ഖന്‍ദഖിന്റെ പാഠം

[ 1 - Aya Sections Listed ]
Surah No:33
Al-Ahzaab
9 - 27
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.(9)നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.(10)അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.(11)നമ്മോട്‌ അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.(12)യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന്‌ അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.(13)അതിന്‍റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ (മുസ്ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.(14)തങ്ങള്‍ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവര്‍ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.(15)(നബിയേ,) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല.(16)പറയുക: അല്ലാഹു നിങ്ങള്‍ക്ക്‌ വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക്‌ വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്‌? തങ്ങള്‍ക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.(17)നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന്‌ ചെല്ലുകയില്ല.(18)നിങ്ങള്‍ക്കെതിരില്‍ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ (യുദ്ധ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ (യുദ്ധ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട്‌ മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട്‌ അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.(19)സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ്‌ അവര്‍ (കപടന്‍മാര്‍) വിചാരിക്കുന്നത്‌. സംഘടിതകക്ഷികള്‍ (ഇനിയും) വരികയാണെങ്കിലോ, (യുദ്ധത്തില്‍ പങ്കെടുക്കാതെ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട്‌ ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ (കപടന്‍മാര്‍) കൊതിക്കുന്നത്‌. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.(20)തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.(21)സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.(22)സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്‌. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട്‌ അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്ത സാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ (അത്‌) കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്‌) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.(23)സത്യവാന്‍മാര്‍ക്ക്‌ തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(24)സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.(25)വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ (സത്യനിഷേധികള്‍ക്ക്‌) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.(26)അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ (മുമ്പ്‌) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.(27)