ലുബ്ധ്, അഹങ്കാരം, ദുരഭിമാനം: ഇവ മൂന്നും പണക്കാരെ പിന്തുടര്‍ന്നേക്കും , ഹദീസുകള്‍

6) അഹ്നഫ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ ഖുറൈശികളില്‍ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുടിയും വസ്ത്രവും രൂപവും പരുക്കനായ ഒരാള്‍ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാള്‍ പറഞ്ഞു: ധനം നിക്ഷേപിച്ച് വെക്കുന്നവര്‍ക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാര്‍ത്ത നീ അറിയിക്കുക. നരകത്തില്‍ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരില്‍പ്പെട്ട ഒരാളുടെ ഇരുമുലക്കണ്ണിന്മേല്‍ അതു വെക്കുന്നതാണ്. അവന്റെ ചുമലിന്റെ മുകളിലുള്ള സൂക്ഷ്മ അസ്ഥിയിലൂടെ അതിന്റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്റെ ചുമലിലുള്ള അസ്ഥിയില്‍ വെക്കും. അപ്പോള്‍ അതിന്റെ ചൂട് അവന്റെ മുലക്കണ്ണില്‍കൂടി പുറത്തുവരും. അവന്‍ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേല്‍ ഇരുന്നു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു. അദ്ദേഹം ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. അദ്ദേഹം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദര്‍റ്(റ) നിവേദനം: എന്റെ ആത്മസ്നേഹിതന്‍ നബി(സ) എന്നോട് പറഞ്ഞു: അബൂദര്‍റ്! നീ ഉഹ്ദ് മല ദര്‍ശിക്കുന്നുണ്ടോ? പകലില്‍ നിന്ന് അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാന്‍ വേണ്ടി ഞാന്‍ സൂര്യനിലേക്ക് നോക്കി. കാരണം നബി(സ) എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാന്‍ ദര്‍ശിച്ചു. അതെ! എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം സ്വര്‍ണ്ണം ലഭിച്ചു. എല്ലാം ഞാന്‍ ദാനധര്‍മ്മം ചെയ്തു അതില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം ബാക്കിയായാല്‍ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാര്‍ ചിന്തിക്കുന്നില്ല. അവര്‍ ഭൌതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു സത്യം! ഞാന്‍ നിങ്ങളോട് നിങ്ങളുടെ ദുന്‍യാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തില്‍ നിങ്ങളോട് ഞാന്‍ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാന്‍ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി. 2. 24. 489)