മസ്ജിദുല്‍ ഹറാം

[ 15 - Aya Sections Listed ]
Surah No:2
Al-Baqara
144 - 144
(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നിനക്ക്‌ ഇഷ്ടമാകുന്ന ഒരു ഖിബ് ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനി മേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌. വേദം നല്‍കപ്പെട്ടവര്‍ക്ക്‌ ഇത്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന്‌ നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(144)
Surah No:2
Al-Baqara
149 - 150
ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക്‌ (പ്രാര്‍ത്ഥനാവേളയില്‍) നിന്റെ മുഖം തിരിക്കേണ്ടതാണ്‌. തീര്‍ച്ചയായും അത്‌ നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ (നിര്‍ദേശ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(149)ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക്‌ നിന്റെ മുഖം തിരിക്കേണ്ടതാണ്‌. (സത്യവിശ്വാസികളേ,) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിന്റെ നേര്‍ക്കാണ്‌ നിങ്ങളുടെ മുഖം തിരിക്കേണ്ടത്‌. നിങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക്‌ ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ വേണ്ടിയാണിത്‌. അവരില്‍ പെട്ട ചില അതിക്രമകാരികള്‍ (തര്‍ക്കിച്ചേക്കാമെന്നത്‌) അല്ലാതെ. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.(150)
Surah No:2
Al-Baqara
191 - 191
അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ (അവിടെ വെച്ച്‌) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.(191)
Surah No:2
Al-Baqara
196 - 196
നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക്‌ (ഹജ്ജ്‌ നിര്‍വഹിക്കുന്നതിന്‌) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്‌.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്‌) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട്‌ ഹജ്ജ്‌ വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌.) ഇനി ആര്‍ക്കെങ്കിലും അത്‌ കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട്‌ ഏഴു ദിവസവും ചേര്‍ത്ത്‌ ആകെ പത്ത്‌ ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.(196)
Surah No:2
Al-Baqara
217 - 217
വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത്‌ വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന്‌ പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക്‌ സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന്‌ നിങ്ങളെ പിന്തിരിപ്പിക്കുന്നത്‌ വരെ അവര്‍ നിങ്ങളോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട്‌ മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(217)
Surah No:5
Al-Maaida
2 - 2
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക്‌ കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട്‌ വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്‌.) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന്‌ നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക്‌ വേട്ടയാടാവുന്നതാണ്‌. മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(2)
Surah No:8
Al-Anfaal
34 - 34
അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കാന്‍ എന്ത്‌ അര്‍ഹതയാണുള്ളത്‌? അവരാകട്ടെ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ ആളുകളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്‍റെ രക്ഷാധികാരികളല്ലതാനും. ഭയഭക്തിയുള്ളവരല്ലാതെ അതിന്‍റെ രക്ഷാധികാരികളാകാവുന്നതല്ല. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.(34)
Surah No:9
At-Tawba
7 - 7
എങ്ങനെയാണ്‌ ആ ബഹുദൈവവിശ്വാസികള്‍ക്ക്‌ അല്ലാഹുവിന്‍റെ അടുക്കലും അവന്‍റെ ദൂതന്‍റെ അടുക്കലും ഉടമ്പടി നിലനില്‍ക്കുക? നിങ്ങള്‍ ആരുമായി മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത്‌ വെച്ച്‌ കരാറില്‍ ഏര്‍പെട്ടുവോ അവര്‍ക്കല്ലാതെ. എന്നാല്‍ അവര്‍ നിങ്ങളോട്‌ ശരിയായി വര്‍ത്തിക്കുന്നേടത്തോളം നിങ്ങള്‍ അവരോടും ശരിയായി വര്‍ത്തിക്കുക. തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(7)
Surah No:9
At-Tawba
19 - 19
തീര്‍ത്ഥാടകന്ന്‌ കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന്‌ തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്‍മാര്‍ഗത്തിലാക്കുന്നതല്ല.(19)
Surah No:9
At-Tawba
28 - 28
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. (അവരുടെ അഭാവത്താല്‍) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.(28)
Surah No:9
At-Tawba
108 - 108
(നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ്‌ നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട്‌ ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.(108)
Surah No:17
Al-Israa
1 - 1
തന്‍റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ - അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.(1)
Surah No:22
Al-Hajj
25 - 25
തീര്‍ച്ചയായും സത്യത്തെ നിഷേധിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും, മനുഷ്യര്‍ക്ക്‌ -സ്ഥിരവാസിക്കും പരദേശിക്കും - സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ (കരുതിയിരിക്കട്ടെ). അവിടെ വെച്ച്‌ വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന്‌ വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്‌.(25)
Surah No:48
Al-Fath
25 - 25
സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ നിന്ന്‌ നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍ അനുവദിക്കാത്ത നിലയില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തവരാകുന്നു അവര്‍. നിങ്ങള്‍ക്ക്‌ അറിഞ്ഞ്‌ കൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍ ചവിട്ടിത്തേക്കുകയും, എന്നിട്ട്‌ (നിങ്ങള്‍) അറിയാതെ തന്നെ അവര്‍ നിമിത്തം നിങ്ങള്‍ക്ക്‌ പാപം വന്നു ഭവിക്കാന്‍ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ (അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍ നിന്ന്‌ തടയുമായിരുന്നില്ല.) അല്ലാഹു തന്‍റെ കാരുണ്യത്തില്‍ താന്‍ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നു അത്‌. അവര്‍ (മക്കയിലെ വിശ്വാസികളും സത്യനിഷേധികളും) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍ അവരിലെ സത്യനിഷേധികള്‍ക്ക്‌ വേദനയേറിയ ശിക്ഷ നാം നല്‍കുക തന്നെ ചെയ്യുമായിരുന്നു.(25)
Surah No:48
Al-Fath
27 - 27
അല്ലാഹു അവന്‍റെ ദൂതന്ന്‌ സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു. അതായത്‌ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട്‌ തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട്‌ നിങ്ങള്‍ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്‌ എന്ന സ്വപ്നം. എന്നാല്‍ നിങ്ങളറിയാത്തത്‌ അവന്‍ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍ അതിന്ന്‌ പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍ ഉണ്ടാക്കിത്തന്നു.(27)