ഖാറൂന്‍ ധിക്കാരികള്‍ക്ക് ഗുണപാഠം

[ 1 - Aya Sections Listed ]
Surah No:28
Al-Qasas
76 - 83
തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട്‌ അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന്‌ നല്‍കിയിരുന്നു. അവനോട്‌ അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.(76)അല്ലാഹു നിനക്ക്‌ നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന്‌ നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ നന്‍മ ചെയ്തത്‌ പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന്‌ മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല.(77)ഖാറൂന്‍ പറഞ്ഞു: എന്‍റെ കൈവശമുള്ള വിദ്യകൊണ്ട്‌ മാത്രമാണ്‌ എനിക്കിതു ലഭിച്ചത്‌. എന്നാല്‍ അവന്നു മുമ്പ്‌ അവനേക്കാള്‍ കടുത്ത ശക്തിയുള്ളവരും, കൂടുതല്‍ സംഘബലമുള്ളവരുമായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ടെന്ന്‌ അവന്‍ മനസ്സിലാക്കിയിട്ടില്ലേ? തങ്ങളുടെ പാപങ്ങളെ പറ്റി കുറ്റവാളികളോട്‌ അന്വേഷിക്കപ്പെടുന്നതല്ല.(78)അങ്ങനെ അവന്‍ ജനമദ്ധ്യത്തിലേക്ക്‌ ആര്‍ഭാടത്തോടെ ഇറങ്ങി പുറപ്പെട്ടു. ഐഹികജീവിതം ലക്ഷ്യമാക്കുന്നവര്‍ അത്‌ കണ്ടിട്ട്‌ ഇപ്രകാരം പറഞ്ഞു: ഖാറൂന്‌ ലഭിച്ചത്‌ പോലുള്ളത്‌ ഞങ്ങള്‍ക്കുമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ വലിയ ഭാഗ്യമുള്ളവന്‍ തന്നെ!(79)ജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ നാശം! വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക്‌ അല്ലാഹുവിന്‍റെ പ്രതിഫലമാണ്‌ കൂടുതല്‍ ഉത്തമം. ക്ഷമാശീലമുള്ളവര്‍ക്കല്ലാതെ അത്‌ നല്‍കപ്പെടുകയില്ല.(80)അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്‌ പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല.(81)ഇന്നലെ അവന്‍റെ സ്ഥാനം കൊതിച്ചിരുന്നവര്‍ (ഇന്ന്‌) ഇപ്രകാരം പറയുന്നവരായിത്തീര്‍ന്നു: അഹോ! കഷ്ടം! തന്‍റെ ദാസന്‍മാരില്‍ നിന്ന്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കികൊടുക്കുകയും, (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അതു) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. ഞങ്ങളോട്‌ അല്ലാഹു ഔദാര്യം കാണിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളെയും അവന്‍ ആഴ്ത്തിക്കളയുമായിരുന്നു. അഹോ, കഷ്ടം! സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല.(82)ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും.(83)