ലബനാന്‍ മുതല്‍ അയര്‍ലണ്ടുവരെയുള്ള ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അക്രമസംഭവങ്ങള്‍ നിര്‍ബാധം അരങ്ങുവാഴുകയും, ക്രൈസ്തവത തൊട്ട് ഹിന്ദുയിസം വരെയുള്ള വിവിധ മതങ്ങള്‍ അതില്‍ ഭാഗഭാക്കാവുകയും ചെയ്യുന്നുണ്ടെങ്കിലും പാശ്ചാത്യ ലോകം മറ്റേതു മതത്തേക്കാളും ഇസ്ലാമിനെയാണ് അക്രമവുമായി ബന്ധിപ്പിക്കുന്നത്. കുരിശുയുദ്ധങ്ങളും (അത് തുടങ്ങിയതാവട്ടെ മുസ്ലിംകളല്ല) മുസ്ലിംകള്‍ സ്പെയിന്‍ കീഴടക്കിയതും കിഴക്കന്‍ യൂറോപ്പിനുമേലുണ്ടായ ഉസ്മാനി ആധിപത്യവുമെല്ലാം ഇസ്ലാം ആയുധശക്തിയുടെയും അധികാരത്തിന്റെയും മതമാണെന്ന ചരിത്രബോധത്തിന് ആക്കം കൂട്ടി. അതിലുപരി, കഴിഞ്ഞ ഏതാനും ദശകങ്ങളായി പശ്ചിമേഷ്യയില്‍ തുടരുന്ന പ്രക്ഷോഭങ്ങള്‍ ഇസ്ലാമും അക്രമവും തമ്മില്‍ സവിശേഷ ബന്ധമുണ്ടെന്ന പാശ്ചാത്യ ധാരണയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന അത്തരം പ്രക്ഷോഭങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടലിന്റെ ഫലമായി മുസ്ലിം ലോകത്തുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണെന്നതാണ് വസ്തുത.
ഇസ്ലാം അക്രമത്തിന് പ്രചോദനം നല്‍കുന്നുവെന്ന വിമര്‍ശനത്തിന്റെ സത്യാവസ്ഥയും ഇസ്ലാമിന്റെ യഥാര്‍ഥ ഭാവവും മനസ്സിലാക്കണമെങ്കില്‍ അക്രമം എന്ന പ്രശ്നത്തെ കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം തന്നെ സമാധാനം എന്നാണ്. മറ്റു നാഗരികതകളില്‍, വിശേഷിച്ച് പാശ്ചാത്യ നാഗരികതയില്‍ ഉണ്ടായ അക്രമങ്ങളേക്കാള്‍ കൂടുതലായൊന്നിനും ഇസ്ലാം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല. നാമിവിടെ ചര്‍ച്ച കേന്ദ്രീകരിക്കുന്നത് ഒരു മതമെന്ന നിലയിലുള്ള ഇസ്ലാമിന്റെ തത്ത്വ- മാതൃകകളിലാണ്. അതല്ലാതെ മനുഷ്യ ചരിത്രത്തിന്റെ വിഭിന്ന തലങ്ങളിലേക്ക് ഇസ്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ചരിത്രപരമായ അനിവാര്യതയുടെ ഭാഗമായുണ്ടായ ഏതെങ്കിലും സംഭവങ്ങളിലോ വസ്തുതകളിലോ അല്ല.
ആദ്യമേ വേണ്ടത് അക്രമം എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്തെന്ന് നിര്‍വചിക്കുകയാണ്. നിഘണ്ടുവില്‍ അക്രമത്തിനു വിവിധ നിര്‍വചനങ്ങള്‍ കാണാം. 'ദ്രുതവും തീവ്രവുമായ ശക്തിപ്രയോഗം', 'നിഷ്കരുണവും ദ്രോഹകരവുമായ നടപടികള്‍', 'മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് മേലുള്ള അന്യായമായ അധികാര പ്രയോഗം', 'അതിനിഷ്ഠുരമായ തീവ്രത', 'സത്യ-യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കുക വഴിയുള്ള ദ്രോഹം' എന്നൊക്കെയാണവ. ഈ നിര്‍വചനങ്ങളംഗീകരിച്ചാല്‍ പിന്നെ ഉയരുന്ന ചോദ്യം ഇസ്ലാമിന് ഈ നിര്‍വചനങ്ങളുമായി എത്രമാത്രം ബന്ധമുണ്ടെന്നതാണ്.
ശക്തിപ്രയോഗത്തെ സംബന്ധിച്ചേടത്തോളം അത് അപ്പാടെ നിരാകരിക്കുന്നതിനു പകരം ദൈവിക നിയമത്തിന്റെ വെളിച്ചത്തില്‍ അതിനെ നിയന്ത്രിക്കാനാണ് ഇസ്ലാം ഉദ്യമിക്കുന്നത്. ശക്തിയെന്നത് പ്രപഞ്ചമാകെ സാന്നിധ്യമുള്ള ഒരു യാഥാര്‍ഥ്യമാണ്. പ്രകൃതിയിലും മനുഷ്യ സമൂഹത്തിലും ആത്മാവിനകത്തുമെല്ലാം അതിന്റെ സാന്നിധ്യമുണ്ട്. വിഭിന്ന ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഈ ഭൂമികയില്‍ സന്തുലനം സ്ഥാപിക്കലാണ് ഇസ്ലാമിന്റെ ലക്ഷ്യം. നീതി സംബന്ധിച്ച ഇസ്ലാമിന്റെ പരികല്‍പന തന്നെ സന്തുലനവുമായി ബന്ധിതമാണ്. നീതിയെ കുറിക്കുന്ന 'അദ്ല്‍' എന്ന അറബി ശബ്ദവും, സന്തുലനാവസ്ഥയെ കുറിക്കുന്ന 'തആദുല്‍' എന്ന ശബ്ദവും തമ്മില്‍ ഭാഷോല്‍പത്തി ശാസ്ത്രപരമായിത്തന്നെ ബന്ധമുണ്ട്. തകര്‍ക്കപ്പെട്ടിരിക്കുന്ന സന്തുലനാവസ്ഥയുടെ പുനഃസംസ്ഥാപനം ലക്ഷ്യം വെച്ച് ദൈവിക നിയമത്തിന്റെ തണലില്‍ നടത്തുന്ന എല്ലാ ശക്തിപ്രയോഗവും ക്രിയാത്മകമാണെന്നു മാത്രമല്ല നീതിയുടെ സംസ്ഥാപനത്തിന് അത്യാവശ്യം കൂടിയാണ്. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ശക്തിയുപയോഗിക്കാന്‍ മടിക്കുന്നത്, അക്രമവും അസന്തുലനവും വഴി കടുത്ത അനീതി സൃഷ്ടിക്കുന്ന ശക്തികള്‍ക്കുള്ള കീഴ്പ്പെടലെന്ന നിലയില്‍ പ്രതിലോമപരമാണ്.ഇത്തരം സന്ദര്‍ഭങ്ങളിലെ ശക്തിപ്രയോഗം തീവ്രവും തീക്ഷ്ണവുമാവണോ, അതോ മിതമായ രീതിയിലാവണോ എന്നത് സാഹചര്യങ്ങളുടെ തേട്ടമനുസരിച്ചിരിക്കും. പക്ഷേ ഏതു സന്ദര്‍ഭത്തിലായാലും സന്തുലനവും സമാധാനവും സ്ഥാപിക്കാനായിരിക്കണം ശക്തി പ്രയോഗിക്കേണ്ടത്. അതല്ലാതെ വൈയക്തികമോ വിഭാഗീയമോ ആയ താല്‍പര്യ സംരക്ഷണത്തിനാവരുത്.
ഇസ്ലാം സീസര്‍ക്ക് ഒരോഹരി വീതിച്ചു നല്‍കാതെ, ലോകത്തെ മുഴുവനായിത്തന്നെ സ്വീകരിച്ചിരിക്കുന്നതിനാല്‍, ശക്തിയുടെ നിറസാന്നിധ്യമുള്ള ഈ ലോകത്തിന്റെ ബാധ്യത പൂര്‍ണമായി തന്നെയാണ് അതേറ്റെടുത്തിരിക്കുന്നത്. ഈയൊരു യാഥാര്‍ഥ്യം കാരണമായിത്തന്നെയാണ് ധാരാളം യുദ്ധങ്ങളും അധിനിവേശങ്ങളും അഭിമുഖീകരിക്കേണ്ടിവന്നിട്ടും ഇസ്ലാം ശക്തി പ്രയോഗത്തെ നിയന്ത്രിച്ചു നിര്‍ത്തിയതും. സ്വന്തം നിലപാടിലൂന്നി ഇസ്ലാമിനു സൃഷ്ടിച്ചെടുക്കാന്‍ സാധിച്ച സമാധാനത്തിന്റെയും ശാന്തിയുടെയും അന്തരീക്ഷം ഇന്നും പലയിടങ്ങളില്‍ പ്രതിഫലിക്കുന്നത് കാണാം. അതാവട്ടെ കേവലം യാദൃഛികമല്ല. മറിച്ച് മനഃശാസ്ത്രപരവും സാമൂഹികവും പ്രകൃതിപരവുമായ ഭിന്ന ശക്തികള്‍ക്കിടയില്‍ സന്തുലനം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണ്.
നിശിതവും ഹാനികരവുമായ നടപടി എന്ന അര്‍ഥത്തില്‍ അക്രമത്തെ പരിഗണിച്ചാല്‍ യുദ്ധത്തിലും ക്രിമിനലുകളെ ശിക്ഷിക്കുന്ന കാര്യത്തിലുമൊഴികെ ഇത്തരത്തിലുള്ള എല്ലാ അധികാര പ്രയോഗവും ഇസ്ലാം നിരാകരിക്കുന്നു. യുദ്ധത്തില്‍ പോലും സ്ത്രീകളെയും കുട്ടികളെയും മുറിവേല്‍പിക്കുന്നത് സിവിലിയന്മാര്‍ക്കു നേരെയുള്ള അക്രമമെന്ന നിലയില്‍ ഇസ്ലാം നിരോധിക്കുന്നു. ചുരുക്കത്തില്‍ യുദ്ധഭൂമിയില്‍ വെച്ച് യോദ്ധാക്കളോട് മാത്രമേ നിശിതമായ സായുധ നടപടികള്‍ ഇസ്ലാം അനുവദിക്കുന്നുള്ളൂ.
മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു മീതെയുള്ള അന്യായമായ അധികാര പ്രയോഗം എന്ന അര്‍ഥത്തില്‍ അക്രമത്തെ ഇസ്ലാം പൂര്‍ണമായും എതിര്‍ക്കുന്നു. മുസ്ലിംകളുടെയും മറ്റുള്ളവരുടെയുമെല്ലാം അവകാശങ്ങളെ ഇസ്ലാം കൃത്യമായി നിര്‍വചിക്കുകയും അവയുടെ സംരക്ഷണത്തിനായി നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അതിന് വിരുദ്ധമായി അവകാശ ലംഘനങ്ങള്‍ ഇസ്ലാമിക സമൂഹങ്ങളിലുണ്ടെങ്കില്‍ അതിന്റെ കാരണം ഇസ്ലാമികാധ്യാപനങ്ങളല്ല. ദിവ്യ സന്ദേശങ്ങളെ സ്വീകരിച്ച മനുഷ്യരുടെ അപൂര്‍ണതയാണ്. മനുഷ്യന്‍ എവിടെയായിരുന്നാലും മനുഷ്യന്‍ തന്നെയാണ്. അവനിലുള്ള സഹജമായ അപൂര്‍ണതകള്‍ മുഴുവനായും ഇല്ലാതാക്കാന്‍ ഒരു മതത്തിനുമാവില്ല. ഈയൊരു നിര്‍വചനാനുസൃതമുള്ള അക്രമങ്ങള്‍ മുസ്ലിം സമൂഹങ്ങളിലില്ല എന്നല്ല പറഞ്ഞുവരുന്നത്. മറിച്ച്, കോളനീകരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ആധുനികവത്കരണത്തിന്റെയുമെല്ലാം ദുഃസ്വാധീനമുണ്ടായിട്ടും മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ഈ അര്‍ഥത്തിലുള്ള അക്രമങ്ങള്‍ പടിഞ്ഞാറിലേതിനേക്കാള്‍ കുറവാണ്.
ഇനി 'അതിനിഷ്ഠുരമായ തീവ്രത' എന്നാണ് അക്രമത്തെ നിര്‍വചിക്കുന്നതെങ്കില്‍ ഇസ്ലാം ആ അര്‍ഥത്തിലും അക്രമത്തെ പൂര്‍ണമായും നിരാകരിക്കുന്നു. ഇസ്ലാമിന്റെ പരിപ്രേക്ഷ്യം എപ്പോഴും മിതത്വത്തില്‍ കേന്ദ്രീകൃതമാണ്. തീവ്രതകളൊഴിവാക്കി മിതത്വത്തിന്റെ രജത രേഖകളിലാണ് ഇസ്ലാമിക ധാര്‍മികത വേരാഴ്ത്തിയിരിക്കുന്നത്. തീവ്രതയോളം ഇസ്ലാമിന് അന്യമായ മറ്റൊന്നില്ല. പിന്നെ അതിനിഷ്ഠുരമായ തീവ്രതയുടെ കാര്യം പറയേണ്ടതില്ലല്ലോ. ശക്തി പ്രയോഗിക്കല്‍ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ പോലും മിതത്വം പാലിക്കണം എന്നതാണ് ഇസ്ലാമിന്റെ നിലപാട്.
അവസാനമായി, 'സത്യത്തെ വളച്ചൊടിക്കുക വഴിയുള്ള ദ്രോഹം' എന്നാണ് അക്രമം കൊണ്ട് ഉദ്ദേശ്യമെങ്കില്‍ അതും ഇസ്ലാമിനന്യമാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വിശ്വാസ വാക്യത്തില്‍ പരമസാക്ഷാത്കാരം കണ്ടെത്തുന്ന സത്യമൊന്നിനെയാണ് ഇസ്ലാം അടിസ്ഥാനമാക്കിയിരിക്കുന്നതുതന്നെ. അതിനാല്‍ ആര്‍ക്കും ഉപദ്രവമേല്‍പിക്കാത്ത വിധമാണെങ്കില്‍ പോലും സത്യത്തെ വളച്ചൊടിക്കുന്നത് ഇസ്ലാമിന്റെ മൌലികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. പിന്നെ മറ്റുള്ളവര്‍ക്ക് അപകടമുണ്ടാക്കും വിധം സത്യത്തെ വക്രീകരിച്ചാല്‍ അത് ഖുര്‍ആനിക പാഠങ്ങള്‍ക്കും തിരുചര്യകള്‍ക്കും എത്രമാത്രം വിരുദ്ധമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
ചുരുക്കത്തില്‍ ഇസ്ലാം, മതകീയമെന്നും മതേതരമെന്നും വ്യത്യാസമില്ലാതെ ജീവിതത്തിന്റെ മുഴു തലങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്നതിനാല്‍ ജീവിതത്തിലെ നിത്യ സാന്നിധ്യമായ ശക്തിയെന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കുന്നു. സന്തുലനവും സമാധാനവും സൃഷ്ടിക്കുന്നൊരു ഭാഗത്തേക്ക് ദിശ തിരിച്ചുവിടാനായി, ഇസ്ലാം ശക്തിപ്രയോഗത്തെ നിയന്ത്രിക്കുകയും അക്രമത്തെ സ്രഷ്ടാവിനും സൃഷ്ടികള്‍ക്കും നേരെയുള്ള അവകാശ ലംഘനമെന്ന നിലയില്‍ നിശിതമായി എതിര്‍ക്കുകയും ചെയ്യുന്നു. സമാധാന സംസ്ഥാപനമാണ് ഇസ്ലാമിന്റെ ലക്ഷ്യം. ആത്മീയമായ അച്ചടക്കത്തില്‍നിന്നും തുടങ്ങി ലോകമാകമാനം വ്യാപിക്കുന്ന ധര്‍മ സമരത്തിലൂടെ മാത്രമേ ആ സമാധാനം അനുഭവിച്ചറിയാനാവൂ. മനുഷ്യന്റെ സഹജപ്രകൃതത്തിന്റെ തേട്ടമനുസരിച്ച് ജീവിക്കാന്‍ അവനെ പ്രാപ്തമാക്കാനാണ് ഇസ്ലാം ഉദ്യമിക്കുന്നത്. അതല്ലാതെ അതിനെ ഉല്ലംഘിക്കാനല്ല. സ്വന്തം ആന്തരിക യാഥാര്‍ഥ്യത്തിന് വിരുദ്ധമായ ദിശയിലേക്ക് മനുഷ്യനെ നയിക്കുംവിധമുള്ള എല്ലാ അധികാര പ്രയോഗത്തെയും ഇസ്ലാം നിരാകരിക്കുന്നു. അതേസമയം മനുഷ്യന്റെ ഈ ശുദ്ധ പ്രകൃതത്തെ തകര്‍ക്കുക വഴി പ്രപഞ്ചത്തിലെ സ്വഛതക്കു ഭംഗം വരുത്തുന്ന വിഭാഗങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇസ്ലാമിനു ബാധ്യതയാണ്. അതാവട്ടെ അക്രമമല്ല, മറിച്ച് വ്യതിചലിക്കപ്പെട്ട മനുഷ്യേഛയെ ദൈവേഛയോട് സമരസപ്പെടുത്താനുള്ള ക്രിയാത്മക ഇടപെടല്‍ മാത്രമാണ്. ആ കീഴൊതുങ്ങലില്‍ (തസ്ലീം) നിന്നു മാത്രമാണ് സമാധാനം (സലാം) ഉയിര്‍ക്കൊള്ളുന്നത്. ഈ അര്‍ഥത്തില്‍, മനുഷ്യപ്രകൃതിയില്‍ നിലീനമായ അക്രമോത്സുകതയെ നിയന്ത്രിച്ച്, ക്രിയാത്മകമായ തലങ്ങളിലേക്ക് വഴിതിരിച്ചുവിട്ട്, ദൈവേഛയോട് സമരസപ്പെടുത്തി, വൈയക്തികമായും സാമൂഹികമായും സമാധാനം നിലനിര്‍ത്താന്‍ ഇസ്ലാമിനു മാത്രമേ സാധിക്കൂ.
(സയ്യിദ് ഹുസൈന്‍ നസ്വ്റിന്റെ Islam and The Question of Violence എന്ന ലേഖനത്തിന്റെ വിവര്‍ത്തനം)
വിവ: വി. ബഷീര്‍
|