ഖുറൈശികള്‍, ഹദീസുകള്‍

13) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) ഖുറൈശികളോടൊപ്പം കഅ്ബ: പുനരുദ്ധരിക്കാന്‍ കല്ല് ചുമന്നു കൊണ്ടുപോവുകയായിരുന്നു. ഒരു ഉടുതുണി മാത്രമേ തിരുമേനി(സ)യുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂ. അന്നേരം പിതൃവ്യന്‍ അബ്ബാസ് തിരുമേനി(സ) യോടു പറഞ്ഞു: സഹോദരപുത്രാ! നീ നിന്റെ വസ്ത്രമഴിച്ച് ചുരുട്ടി ചുമലില്‍ വെച്ച് അതിന്മേല്‍ കല്ല് വെച്ചുകൊണ്ട് പോന്നാല്‍ നന്നായിരുന്നു. ജാബിര്‍ പറയുന്നു. ഉടനെ നബി(സ) വസ്ത്രമഴിച്ച് ചുമലില്‍ വെച്ചു. താമസിയാതെതന്നെ ബോധം കെട്ടുവീഴുകയും ചെയ്തു. അതിനുശേഷം തിരുമേനി(സ)യെ നഗ്നനായി ഒരിക്കലും കണ്ടിട്ടില്ല. (ബുഖാരി. 1. 8. 360)
 
93) ആയിശ(റ) നിവേദനം: എനിക്ക് ബുദ്ധി ഉറച്ചത് മുതല്‍ ഇസ്ലാം മതം അനുഷ്ഠിക്കുന്നവരായിട്ടല്ലാതെ എന്റെ മാതാപിതാക്കളെ (അബൂബക്കര്‍, ഉമ്മുറുമ്മാന്‍) ഞാന്‍ കണ്ടിട്ടില്ല. എല്ലാപകലിന്റെയും രണ്ടറ്റമായ പ്രഭാതത്തിലും വൈകുന്നേരവും നബി(സ) ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു അനന്തരം വീട്ടിന്റെ മുറ്റത്ത് ഒരു പള്ളി നിര്‍മ്മിക്കാന്‍ അബൂബക്കര്‍ തീരുമാനിച്ചു. അദ്ദേഹം ഖുര്‍ആന്‍ ഉറക്കെ ഓതിക്കൊണ്ട് അതില്‍ വെച്ച് നമസ്കരിക്കും. അബൂബക്കറിനെ വീക്ഷിച്ചുകൊണ്ടും പാരായണം ആകര്‍ഷിച്ചുകൊണ്ടും മുശ്രിക്കുകളുടെ സ്ത്രീകളും കുട്ടികളും അവിടെ ഒരുമിച്ച് കൂടും. ഖുര്‍ആന്‍ ഓതുമ്പോള്‍ തന്റെ ഇരുനേത്രങ്ങളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ കൂടുതല്‍ കരയുന്ന പ്രകൃതിയായിരുന്നു അബൂബക്കറിന്റെത്. മുശ്രിക്കുകളായ ഖുറൈശീ നേതാക്കന്മാരെ ഇത് പരിഭ്രമിപ്പിച്ചു. (ബുഖാരി. 1. 8. 465)
 
57) ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധഘട്ടത്തില്‍ ഒരു ദിവസം സൂര്യന്‍ അസ്തമിച്ച ശേഷം വന്നിട്ടു ഉമര്‍(റ) ഖുറൈശികളായ സത്യനിഷേധികളെ ശകാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ! സൂര്യന്‍ അസ്തമിക്കും വരേക്കും എനിക്ക് അസര്‍ നമസ്കരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തിരുമേനി(സ) അരുളി: ഞാനും അതു നമസ്കരിച്ചിട്ടില്ല. ഉടനെ ഞങ്ങള്‍ ബുത്താഹാന്‍ മൈതാനത്തേക്ക് നീങ്ങി. അങ്ങനെ തിരുമേനി(സ)യും ഞങ്ങളും നമസ്കാരത്തിനുവേണ്ടി വുളു ചെയ്തു. എന്നിട്ട് സൂര്യന്‍ അസ്തമിച്ചശേഷം തിരുമേനി(സ) അസര്‍ നമസ്കരിച്ച് ശേഷം മഗ്രിബ് നമസ്കാരവും. (ബുഖാരി. 1. 10. 570)
 
6) അഹ്നഫ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഖുറൈശികളില്‍ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുടിയും വസ്ത്രവും രൂപവും പരുക്കനായ ഒരാള്‍ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാള്‍ പറഞ്ഞു: ധനം നിക്ഷേപിച്ച് വെക്കുന്നവര്‍ക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാര്‍ത്ത നീ അറിയിക്കുക. നരകത്തില്‍ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരില്‍പ്പെട്ട ഒരാളുടെ ഇരുമുലക്കണ്ണിന്മേല്‍ അതു വെക്കുന്നതാണ്. അവന്റെ ചുമലിന്റെ മുകളിലുള്ള സൂക്ഷ്മ അസ്ഥിയിലൂടെ അതിന്റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്റെ ചുമലിലുള്ള അസ്ഥിയില്‍ വെക്കും. അപ്പോള്‍ അതിന്റെ ചൂട് അവന്റെ മുലക്കണ്ണില്‍കൂടി പുറത്തുവരും. അവന്‍ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേല്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. അദ്ദേഹം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദര്‍റ്(റ) നിവേദനം: എന്റെ ആത്മസ്നേഹിതന്‍ നബി(സ) എന്നോട് പറഞ്ഞു: അബൂദര്‍റ്! നീ ഉഹ്ദ് മല ദര്‍ശിക്കുന്നുണ്ടോ? പകലില്‍ നിന്ന് അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാന്‍ വേണ്ടി ഞാന്‍ സൂര്യനിലേക്ക് നോക്കി. കാരണം നബി(സ) എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാന്‍ ദര്‍ശിച്ചു. അതെ! എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം സ്വര്‍ണ്ണം ലഭിച്ചു. എല്ലാം ഞാന്‍ ദാനധര്‍മ്മം ചെയ്തു അതില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം ബാക്കിയായാല്‍ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാര്‍ ചിന്തിക്കുന്നില്ല. അവര്‍ ഭൌതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു സത്യം! ഞാന്‍ നിങ്ങളോട് നിങ്ങളുടെ ദുന്‍യാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തില്‍ നിങ്ങളോട് ഞാന്‍ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാന്‍ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി. 2. 24. 489)
 
3) ആയിശ(റ) നിവേദനം: ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അത് അനുഷ്ഠിക്കുവാന്‍ നബി(സ) കല്‍പ്പിച്ചു. റമളാന്‍ നിര്‍ബന്ധമാക്കുന്നതുവരെ അപ്പോള്‍ നബി(സ) പറഞ്ഞു: ഉദ്ദേശിക്കുന്നവന്‍ അത് അനുഷ്ഠിച്ചുകൊള്ളുക. ഉദ്ദേശിക്കാത്തവന്‍ അതു ഉപേക്ഷിക്കുക. (ബുഖാരി. 3. 31. 117)
 
71) ആയിശ(റ) പറയുന്നു: ആശുറാഅ് ദിവസം ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ) ജാഹിലിയ്യാ കാലത്തു അതു അനുഷ്ഠിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അതു നബി(സ) നോല്‍ക്കുകയും നോല്‍ക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ) അതു ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവന്‍ നോല്‍ക്കുകയും ഉദ്ദേശിക്കുന്നവന്‍ ഉപേക്ഷിക്കുകയും ചെയ്തുവന്നു. (ബുഖാരി. 3. 31. 220)
 
7) അബൂഹുറൈറ(റ) നിവേദനം: നിന്റെ അടുത്ത കുടുംബത്തെ നീ താക്കീത് ചെയ്യുക എന്ന ആയത്തു അവതരിപ്പിക്കപ്പെട്ടപ്പോള്‍ നബി(സ) ഇപ്രകാരം അരുളി: ഖുറൈശീ ഗോത്രമേ! നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകാഗ്നിയില്‍ നിന്ന് മോചിപ്പിക്കുവീന്‍. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അശേഷവും നിങ്ങളെ രക്ഷിക്കുവാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുമനാഫ് സന്താനങ്ങളേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് അല്‍പം പോലും നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയുകയില്ല. അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രന്‍ അബ്ബാസേ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് ഒന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. പ്രവാചകന്റെ അമ്മായി സഫിയ്യാ! അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ തടുക്കുവാന്‍ എനിക്ക് സാധ്യമല്ല. മുഹമ്മദിന്റെ പുത്രി ഫാത്തിമാ! എന്റെ ധനത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നതു ചോദിച്ചു കൊള്ളുക. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് യാതൊന്നും തന്നെ നിന്നില്‍ നിന്ന് തടുക്കുവാന്‍ സാധ്യമല്ല. (ബുഖാരി. 4. 51. 16)
 
5) അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം:: നീ നിന്റെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക. എന്ന ഖുര്‍ആന്‍ ആയത്ത് അവതരിച്ചപ്പോള്‍ റസൂല്‍(സ) ഖുറൈശികളെ വിളിച്ചുവരുത്തി. അവരെല്ലാം ഒരിടത്ത് സമ്മേളിച്ചപ്പോള്‍ അവരെ പൊതുവിലും ചിലരെ പ്രത്യേകിച്ചും അഭിസംബോധന ചെയ്തു. ബനൂ അബ്ദുശംസേ, ബനൂ കഅ്ബേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂ അബ്ദിമനാഫേ! നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ സ്വയം രക്ഷിക്കുക. ബനൂഹാശിമേ! നിങ്ങള്‍ നരകാഗ്നിയില്‍ നിന്ന് സ്വയം രക്ഷിക്കുക. ബനൂഅബ്ദില്‍ മുത്തലിബേ! നരകത്തെതൊട്ട് നിങ്ങള്‍ തന്നെ കാക്കുക. ഫാത്തിമ! നിന്നെ നരകത്തെതൊട്ട് നീ കാത്തുകൊള്ളുക. അല്ലാഹുവില്‍ നിന്നുള്ള യാതൊന്നും നിങ്ങള്‍ക്കു വേണ്ടി തടയാന്‍ എനിക്ക് കഴിവില്ല. പക്ഷേ നിങ്ങളുമായി എനിക്ക് കുടുംബന്ധമുണ്ട്. അതു ഞാന്‍ നിലനിര്‍ത്തും. (മുസ്ലിം)