ഈസാ നബി


Article By
Web Admin
Cochin

ഇസ്റാഈല്യരിലേക്ക് അവസാനമായി നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഈസാ നബി. മൂസാനബിയുടെ ശരിഅത്തിന്റെ അന്തസ്സത്തില്‍ ഊന്നിനിന്നുകൊണ്ട് ഇസ്റാഈല്‍ സമുദായത്തിന്റെ സംസ്കരണമായിരുന്നു ഈസാനബിയുടെ പ്രബോധനത്തിന്റെ പ്രധാന ലക്ഷ്യം. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ ഈസാനബിയും തന്റെ പ്രബോനധം ആരംഭിക്കുന്നത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക എന്ന ആഹ്വാനത്തോടെയാണ്. ഈസാനബിയുടെ മുഖ്യമായ പ്രബോധനം ഖുര്‍ആന്‍ ഇപ്രകാരം സംഗ്രഹിക്കുന്നു:

അദ്ദേഹം ഇസ്റാഈല്‍ വംശത്തില്‍ ജൂതനായി ചെന്നപ്പോള്‍ പറഞ്ഞു: തൌറാതില്‍ നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ളതിനെ സത്യപ്പെടുത്തുന്നവനായിട്ടാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനുവേണ്ടിയും ഞാന്‍ വന്നു. അറിയുവിന്‍, നിങ്ങളുടെ റബ്ബില്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുവിന്‍.

എന്നെ അനുസരിപ്പിന്‍ . അല്ലാഹു എന്റെയും നിങ്ങളുടെയും റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ അവന്നുമാത്രം ഇബാദത് ചെയ്യുവിന്‍. അതാകുന്നു നേരായ മാര്‍ഗം. (ആലുഇംറാന്‍: 50-51).

ജൂതന്മാരിലെ പണ്ഡിതന്മാരും പുരോഹിതന്മാരുമാണ് ഈസാനബിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. കാരണം, ഈസാനബിയുടെ പ്രബോധനം, മതത്തിന്റെ മറവില്‍ അവര്‍കെട്ടിപ്പൊക്കിയ ചൂഷണ വ്യവസ്ഥിതിക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്നു. ഈസാനബിയാകട്ടെ അവരുടെ ചൂഷണത്തെയും കപടഭക്തിയെയും ജനസമക്ഷം തുറന്നുകാണിക്കുകയും ചെയ്തു. ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ ഈസാനബിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തെ കഠിനമായി ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ശത്രുക്കളുടെ ഇത്തരം ഗൂഢാലോചനയില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തുകയാണുണ്ടായത്.

പണ്ഡിതന്മാരിലും നേതാക്കളിലും തന്റെ പ്രബോധനം ഫലിക്കുന്നില്ലെന്ന് കണ്ട ഈസാനബി നിരാശനാകാതെ നിര്‍ധനരും പേരും  പൈതൃകവും ശക്തിയും സ്വാധീനവും കുറഞ്ഞവരുമായ ഹവാരികളില്‍ തന്റെ പ്രബോധനം കേന്ദ്രീകരിച്ചു. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവരെ സംസ്കരിച്ചെടുക്കാനും തനിക്ക് ശേഷം തന്റെ സത്യസന്ധരായ പ്രബോധന പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് അവരെ പരിവര്‍ത്തിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് അവരാണ് ഇസ്റാഈല്യരുടെ ഓരോ ഗ്രാമത്തിലും ചെന്ന് അല്ലാഹുവിന്റെ സന്ദേശം പ്രചരിപ്പിച്ചത്.


ഈസാ നബി
http://islampadasala.net/index.php?option=com_content&view=article&id=1212&Itemid=1469
Shared By
Naseem Khan
Karunagappally