കുകയും ചെയ്തു. നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ തിന്നുകൊള്ളുക (എന്ന്‌ നാം നിര്‍ദേശിക്കുകയും ചെയ്തു.) (അവരുടെ ധിക്കാരം നിമിത്തം) നമുക്ക്‌ അവര്‍ ഒരു ദ്രോഹവും വരുത്തിയിട്ടില്ല. എന്നാല്‍ അവര്‍ ദ്രോഹം വരുത്തിവെച്ചിരുന്നത്‌ അവര്‍ക്കു തന്നെയാണ്‌.(160)നിങ്ങള്‍ ഈ രാജ്യത്ത്‌ താമസിക്കുകയും ഇവിടെ നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളേടത്ത്‌ നിന്ന്‌ തിന്നുകയും ചെയ്ത്‌ കൊള്ളുക. നിങ്ങള്‍ പാപമോചനത്തിന്‌ പ്രാര്‍ത്ഥിക്കുകയും, തലകുനിച്ച്‌ കൊണ്ട്‌ പട്ടണവാതില്‍ കടക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ക്കു നാം പൊറുത്തുതരുന്നതാണ്‌. സല്‍കര്‍മ്മകാരികള്‍ക്ക്‌ വഴിയെ നാം കൂടുതല്‍ കൊടുക്കുന്നതുമാണ്‌ എന്ന്‌ അവരോട്‌ പറയപ്പെട്ട സന്ദര്‍ഭവും (ഓര്‍ക്കുക.)(161)അപ്പോള്‍ അവരിലുള്ള അക്രമികള്‍ അവരോട്‌ നിര്‍ദേശിക്കപ്പെട്ടതില്‍ നിന്ന്‌ വ്യത്യസ്തമായിട്ട്‌ വാക്കു മാറ്റിപ്പറയുകയാണ്‌ ചെയ്തത്‌. അവര്‍ അക്രമം ചെയ്ത്കൊണ്ടിരുന്നതിന്‍റെ ഫലമായി നാം അവരുടെ മേല്‍ ആകാശത്ത്‌ നിന്ന്‌ ഒരു ശിക്ഷ അയച്ചു.(162)
Surah No:10
Yunus
75 - 92
പിന്നീട്‌ അവര്‍ക്ക്‌ ശേഷം, നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണിമാരുടെയും അടുത്തേക്ക്‌ മൂസായെയും ഹാറൂനെയും നാം നിയോഗിച്ചു. എന്നാല്‍ അവര്‍ അഹങ്കരിക്കുകയാണ്‌ ചെയ്തത്‌. അവര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമായിരുന്നു.(75)അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു.(76)മൂസാപറഞ്ഞു: സത്യം നിങ്ങള്‍ക്ക്‌ വന്നെത്തിയപ്പോള്‍ അതിനെപ്പറ്റി (ജാലവിദ്യയെന്ന്‌) നിങ്ങള്‍ പറയുകയോ? ജാലവിദ്യയാണോ ഇത്‌?(യഥാര്‍ത്ഥത്തില്‍) ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല.(77)അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കന്‍മാര്‍ എന്തൊന്നില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടുവോ അതില്‍ നിന്ന്‌ ഞങ്ങളെ തിരിച്ചുകളയാന്‍ വേണ്ടിയും, ഭൂമിയില്‍ മേധാവിത്വം നിങ്ങള്‍ക്ക്‌ രണ്ടു പേര്‍ക്കുമാകാന്‍ വേണ്ടിയുമാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌? നിങ്ങള്‍ ഇരുവരെയും ഞങ്ങള്‍ വിശ്വസിക്കുന്നതേ അല്ല.(78)ഫിര്‍ഔന്‍ പറഞ്ഞു: എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും നിങ്ങള്‍ എന്‍റെ അടുക്കല്‍ കൊണ്ട്‌ വരൂ(79)അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസാ അവരോട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ ഇടാനുള്ളതല്ലാം ഇട്ടേക്കൂ.(80)അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ ഈ അവതരിപ്പിച്ചത്‌ ജാലവിദ്യയാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചു കളയുന്നതാണ്‌. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല; തീര്‍ച്ച.(81)സത്യത്തെ അവന്‍റെ വചനങ്ങളിലൂടെ അവന്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതാണ്‌. കുറ്റവാളികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും ശരി.(82)എന്നാല്‍ മൂസായെ തന്‍റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. (അത്‌ തന്നെ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദ്ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍ത്തന്നെയാകുന്നു.(83)മൂസാ പറഞ്ഞു: എന്‍റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക- നിങ്ങള്‍ അവന്ന്‌ കീഴ്പെട്ടവരാണെങ്കില്‍.(84)അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്‍റെ മര്‍ദ്ദനത്തിന്‌ ഇരയാക്കരുതേ.(85)നിന്‍റെ കാരുണ്യം കൊണ്ട്‌ സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.(86)മൂസായ്ക്കും അദ്ദേഹത്തിന്‍റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകള്‍ക്ക്‌ വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൌകര്യപ്പെടുത്തുകയും, നിങ്ങളുടെ വീടുകള്‍ ഖിബ്ലയാക്കുകയും, നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.(87)മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ്‌ (അവരത്‌ ഉപയോഗിക്കുന്നത്‌.) ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക്‌ നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ.(88)അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ത്ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങള്‍ ഇരുവരും പിന്തുടര്‍ന്ന്‌ പോകരുത്‌.(89)ഇസ്രായീല്‍ സന്തതികളെ നാം കടല്‍ കടത്തികൊണ്ടു പോയി. അപ്പോള്‍ ഫിര്‍ഔനും അവന്‍റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രായീല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന്‌ ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്‌) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.(90)(അല്ലാഹു അവനോട്‌ പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട്‌ ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്‌ ?)(91)എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.(92)
Surah No:11
Hud
96 - 99
നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി.(96)ഫിര്‍ഔന്‍റെയും അവന്‍റെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട്‌ അവര്‍ (പ്രമാണിമാര്‍) ഫിര്‍ഔന്‍റെ കല്‍പന പിന്‍പറ്റുകയാണ്‌ ചെയ്തത്‌. ഫിര്‍ഔന്‍റെ കല്‍പനയാകട്ടെ വിവേകപൂര്‍ണ്ണമല്ലതാനും.(97)ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ (ഫിര്‍ഔന്‍) തന്‍റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട്‌ അവരെ അവന്‍ നരകത്തിലേക്കാനയിക്കും. (അവര്‍) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!(98)ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. (അവര്‍ക്ക്‌) നല്‍കപ്പെട്ട ആ സമ്മാനം എത്ര ചീത്ത!(99)
Surah No:14
Ibrahim
5 - 8
നിന്‍റെ ജനതയെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ട്‌ വരികയും, അല്ലാഹുവിന്‍റെ (അനുഗ്രഹത്തിന്‍റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന്‌ നിര്‍ദേശിച്ചുകൊണ്ട്‌ മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. തീര്‍ച്ച.(5)മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) നിങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ ആസ്വദിപ്പിക്കുകയും, നിങ്ങളുടെ ആണ്‍മക്കളെ അറുകൊലനടത്തുകയും, നിങ്ങളുടെ പെണ്ണുങ്ങളെ ജീവിക്കാന്‍ വിടുകയും ചെയ്തുകൊണ്ടിരുന്ന ഫിര്‍ഔനിന്‍റെ കൂട്ടരില്‍ നിന്ന്‌ നിങ്ങളെ രക്ഷപ്പെടുത്തിയ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്കു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വമ്പിച്ച പരീക്ഷണമുണ്ട്‌.(6)നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷ കഠിനമായിരിക്കും. എന്ന്‌ നിങ്ങളുടെ രക്ഷിതാവ്‌ പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ.)(7)മൂസാ പറഞ്ഞു: നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട്‌ കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ്‌ (എന്ന്‌ നിങ്ങള്‍ അറിഞ്ഞ്‌ കൊള്ളുക.)(8)
Surah No:17
Al-Israa
101 - 101
തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക.(101)
Surah No:18
Al-Kahf
60 - 82
മൂസാ തന്‍റെ ഭൃത്യനോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട്‌ കടലുകള്‍ കൂടിച്ചേരുന്നിടത്ത്‌ എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്ന്‌ കഴിയുകയോ ചെയ്യുന്നത്‌ വരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്ന്‌ കൊണേ്ടയിരിക്കും.(60)അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്‍റെ കാര്യം മറന്നുപോയി. അങ്ങനെ അത്‌ കടലില്‍ (ചാടി) അത്‌ പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു.(61)അങ്ങനെ അവര്‍ ആ സ്ഥലം വിട്ട്‌ മുന്നോട്ട്‌ പോയിക്കഴിഞ്ഞപ്പോള്‍ മൂസാ തന്‍റെ ഭൃത്യനോട്‌ പറഞ്ഞു: നീ നമുക്ക്‌ നമ്മുടെ ഭക്ഷണം കൊണ്ട്‌ വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക്‌ ക്ഷീണം നേരിട്ടിരിക്കുന്നു.(62)അവന്‍ പറഞ്ഞു: താങ്കള്‍ കണ്ടുവോ? നാം ആ പാറക്കല്ലില്‍ അഭയം പ്രാപിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത്‌ പറയാന്‍ എന്നെ മറപ്പിച്ചത്‌ പിശാചല്ലാതെ മറ്റാരുമല്ല. അത്‌ കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.(63)അദ്ദേഹം (മൂസാ) പറഞ്ഞു: അതുതന്നെയാണ്‌ നാം തേടിക്കൊണ്ടിരുന്നത്‌. ഉടനെ അവര്‍ രണ്ട്‌ പേരും തങ്ങളുടെ കാല്‍പാടുകള്‍ നോക്കിക്കൊണ്ട്‌ മടങ്ങി.(64)അപ്പോള്‍ അവര്‍ രണ്ടുപേരും നമ്മുടെ ദാസന്‍മാരില്‍ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന്‌ നാം നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം നല്‍കുകയും, നമ്മുടെ പക്കല്‍ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.(65)മൂസാ അദ്ദേഹത്തോട്‌ പറഞ്ഞു: താങ്കള്‍ക്ക്‌ പഠിപ്പിക്കപ്പെട്ട സന്‍മാര്‍ഗജ്ഞാനത്തില്‍ നിന്ന്‌ എനിക്ക്‌ താങ്കള്‍ പഠിപ്പിച്ചുതരുന്നതിന്നായി ഞാന്‍ താങ്കളെ അനുഗമിക്കട്ടെ?(66)അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്‌ എന്‍റെ കൂടെ ക്ഷമിച്ച്‌ കഴിയാന്‍ സാധിക്കുകയേ ഇല്ല.(67)താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തില്‍ താങ്കള്‍ക്കെങ്ങനെ ക്ഷമിക്കാനാകും.?(68)അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌. ഞാന്‍ താങ്കളുടെ ഒരു കല്‍പനയ്ക്കും എതിര്‍ പ്രവര്‍ത്തിക്കുന്നതല്ല.(69)അദ്ദേഹം പറഞ്ഞു: എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കള്‍ എന്നോട്‌ ചോദിക്കരുത്‌: അതിനെപ്പറ്റിയുള്ള വിവരം ഞാന്‍ തന്നെ താങ്കള്‍ക്കു പറഞ്ഞുതരുന്നത്‌ വരെ.(70)തുടര്‍ന്ന്‌ അവര്‍ രണ്ട്‌ പേരും കപ്പലില്‍ കയറിയപ്പോള്‍ അദ്ദേഹം അത്‌ ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാന്‍ വേണ്ടി താങ്കളത്‌ ഓട്ടയാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ്‌ താങ്കള്‍ ചെയ്തത്‌.(71)അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്ക്‌ എന്‍റെ കൂടെ ക്ഷമിച്ചുകഴിയാന്‍ സാധിക്കില്ല എന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ലേ?(72)അദ്ദേഹം പറഞ്ഞു: ഞാന്‍ മറന്നുപോയതിന്‌ താങ്കള്‍ എന്‍റെ പേരില്‍ നടപടി എടുക്കരുത്‌. എന്‍റെ കാര്യത്തില്‍ വിഷമകരമായ യാതൊന്നിനും താങ്കള്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്യരുത്‌.(73)അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവര്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിര്‍ദോഷിയായ ഒരാളെ മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ താങ്കള്‍ കൊന്നുവോ? തീര്‍ച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ്‌ താങ്കള്‍ ചെയ്തിട്ടുള്ളത്‌.(74)അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ക്കു എന്‍റെ കൂടെ ക്ഷമിച്ച്‌ കഴിയുവാന്‍ സാധിക്കുകയേ ഇല്ല എന്ന്‌ ഞാന്‍ താങ്കളോട്‌ പറഞ്ഞിട്ടില്ലേ?(75)മൂസാ പറഞ്ഞു: ഇതിന്‌ ശേഷം വല്ലതിനെപ്പറ്റിയും ഞാന്‍ താങ്കളോട്‌ ചോദിക്കുകയാണെങ്കില്‍ പിന്നെ താങ്കള്‍ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നില്‍ നിന്ന്‌ താങ്കള്‍ക്ക്‌ ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.(76)അനന്തരം അവര്‍ ഇരുവരും പോയി. അങ്ങനെ അവര്‍ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍ ആ രാജ്യക്കാരോട്‌ അവര്‍ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവരെ സല്‍ക്കരിക്കുവാന്‍ അവര്‍ വൈമനസ്യം കാണിക്കുകയാണ്‌ ചെയ്തത്‌. അപ്പോള്‍ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതില്‍ അവര്‍ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത്‌ നേരെയാക്കി. മൂസാ പറഞ്ഞു: താങ്കള്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിന്‍റെ പേരില്‍ താങ്കള്‍ക്ക്‌ വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.(77)അദ്ദേഹം പറഞ്ഞു: ഇത്‌ ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാകുന്നു. ഏതൊരു കാര്യത്തിന്‍റെ പേരില്‍ താങ്കള്‍ക്ക്‌ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുള്‍ ഞാന്‍ താങ്കള്‍ക്ക്‌ അറിയിച്ച്‌ തരാം.(78)എന്നാല്‍ ആ കപ്പല്‍ കടലില്‍ ജോലിചെയ്യുന്ന ഏതാനും ദരിദ്രന്‍മാരുടെതായിരുന്നു. അതിനാല്‍ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. (കാരണം) അവരുടെ പുറകെ എല്ലാ (നല്ല) കപ്പലും ബലാല്‍ക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.(79)എന്നാല്‍ ആ ബാലനാകട്ടെ അവന്‍റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു. എന്നാല്‍ അവന്‍ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിര്‍ബന്ധിതരാക്കിത്തീര്‍ക്കുമെന്ന്‌ നാം ഭയപ്പെട്ടു.(80)അതിനാല്‍ അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ അവനെക്കാള്‍ സ്വഭാവശുദ്ധിയില്‍ മെച്ചപ്പെട്ടവനും, കാരുണ്യത്താല്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നല്‍കണം എന്നു നാം ആഗ്രഹിച്ചു.(81)ആ മതിലാണെങ്കിലോ, അത്‌ ആ പട്ടണത്തിലെ അനാഥരായ രണ്ട്‌ ബാലന്‍മാരുടെതായിരുന്നു. അതിനു ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ്‌ ഒരു നല്ല മനുഷ്യനായിരുന്നു. അതിനാല്‍ അവര്‍ ഇരുവരും യൌവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന്‌ താങ്കളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്‍റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്‍റെ അഭിപ്രയപ്രകാരമല്ല ഞാന്‍ ചെയ്തത്‌. താങ്കള്‍ക്ക്‌ ഏത്‌ കാര്യത്തില്‍ ക്ഷമിക്കാന്‍ കഴിയാതിരുന്നുവോ അതിന്‍റെ പൊരുളാകുന്നു അത്‌.(82)
Surah No:19
Maryam
51 - 52
വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.(51)പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത്‌ നിന്ന്‌ നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന്‌ സാമീപ്യം നല്‍കുകയും ചെയ്തു.(52)
Surah No:20
Taa-Haa
9 - 97
മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?(9)അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.(10)അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.(11)തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.(12)ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത്‌ നീ ശ്രദ്ധിച്ച്‌ കേട്ടുകൊള്ളുക.(13)തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.(14)തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.(15)ആകയാല്‍ അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ (വിശ്വസിക്കുന്നതില്‍) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌.(16)അല്ലാഹു പറഞ്ഞു:) ഹേ; മൂസാ, നിന്‍റെ വലതുകയ്യിലുള്ള ആ വസ്തു എന്താകുന്നു?(17)അദ്ദേഹം പറഞ്ഞു: ഇത്‌ എന്‍റെ വടിയാകുന്നു. ഞാനതിന്‍മേല്‍ ഊന്നി നില്‍ക്കുകയും, അത്‌ കൊണ്ട്‌ എന്‍റെ ആടുകള്‍ക്ക്‌ (ഇല) അടിച്ചുവീഴ്ത്തി കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട്‌ എനിക്ക്‌ വേറെയും ഉപയോഗങ്ങളുണ്ട്‌.(18)അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ആ വടി താഴെയിടൂ.(19)അദ്ദേഹം അത്‌ താഴെയിട്ടു. അപ്പോഴതാ അത്‌ ഒരു പാമ്പായി ഓടുന്നു.(20)അവന്‍ പറഞ്ഞു: അതിനെ പിടിച്ച്‌ കൊള്ളുക. പേടിക്കേണ്ട. നാം അതിനെ അതിന്‍റെ ആദ്യസ്ഥിതിയിലേക്ക്‌ തന്നെ മടക്കുന്നതാണ്‌.(21)നീ നിന്‍റെ കൈ കക്ഷത്തിലേക്ക്‌ ചേര്‍ത്ത്‌ പിടിക്കുക. യാതൊരു ദൂഷ്യവും കൂടാതെ തെളിഞ്ഞ വെള്ളനിറമുള്ളതായി അത്‌ പുറത്ത്‌ വരുന്നതാണ്‌. അത്‌ മറ്റൊരു ദൃഷ്ടാന്തമത്രെ.(22)നമ്മുടെ മഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ നിനക്ക്‌ നം കാണിച്ചുതരുവാന്‍ വേണ്ടിയത്രെ അത്‌.(23)നീ ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.(24)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഹൃദയവിശാലത നല്‍കേണമേ.(25)എനിക്ക്‌ എന്‍റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ.(26)എന്‍റെ നാവില്‍ നിന്ന്‌ നീ കെട്ടഴിച്ച്‌ തരേണമേ.(27)ജനങ്ങള്‍ എന്‍റെ സംസാരം മനസ്സിലാക്കേണ്ടതിന്‌.(28)എന്‍റെ കുടുംബത്തില്‍ നിന്ന്‌ എനിക്ക്‌ ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ.(29)അതായത്‌ എന്‍റെ സഹോദരന്‍ ഹാറൂനെ.(30)അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കുകയും,(31)എന്‍റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.(32)ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാനും,(33)ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി.(34)തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.(35)അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നല്‍കപ്പെട്ടിരിക്കുന്നു.(36)മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌.(37)അതായത്‌ നിന്‍റെ മാതാവിന്‌ ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍.(38)നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത്‌ കൊള്ളും. (ഹേ; മൂസാ,) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്‌.(39)നിന്‍റെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ (അതു സംബന്ധിച്ച്‌) മനഃക്ലേശത്തില്‍ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ (എന്‍റെ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു.(40)എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു.(41)എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌.(42)നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു.(43)എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം.(44)അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.(45)അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌.(46)അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം.(47)നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു.(48)അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌?(49)അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.(50)അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്‌ ?(51)അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ്‌ എന്‍റെ രക്ഷിതാവിങ്കല്‍ ഒരു രേഖയിലുണ്ട്‌. എന്‍റെ രക്ഷിതാവ്‌ പിഴച്ച്‌ പോകുകയില്ല. അവന്‍ മറന്നുപോകുകയുമില്ല.(52)നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക്‌ അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്‌ നിന്ന്‌ വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത്‌ (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.(53)നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(54)അതില്‍ (ഭൂമിയില്‍) നിന്നാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന്‌ തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട്‌ വരികയും ചെയ്യും.(55)നമ്മുടെ ദൃഷ്ടാന്തങ്ങളോരോന്നും നാം അവന്ന്‌ (ഫിര്‍ഔന്ന്‌) കാണിച്ചുകൊടുക്കുക തന്നെ ചെയ്തു. എന്നിട്ടും അവന്‍ നിഷേധിച്ച്‌ തള്ളുകയും നിരസിക്കുകയുമാണ്‌ ചെയ്തത്‌.(56)അവന്‍ പറഞ്ഞു: ഓ മൂസാ, നിന്‍റെ ജാലവിദ്യകൊണ്ട്‌ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന്‌ പുറന്തള്ളാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌?(57)എന്നാല്‍ ഇത്‌ പോലെയുള്ള ജാലവിദ്യ തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ അടുത്ത്‌ കൊണ്ട്‌ വന്ന്‌ കാണിക്കാം. അത്‌ കൊണ്ട്‌ ഞങ്ങള്‍ക്കും നിനക്കുമിടയില്‍ നീ ഒരു അവധി നിശ്ചയിക്കുക. ഞങ്ങളോ നീയോ അത്‌ ലംഘിക്കാവുന്നതല്ല. മദ്ധ്യസ്ഥമായ ഒരു സ്ഥലത്തായിരിക്കട്ടെ അത്‌.(58)അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങള്‍ക്കുള്ള അവധി ഉത്സവ ദിവസമാകുന്നു. പൂര്‍വ്വാഹ്നത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടേണ്ടതാണ്‌.(59)എന്നിട്ട്‌ ഫിര്‍ഔന്‍ പിരിഞ്ഞ്‌ പോയി. തന്‍റെ തന്ത്രങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടവന്‍ (നിശ്ചിത സമയത്ത്‌) വന്നു.(60)മൂസാ അവരോട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ നാശം! നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു.(61)(ഇത്‌ കേട്ടപ്പോള്‍) അവര്‍ (ആളുകള്‍) തമ്മില്‍ അവരുടെ കാര്യത്തില്‍ ഭിന്നതയിലായി. അവര്‍ രഹസ്യസംഭാഷണത്തില്‍ ഏര്‍പെടുകയും ചെയ്തു.(62)(ചര്‍ച്ചയ്ക്ക്‌ ശേഷം) അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ രണ്ടുപേരും ജാലവിദ്യക്കാര്‍ തന്നെയാണ്‌. അവരുടെ ജാലവിദ്യകൊണ്ട്‌ നിങ്ങളുടെ നാട്ടില്‍ നിന്ന്‌ നിങ്ങളെ പുറന്തള്ളാനും നിങ്ങളുടെ മാതൃകാപരമായ മാര്‍ഗത്തെ നശിപ്പിച്ചുകളയാനും അവര്‍ ഉദ്ദേശിക്കുന്നു.(63)അതിനാല്‍ നിങ്ങളുടെ തന്ത്രം നിങ്ങള്‍ ഏകകണ്ഠമായി തീരുമാനിക്കുകയും എന്നിട്ട്‌ നിങ്ങള്‍ ഒരൊറ്റ അണിയായി (രംഗത്ത്‌) വരുകയും ചെയ്യുക. മികവ്‌ നേടിയവരാരോ അവരാണ്‌ ഇന്ന്‌ വിജയികളായിരിക്കുക.(64)അവര്‍ (ജാലവിദ്യക്കാര്‍) പറഞ്ഞു: ഹേ; മൂസാ, ഒന്നുകില്‍ നീ ഇടുക. അല്ലെങ്കില്‍ ഞങ്ങളാകാം ആദ്യമായി ഇടുന്നവര്‍.(65)അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളിട്ട്‌ കൊള്ളുക. അപ്പോഴതാ അവരുടെ ജാലവിദ്യ നിമിത്തം അവരുടെ കയറുകളും വടികളുമെല്ലാം ഓടുകയാണെന്ന്‌ അദ്ദേഹത്തിന്‌ തോന്നുന്നു.(66)അപ്പോള്‍ മൂസായ്ക്ക്‌ തന്‍റെ മനസ്സില്‍ ഒരു പേടി തോന്നി.(67)നാം പറഞ്ഞു: പേടിക്കേണ്ട. തീര്‍ച്ചയായും നീ തന്നെയാണ്‌ കൂടുതല്‍ ഔന്നത്യം നേടുന്നവന്‍.(68)നിന്‍റെ വലതുകയ്യിലുള്ളത്‌ (വടി) നീ ഇട്ടേക്കുക. അവര്‍ ഉണ്ടാക്കിയതെല്ലാം അത്‌ വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത്‌ ജാലവിദ്യക്കാരന്‍റെ തന്ത്രം മാത്രമാണ്‌. ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല.(69)ഉടനെ ആ ജാലവിദ്യക്കാര്‍ പ്രണമിച്ചുകൊണ്ട്‌ താഴെ വീണു. അവര്‍ പറഞ്ഞു: ഞങ്ങള്‍ ഹാറൂന്‍റെയും മൂസായുടെയും രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.(70)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക്‌ സമ്മതം തരുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ അവനെ വിശ്വസിച്ച്‌ കഴിഞ്ഞെന്നോ? തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ ജാലവിദ്യ പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ്‌ തന്നെയാണവന്‍. ആകയാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയുകയും, ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌. ഞങ്ങളില്‍ ആരാണ്‌ ഏറ്റവും കഠിനമായതും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നല്‍കുന്നവന്‍ എന്ന്‌ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ മനസ്സിലാകുകയും ചെയ്യും.(71)അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക്‌ വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക്‌ ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത്‌ വിധിച്ച്‌ കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ.(72)ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച്‌ ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക്‌ പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ്‌ ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും(73)തീര്‍ച്ചയായും വല്ലവനും കുറ്റവാളിയായിക്കൊണ്ട്‌ തന്‍റെ രക്ഷിതാവിന്‍റെ അടുത്ത്‌ ചെല്ലുന്ന പക്ഷം അവന്നുള്ളത്‌ നരകമത്രെ. അതിലവന്‍ മരിക്കുകയില്ല.ജീവിക്കുകയുമില്ല.(74)സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ്‌ വല്ലവനും അവന്‍റെയടുത്ത്‌ ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.(75)അതായത്‌ താഴ്ഭാഗത്ത്‌ കൂടി നദികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതാണ്‌ പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലം.(76)മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയില്‍ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല.(77)അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു.(78)ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക്‌ നയിച്ചില്ല.(79)ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു.(80)നിങ്ങള്‍ക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു.(81)പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക്‌ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.(82)(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച്‌ നീ ധൃതിപ്പെട്ട്‌ വരാന്‍ കാരണമെന്താണ്‌?(83)അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്‌. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന്‌ വേണ്ടിയാണ്‌ ഞാന്‍ നിന്‍റെ അടുത്തേക്ക്‌ ധൃതിപ്പെട്ട്‌ വന്നിരിക്കുന്നത്‌.(84)അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്‍റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച്‌ കളഞ്ഞിരിക്കുന്നു.(85)അപ്പോള്‍ മൂസാ തന്‍റെ ജനങ്ങളുടെ അടുത്തേക്ക്‌ കുപിതനും, ദുഃഖിതനുമായിക്കൊണ്ട്‌ തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട്‌ നിങ്ങള്‍ക്ക്‌ കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന്‌ ആഗ്രഹിച്ച്‌ കൊണ്ട്‌ തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?(86)അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച്‌ താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത്‌ (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത്‌ (തീയില്‍) ഇട്ടു.(87)എന്നിട്ട്‌ അവര്‍ക്ക്‌ അവന്‍ (ആ ലോഹം കൊണ്ട്‌) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കികൊടുത്തു. അപ്പോള്‍ അവര്‍ (അന്യോന്യം) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്‌. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്‌.(88)എന്നാല്‍ അത്‌ ഒരു വാക്ക്‌ പോലും അവരോട്‌ മറുപടി പറയുന്നില്ലെന്നും, അവര്‍ക്ക്‌ യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന്‌ കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ?(89)മുമ്പ്‌ തന്നെ ഹാറൂന്‍ അവരോട്‌ പറഞ്ഞിട്ടുണ്ടായിരുന്നു: എന്‍റെ ജനങ്ങളേ, ഇത്‌ (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്‌. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ പരമകാരുണികനത്രെ. അതുകൊണ്ട്‌ നിങ്ങളെന്നെ പിന്തുടരുകയും,എന്‍റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.(90)അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക്‌ മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്‌.(91)അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക്‌ എന്ത്‌ തടസ്സമാണുണ്ടായത്‌?(92)എന്നെ നീ പിന്തുടരാതിരിക്കാന്‍. നീ എന്‍റെ കല്‍പനയ്ക്ക്‌ എതിര്‌ പ്രവര്‍ത്തിക്കുകയാണോ ചെയ്തത്‌?(93)അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌.(94)(തുടര്‍ന്ന്‌ സാമിരിയോട്‌) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്‍റെ കാര്യം എന്താണ്‌?(95)അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്‍റെ കാല്‍പാടില്‍ നിന്ന്‌ ഞാനൊരു പിടിപിടിക്കുകയും എന്നിട്ടത്‌ ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ്‌ എന്‍റെ മനസ്സ്‌ എന്നെ പ്രേരിപ്പിച്ചത്‌.(96)അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക്‌ ഈ ജീവിതത്തിലുള്ളത്‌ തൊട്ടുകൂടാ എന്ന്‌ പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക്‌ നിശ്ചിതമായ ഒരു അവധിയുണ്ട്‌. അത്‌ അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ച്‌ കൊണേ്ടയിരിക്കുന്ന നിന്‍റെ ആ ദൈവത്തിന്‍റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും, എന്നിട്ട്‌ നാം അത്‌ പൊടിച്ച്‌ കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്‌.(97)
Surah No:21
Al-Anbiyaa
48 - 48
മൂസായ്ക്കും ഹാറൂന്നും സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും, പ്രകാശവും, ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവര്‍ക്കുള്ള ഉല്‍ബോധനവും നാം നല്‍കിയിട്ടുണ്ട്‌.(48)
Surah No:26
Ash-Shu'araa
10 - 68
നിന്‍റെ രക്ഷിതാവ്‌ മൂസായെ വിളിച്ചു കൊണ്ട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക്‌ ചെല്ലുക(10)അതായത്‌, ഫിര്‍ഔന്‍റെ ജനതയുടെ അടുക്കലേക്ക്‌ അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക)(11)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന്‌ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു(12)എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും എന്‍റെ നാവിന്‌ ഒഴുക്കുണ്ടാവുകയില്ല അതിനാല്‍ ‍ഹാറൂന്ന്‌ കൂടി നീ സന്ദേശം അയക്കേണമേ(13)അവര്‍ക്ക്‌ എന്‍റെ പേരില്‍ ഒരു കുറ്റം ആരോപിക്കാനുമുണ്ട്‌ അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു(14)അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌(15)എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു(16)ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌(17)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ‍നിന്നെ ഞങ്ങള്‍ വളര്‍ത്തിയില്ലേ? നിന്‍റെ ആയുസ്സില്‍ ‍കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ ‍നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്‌(18)നീ ചെയ്ത നിന്‍റെ ആ(ദുഷ്‌) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി നീ നന്ദികെട്ടവരുടെ കൂട്ടത്തില്‍തന്നെയാകുന്നു(19)അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ അന്ന്‌ അത്‌ ചെയ്യുകയുണ്ടായി എന്നാല്‍ ‍ഞാന്‍ പിഴവ്‌ പറ്റിയവരുടെ കൂട്ടത്തിലായിരുന്നു(20)അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്ന്‌ ഓടിപ്പോയി അനന്തരം എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ തത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്‍മാരില്‍ ഒരാളാക്കുകയും ചെയ്തു(21)എനിക്ക്‌ നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍സന്തതികളെ നീ അടിമകളാക്കി വെച്ചതിനാല്‍ ഉണ്ടായതത്രെ(22)ഫിര്‍ഔന്‍ പറഞ്ഞു: എന്താണ്‌ ഈ ലോകരക്ഷിതാവ്‌ എന്ന്‌ പറയുന്നത്‌?(23)അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍(24)അവന്‍ (ഫിര്‍ഔന്‍) തന്‍റെ ചുറ്റുമുള്ളവരോട്‌ പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ?(25)അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍)(26)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്‌(27)അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍(28)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ ‍തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്‌(29)അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക്‌ കൊണ്ടു വന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?)(30)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: എന്നാല്‍ ‍നീ അത്‌ കൊണ്ട്‌ വരിക നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍(31)അപ്പോള്‍ അദ്ദേഹം (മൂസാ) തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത്‌ പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു(32)അദ്ദേഹം തന്‍റെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു അപ്പോഴതാ അത്‌ കാണികള്‍ക്ക്‌ വെള്ളനിറമാകുന്നു(33)തന്‍റെ ചുറ്റുമുള്ള പ്രമുഖന്‍മാരോട്‌ അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍ വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ്‌(34)തന്‍റെ ജാലവിദ്യകൊണ്ട്‌ നിങ്ങളുടെ നാട്ടില്‍നിന്ന്‌ നിങ്ങളെ പുറത്താക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നു അതിനാല്‍ ‍നിങ്ങള്‍ എന്ത്‌ നിര്‍ദേശിക്കുന്നു?(35)അവര്‍ പറഞ്ഞു: അവന്നും അവന്‍റെ സഹോദരന്നും താങ്കള്‍ സാവകാശം നല്‍കുക ആളുകളെ വിളിച്ചുകൂട്ടാന്‍ നഗരങ്ങളിലേക്ക്‌ താങ്കള്‍ ദൂതന്‍മാരെ നിയോഗിക്കുകയും ചെയ്യുക(36)എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവര്‍ താങ്കളുടെ അടുത്ത്‌ കൊണ്ടു വരട്ടെ(37)അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത്‌ ജാലവിദ്യക്കാര്‍ ഒരുമിച്ചുകൂട്ടപ്പെട്ടു(38)ജനങ്ങളോട്‌ ചോദിക്കപ്പെട്ടു: നിങ്ങള്‍ സമ്മേളിക്കുന്നുണ്ടല്ലോ?(39)ജാലവിദ്യക്കാരാണ്‌ വിജയികളാകുന്നതെങ്കില്‍ ‍നമുക്കവരെ പിന്തുടരാമല്ലോ!(40)അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട്‌ അവര്‍ ചോദിച്ചു: ഞങ്ങളാണ്‌ വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ പ്രതിഫലമുണ്ടായിരിക്കുമോ?(41)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും(42)മൂസാ അവരോട്‌ പറഞ്ഞു: നിങ്ങള്‍ക്ക്‌ ഇടാനുള്ളതെല്ലാം നിങ്ങള്‍ ഇട്ടുകൊള്ളുക(43)അപ്പോള്‍ തങ്ങളുടെ കയറുകളും വടികളും അവര്‍ ഇട്ടു അവര്‍ പറയുകയും ചെയ്തു: ഫിര്‍ഔന്‍റെ പ്രതാപം തന്നെയാണ സത്യം! തീര്‍ച്ചയായും ഞങ്ങള്‍ തന്നെയായിരിക്കും വിജയികള്‍(44)അനന്തരം മൂസാ തന്‍റെ വടി താഴെയിട്ടു അപ്പോഴതാ അത്‌ അവര്‍ വ്യാജമായി നിര്‍മിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു(45)അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു(46)അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ‍ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു(47)അതായത്‌ മൂസായുടെയും ഹാറൂന്‍റെയും രക്ഷിതാവില്‍(48)അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക്‌ അനുവാദം തരുന്നതിന്‌ മുമ്പായി നിങ്ങള്‍ അവനില്‍ ‍വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക്‌ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്‌ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിര്‍ ‍വശങ്ങളില്‍നിന്നായിക്കൊണ്ട്‌ ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌(49)അവര്‍ പറഞ്ഞു: കുഴപ്പമില്ല തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടങ്ങിപ്പോകുന്നവരാകുന്നു(50)ഞങ്ങള്‍ ആദ്യമായി വിശ്വസിച്ചവരായതിനാല്‍ ‍ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ്‌ ഞങ്ങള്‍ക്ക്‌ പൊറുത്തുതരുമെന്ന്‌ ഞങ്ങള്‍ ആശിക്കുന്നു(51)മൂസായ്ക്ക്‌ നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയില്‍ ‍നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്‌(52)അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക്‌ ദൂതന്‍മാരെ അയച്ചു(53)തീര്‍ച്ചയായും ഇവര്‍ കുറച്ച്‌ പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു(54)തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു(55)തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ്‌ ഫിര്‍ഔന്‍ നിര്‍ദേശിച്ചത്‌)(56)അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി(57)ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും(58)അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു(59)എന്നിട്ട്‌ അവര്‍ (ഫിര്‍ഔനും സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു(60)അങ്ങനെ രണ്ട്‌ സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്‌(61)അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്‌ അവന്‍ എനിക്ക്‌ വഴി കാണിച്ചുതരും(62)അപ്പോള്‍ നാം മൂസായ്ക്ക്‌ ബോധനം നല്‍കി; നീ നിന്‍റെ വടികൊണ്ട്‌ കടലില്‍ ‍അടിക്കൂ എന്ന്‌ അങ്ങനെ അത്‌ (കടല്‍ ‍) പിളരുകയും എന്നിട്ട്‌ (വെള്ളത്തിന്‍റെ) ഓരോ പൊളിയും വലിയ പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു(63)മറ്റവരെ (ഫിര്‍ഔന്‍റെ പക്ഷം) യും നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി(64)മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി(65)പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു(66)തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല(67)തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്നെയാണ്‌ പ്രതാപിയും കരുണാനിധിയും(68)
Surah No:27
An-Naml
7 - 12
മൂസാ തന്‍റെ കുടുംബത്തോട്‌ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. അതിന്‍റെ അടുത്ത്‌ നിന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ വല്ല വിവരവും കൊണ്ട്‌ വരാം. അല്ലെങ്കില്‍ അതില്‍ നിന്ന്‌ ഒരു തീ നാളം കൊളുത്തി എടുത്ത്‌ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ട്‌ വരാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ.(7)അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു.(8)ഹേ; മൂസാ, തീര്‍ച്ചയായും പ്രതാപിയും യുക്തിമാനുമായ അല്ലാഹുവാണ്‌ ഞാന്‍.(9)നീ നിന്‍റെ വടി താഴെയിടൂ. അങ്ങനെ അത്‌ ഒരു സര്‍പ്പമെന്നോണം ചലിക്കുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ്‌ നോക്കിയില്ല. അല്ലാഹു പറഞ്ഞു: ഹേ; മൂസാ, നീ ഭയപ്പെടരുത്‌. ദൂതന്‍മാര്‍ എന്‍റെ അടുക്കല്‍ പേടിക്കേണ്ടതില്ല; തീര്‍ച്ച.(10)പക്ഷെ, വല്ലവനും അക്രമം പ്രവര്‍ത്തിക്കുകയും, പിന്നീട്‌ തിന്‍മയ്ക്ക്‌ ശേഷം നന്‍മയെ പകരം കൊണ്ട്‌ വരികയും ചെയ്താല്‍ തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(11)നീ നിന്‍റെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കളങ്കവും കൂടാതെ വെളുപ്പുനിറമുള്ളതായിക്കൊണ്ട്‌ അത്‌ പുറത്ത്‌ വരും. ഫിര്‍ഔന്‍റെയും അവന്‍റെ ജനതയുടെയും അടുത്തേക്കുള്ള ഒമ്പത്‌ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ ഇവ. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.(12)
Surah No:28
Al-Qasas
7 - 37
മൂസായുടെ മാതാവിന്‌ നാം ബോധനം നല്‍കി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക്‌ ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌.(7)എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു.(8)ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല.(9)മൂസായുടെ മാതാവിന്‍റെ മനസ്സ്‌ (അന്യ ചിന്തകളില്‍ നിന്ന്‌) ഒഴിവായതായിത്തീര്‍ന്നു. അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു. അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ (നാം അങ്ങനെ ചെയ്തത്‌.)(10)അവള്‍ അവന്‍റെ (മൂസായുടെ) സഹോദരിയോട്‌ പറഞ്ഞു: നീ അവന്‍റെ പിന്നാലെ പോയി അന്വേഷിച്ചു നോക്കൂ. അങ്ങനെ ദൂരെ നിന്ന്‌ അവള്‍ അവനെ നിരീക്ഷിച്ചു. അവര്‍ അതറിഞ്ഞിരുന്നില്ല.(11)അതിനു മുമ്പ്‌ മുലയൂട്ടുന്ന സ്ത്രീകള്‍ അവന്ന്‌ മുലകൊടുക്കുന്നതിന്‌ നാം തടസ്സമുണ്ടാക്കിയിരുന്നു. അപ്പോള്‍ അവള്‍ (സഹോദരി) പറഞ്ഞു: നിങ്ങള്‍ക്ക്‌ വേണ്ടി ഇവനെ സംരക്ഷിക്കുന്ന ഒരു വീട്ടുകാരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിവ്‌ തരട്ടെയോ? അവര്‍ ഇവന്‍റെ ഗുണകാംക്ഷികളായിരിക്കുകയും ചെയ്യും.(12)അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ്‌ കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന്‌ അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക്‌ തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.(13)അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്‌ നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ്‌ സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.(14)പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത്‌ മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട്‌ സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത്‌ പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു.(15)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട്‌ തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക്‌ പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന്‌ അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(16)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട്‌ ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല.(17)അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു. അപ്പോഴതാ തലേദിവസം തന്നോട്‌ സഹായം തേടിയവന്‍ വീണ്ടും തന്നോട്‌ സഹായത്തിനു മുറവിളികൂട്ടുന്നു. മൂസാ അവനോട്‌ പറഞ്ഞു: നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു.(18)എന്നിട്ട്‌ അവര്‍ ഇരുവര്‍ക്കും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ഹേ മൂസാ, ഇന്നലെ നീ ഒരാളെ കൊന്നത്‌ പോലെ നീ എന്നെയും കൊല്ലാന്‍ ഉദ്ദേശിക്കുകയാണോ? നാട്ടില്‍ ഒരു പോക്കിരിയാകാന്‍ മാത്രമാണ്‌ നീ ഉദ്ദേശിക്കുന്നത്‌. നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാന്‍ നീ ഉദ്ദേശിക്കുന്നില്ല.(19)പട്ടണത്തിന്‍റെ അങ്ങേ അറ്റത്തു നിന്ന്‌ ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ പറഞ്ഞു: ഹേ; മൂസാ, താങ്കളെ കൊല്ലാന്‍ വേണ്ടി പ്രമുഖവ്യക്തികള്‍ ആലോചന നടത്തികൊണ്ടിരിക്കുന്നുണ്ട്‌. അതിനാല്‍ താങ്കള്‍ (ഈജിപ്തില്‍ നിന്ന്‌) പുറത്ത്‌ പോയിക്കൊള്ളുക. തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളുടെ കൂട്ടത്തിലാകുന്നു.(20)അങ്ങനെ ഭയപ്പാടോടും കരുതലോടും കൂടി അദ്ദേഹം അവിടെ നിന്ന്‌ പുറപ്പെട്ടു. അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന്‌ എന്നെ നീ രക്ഷപ്പെടുത്തേണമേ.(21)മദ്‌യന്‍റെ നേര്‍ക്ക്‌ യാത്ര തിരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ ശരിയായ മാര്‍ഗത്തിലേക്ക്‌ എന്നെ നയിച്ചേക്കാം.(22)മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത്‌ അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട്‌ സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ്‌ നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക്‌ വെള്ളം കൊടുത്ത്‌) തിരിച്ചു കൊണ്ടു പോകുന്നത്‌ വരെ ഞങ്ങള്‍ക്ക്‌ വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌.(23)അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്‌) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക്‌ മാറിയിരുന്നിട്ട്‌ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു.(24)അപ്പോള്‍ ആ രണ്ട്‌ സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട്‌ അദ്ദേഹത്തിന്‍റെ അടുത്ത്‌ നടന്നു ചെന്നിട്ട്‌ പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്‌) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്‍റെ പിതാവ്‌ താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്‍റെ അടുത്ത്‌ ചെന്നിട്ട്‌ തന്‍റെ കഥ അദ്ദേഹത്തിന്‌ വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന്‌ നീ രക്ഷപ്പെട്ടിരിക്കുന്നു.(25)ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ.(26)അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം.(27)അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു.(28)അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?(29)അങ്ങനെ അദ്ദേഹം അതിന്നടുത്ത്‌ ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത്‌ നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന്‌ അദ്ദേഹത്തോട്‌ വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു.(30)നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടത്‌ ഒരു സര്‍പ്പമെന്നോണം പിടയുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ്‌ നോക്കിയത്‌ പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട്‌ വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു.(31)നീ നിന്‍റെ കൈ കുപ്പായമാറിലേക്ക്‌ പ്രവേശിപ്പിക്കുക. യാതൊരു കെടുതിയും കൂടാതെ വെളുത്തതായി അതുപുറത്ത്‌ വരുന്നതാണ്‌. ഭയത്തില്‍ നിന്ന്‌ മോചനത്തിനായ്‌ നിന്‍റെ പാര്‍ശ്വഭാഗം നീ ശരീരത്തിലേക്ക്‌ ചേര്‍ത്ത്‌ പിടിക്കുകയും ചെയ്യുക. അങ്ങനെ അത്‌ രണ്ടും ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമുഖന്‍മാരുടെയും അടുത്തേക്ക്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള രണ്ടു തെളിവുകളാകുന്നു. തീര്‍ച്ചയായും അവര്‍ ധിക്കാരികളായ ഒരു ജനതയായിരിക്കുന്നു.(32)അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവരുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊന്നുപോയിട്ടുണ്ട്‌. അതിനാല്‍ അവര്‍ എന്നെ കൊല്ലുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.(33)എന്‍റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട്‌ എന്നോടൊപ്പം എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട്‌ അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച്‌ കളയുമെന്ന്‌ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.(34)അവന്‍ (അല്ലാഹു) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക്‌ നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക്‌ ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത്‌ എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍.(35)അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ മൂസാ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത്‌ വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല.(36)മൂസാ പറഞ്ഞു: തന്‍റെ പക്കല്‍ നിന്ന്‌ സന്‍മാര്‍ഗവും കൊണ്ട്‌ വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക്‌ അനുകൂലമായിരിക്കുമെന്നും എന്‍റെ രക്ഷിതാവിന്‌ നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.(37)
Surah No:28
Al-Qasas
35 - 48
അവന്‍ (അല്ലാഹു) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക്‌ നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക്‌ ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത്‌ എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍.(35)അങ്ങനെ നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ മൂസാ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത്‌ വ്യാജനിര്‍മിതമായ ഒരു ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ പൂര്‍വ്വ പിതാക്കളില്‍ ഇങ്ങനെ ഒരു കാര്യത്തെപ്പറ്റി നാം കേട്ടിട്ടുമില്ല.(36)മൂസാ പറഞ്ഞു: തന്‍റെ പക്കല്‍ നിന്ന്‌ സന്‍മാര്‍ഗവും കൊണ്ട്‌ വന്നിട്ടുള്ളവനാരെന്നും, ഈ ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക്‌ അനുകൂലമായിരിക്കുമെന്നും എന്‍റെ രക്ഷിതാവിന്‌ നല്ലപോലെ അറിയാം. അക്രമികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.(37)ഫിര്‍ഔന്‍ പറഞ്ഞു: പ്രമുഖന്‍മാരെ, ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഹാമാനേ, എനിക്കു വേണ്ടി കളിമണ്ണുകൊണ്ട്‌ (ഇഷ്ടിക) ചുട്ടെടുക്കുക. എന്നിട്ട്‌ എനിക്ക്‌ നീ ഒരു ഉന്നത സൌധം ഉണ്ടാക്കിത്തരിക. മൂസായുടെ ദൈവത്തിങ്കലേക്ക്‌ എനിക്കൊന്നു എത്തിനോക്കാമല്ലോ. തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌.(38)അവനും അവന്‍റെ സൈന്യങ്ങളും ഭൂമിയില്‍ അന്യായമായി അഹങ്കരിക്കുകയും, നമ്മുടെ അടുക്കലേക്ക്‌ അവര്‍ മടക്കപ്പെടുകയില്ലെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്തു.(39)അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞ്‌ കളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കൂ.(40)അവരെ നാം നരകത്തിലേക്ക്‌ ക്ഷണിക്കുന്ന നേതാക്കന്‍മാരാക്കി. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കൊരു സഹായവും നല്‍കപ്പെടുന്നതല്ല.(41)ഈ ഐഹികജീവിതത്തില്‍ അവരുടെ പിന്നാലെ നാം ശാപം അയക്കുകയും ചെയ്തു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വെറുക്കപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.(42)പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിന്‌ ശേഷം, ജനങ്ങള്‍ക്കു ഉള്‍കാഴ്ച നല്‍കുന്ന തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ട്‌ മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അവര്‍ ചിന്തിച്ച്‌ ഗ്രഹിച്ചേക്കാമല്ലോ.(43)(നബിയേ,) മൂസായ്ക്ക്‌ നാം കല്‍പന ഏല്‍പിച്ച്‌ കൊടുത്ത സമയത്ത്‌ ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്‌) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല.(44)പക്ഷെ നാം (പിന്നീട്‌) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട്‌ നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു.(45)നാം (മൂസായെ) വിളിച്ച സമയത്ത്‌ ആ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നുമില്ല. പക്ഷെ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ (ഇതെല്ലാം അറിയിച്ച്‌ തരികയാകുന്നു.) നിനക്ക്‌ മുമ്പ്‌ ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതയ്ക്ക്‌ നീ താക്കീത്‌ നല്‍കുവാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ആലോചിച്ച്‌ മനസ്സിലാക്കിയേക്കാം.(46)തങ്ങളുടെ കൈകള്‍ മുന്‍കൂട്ടിചെയ്തു വെച്ചതിന്‍റെ ഫലമായി അവര്‍ക്കു വല്ല വിപത്തും നേരിടുകയും അപ്പോള്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ അടുത്തേക്ക്‌ നിനക്ക്‌ ഒരു ദൂതനെ അയച്ചുകൂടായിരുന്നോ, എങ്കില്‍ ഞങ്ങള്‍ നിന്‍റെ തെളിവുകള്‍ പിന്തുടരുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്തേനെ എന്ന്‌ അവര്‍ പറയുകയും ചെയ്യില്ലായിരുന്നുവെങ്കില്‍ (നാം നിന്നെ ദൂതനായി അയക്കുമായിരുന്നില്ല.)(47)എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം (മുഹമ്മദ്‌ നബി മുഖേന) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു.(48)
Surah No:40
Al-Ghaafir
23 - 27
തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട്‌ മൂസായെ അയക്കുകയുണ്ടായി(23)ഫിര്‍ഔന്‍റെയും ഹാമാന്‍റെയും ഖാറൂന്‍റെയും അടുക്കലേക്ക്‌ . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ എന്ന്‌.(24)അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട്‌ അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ.(25)ഫിര്‍ഔന്‍ പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന്‍ അവന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന്‌ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.(26)മൂസാ പറഞ്ഞു: എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്‌, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു.(27)
Surah No:43
Az-Zukhruf
46 - 56
മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും അവന്‍റെ പൌരമുഖ്യന്‍മാരുടെയും അടുത്തേക്ക്‌ നാം അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്‍റെ ദൂതനാകുന്നു.(46)അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു.(47)അവര്‍ക്ക്‌ നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത്‌ അതിന്‍റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട്‌ തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു.(48)അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ്‌ കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച്‌ ഞങ്ങള്‍ക്ക്‌ വേണ്ടി താങ്കള്‍ അവനോട്‌ പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.(49)എന്നിട്ട്‌ അവരില്‍ നിന്ന്‌ നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു.(50)ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ?(51)അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു.(52)അപ്പോള്‍ ഇവന്‍റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായികൊണ്ട്‌ മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്‌?(53)അങ്ങനെ ഫിര്‍ഔന്‍ തന്‍റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മ്മകാരികളായ ഒരു ജനതയായിരുന്നു.(54)അങ്ങനെ അവര്‍ നമ്മെ പ്രകോപിപ്പിച്ചപ്പോള്‍ നാം അവരെ ശിക്ഷിച്ചു. അവരെ നാം മുക്കി നശിപ്പിച്ചു.(55)അങ്ങനെ അവരെ പൂര്‍വ്വമാതൃകയും പിന്നീട്‌ വരുന്നവര്‍ക്ക്‌ ഒരു ഉദാഹരണവും ആക്കിത്തീര്‍ത്തു.(56)
Surah No:51
Adh-Dhaariyat
38 - 40
മൂസായുടെ ചരിത്രത്തിലുമുണ്ട്‌ (ദൃഷ്ടാന്തങ്ങള്‍) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക്‌ നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം.(38)അപ്പോള്‍ അവന്‍ തന്‍റെ ശക്തിയില്‍ അഹങ്കരിച്ച്‌ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. (മൂസാ) ഒരു ജാലവിദ്യക്കാരനോ അല്ലെങ്കില്‍ ഭ്രാന്തനോ എന്ന്‌ അവന്‍ പറയുകയും ചെയ്തു.(39)അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടുകയും, എന്നിട്ട്‌ അവരെ കടലില്‍ എറിയുകയും ചെയ്തു. അവന്‍ തന്നെയായിരുന്നു ആക്ഷേപാര്‍ഹന്‍ .(40)
Surah No:2
Al-Baqara
51 - 51
മൂസാ നബിക്ക്‌ നാല്‍പത്‌ രാവുകള്‍ നാം നിശ്ചയിക്കുകയും അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക).(51)
Surah No:2
Al-Baqara
92 - 92
സ്പഷ്ടമായ തെളിവുകളും കൊണ്ട്‌ മൂസാ നിങ്ങളുടെ അടുത്ത്‌ വരികയുണ്ടായി. എന്നിട്ടതിന്‌ ശേഷവും നിങ്ങള്‍ അന്യായമായിക്കൊണ്ട്‌ കാളക്കുട്ടിയെ ദൈവമാക്കുകയാണല്ലോ ചെയ്തത്‌.(92)
Surah No:5
Al-Maaida
20 - 20
മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന്‌ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്ത്കൊണ്ട്‌ അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത്‌ നിങ്ങള്‍ ഓര്‍ക്കുക.(20)
Surah No:37
As-Saaffaat
120 - 120
മൂസായ്ക്കും ഹാറൂന്നും സമാധാനം!(120)