സ്വര്‍ഗ്ഗവാസികള്‍ , ഹദീസുകള്‍

11) അബൂസഇദില്‍ ഖുദ്രി(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിക്കും. പിന്നീട് അല്ലാഹു കല്‍പ്പിക്കും: കടുകുമണിയോളമെങ്കിലും വിശ്വാസം ഹൃദയത്തിലുള്ളവരെ നരകത്തില്‍ നിന്നു കരകയറ്റുവീന്‍. അങ്ങനെ അവര്‍ നരകത്തില്‍ നിന്ന് മുക്തരാകും. അവര്‍ കറുത്തിരുണ്ടു പോയിട്ടുണ്ടാകും. അനന്തരം അവരെ ജീവിതനദിയില്‍ ഇടും. അപ്പോള്‍ മലവെള്ളച്ചാലുകളുടെ ഓരങ്ങളില്‍ കിടക്കുന്ന വിത്ത് മുളക്കുന്നതുപോലെ അവരുടെ ശരീരം കൊഴുത്തുവളരും. മഞ്ഞനിറത്തില്‍ ഒട്ടിച്ചേര്‍ന്ന ദളങ്ങളോടുകൂടി അവ മുളച്ചു വരുന്നത് നീ കണ്ടിട്ടില്ലേ? (ബുഖാരി. 1. 2. 21)
 
9) അനസ്(റ) നിവേദനം:നബി(സ) അരുളി: മരണപ്പെടുന്ന യാതൊരു വ്യക്തിയും അല്ലാഹുവിന്റെ അടുത്തു അവന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നന്മകാരണം ദുന്‍യാവിലെ സര്‍വ്വ വസ്തുക്കള്‍ ലഭിച്ചാലും ദുന്‍യാവിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയില്ല. രക്തസാക്ഷികള്‍ ഒഴികെ. അവര്‍ ദുന്‍യാവിലേക്ക് തിരിച്ചുവന്നു ഒന്നുകൂടി രക്തസാക്ഷിയാവാന്‍ ആഗ്രഹിക്കുന്നതാണ്. അനസ്(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും സ്വര്‍ഗ്ഗവാസികളില്‍പ്പെട്ട ഒരു സ്ത്രീ ഭൂനിവാസികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആകാശഭൂമികള്‍ക്കിടയിലുള്ള സ്ഥലങ്ങള്‍ മുഴുവനും സുഗന്ധത്താല്‍ നിറയുന്നതാണ്. ആ വനിതകള്‍ തലയിലിടുന്ന തട്ടം ഈ ലോകത്തേക്കാളും അതിലുള്ള സര്‍വ്വവസ്തുക്കളേക്കാളും വിലപിടിച്ചതാണ്. (ബുഖാരി. 4. 52. 53)
 
4) അബ്ദുല്ല(റ) നിവേദനം: പ്രവാചകന്‍ - അവിടുന്ന് സത്യസന്ധനും സത്യസന്ധനായി അംഗീകരിക്കപ്പെട്ടവനുമാണ് - അരുളി: നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പിനുളള തയ്യാറെടുപ്പ് നിങ്ങളുടെ മാതാവിന്റെ ഗര്‍ഭാശയത്തില്‍വെച്ച് 40 ദിവസം കൊണ്ടാണ് നടക്കുന്നത്. മറ്റൊരു 40 ദിവസത്തിനുളളില്‍ അതു ഒരു രക്തപിണ്ഡമായി മാറുന്നു. അനന്തരം വേറൊരു 40 ദിവസത്തിനകം അതൊരു മാംസപിണ്ഡമായി മാറുന്നു. ശേഷം നാല് കല്‍പനകള്‍ നല്‍കിക്കൊണ്ട് അല്ലാഹു ഒരു മലക്കിനെ അയക്കുന്നു. അവന്റെ പ്രവര്‍ത്തനങ്ങള്‍, അവന്റെ ആഹാരം, അവന്റെ ആയുസ്, അവന്‍ വിജയിയോ പരാജിതനോ എന്ന കാര്യം ഇവയെല്ലാം എഴുതിവെക്കാന്‍ അല്ലാഹു ആ മലക്കിനോട് നിര്‍ദ്ദേശിക്കും. അനന്തരം അവനില്‍ ആത്മാവിനെ ഊതുന്നതാണ്. പിന്നീട് ഈ എഴുത്തനുസരിച്ചാണ് ആ മനുഷ്യന്‍ പ്രവര്‍ത്തിക്കുക. അവന്‍ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തെ സമീപിക്കും. അവന്നും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മുഴം അകലം മാത്രമേ ദൂരമുണ്ടായിരിക്കുകയുളളൂ. ആ ഘട്ടത്തില്‍ അവന്റെ കാര്യത്തിലുളള എഴുത്തു അവന്റെ കര്‍മ്മങ്ങളെ കവച്ച് വെക്കും. പിന്നീട് നരകവാസികളുടെ കര്‍മ്മമാണ് അവനാരംഭിക്കുക. അതുപോലെ മറ്റൊരു മനുഷ്യന്‍ പാപം ചെയ്ത് നരകത്തെ സമീപിക്കും അവസാനം അവന്നും നരകത്തിനുമിടയിലുളള ദൂരം ഒരു മുഴം മാത്രമായി അവശേഷിക്കും. അന്നേരം അവന്റെ പ്രശ്നത്തിലുളള എഴുത്ത് അവന്റെ പ്രവര്‍ത്തനത്തെ കവച്ചു വെയ്ക്കും. അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗവാസികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. (ബുഖാരി. 4. 54. 430)
 
23) അബൂസഈദില്‍ഖുദ്രി(റ) നിവേദനം: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ അവര്‍ക്ക് മീതെയുളള മാളികമുകളിലെ നിവാസികളെ ആകാശത്തിന്റെ കിഴക്കോ അല്ലെങ്കില്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ജ്വലിച്ചു പ്രകാശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളെപ്പോലെ ദര്‍ശിക്കും. അവരുടെ ഇടയിലുളള പദവികള്‍ തമ്മിലുളള വ്യത്യാസം കാരണം. സഹാബിമാര്‍ ചോദിച്ചു. പ്രവാചകരേ! അതു പ്രവാചകന്മാരുടെ പദവികളായിരിക്കും. അവിടെ മറ്റാര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുകയില്ലല്ലോ. നബി(സ) പ്രത്യുത്തരം നല്‍കി. അതെ, എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു സത്യം. അല്ലാഹുവില്‍ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്ത പുരുഷന്മാരാണിവര്‍. (ബുഖാരി. 4. 54. 478)
 
36) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തില്‍ ഭൂമി പരമാധികാരിയായ അല്ലാഹുവിന്റെ കയ്യിലായിരിക്കും. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ റൊട്ടി തിരിച്ചും മറിച്ചും ഇടുംപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ളൊരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ (ഭൂമിയെ) ഒരു റൊട്ടിപോലെ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബി(സ)യോട് പറഞ്ഞു. അബുല്‍കാസിം, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. പരലോകദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാരവിഭവമെന്തായിരിക്കുമെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെയോ? നബി(സ) അരുളി: അതെ, ജൂതന്‍ പറഞ്ഞു: അന്ന് ഭൂമി ഒരു റൊട്ടി പോലെയായിരിക്കും. നബി(സ) അരുളിയതുപോലെതന്നെ. അപ്പോള്‍ നബി(സ)യുടെ അണപ്പല്ലുകള്‍ കാണുംവിധം അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: റൊട്ടിയിലേക്ക് അവര്‍ക്ക് കറി എന്തായിരിക്കുമെന്ന് ഞാന്‍ നിന്നെ അറിയിക്കട്ടെയോ? അവരുടെ കറി ബലാമും നൂനുമായിരിക്കും. സഹാബിമാര്‍ ചോദിച്ചു: എന്താണത്? അവിടുന്ന് അരുളി: കാളയും മീനും. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം എഴുപതിനായിരം പേര്‍ക്ക് തിന്നാനുണ്ടാവും. (ബുഖാരി. 8. 76. 527)
 
41) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞാല്‍ ഒരു വിളിച്ചുപറയുന്നവന്‍ ഇപ്രകാരം വിളിച്ച് പറയും. നരകവാസികളെ! മരണമില്ല, സ്വര്‍ഗ്ഗവാസികളെ! മരണമില്ല. നിങ്ങള്‍ക്ക് ശാശ്വതം. (ബുഖാരി. 8. 76. 552)
 
42) അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സ്വര്‍ഗ്ഗവാസികളെ വിളിക്കും. സ്വര്‍ഗ്ഗവാസികളെ, എന്ന്. അപ്പോള്‍ നാഥാ! നിന്റെ വിളി ഞങ്ങളിതാ ഉത്തരം നല്‍കുന്നുവെന്ന് അവര്‍ പറയും. നിങ്ങള്‍ അതൃപ്തരാണോ? അല്ലാഹു ചോദിക്കും. അവര്‍ പറയും. ഞങ്ങള്‍ എങ്ങനെ സംതൃപ്തരാകാതിരിക്കും! നിന്റെ സൃഷ്ടികളില്‍ ആര്‍ക്കും കൊടുത്തിട്ടില്ലാത്തതു നീ ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ! അല്ലാഹു പറയും: അതിനേക്കാളും ഉല്‍കൃഷ്ടമായതു ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. അവര്‍ ചോദിക്കും. ഇതിനേക്കാള്‍ ഉല്‍കൃഷ്ടമായത് എന്തുണ്ട്. അല്ലാഹു പറയും. എന്റെ സംതൃപ്തി നിങ്ങള്‍ക്ക് മീതെ ഇതാ ചൊരിഞ്ഞ് തരും. ഒരിക്കലും ഞാന്‍ നിങ്ങളോട് കോപിക്കുകയില്ല. (ബുഖാരി. 8. 76. 557)
 
6) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്. 2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും ദയാദാക്ഷിണ്യമുള്ളവര്‍ 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്ലിം)
 
142) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ അവിടെ തിന്നുകയും കുടിക്കുകയും ചെയ്യും. അവര്‍ വെളിക്കിരിക്കുകയോ മൂക്ക് പിഴിയുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയില്ല. പക്ഷേ അവര്‍ കഴിക്കുന്ന ആഹാരം കസ്തൂരിമണം വീശുന്ന ഏമ്പക്കമായി രൂപാന്തരപ്പെടും. ശ്വാസോഛാസംപോലെ (നിഷ്പ്രയാസം അവര്‍ തസ്ബീഹും തഹ്ലീലും നിര്‍വ്വഹിക്കുന്നതാണ്) (മുസ്ലിം)
 
143) മുഗീറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കല്‍ തന്റെ റബ്ബിനോട് ചോദിച്ചു: സ്വര്‍ഗ്ഗവാസികളില്‍ താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്‍ഗവാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള്‍ അവന്‍ പറയും. നാഥാ! ജനങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില്‍ അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരില്‍ ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല്‍ നീ തൃപ്തിപ്പെടുമോ? അന്നേരം അവന്‍ പറയും: നാഥാ! ഞാന്‍ അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാല്‍ അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാല്‍ ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്‍ഗ്ഗവാസികളില്‍ ആരാണ് ഉന്നതന്മാര്‍? അവന്‍ പറയും: എന്റെ കൈകൊണ്ട് ഞാന്‍തന്നെ പ്രതാപം നട്ടുവളര്‍ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്‍. കണ്ണുകള്‍ക്ക് കാണാനോ കാതുകള്‍ക്ക് കേള്‍ക്കാനോ മനുഷ്യഹൃദയങ്ങള്‍ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്‍ക്കുവേണ്ടി തയ്യാര്‍ ചെയ്തിട്ടുള്ളവ. (മുസ്ലിം)
 
145) അബൂസഈദും(റ) അബൂഹുറയ്റ(റ) യും നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചുപറയും: നിങ്ങള്‍ എന്നെന്നും മരണപ്പെടാതെ ജീവിക്കുന്നവരാണ്. മാത്രമല്ല, നിങ്ങള്‍ എന്നും ആരോഗ്യമുള്ളവരായിരിക്കും. നിങ്ങള്‍ ഒരിക്കലും വൃദ്ധരാവുകയില്ല. സുഖലോലുപന്മാരായിരിക്കും. നിങ്ങളൊരിക്കലും ക്ളേശം അനുഭവിക്കുകയില്ല. (മുസ്ലിം)
 
147) സുഹൈബി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചതിനു ശേഷം അല്ലാഹു ചോദിക്കും. കൂടുതല്‍ വല്ലതും നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അന്നേരം അവര്‍ പറയും. ഞങ്ങളുടെ മുഖത്തെ നീ പ്രകാശിപ്പിച്ചില്ലേ? സ്വര്‍ഗ്ഗത്തില്‍ നീ ഞങ്ങളെ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് നീ രക്ഷിക്കുകയും ചെയ്തില്ലേ? (അതില്‍ കൂടുതല്‍ മറ്റൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല) തല്‍സമയം അല്ലാഹു ഹിജാബിനെ നീക്കം ചെയ്യും. (അപ്പോള്‍ അവര്‍ക്ക് റബ്ബിനെ കാണാന്‍ കഴിയും) തങ്ങളുടെ നാഥനിലേക്ക് നോക്കുന്നതിലുപരി ഇഷ്ടപ്പെട്ട മറ്റൊന്നും അവര്‍ക്ക് കൊടുക്കപ്പെട്ടിട്ടുണ്ടായിരിക്കുകയില്ല. (മുസ്ലിം)