പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം , ഹദീസുകള്‍

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു സത്യം! തീര്‍ച്ചയായും ഞാന്‍ ഒരു ദിവസം എഴുപതില്‍ അധികം പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടാറുണ്ട്. (ബുഖാരി. 8. 75. 319)
 
9) അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് പൊറുത്തുതരേണമേ! നീ ഉദ്ദേശിക്കുന്ന പക്ഷം എനിക്ക് നല്‍കേണമേ എന്ന് പറയരുത്. ഉറപ്പിച്ച് തന്നെചോദിക്കുക. നിര്‍ബന്ധിച്ച് അല്ലാഹുവിനെ കൊണ്ട് ഒരുകാര്യം ചെയ്യിപ്പിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. (ബുഖാരി. 8. 75. 350)
 
11) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)ക്ക് ദു:ഖം ബാധിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മഹാനും ക്ഷമാശീലനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹില്ല. മഹത്തായ സിംഹാസനത്തിന് നാഥനായ അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ല. ആകാശഭൂമികളുടെ നാഥനും ആദരണീയമായ സിംഹാസനത്തിന്റെ അധിപനുമായ അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. (ബുഖാരി. 8. 75. 356)
 
12) അബൂഹുറൈറ(റ) നിവേദനം: ആപത്തുകള്‍ മൂലം അനുഭവപ്പെടുന്ന പ്രയാസങ്ങളില്‍ നിന്നും പരാജയം അനുഭവപ്പെടുന്നതില്‍ നിന്നും വിധിയുടെ തിന്മ ബാധിക്കുന്നതില്‍ നിന്നും ശത്രുക്കള്‍ സന്തുഷ്ടരാകുന്ന സാഹചര്യങ്ങള്‍ ഉടലെടുക്കുന്നതില്‍ നിന്നും കാത്തു രക്ഷിക്കുവാനായി നബി(സ) അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഈ ഹദീസിന്റെ നിവേദകന്മാരില്‍ ഒരാളായ സുഫ്യാന്‍ പറയുന്നു. മൂന്നുകാര്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നബി പ്രാര്‍ത്ഥിച്ചിരുന്നതായി മാത്രമാണ് ഹദീസിലുള്ളത്. അതിലൊന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തതാണ്. പക്ഷെ ആ ഒന്ന് ഏതെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. (ബുഖാരി. 8. 75. 358)
 
15) അബൂമൂസ:(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. റബ്ബിഗ്ഫിര്‍ലീ ഖതീഅതീ വ ജഹ്ലീ വ ഇസ്വ്റാഫീ ഫീ അംരീ കുല്ലിഹീ, വമാ അന്‍ത അഅ്ലമു ബിഹീ മിന്നീ. അല്ലാഹുമ്മഗ്ഫിര്‍ലീ ഖഥായാ വ അംദീ വ ജഹ്ലീ വ ജിദ്ദീ, വ കുല്ലു ധലൈക ഇന്‍തീ. അല്ലാഹുമ്മഗ്ഫിര്‍ലീ മാ ഖദ്ദംതു വ മാ അഖ്ഖര്‍തു വമാ അസ്റര്‍തു വ മാ അഅ്ലന്‍തു അന്‍തല്‍ മുഖദ്ദിമു വ അന്‍തല്‍ മുഅഖ്ഖിറു വ അന്‍ത അലാ കുല്ലി ശൈഇന്‍ ഖദീര്‍!. (അല്ലാഹുവേ! എന്റെ തെറ്റുകളും എന്റെ അജ്ഞതയും എന്റെ അതിര് കവിയലും എന്നേക്കാള്‍ നിനക്കറിവുള്ള എന്റെ മറ്റുപിഴവുകളും എനിക്ക് പൊറുത്ത് തരേണമെ! അല്ലാഹുവേ! ഞാന്‍ ഗൌരവഭാവത്തിലും വിനോദമായും പറയുന്നവാക്കുകളും മന:പൂര്‍വ്വവും അല്ലാതെയും ചെയ്യുന്ന തെറ്റുകളും എനിക്ക് നീ പൊറുത്തു താ. അതെല്ലാം എന്നിലുള്ളതു തന്നെയാണ്. അല്ലാഹുവേ! ഞാന്‍ പ്രവര്‍ത്തിച്ചതും വീഴ്ച വരുത്തിയതും ഞാന്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ. നീയാണ് ആദ്യത്തേതും അവസാനത്തേതും. നീ എല്ലാറ്റിനും കഴിവുള്ളവനാണ്) (ബുഖാരി. 8. 75. 407)
 
19) അനസി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഉറങ്ങാന്‍ വേണ്ടി വിരിപ്പില്‍ വരുമ്പോള്‍ പറയുമായിരുന്നു. നമ്മെ തീറ്റുകയും കുടിപ്പിക്കുകയും ആവശ്യം നിര്‍വ്വഹിച്ചു തരികയും രക്ഷ നല്‍കുകയും ചെയ്ത അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും. ആവശ്യം നിറവേറ്റിക്കൊടുക്കുവാനോ അഭയം നല്‍കുവാനോ ആരുമില്ലാത്ത എത്ര ആളുകളാണ്. (മുസ്ലിം)
 
30) സൈദുബ്നു അര്‍ഖമി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! അശക്തിയില്‍ നിന്നും ഉദാസീനതയില്‍ നിന്നും പിശുക്കില്‍ നിന്നും ശേഷിയറ്റ വാര്‍ദ്ധക്യ രോഗത്തില്‍ നിന്നും ഖബര്‍ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ! എനിക്ക് നീ ഭക്തി പ്രദാനം ചെയ്യുകയും അതിനെ കുറ്റമറ്റതാക്കുകയും ചെയ്യേണമെ. മനസ്സിനെ ശുദ്ധമാക്കുന്നതില്‍ നീയാണ് ഏറ്റവും ഉത്തമന്‍. നീയാണതിന്റെ ഉടമസ്ഥനും രക്ഷാധികാരിയും. അല്ലാഹുവേ! പ്രയോജനമില്ലാത്ത വിദ്യയില്‍ നിന്നും ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്നും വയര്‍ നിറയാത്ത ശരീരത്തില്‍ നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (മുസ്ലിം)
 
21) നുഅ്മാനി(റ)ല്‍ നിന്ന് നിവേദനം: ദുആ ഇബാദത്ത് തന്നെയാണ്. (അത് അല്ലാഹുവിനോട് മാത്രമെ പാടുള്ളു) (അബൂദാവൂദ്, തിര്‍മിദി)
 
20) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) ഉറങ്ങാനുദ്ദേശിച്ചാല്‍ അവിടുത്തെ വലതുകൈ കവിളിനുതാഴെ വെച്ചുകൊണ്ട് പറയുമായിരുന്നു: എന്റെ നാഥാ! നിന്റെ അടിമകളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസം നിന്റെ ശിക്ഷയില്‍ നിന്നും എന്നെ രക്ഷിക്കേണമേ! (തിര്‍മിദി)