നരകാവകാശികള്‍ , ഹദീസുകള്‍

11) അബൂസഇദില്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിക്കും. പിന്നീട് അല്ലാഹു കല്‍പ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തില്‍ നിന്നു കരകയറ്റുവീന്‍. അങ്ങനെ അവര്‍ നരകത്തില്‍ നിന്ന് മുക്തരാകും. അവര്‍ കറുത്തിരുണ്ടു പോയിട്ടുണ്ടാകും. അനന്തരം അവരെ ജീവിതനദിയില്‍ ഇടും. അപ്പോള്‍ മലവെള്ളച്ചാലുകളുടെ ഓരങ്ങളില്‍ കിടക്കുന്ന വിത്ത് മുളക്കുന്നതുപോലെ അവരുടെ ശരീരം കൊഴുത്തുവളരും. മഞ്ഞനിറത്തില്‍ ഒട്ടിച്ചേര്‍ന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത് നീ കണ്ടിട്ടില്ലേ? (ബുഖാരി. 1. 2. 21)
 
10) അബൂസഈദുല്‍ഖുദ്രി(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) വലിയ പെരുന്നാള്‍ ദിവസം നമസ്ക്കാരമൈതാനത്തേക്ക് പുറപ്പെട്ടു. തിരുമേനി(സ) സ്ത്രീകളുടെ അടുക്കലേക്ക് ചെന്നു. അവിടുന്നു അരുളി: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക. നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്. അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരെ! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം? തിരുമേനി(സ) പ്രത്യുത്തരം നല്‍കി. അവര്‍ ശപിക്കല്‍ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കും, ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ വേറെ കണ്ടിട്ടില്ല. സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! ബുദ്ധിയിലും മതത്തിലും ഞങ്ങള്‍ക്കെന്താണ് കുറവ്? അവിടുന്ന് അരുളി. സ്ത്രീയുടെ സാക്ഷ്യത്തിനു പുരുഷന്റെ പകുതി സാക്ഷ്യത്തിന്റെ സ്ഥാനമല്ലേ കല്‍പ്പിക്കുന്നുള്ളൂ? അവര്‍ പറഞ്ഞു. അതെ. തിരുമേനി അരുളി :അതാണ് അവര്‍ക്ക് ബുദ്ധി കുറവാണെന്നതിന്റെ ലക്ഷണം. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്ക്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ? അവര്‍ പറഞ്ഞു. അതെ തിരുമേനി(സ) അരുളി: മതം കുറവായതിന്റെ ലക്ഷണങ്ങളാണത്. (ബുഖാരി. 1. 6. 301)
 
4) അബ്ദുല്ല(റ) നിവേദനം: പ്രവാചകന്‍ - അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് നിങ്ങളുടെ മാതാവിന്റെ ഗര്‍ഭാശയത്തില്‍വെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളില്‍ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കല്‍പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ആഹാരം, അവന്റെ ആയുസ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാന്‍ അല്ലാഹു ആ മലക്കിനോട് നിര്‍ദ്ദേശിക്കും. അനന്തരം അവനില്‍ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തില്‍ അവന്റെ കാര്യത്തിലുളള എഴുത്തു അവന്റെ കര്‍മ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കര്‍മ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യന്‍ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്റെ പ്രശ്നത്തിലുളള എഴുത്ത് അവന്റെ പ്രവര്‍ത്തനത്തെ കവച്ചു വെയ്ക്കും. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. (ബുഖാരി. 4. 54. 430)
 
4) അനസ്(റ) നിവേദനം: നബി(സ) അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷയുളളവരോട് അല്ലാഹു ചോദിക്കും. ലോകത്തുളള സര്‍വ്വവസ്തുക്കളും നിങ്ങളുടെ ഉടമസ്ഥതയിലും അധീനത്തിലും ആണെങ്കില്‍ അവ നല്‍കി ശിക്ഷയില്‍ നിന്നും മോചനം നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അവന്‍ പറയും: അതെ. അല്ലാഹു പറയും: ആദമിന്റെ മുതുകിലായിരുന്ന സന്ദര്‍ഭത്തില്‍ ഇവയെക്കാള്‍ ലഘുവായ ഒരു കാര്യം നിര്‍വ്വഹിക്കുവാന്‍ നിങ്ങളോട് ഞാനാവശ്യപ്പെട്ടിരുന്നു. എന്നില്‍ ശിര്‍ക്ക് ചെയ്യരുതെന്ന്. എന്നാല്‍ നീ അതു ധിക്കരിച്ചു. എന്നില്‍ ശിര്‍ക്ക് വെച്ചു. (ബുഖാരി. 4. 55. 551)
 
41) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു വിളിച്ചുപറയുന്നവന്‍ ഇപ്രകാരം വിളിച്ച് പറയും. നരകവാസികളെ! മരണമില്ല, സ്വര്‍ഗ്ഗവാസികളെ! മരണമില്ല. നിങ്ങള്‍ക്ക് ശാശ്വതം. (ബുഖാരി. 8. 76. 552)
 
47) നുഅ്മാന്‍(റ) പറയുന്നു: നബി(സ) അരുളി: നരകവാസികളില്‍ ഏറ്റവും ലഘുവായ ശിക്ഷ അനുഭവിക്കുന്നവന്‍ ഒരാളായിരിക്കും. അവന്റെ പാദങ്ങള്‍ക്കിടയില്‍ രണ്ട് തീക്കട്ട വെക്കും. അതുകാരണം ചട്ടിയിലോ വായ കുടുസ്സായ പാത്രത്തിലോ കിടന്ന് അതിലൊഴിച്ച സാധനം തിളച്ച് പൊങ്ങും പോലെ അവന്റെ തലച്ചോറ് തിളച്ചുപൊങ്ങിക്കൊണ്ടിരിക്കും. (ബുഖാരി. 8. 76. 567)
 
10) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)
 
55) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചിരിക്കുന്നു. രണ്ട് ഇനം നരകവാസികളുണ്ട്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒന്ന് പശുവിന്റെ വാലുപോലുള്ള വടികളേന്തിക്കൊണ്ട് ജനങ്ങളെ മര്‍ദ്ദിക്കും. മറ്റൊരിനം ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞപോലുള്ള തലയുള്ളവരും ചാഞ്ഞും ചെരിഞ്ഞുകൊണ്ട് നടക്കുന്നവരും അന്യരെ (വ്യഭിചാരത്തിലേക്ക്) ആകര്‍ഷിക്കുന്നവരും നഗ്നകളും (പേരിനുമാത്രം) വസ്ത്രധാരിണികളുമായ സ്ത്രീകളാണ്. സ്വര്‍ഗ്ഗത്തില്‍ അവര്‍ പ്രവേശിക്കുകയോ അതിന്റെ വാസന അവരനുഭവിക്കുകയോ ചെയ്യുകയില്ല. അതിന്റെ വാസനയാണെങ്കിലോ ഇത്രയിത്ര വഴിയകലെ നിന്നുതന്നെ അനുഭവിക്കാന്‍ കഴിയുന്നതാണ്. (മുസ്ലിം)
 
49) സമുറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നരകവാസികളില്‍ ചിലരുടെ (അന്ത്യദിനത്തില്‍) കണങ്കാലസ്ഥിവരെയും മറ്റുചിലരുടെ മുട്ടുകാല്‍വരെയും ചിലരുടെ അരക്കെട്ടുവരെയും വേറെ ചിലരുടെ തൊണ്ടക്കുഴി വരെയും നരകാഗ്നി ബാധിക്കുന്നതാണ്. (മുസ്ലിം)