ഉംറ, ഹദീസുകള്‍

20) ആയിശ(റ) നിവേദനം : ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി(സ) യോടൊപ്പം ഞാന്‍ ഇഹ്റാം കെട്ടി. ബലിമൃഗങ്ങളെ കൊണ്ടുപോകാത്തവരുടെയും ഹജ്ജിനു മുമ്പ് ഉംറക്കുവേണ്ടി മാത്രം ഇഹ്റാം കെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു ഞാന്‍. അവര്‍ പറയുന്നു. അവര്‍ക്ക് ആര്‍ത്തവമാരംഭിച്ചു. അറഫ രാത്രി വന്നെത്തും വരേക്കും ശുദ്ധിയായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! ഇത് അറഫാ ദിനത്തിന്റെ രാത്രിയാണ്. ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടിയവളാണ്. തിരുമേനി(സ) അവരോട് പറഞ്ഞു. നീ നിന്റെ മുടിയുടെ കെട്ടഴിക്കുക. മുടി വാര്‍ന്നു കൊള്ളുക. ഉംറയുടെ നടപടികള്‍ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാന്‍ അങ്ങനെ ചെയ്തു. ഹജ്ജില്‍ പ്രവേശിച്ചു. അതു നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക് പകരം തന്‍ഈമില്‍ നിന്ന് എന്നെ ഉംറക്ക് ഇഹ്റാം കെട്ടിച്ചുകൊണ്ടുവരാന്‍ അബ്ദുറഹ്മാനോട് ഹസ്ബായുടെ രാവില്‍ തിരുമേനി നിര്‍ദ്ദേശിച്ചു. (ബുഖാരി.1. 6. 313)
 
21) ആയിശ(റ) നിവേദനം : ദുല്‍ഹജ്ജ് മാസപ്പിറവി കണ്ട ഉടനെ ഞങ്ങള്‍ (ഹജ്ജിന്ന്) പുറപ്പെട്ടു. തിരുമേനി(സ) അരുളി: ഉംറക്ക് മാത്രം ഇഹ്റാം കെട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെ ചെയ്തുകൊള്ളുക. ബലിമൃഗങ്ങളെ കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഞാനും ഉംറക്കു മാത്രെ ഇഹ്റാം കെട്ടുമായിരുന്നുള്ളു. അങ്ങനെ ഞങ്ങളില്‍ ചലര്‍ ഉംറക്ക് മാത്രമായും ചിലര്‍ ഹജ്ജിനുമാത്രമായും ഇഹ്റാം കെട്ടി. ഞാന്‍ ഉംറക്ക് മാത്രമായി ഇഹ്റാം കെട്ടിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ ഋതുമതിയായിരിക്കെ അറഫാ: ദിവസം ആഗതമായി. ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. അവിടുന്നു അരുളി : നീ ഉംറ: ഉപേക്ഷിക്കുക. മുടി കെട്ടഴിച്ച് വാര്‍ന്നുകൊള്ളുക. ഹജ്ജിന് ഇഹ്റാം കെട്ടുക. ഞാനത് അനുഷ്ഠിച്ചു. ഹസ്ബായുടെ രാത്രിയില്‍ എന്റെ സഹോദരന്‍ അബ്ദുറഹ്മാനെ എന്റെ കൂടെ തന്‍ഈമിലേക്ക് അയച്ചു. അങ്ങനെ ഞാന്‍ ഉംറക്ക് പകരം വീണ്ടും ഉംറക്ക് വേണ്ടി ഇഹ്റാം കെട്ടി. ഹിശ്ശാമ് പറയുന്നു. അതിലൊന്നും ബലി കഴിക്കുകയോ നോമ്പു നോല്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്യേണ്ടിവന്നില്ല. (ബുഖാരി. 1. 6. 314)
 
98) ഇബ്നു ഉമര്‍(റ) നിവേദനം: തിരുമേനി(സ) ഉംറക്കും അവിടുന്ന് നിര്‍വ്വഹിച്ച് ഹജ്ജിനും പുറപ്പെട്ടു പോയപ്പോള്‍ ദുല്‍ഹുലൈഫായില്‍ ഇന്നു സ്ഥിതിചെയ്യുന്ന പള്ളിയുടെ സ്ഥാനത്തുള്ള സമുറ മരത്തിന്റെ ചുവട്ടില്‍ ഇറങ്ങാറുണ്ടായിരുന്നു. അപ്രകാരം തന്നെ തിരുമേനി(സ) ഒരു യുദ്ധം കഴിഞ്ഞു മടങ്ങി എന്നിട്ടു ആ വഴിക്കു വന്നു. എന്നാല്‍ താഴ്വരയുടെ അടിയില്‍ തിരുമേനി(സ) വന്നിറങ്ങും. പിന്നീട് താഴ്വരയുടെ അടിയില്‍ നിന്ന് മേല്പോട്ട് കയറിയാലോ, ആ താഴ്വരയുടെ കിഴക്കേ വക്കിലുള്ള വിശാലമായ ചരല്‍ പ്രദേശത്ത് തിരുമേനി(സ) ഒട്ടകങ്ങളെ നിറുത്തി വാഹനത്തില്‍ നിന്ന് ഇറങ്ങും. എന്നിട്ട് രാവിന്റെ അന്ത്യദശയില്‍ പ്രഭാതം വരേക്കും അവിടെ ഒന്നു വിശ്രമിക്കും. കല്‍കൂട്ടത്തിന്മേല്‍ ഇന്നു സ്ഥിതി ചെയ്യുന്ന പള്ളിയുടെ അടുത്തല്ല തിരുമേനി(സ) ഇറങ്ങിയിരുന്ന ആ സ്ഥലം. അപ്രകാരം തന്നെ ഇന്നു പള്ളി നിലകൊള്ളുന്ന ആ കുന്നിന്മേലുമായിരുന്നില്ല. അവിടെ ഒരു ചോല (അരുവി) ഉണ്ടായിരുന്നു. അതിനടുത്തു വച്ച് ഇബ്നുഉമര്‍(റ) നമസ്കരിക്കാറുണ്ടായിരുന്നു. ആ ചോലയില്‍ ചില മണല്‍ കൂമ്പാരങ്ങളുണ്ടായിരുന്നു. തിരുമേനി(സ) അവിടെ വച്ച് നമസ്കരിക്കാറുണ്ടായിരുന്നു. പിന്നീട് മലവെള്ളം വന്നപ്പോള്‍ അവിടെ ചരക്കല്ലുകള്‍ വന്നു നിറഞ്ഞു. എന്നിട്ട് ഇബ്നുഉമര്‍ നമസ്കരിച്ചിരുന്ന ആ സ്ഥലത്തെ ചരക്കല്ലുകള്‍ മൂടിക്കളഞ്ഞു. (ബുഖാരി. 1. 8. 472)
 
6) ഇബ്നു അബ്ബാസ്(റ) പറയുന്നു: നാലിന്റെ പ്രഭാതത്തില്‍ ഹജ്ജിന് തല്‍ബിയ്യത്തു ചൊല്ലികൊണ്ടു നബി(സ)യും സഹാബിമാരും പുറപ്പെട്ടു. നബി(സ) അവരോട് ഹജ്ജിനെ ഉംറ:യാക്കി മാറ്റുവാന്‍ നിര്‍ദ്ദേശിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടുവന്നവര്‍ ഒഴികെ. (ബുഖാരി. 2. 20. 191)
 
5) ആയിശ(റ) നിവേദനം: നബി(സ) ആയിശ(റ) യുടെ സഹോദരനായ അബ്ദുറഹ്മാനെ അവരുടെ കൂടെ നിയോഗിക്കുകയും അങ്ങനെ അദ്ദേഹം അവരെ തന്‍ഈമില്‍ കൊണ്ടു പോയി ഇഹ്റാമില്‍ പ്രവേശിപ്പിച്ചു ഉംറ ചെയ്യിപ്പിച്ചു. അദ്ദേഹം അവരെ(ആയിശയെ) ഒരു ചെറിയ ഒട്ടക കട്ടിലിലാണ് വഹിച്ചത്. ഉമര്‍(റ) പറഞ്ഞു: ഹജ്ജിന് വേണ്ടി നിങ്ങള്‍ വാഹനം തയ്യാറാക്കുവീന്‍. നിശ്ചയം അതു ജിഹാദില്‍ പെട്ട ഒന്നാണ്. (ബുഖാരി. 2. 26. 593)
 
23) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ വെച്ച് ളുഹ്ര്‍ നാല് റക്അതു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അതും നമസ്കരിച്ചു. പ്രഭാതം വരെ നബി(സ) അവിടെ താമസിച്ചു. ശേഷം വാഹനത്തില്‍ കയറി. ബൈദാഇലെത്തിയപ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. പിന്നെ നബി(സ) ഹജ്ജിനും ഉംറക്കും ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ജനങ്ങളും അവ രണ്ടിനും ഒന്നിച്ച് ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ഞങ്ങള്‍ മക്കയിലെത്തിയപ്പോള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കാന്‍ നബി(സ) ജനങ്ങളോട് കല്‍പ്പിച്ചു. അവര്‍(ഉംറ ചെയ്തു) ഇഹ്റാമില്‍ നിന്ന് വിരമിച്ച് തര്‍വിയ്യത്തിന്റെ ദിവസം (ദുല്‍ഹജ്ജ് 8) ആയപ്പോള്‍ ഹജ്ജിനു വേണ്ടി അവര്‍ ഇഹ്റാം കെട്ടി തല്‍ബ്ബിയ്യത്തു ചൊല്ലി. അനസ്(റ) പറഞ്ഞു: നബി(സ) കുറെ ഒട്ടകങ്ങളെ നിറുത്തിക്കൊണ്ട് അറുത്തു ബലി കഴിച്ചു. മദീനയില്‍ വെച്ച് നബി(സ) കറുപ്പ് നിറം കലര്‍ന്ന രണ്ട് വെള്ളച്ചെമ്മരിയാടുകളെയാണ് അറുത്തിരുന്നത്. (ബുഖാരി. 2. 26. 623)
 
38) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യും സഹാബിവര്യന്മാരും ഉംറ: ചെയ്യാന്‍മക്കയിലെത്തി. അപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു: ഇതാ! നിങ്ങളുടെയടുത്തേക്ക് ഒരു സംഘം ആളുകള്‍ വരുന്നുണ്ട്. മദീനത്തെ പളളി അവരെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അന്നേരം നബി(സ) അനുചരന്മാരോട് മൂന്നുവട്ടം ഓടി നടന്നുകൊണ്ടും ഹജറുല്‍ അസ്വദിന്റെ ഭാഗത്തുളള രണ്ടു മൂലകള്‍ക്കിടയില്‍ മിതമായി നടന്നുകൊണ്ടും ത്വവാഫ് ചെയ്യാന്‍ കല്‍പ്പിച്ചു. ത്വവാഫിന്റെ ഏഴുവട്ടം മുഴുവനും ഓടി നടക്കുവാന്‍ നബി(സ) കല്‍പ്പിക്കാതിരുന്നത് അവരോടുളള ദയകൊണ്ട് മാത്രമായിരുന്നു. (ബുഖാരി. 2. 26. 672)
 
40) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മൂന്ന് പ്രാവശ്യം കാലുകള്‍ അടുപ്പിച്ച് ധൃതിയില്‍(റംല്)നടന്നു. നാല് പ്രാവശ്യം സാധാരണ നടത്തവും അവിടുന്നു നിര്‍വ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി. 2. 26. 674)
 
49) ആയിശ(റ) നിവേദനം: നബി(സ) മക്കയില്‍ വന്നാല്‍ ആദ്യമായി വുളുവെടുത്ത് ത്വവാഫ് ചെയ്യും. ആ ത്വവാഫ് മാത്രം നബി(സ) ഉംറയായി പരിഗണിക്കാറില്ല. അബൂബക്കര്‍(റ) ഉമര്‍(റ) എന്നിവരും നബി(സ)യെപ്പോലെ തന്നെ ഹജ്ജ് ചെയ്തു. ശേഷം ഞാന്‍(ഉര്‍വ)എന്റെ പിതാവ് സുബൈറിന്റെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹവും ആദ്യം കഅ്ബയെ ത്വവാഫ് ചെയ്തു. മുഹാജിറുകളും അന്‍സാറുകളും അപ്രകാരം തന്നെ ചെയ്യുന്നതായി ഞാന്‍ കണ്ടു. എന്റെ മാതാവ് എന്നോട് പറഞ്ഞു. അവരും സഹോദരിയും സുബൈറും ഒരു സ്ത്രീയും പുരുഷനും കൂടി ഉംറ:ക്ക് ഇഹ്റാം കെട്ടി. ഹജറുല്‍അസ്വദിനെ ചുംബിച്ച് (ത്വവാഫും സഅ്യും)നിര്‍വ്വഹിച്ച് അവന്‍ ഇഹ്റാമില്‍ നിന്ന് വിരമിച്ചു. (ബുഖാരി. 2. 26. 683)
 
50) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഹജ്ജിനോ ഉംറക്കോ ത്വവാഫ് ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം വേഗത്തില്‍ നടക്കുകയും നാല് പ്രവാശ്യം നടക്കുകയും ചെയ്യും. ശേഷം രണ്ടു റക്അത്തു നമസ്കരിക്കും. പിന്നെ സ്വഫാ-മര്‍വക്കിടയില്‍ സഅ്യ് ചെയ്യും. ഇബ്നു ഉമര്‍(റ) നിവേദനം: അവര്‍ സ്വഫാ-മര്‍വക്കിടയിലൂടെ നടക്കുമ്പോള്‍ താഴ്വരയിലൂടെ നടക്കാറുണ്ട്. (ബുഖാരി. 2. 26. 685)
 
54) അംറ്(റ) പറയുന്നു: ഞങ്ങള്‍ ഇബ്നു ഉമര്‍(റ) നോട് ചോദിച്ചു. ഒരാള്‍ ഉംറ: നിര്‍വ്വഹിക്കുമ്പോള്‍ സ്വഫാ-മര്‍വാക്കിടയില്‍ നടക്കുന്നതിനു മുമ്പ് തന്റെ ഭാര്യയെ സമീപിക്കുവാന്‍ പാടുണ്ടോ? അദ്ദേഹം പറഞ്ഞു: നബി(സ) ഉംറ: ക്ക് വന്നു. അവിടുന്ന് ഏഴു പ്രാവശ്യം ത്വവാഫ് ചെയ്തു. ശേഷം മഖാമിന്റെ പിന്നില്‍ നിന്ന് കൊണ്ട് രണ്ടു റക്അത്തു നമസ്കരിച്ചു. പിന്നെ സ്വഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തു. അല്ലാഹു പറയുന്നു. നിശ്ചയം നിങ്ങള്‍ക്ക് പ്രവാചകനില്‍ മാതൃകയുണ്ട്. ജാബിര്‍(റ) നിവേദനം: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹവും പറഞ്ഞു. സ്വഫാ-മര്‍വക്കിടയില്‍ നടക്കുന്നതുവരെ തന്റെ ഭാര്യയെ സമിപിക്കുവാന്‍ പാടില്ല. (ബുഖാരി. 2. 26. 690)
 
1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു ഉംറ: മുതല്‍ മറ്റേ ഉംറ: വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ: പ്രായശ്ചിതമാണ്. പരിശുദ്ധമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി. 3. 27. 1)
 
2) ഇക്രിമ: പറയുന്നു: ഹജ്ജ് ചെയ്യുന്നതിന് മുമ്പ് ഉംറ: നിര്‍വ്വഹിക്കുന്നതിനെ സംബന്ധിച്ച് ഇബ്നു ഉമര്‍(റ) ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: കുഴപ്പമില്ല. നബി(സ) ഹജ്ജ് ചെയ്യുന്നതിനുമുമ്പ് ഉംറ: നിര്‍വ്വഹിക്കുകയുണ്ടായി. (ബുഖാരി. 3. 27. 2)
 
4) ബറാഅ്(റ) പറയുന്നു: നബി(സ) ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ദുല്‍-ഖഅദ് മാസത്തില്‍ രണ്ടു പ്രാവശ്യം ഉംറ ചെയ്തു. (ബുഖാരി. 3. 27. 9)
 
5) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അന്‍സാരികളില്‍ പെട്ട ഒരു സ്ത്രീയോട് ചോദിച്ചു. ഞങ്ങളുടെ കൂടെ നിനക്ക് ഹജ്ജ് ചെയ്യാന്‍ എന്താണ് തടസ്സം? അവള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് ഒരു ഒട്ടകമുണ്ട്. അതിന്മേല്‍ ഇന്നവന്റെ പിതാവും മകനും യാത്ര പുറപ്പെട്ടു. മറ്റൊരു ഒട്ടകത്തെ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ കൃഷി നനക്കുന്നത്. നബി(സ) പറഞ്ഞു: എങ്കില്‍ റമളാന്‍ മാസത്തില്‍ നീ ഉംറ ചെയ്യുക. നിശ്ചയം റമളാനില്‍ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി. 3. 27. 10)
 
68) ഇബ്നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ: നിര്‍വ്വഹിച്ച് ഹജ്ജ് വരെ സുഖിച്ചാല്‍ അറഫാ ദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം. (ബുഖാരി. 3. 31. 217)