സൂര്യന്‍ നമസ്കാര സമയത്തിന്നു നിദാനം , ഹദീസുകള്‍

13) അബൂബര്‍സ(റ) നിവേദനം: തിരുമേനി(സ) സുബ്ഹ് നമസ്കരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സദസ്സിലുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്ന വിധം വെളിച്ചമുണ്ടായിരുന്നു. സുബ്ഹിനമസ്കാരത്തില്‍ 60 മുതല്‍ 100 വരെ ഖൂര്‍ആന്‍ വാക്യങ്ങള്‍ തിരുമേനി(സ) ഓതാറുണ്ടായിരുന്നു. സൂര്യന്‍ ആകാശ മധ്യത്തില്‍ നിന്ന് തെറ്റിയ അവസരത്തിലാണ് തിരുമേനി ളുഹ്റ് നമസ്കരിച്ചിരുന്നത്. മദീനയുടെ ഒരറ്റത്ത് പോയി സൂര്യന്‍ അസ്തമിക്കും മുമ്പ് ഞങ്ങളില്‍ ഒരാള്‍ക്ക് തിരിച്ചെത്താന്‍ സൌകര്യപ്പെടുന്ന സമയത്താണ് തിരുമേനി(സ) അസര്‍ നമസ്കരിച്ചിരുന്നത്. മഗ്രിബിന്റെ കാര്യത്തില്‍ അബൂബര്‍സ:(റ) പ്രസ്താവിച്ചത് ഞാന്‍ മറന്നുപോയി. ഇശാ നമസ്കാരം രാവിന്റെ മൂന്നില്‍ ഒരു ഭാഗം കഴിയും വരേക്കും നീട്ടി വെക്കുന്നതില്‍ തിരുമേനി(സ) ദോഷമൊന്നും ദര്‍ശിച്ചിരുന്നില്ല. രാവിന്റെ പകുതിവരെ നീട്ടി വെക്കുന്നതിലും ദോഷമൊന്നും കണ്ടിരുന്നില്ല എന്നും പിന്നീട് അബൂബര്‍സ(റ) പറഞ്ഞു. (ബുഖാരി. 1. 10. 516)
 
25) ജരീര്‍(റ) നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം ഇരിക്കുമ്പോള്‍ ചന്ദ്രനെ നോക്കിക്കൊണ്ട് അവിടുന്ന് അരുളി: ഈ ചന്ദ്രനെ നിങ്ങള്‍ കാണും പോലെ തന്നെ നിങ്ങളുടെ നാഥനെ നിങ്ങള്‍ അടുത്തുതന്നെ കാണും. ആ കാഴ്ചയില്‍ നിങ്ങള്‍ക്ക് ഒരു അവ്യക്തതയുമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമനത്തിന് മുമ്പും ഉള്ള നമസ്കാരം നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ അത് നിങ്ങള്‍ നിര്‍വ്വഹിച്ച് കൊള്ളുക. ഇപ്രകാരം അരുളിയ ശേഷം അവിടുന്നു ഓതി. 'നിന്റെ രക്ഷിതാവിന്റെ മഹത്വത്തേയും പരിശുദ്ധതയേയും സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് മുമ്പും നീ പ്രകീര്‍ത്തിച്ചുകൊള്ളുക'. (ബുഖാരി. 1. 10. 529)
 
31) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) ളുഹ്ര്‍ നമസ്കാരം മധ്യാഹ്നത്തിലാണ് നിര്‍വ്വഹിച്ചിരുന്നത്. അസര്‍ നമസ്കാരം സൂര്യന്‍ ശരിക്കും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലുംമഗ്രിബ് നമസ്കാരം സൂര്യന്‍ അസ്തമിച്ച് കഴിയുമ്പോള്‍ നിര്‍വ്വഹിക്കും. ഇശാനമസ്കാരം വിവിധ ഘട്ടങ്ങളിലാണ് തിരുമേനി(സ) നമസ്കരിച്ചിരുന്നത്. ജനങ്ങള്‍ നമസ്കാരത്തിനായി സമ്മേളിച്ച് കഴിഞ്ഞാല്‍ വേഗം നമസ്കരിക്കും. ജനങ്ങള്‍ വരാന്‍ താമസിച്ചു കണ്ടാലോ അല്പം പിന്തിപ്പിക്കുകയും ചെയ്യും. സുബ്ഹ് നമസ്കാരം രാത്രിയിലെ ഇരുട്ട് അവശേഷിക്കുന്ന ഘട്ടത്തിലാണ് നമസ്കരിച്ചിരിക്കുന്നത്. (ബുഖാരി. 1. 10. 535)
 
138) അബുസുഹൈരി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. സൂര്യോദയത്തിനുമുമ്പും അസ്തമനത്തിനുമുമ്പും നമസ്കരിക്കുന്നവരാരും നരകത്തില്‍ പ്രവേശിക്കേണ്ടിവരികയില്ല. സുബ്ഹിയും അസറും ആണ് അതുകൊണ്ട് നബി(സ) വിവക്ഷിച്ചിട്ടുള്ളത്. (മുസ്ലിം)
 
129) ഫസാല(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) എന്നെ പഠിപ്പിച്ചു. അവിടുന്നു പഠിപ്പിച്ചതില്‍ (ഈ കല്പന) ഉണ്ടായിരുന്നു. അഞ്ചു നമസ്കാരത്തെക്കുറിച്ചു ജാഗ്രതയുണ്ടായിരിക്കുക. ഞാന്‍ പറഞ്ഞു (മറ്റു) ജോലികളില്‍ ശ്രദ്ധിക്കുവാനുള്ള സമയങ്ങളാണല്ലോ ഇവ. അതിനാല്‍, ഞാനതു ചെയ്തുകഴിഞ്ഞാല്‍ അതുകൊണ്ടു മതിയാവുന്ന വിധത്തില്‍ വ്യാപകമായ ഏതെങ്കിലും എന്നോടാജ്ഞാപിച്ചാലും അവിടുന്നു പറഞ്ഞു. രണ്ടു അസര്‍ നമസ്കാരങ്ങളില്‍ ജാഗ്രതയുണ്ടായിരിക്കുക. ഇതു ഞങ്ങളുടെ ഭാഷാ ശൈലിയില്‍ അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടു ഞാന്‍ പറഞ്ഞു രണ്ടു അസര്‍ നമസ്കാരങ്ങള്‍ ഏതാണ്? അവിടുന്നു പറഞ്ഞു: സൂര്യന്‍ ഉദിക്കുന്നതിനു മുമ്പുള്ള ഒരു നമസ്കാരവും, അസ്തമിക്കുന്നതിന് മുമ്പുള്ള ഒരു നമസ്കാരവും (അബൂദാവൂദ്)
 
168) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയതിനുശേഷം ളുഹറിനുമുമ്പായി റസൂല്‍(സ) നാലു റക്അത്ത് നമസ്കരിച്ചിരുന്നു. ഒരിക്കല്‍ അവിടുന്ന് പറഞ്ഞു. വാനലോകത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്ന ഒരു സമയമാണത്. അതുകൊണ്ട് ആ സമയത്ത് എന്റെ ഏതെങ്കിലും സ്വാലിഹായ അമല്‍ ഉയര്‍ത്തപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു. (തിര്‍മിദി) (സ്വാലിഹായ അമലുകളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നമസ്കാരമാകുന്നു)