കര്‍മഫലം നഷ്ടപ്പെടുത്തരുത്

[ 9 - Aya Sections Listed ]
Surah No:2
Al-Baqara
264 - 264
സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ്‌ കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളില്‍ അല്‍പം മണ്ണ്‌ മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.(264)
Surah No:2
Al-Baqara
268 - 268
പിശാച്‌ ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക്‌ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക്‌ വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.(268)
Surah No:4
An-Nisaa
38 - 38
ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ്‌ ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില്‍ അവന്‍ എത്ര ദുഷിച്ച ഒരു കൂട്ടുകാരന്‍!(38)
Surah No:16
An-Nahl
92 - 92
ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച്‌ കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.(92)
Surah No:18
Al-Kahf
102 - 105
എനിക്ക്‌ പുറമെ എന്‍റെ ദാസന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന്‌ അവിശ്വാസികള്‍ വിചാരിച്ചിരിക്കുകയാണോ? തീര്‍ച്ചയായും അവിശ്വാസികള്‍ക്ക്‌ സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.(102)(നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്ക്‌ പറഞ്ഞുതരട്ടെയോ?(103)ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.(104)തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല.(105)
Surah No:22
Al-Hajj
11 - 11
ഒരു വക്കിലിരുന്നുകൊണ്ട്‌ അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന്‌ വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന്‌ വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന്‌ നഷ്ടപ്പെട്ടു. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം.(11)
Surah No:24
An-Noor
39 - 40
അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത്‌ വെള്ളമാണെന്ന്‌ വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക്‌ ചെന്നാല്‍ അങ്ങനെ ഒന്ന്‌ ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത്‌ അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോള്‍ (അല്ലാഹു) അവന്ന്‌ അവന്‍റെ കണക്ക്‌ തീര്‍ത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനത്രെ.(39)അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.(40)
Surah No:47
Muhammad
9 - 9
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത്‌ കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു.(9)
Surah No:47
Muhammad
32 - 33
അവിശ്വസിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്ക്‌ സന്‍മാര്‍ഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തില്‍ ഏര്‍പെടുകയും ചെയ്തവരാരോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിന്‌ യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവന്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.(32)സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.(33)