ഭക്തിയുടെ വസ്ത്രം , ഹദീസുകള്‍

1) ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും അഹങ്കാരത്തോട് കൂടി തന്റെ വസ്ത്രം നിലത്തു വലിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ നേരെ നോക്കുകയില്ല. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഒഴികെ. നബി(സ)അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരില്‍ പെട്ടവനല്ല. (ബുഖാരി. 7. 72. 675)2) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: രണ്ട് നെരിയാണിവിട്ട് താഴേക്ക് ഇറങ്ങിയ വസ്ത്രം നരകത്തിലാണ്. (ബുഖാരി. 7. 72. 678)
 
6) അബൂഉസ്മാന്‍(റ) നിവേദനം: ഉമര്‍(റ) എനിക്ക് ഇപ്രകാരം എഴുതി. നബി(സ) അരുളി; വല്ലവനും പട്ട് ദുന്‍യാവില്‍ ധരിച്ചാല്‍ പരലോകത്ത് അതില്‍ നിന്ന് അല്‍പം പോലും അവന്‍ ധരിക്കുകയില്ല. (ബുഖാരി. 7. 72. 719)
 
7) ഇബ്നുസുബൈര്‍(റ) പ്രസംഗിച്ചുപറഞ്ഞു: മുഹമ്മദ്(സ) പറഞ്ഞു: വല്ലവനും ദുന്‍യാവില്‍ പട്ടു ധരിച്ചാല്‍ പരലോകത്ത് അതു ധരിക്കുകയില്ല. (ബുഖാരി. 7. 72. 724)
 
14) ഇബ്നുഅബ്ബാസ്(റ) പറയുന്നു: സ്ത്രീ വേഷം ധരിച്ചവരെ നിങ്ങള്‍ വീടുകളില്‍ നിന്ന് പുറത്താക്കുവീന്‍ എന്ന് നബി(സ) അരുളി: അങ്ങിനെ നബി(സ) ഒരാളെയും ഉമര്‍ ഒരു സ്ത്രീയെയും വീട്ടില്‍ നിന്ന് പുറത്താക്കി. (ബുഖാരി. 7. 72. 774)
 
41) ഇബ്നു ഉമറി(റ) വില്‍ നിന്ന് നിവേദനം: നബി(സ) അരുളി: അരയുടുപ്പിലും ഖമീസിലും തലപ്പാവിലും ഇസ്ബാലുണ്ട്. അവയില്‍ നിന്ന് വല്ലതും അഹന്തകൊണ്ട് വലിച്ചിഴക്കുന്ന പക്ഷം അന്ത്യദിനത്തില്‍ അല്ലാഹു അവനെ നോക്കുകയില്ല. (അബൂദാവൂദ്, നസാഈ)
 
46) മുആദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു. കഴിവുണ്ടായിരിക്കെ അല്ലാഹുവോടുള്ള വിനയത്തിന്റെ പേരില്‍ വസ്ത്രാലങ്കാരമുപേക്ഷിച്ചവനെ ജനമദ്ധ്യത്തില്‍ ക്ഷണിച്ചുവരുത്തി സത്യവിശ്വാസികളുടെ വസ്ത്രങ്ങളില്‍വെച്ച് അവന്‍ തിരഞ്ഞെടുക്കുന്നത് ധരിക്കുവാന്‍ ഖിയാമത്തുനാളില്‍ അല്ലാഹു അനുമതി നല്കുന്നതാണ്. (തിര്‍മിദി)
 
40) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: മൂന്നു തരക്കാര്‍! അന്ത്യ ദിനത്തില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ അവരിലേക്ക് തിരിഞ്ഞുനോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല. വേദനാജനകമായ ശിക്ഷ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. നിവേദകര്‍ പറയുന്നു: റസൂല്‍(സ) ഇത് മൂന്ന് പ്രാവശ്യം ഓതി കേള്‍പ്പിച്ചു. അബൂദര്‍റ് പറഞ്ഞു: അവര്‍ പരാജിതരാണല്ലോ, അല്ലാഹുവിന്റെ പ്രവാചകരെ ആരാണവര്‍? റസൂല്‍(സ) പറഞ്ഞു: 1 വസ്ത്രം വലിച്ചിഴക്കുന്നവന്‍ 2 തന്റെ നന്മകള്‍ എടുത്തുപറയുന്നവന്‍ (പ്രത്യുപകാരമോ വിധേയത്വമോ പ്രതീക്ഷിക്കുകയും അതിന്റെ അഭാവത്തിലോ മറ്റോ നന്മ കിട്ടിയവരെ ബുദ്ധിമുട്ടിക്കുക) 3 കള്ളസത്യം വഴി ചരക്ക് വിറ്റഴിക്കുന്നവന്‍ (മുസ്ലിം)
 
44) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ഒരിക്കല്‍ റസൂല്‍(സ)യുടെ അരികില്‍ നടന്നുചെന്നു. എന്റെ മുണ്ട് അല്പം താഴ്ന്നിരുന്നു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു. അബ്ദുല്ലാ! നിന്റെ മുണ്ട് പൊക്കിയുടുക്കൂ. ഞാന്‍ അത് പൊക്കിയുടുത്തു. പിന്നീട് തിരുദൂതന്‍(സ) പറഞ്ഞു. അല്പം കൂടിപൊക്കൂ. അപ്പോഴും ഞാന്‍ അങ്ങിനെ പൊക്കിയുടുത്തു. അതിനു ശേഷം ഞാനക്കാര്യം വളരെ ശ്രദ്ധിച്ചുപോന്നു. എത്രത്തോളമെന്ന് ചിലര്‍ ചോദിച്ചപ്പോള്‍, ഈ തണ്ടന്‍കാലുകളുടെ പകുതിവരെ എന്ന് ഞാന്‍ മറുപടികൊടുത്തു. (മുസ്ലിം)
 
38) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: വസ്ത്രങ്ങളില്‍വെച്ച് നബി(സ) യ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഖമീസ് (കുപ്പായം) ആയിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
39) അസ്മാഅ്(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) യുടെ കുപ്പായക്കൈ ഭുജം വരെയായിരുന്നു. (അബൂദാവൂദ്, തിര്‍മിദി)
 
42) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഒരാള്‍ തന്റെ വസ്ത്രം താഴ്ത്തിയിട്ട് നമസ്കരിക്കെ റസൂല്‍(സ) അയാളോട് പറഞ്ഞു: നീ പോയി വുളുചെയ്യുക. അയാള്‍ പോയി വുളുചെയ്തു വന്നപ്പോള്‍ റസൂല്‍(സ) വീണ്ടും പറഞ്ഞു: നീ പോയി വുളുചെയ്യൂ. തല്‍ക്ഷണം മറ്റൊരാള്‍ ചോദിച്ചു: പ്രവാചകരേ! അയാളോട് വുളുചെയ്യാന്‍ കല്‍പിച്ചുവെങ്കിലും പിന്നീട് അങ്ങ് മൌനമവലംബിച്ചുവല്ലോ. (അതെന്താണെന്ന് മനസ്സിലായില്ല) അവിടുന്ന് പറഞ്ഞു: അവന്‍ വസ്ത്രം താഴ്ത്തിയിട്ടാണ് നമസ്കരിച്ചത്. വസ്ത്രം താഴ്ത്തിയിടുന്നവന്റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. (അബൂദാവൂദ്)
 
43) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു: മുസല്‍മാന്റെ മുണ്ട് തണ്ടങ്കാല്‍ പകുതിവരെയാണ്. മടമ്പസ്ഥിവരെ അതെത്തുന്നത് കൊണ്ട് തെറ്റില്ല. മടമ്പുംവിട്ട് താഴ്ന്നുകിടക്കുന്നത് നരകത്തിലാണ്. അഹന്തമൂലം മുണ്ട് വലിച്ചിഴക്കുന്നവനെ അല്ലാഹു നോക്കുകപോലുമില്ല. (അബൂദാവൂദ്)
 
45) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: അഹങ്കാരത്തോടുകൂടി വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു നോക്കുകയില്ല. ഉമ്മുസലമ(റ) ചോദിച്ചു. സ്ത്രീകള്‍ വസ്ത്രാഗ്രം എന്തുചെയ്യണം. ? തിരുദൂതന്‍(സ) അരുളി: അവര്‍ ഒരു ചാണ്‍ താഴ്ത്തിയിടട്ടെ! ഉമ്മുസലമ(റ) പറഞ്ഞു. അവരുടെ പാദങ്ങള്‍ വെളിവായാലോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു. എന്നാലവര്‍ ഒരു മുഴം താഴ്ത്തണം. അതില്‍ കൂടതല്‍ വേണ്ട. (അബൂദാവൂദ്, തിര്‍മിദി)