ഭക്തന്മാര്‍

[ 16 - Aya Sections Listed ]
Surah No:2
Al-Baqara
3 - 4
അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും,(3)നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍).(4)
Surah No:2
Al-Baqara
46 - 46
തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക്‌ തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍).(46)
Surah No:2
Al-Baqara
117 - 117
ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.(117)
Surah No:3
Aal-i-Imraan
16 - 17
ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നവരും,(16)ക്ഷമ കൈക്കൊള്ളുന്നവരും, സത്യം പാലിക്കുന്നവരും, ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും, രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്‍റെ ദാസന്‍മാര്‍.)(17)
Surah No:3
Aal-i-Imraan
134 - 135
(അതായത്‌) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക്‌ മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.(134)വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട്‌ തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക്‌ മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക്‌ വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?- ചെയ്തുപോയ (ദുഷ്‌) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍.(135)
Surah No:15
Al-Hijr
45 - 48
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.(45)നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച്‌ കൊള്ളുക. (എന്ന്‌ അവര്‍ക്ക്‌ സ്വാഗതം ആശംസിക്കപ്പെടും.)(46)അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.(47)അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.(48)
Surah No:16
An-Nahl
30 - 32
നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌ എന്ന്‌ സൂക്ഷ്മത പാലിച്ചവരോട്‌ ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ഉത്തമമായത്‌ തന്നെ. നല്ലത്‌ ചെയ്തവര്‍ക്ക്‌ ഈ ദുന്‍യാവില്‍തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!(30)അതെ, അവര്‍ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവയുടെ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക്‌ അവര്‍ ഉദ്ദേശിക്കുന്നതെന്തും അതില്‍ ഉണ്ടായിരിക്കും. അപ്രകാരമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ അല്ലാഹു പ്രതിഫലം നല്‍കുന്നത്‌.(31)അതായത്‌, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക്‌ സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച്‌ കൊള്ളുക.(32)
Surah No:16
An-Nahl
128 - 128
തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.(128)
Surah No:22
Al-Hajj
37 - 37
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.(37)
Surah No:23
Al-Muminoon
57 - 61
തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍,(57)തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,(58)തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കുചേര്‍ക്കാത്തവരും,(59)രക്ഷിതാവിങ്കലേക്ക്‌ തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന്‌ മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ(60)അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട്‌ മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.(61)
Surah No:31
Luqman
3 - 5
സദ്‌വൃത്തര്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്‌.(3)നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും, പരലോകത്തില്‍ ദൃഢവിശ്വാസമുള്ളവരായിരിക്കുകയും ചെയ്യുന്നവര്‍ക്ക്‌.(4)തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനമനുസരിച്ച്‌ നിലകൊള്ളുന്നവരത്രെ അവര്‍. അവര്‍ തന്നെയാണ്‌ വിജയികള്‍.(5)
Surah No:33
Al-Ahzaab
70 - 70
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക.(70)
Surah No:39
Az-Zumar
73 - 75
തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വര്‍ഗത്തിലേക്ക്‌ കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെ കവാടങ്ങള്‍ തൂറന്ന്‌ വെക്കപ്പെട്ട നിലയില്‍ അവര്‍ അതിന്നടുത്ത്‌ വരുമ്പോള്‍ അവരോട്‌ അതിന്‍റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക്‌ സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക.(73)അവര്‍ പറയും: നമ്മളോടുള്ള തന്‍റെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍ നിന്ന്‌ നാം ഉദ്ദേശിക്കുന്ന സ്ഥലത്ത്‌ നമുക്ക്‌ താമസിക്കാവുന്ന വിധം ഈ (സ്വര്‍ഗ) ഭൂമി നമുക്ക്‌ അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന്‌ സ്തുതി. അപ്പോള്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!(74)മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ട്‌ സിംഹാസനത്തിന്‍റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക്‌ കാണാം. അവര്‍ക്കിടയില്‍ സത്യപ്രകാരം വിധികല്‍പിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി എന്ന്‌ പറയപ്പെടുകയും ചെയ്യും.(75)
Surah No:49
Al-Hujuraat
13 - 13
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(13)
Surah No:51
Adh-Dhaariyat
15 - 23
തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.(15)അവര്‍ക്ക്‌ അവരുടെ രക്ഷിതാവ്‌ നല്‍കിയത്‌ ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിനു മുമ്പ്‌ സദ്‌വൃത്തരായിരുന്നു.(16)രാത്രിയില്‍ നിന്ന്‌ അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.(17)രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.(18)അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും.(19)ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(20)നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്‌.)എന്നിട്ട്‌ നിങ്ങള്‍ കണ്ടറിയുന്നില്ലെ?(21)ആകാശത്ത്‌ നിങ്ങള്‍ക്കുള്ള ഉപജീവനവും, നിങ്ങളോട്‌ വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യങ്ങളുമുണ്ട്‌.(22)എന്നാല്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും രക്ഷിതാവിനെ തന്നെയാണ, സത്യം! നിങ്ങള്‍ സംസാരിക്കുന്നു എന്നതു പോലെ തീര്‍ച്ചയായും ഇത്‌ സത്യമാകുന്നു.(23)
Surah No:52
At-Tur
17 - 28
തീര്‍ച്ചയായും ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും.(17)തങ്ങളുടെ രക്ഷിതാവ്‌ അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്‌. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന്‌ അവരുടെ രക്ഷിതാവ്‌ അവരെ കാത്തുരക്ഷിക്കുകയും ചെയ്യും.(18)(അവരോട്‌ പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.(19)വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.(20)ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്‌. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന്‌ യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച്‌ വെച്ചതിന്‌ (സ്വന്തം കര്‍മ്മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു.(21)അവര്‍ കൊതിക്കുന്ന തരത്തിലുള്ള പഴവും മാംസവും നാം അവര്‍ക്ക്‌ അധികമായി നല്‍കുകയും ചെയ്യും.(22)അവിടെ അവര്‍ പാനപാത്രം അന്യോന്യം കൈമാറികൊണ്ടിരിക്കും. അവിടെ അനാവശ്യവാക്കോ, അധാര്‍മ്മിക വൃത്തിയോ ഇല്ല.(23)അവര്‍ക്ക്‌ (പരിചരണത്തിനായി) ചെറുപ്പക്കാര്‍ അവരുടെ അടുത്ത്‌ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും. അവര്‍ സൂക്ഷിച്ച്‌ വെക്കപ്പെട്ട മുത്തുകള്‍ പോലെയിരിക്കും(24)പരസ്പരം പലതും ചോദിച്ചു കൊണ്ട്‌ അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും.(25)അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ്‌ നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു(26)അതിനാല്‍ അല്ലാഹു നമുക്ക്‌ അനുഗ്രഹം നല്‍കുകയും, രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന നരകാഗ്നിയുടെ ശിക്ഷയില്‍ നിന്ന്‌ അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു.(27)തീര്‍ച്ചയായും നാം മുമ്പേ അവനോട്‌ പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും.(28)