ഇസ്രായീല്യരുടെ കരാര്‍ലംഘനം

[ 1 - Aya Sections Listed ]
Surah No:2
Al-Baqara
83 - 85
അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്രായീല്യരോട്‌ കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക). (എന്നാല്‍ ഇസ്രായീല്‍ സന്തതികളേ,) പിന്നീട്‌ നിങ്ങളില്‍ കുറച്ച്‌ പേരൊഴികെ മറ്റെല്ലാവരും വിമുഖതയോടെ പിന്‍മാറിക്കളയുകയാണ്‌ ചെയ്തത്‌.(83)നിങ്ങള്‍ അന്യോന്യം രക്തം ചിന്തുകയില്ലെന്നും, സ്വന്തമാളുകളെ കുടിയൊഴിപ്പിക്കുകയില്ലെന്നും നിങ്ങളോട്‌ നാം ഉറപ്പ്‌ വാങ്ങിയ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നിട്ട്‌ നിങ്ങളത്‌ സമ്മതിച്ച്‌ ശരിവെക്കുകയും ചെയ്തു. നിങ്ങളതിന്‌ സാക്ഷികളുമാകുന്നു.(84)എന്നിട്ടും നിങ്ങളിതാ സ്വജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ തന്നെ അവരുടെ വീടുകളില്‍ നിന്നും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. തികച്ചും കുറ്റകരമായും അതിക്രമപരമായും അവര്‍ക്കെതിരില്‍ നിങ്ങള്‍ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു. അവര്‍ നിങ്ങളുടെ അടുത്ത്‌ യുദ്ധത്തടവുകാരായി വന്നാല്‍ നിങ്ങള്‍ മോചനമൂല്യം നല്‍കി അവരെ മോചിപ്പിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരെ പുറം തള്ളുന്നത്‌ തന്നെ നിങ്ങള്‍ക്ക്‌ നിഷിദ്ധമായിരുന്നു. നിങ്ങള്‍ വേദ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത്‌ തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന്‌ അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതി കഠിനമായ ശിക്ഷയിലേക്ക്‌ അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.(85)