രോഗികള്‍ക്ക് ഇളവുകള്‍ , ഹദീസുകള്‍

20) അബൂമസ്ഊദുല്‍ അന്‍സാരി(റ) നിവേദനം: ഒരിക്കല്‍ ഒരാള്‍ വന്നു തിരുമേനിയോട് പറഞ്ഞു; അല്ലാഹുവിന്റെ ദൂതരെ! ഇന്ന മനുഷ്യന്‍ നമസ്കാരം ദീര്‍ഘിപ്പിക്കുന്നത് കൊണ്ട് എനിക്ക് നമസ്കരിക്കാന്‍ സാധിക്കുന്നില്ല. അബൂമസ്ഊദ്(റ) പറയുന്നു. ജനങ്ങളെ ഉപേദശിക്കുമ്പോള്‍ നബി(സ) അന്നത്തെക്കാള്‍ കഠിനമായി കോപിച്ചത് ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ നബി(സ) പറഞ്ഞു. ഹേ മനുഷ്യരേ, നിങ്ങള്‍ ജനങ്ങളെ വെറുപ്പിക്കുന്നവരാണ്. വല്ലവനും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയാണെങ്കില്‍ അയാള്‍ നമസ്കാരം ലഘൂകരിക്കേണ്ടതാണ്. (കാരണം) അവരില്‍ രോഗികളും ബലഹീനരും ആവശ്യക്കാരുമെല്ലാം ഉണ്ടായിരിക്കും. (ബുഖാരി. 1. 3. 90)
 
70) ആയിശ(റ) നിവേദനം: അബീഹുബൈശിന്റെ മകള്‍ ഫാത്തിമ ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് ഞാന്‍. ശുചിത്വം പാലിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട് നമസ്കാരം ഉപേക്ഷിക്കണോ? തിരുമേനി(സ) അരുളി: വേണ്ട. അത് ആര്‍ത്തവമല്ല. ഞരമ്പ് സംബന്ധമായ ഒരു രോഗമാണ്. അതുകൊണ്ട് ആര്‍ത്തവദിനങ്ങള്‍ വന്നാല്‍ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍ രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആര്‍ത്തവദിനങ്ങള്‍ വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി. 1. 4. 228)
 
10) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) വേഗം എത്തേണ്ട യാത്രയിലാണെങ്കിലും മഗ്രിബ് നമസ്കാരം (ഇശാ നമസ്കാരത്തിലേക്ക്) പിന്തിക്കും. എന്നിട്ട് മഗ്രിബും ഇശായും ജംഅ് ആക്കി നമസ്കരിക്കും. സാലിം(റ) പറയുന്നു. അബ്ദുല്ല ധൃതിയുള്ള യാത്രയില്‍ അപ്രകാരം ചെയ്യാറുണ്ട്. സാലിം(റ) പറയുന്നു: ഇബ്നു ഉമര്‍(റ) മുസ്ദലിഫയില്‍ വെച്ച് മഗ്രിബിന്റെയും ഇശായുടെയും ഇടയില്‍ ജംഅാക്കാറുണ്ട്. സാലിം(റ) പറയുന്നു. ഇബ്നു ഉമര്‍(റ) മഗ്രിബ് നമസ്കാരത്തെ പിന്തിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സ്വഫിയ്യ: ക്ക് രോഗമാണെന്ന വിവരം അദ്ദേഹത്തിന് ലഭിക്കുകയും അദ്ദേഹത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നമസ്കാരത്തിന്റെ സമയമായി. ഇബ്നു ഉമര്‍(റ) പറഞ്ഞു: നീ യാത്ര ചെയ്യുക. രണ്ടോ മൂന്നോ മൈല്‍ ഞങ്ങള്‍ യാത്ര ചെയ്തപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി അദ്ദേഹം നമസ്കരിച്ചു. അനന്തരം അദ്ദേഹം പറഞ്ഞു. നബി(സ)ക്ക് യാത്ര ധൃതിയുള്ളതാകയാല്‍ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അബ്ദുല്ല(റ) പറയുന്നു: നബി(സ)ക്ക് വേഗം എത്തേണ്ട യാത്രയിലാണെങ്കില്‍ മഗ്രിബ് നമസ്കാരം അദ്ദേഹം പിന്തിക്കും. എന്നിട്ട് മഗ്രിബ് മൂന്ന് റക്അത്തായിട്ടു തന്നെ നമസ്കരിച്ച് സലാം വീട്ടും. എന്നിട്ട് അധികം താമസിയാതെ രണ്ട് റക്അത്തു ഇശാ നമസ്കരിക്കും. എന്നിട്ട് സലാം ചൊല്ലും. അര്‍ദ്ധരാത്രി തഹജ്ജൂദിനു വേണ്ടി എഴുന്നേല്‍ക്കും വരെ നബി(സ) ഒരു സുന്നത്തും നമസ്കരിക്കുകയില്ല. (ബുഖാരി. 2. 20. 197)
 
23) ഇംറാനുബ്നു ഹുസൈന്‍(റ) നിവേദനം: എന്നെ മൂലക്കുരു രോഗം ബാധിച്ചിരുന്നു. അപ്പോള്‍ തിരുമേനി(സ) യോട് ഒരാള്‍ ഇരുന്ന് നമസ്കരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു. എഴുന്നേറ്റ് നിന്ന് നമസ്കരിച്ചാല്‍ അതാണ് ഉത്തമം. വല്ലവനും ഇരുന്നു നമസ്കരിച്ചാല്‍ നിന്ന് നമസ്കരിക്കുന്നതിന്റെ പകുതി പ്രതിഫലം അവനുണ്ട്. ഒരാള്‍ കിടന്നുകൊണ്ട് നമസ്കരിച്ചാല്‍ ഇരുന്നു നമസ്കരിക്കുന്നവന്റെ പകുതി പ്രതിഫലം അവനുണ്ട്. (ബുഖാരി. 2. 20. 216)
 
2) അബുസഈദ്റ(റ) അബൂഹുറൈറ(റ) എന്നിവര്‍ നിവേദനം: നബി(സ) അരുളി: ഒരു മുസ് ലിമിനെ ക്ഷീണമോ രോഗമോ ദു:ഖമോ അസുഖമോ ബാധിച്ചു. അല്ലെങ്കില്‍ അവന്റെ ശരീരത്തില്‍ മുളള് കുത്തുകയെങ്കിലും ചെയ്തു. എങ്കില്‍ അവന്റെ തെറ്റുകളില്‍ ചിലത് അല്ലാഹു മാച്ച് കളയാതിരിക്കുകയില്ല. (ബുഖാരി. 7. 70. 545)