ഹൃദയം കൊട്ടിയടക്കപ്പെട്ടവര്‍

[ 14 - Aya Sections Listed ]
Surah No:2
Al-Baqara
7 - 7
അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.(7)
Surah No:2
Al-Baqara
74 - 74
പിന്നീട്‌ അതിന്‌ ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന്‌ നദികള്‍ പൊട്ടി ഒഴുകാറുണ്ട്‌. ചിലത്‌ പിളര്‍ന്ന്‌ വെള്ളം പുറത്ത്‌ വരുന്നു. ചിലത്‌ ദൈവഭയത്താല്‍ താഴോട്ട്‌ ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെപറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല.(74)
Surah No:5
Al-Maaida
13 - 13
അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു. അവര്‍ക്ക്‌ ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക്‌ നീ മാപ്പുനല്‍കുകയും അവരോട്‌ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.(13)
Surah No:6
Al-An'aam
25 - 25
നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ അത്‌ അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ്‌ വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട്‌ തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്‌.(25)
Surah No:6
Al-An'aam
43 - 43
അങ്ങനെ അവര്‍ക്ക്‌ നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ്‌ താഴ്മയുള്ളവരാകാതിരുന്നത്‌ ? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്‌. അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ പിശാച്‌ അവര്‍ക്ക്‌ ഭംഗിയായി തോന്നിക്കുകയും ചെയ്തു.(43)
Surah No:9
At-Tawba
87 - 87
(യുദ്ധത്തിനു പോകാതെ) ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലായിരിക്കുന്നതില്‍ അവര്‍ തൃപ്തിയടഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) ഗ്രഹിക്കുകയില്ല.(87)
Surah No:9
At-Tawba
93 - 93
ഐശ്വര്യമുള്ളവരായിരിക്കെ (ഒഴിഞ്ഞു നില്‍ക്കാന്‍) നിന്നോട്‌ സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ്‌ (കുറ്റം ആരോപിക്കാന്‍) മാര്‍ഗമുള്ളത്‌. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (കാര്യം) മനസ്സിലാക്കുന്നില്ല.(93)
Surah No:16
An-Nahl
107 - 108
അതെന്തുകൊണ്ടെന്നാല്‍ ഇഹലോകജീവിതത്തെ പരലോകത്തേക്കാള്‍ കൂടുതല്‍ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളായ ആളുകളെ നേര്‍വഴിയിലാക്കുന്നതുമല്ല.(107)ഹൃദയങ്ങള്‍ക്കും കേള്‍വിക്കും കാഴ്ചകള്‍ക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടര്‍. അക്കൂട്ടര്‍ തന്നെയാകുന്നു അശ്രദ്ധര്‍.(108)
Surah No:17
Al-Israa
45 - 46
നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്‍റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത ഒരു മറ നാം വെക്കുന്നതാണ്‌.(45)അവരത്‌ ഗ്രഹിക്കുന്നതിന്‌ (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത്‌ പുറം തിരിഞ്ഞ്‌ പോകുന്നതാണ്‌.(46)
Surah No:18
Al-Kahf
57 - 57
തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട്‌ അതില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത്‌ (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത്‌ ഗ്രഹിക്കുന്നതിന്‌ (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര (അടപ്പ്‌) വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.(57)
Surah No:22
Al-Hajj
46 - 46
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.(46)
Surah No:36
Yaseen
8 - 10
അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത്‌ (അവരുടെ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും.(8)അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക്‌ കാണാന്‍ കഴിയില്ല.(9)നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയോ അതല്ല താക്കീത്‌ നല്‍കിയില്ലേ എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല.(10)
Surah No:41
Fussilat
5 - 5
അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക്‌ വിളിക്കുന്നുവോ അത്‌ മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക്‌ ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്‌. അതിനാല്‍ നീ പ്രവര്‍ത്തിച്ച്‌ കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു.(5)
Surah No:47
Muhammad
16 - 16
അവരുടെ കൂട്ടത്തില്‍ നീ പറയുന്നത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ചിലരുണ്ട്‌. എന്നാല്‍ നിന്‍റെ അടുത്ത്‌ നിന്ന്‌ അവര്‍ പുറത്ത്‌ പോയാല്‍ വേദ വിജ്ഞാനം നല്‍കപ്പെട്ടവരോട്‌ അവര്‍ (പരിഹാസപൂര്‍വ്വം) പറയും: എന്താണ്‌ ഇദ്ദേഹം ഇപ്പോള്‍ പറഞ്ഞത്‌? അത്തരക്കാരുടെ ഹൃദയങ്ങളിന്‍മേലാകുന്നു അല്ലാഹു മുദ്രവെച്ചിരിക്കുന്നത്‌. തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയാണവര്‍ ചെയ്തത്‌.(16)