ദരിദ്രരെ സഹായിക്കണം , ഹദീസുകള്‍

30) അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്ട് ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. നബി(സ) ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്ടാകുമോ? നബി(സ) തുടര്‍ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ഞാനിവിടെയുണ്ടെന്ന് അയാള്‍ മറുപടി പറഞ്ഞു. നബി(സ) നിര്‍ദ്ദേശിച്ചു. നീ ഇതെടുത്തുകൊണ്ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്കല്ലേ ഞാന്‍ ദാനം ചെയ്യേണ്ടത്? അല്ലാഹു സത്യം. മദീനയുടെ രണ്ട് കാല്‍ പ്രദേശങ്ങള്‍ക്കിടയില്‍ എന്റെ കുടുംബത്തേക്കാള്‍ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകള്‍ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3. 31. 157)
 
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഇഹത്തിലും പരത്തിലും ഒരു സത്യവിശ്വാസിയുമായി ഏറ്റവും ബന്ധപ്പെട്ടത് ഞാനാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ ആയത്തു പാരായണം ചെയ്യുക. (സത്യവിശ്വാസികളുമായി അവരുടെ ശരീരത്തെക്കാള്‍ ബന്ധപ്പെട്ടത് നബിയാണ്) ഏതെങ്കിലുമൊരു സത്യവിശ്വാസി ധനം കൈവശമുള്ള സ്ഥിതിയില്‍ മരണമടഞ്ഞു. എങ്കില്‍ അവയെ അടുത്ത ബന്ധുക്കള്‍ - അവരാരാണെങ്കിലും ശരി - ആ ധനം അനന്തരമെടുക്കട്ടെ. വല്ലവനും കടക്കാരനായിക്കൊണ്ടു അല്ലെങ്കില്‍ ദരിദ്ര കുടുംബത്തെ വിട്ടുകൊണ്ടു മരണമടഞ്ഞാല്‍ അവന്‍ (അവന്റെ രക്ഷാധികാരി)എന്റെയടുക്കല്‍ വരട്ടെ. ഞാനാണവന്റെ രക്ഷാധികാരി. (ബുഖാരി. 3. 41. 584)
 
6) സല്‍മാനുബ്നു ആമിര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളില്‍ നിന്നാരെങ്കിലും നോമ്പു തുറക്കുമ്പോള്‍ കാരക്കകൊണ്ട് അവന്‍ നോമ്പ് മുറിച്ചുകൊള്ളട്ടെ. അതില്‍ ബര്‍ക്കത്തുണ്ട്. ഇനി കാരക്ക അവനു ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട്. അതവന്റെ ബാഹ്യവും ആന്തരികവുമായ അഴുക്കുകളെ നീക്കം ചെയ്യുന്നതാണ്. നബി(സ) വീണ്ടും പ്രഖ്യാപിച്ചു. ദരിദ്രന് ധര്‍മ്മം ചെയ്യുന്നതു കൊണ്ട് ധര്‍മ്മത്തിന്റെ കൂലി മാത്രം ലഭിക്കും. എന്നാല്‍, കുടുംബത്തില്‍ ചെലവഴിക്കുന്നതുകൊണ്ട് ധര്‍മ്മം ചെയ്തതിന്റെയും കുടുംബന്ധം ചേര്‍ത്തതിന്റെയും രണ്ടു പ്രതിഫലമാണ് ലഭിക്കുക. (തിര്‍മിദി)