പിശുക്ക് , ഹദീസുകള്‍

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)
 
28) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍ പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ദാനധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ! മറ്റേ മലക്ക് പ്രാര്‍ത്ഥിക്കും: അല്ലാഹുവേ! പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ! (ബുഖാരി. 2. 24. 522)
 
29) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവര്‍ ഇരുമ്പിന്റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതല്‍ കഴുത്തില് എല്ല് വരേയുണ്ട്. ദാനശീലമുള്ളവന്‍ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട് അവന്റെ ശരീരമാകെ മൂടും. അവന്റെ കൈവിരലുകളുടെ അറ്റങ്ങള്‍ പോലും കുപ്പായത്തിനുള്ളിലാവും. ഭൂമിയില്‍ പതിഞ്ഞു അവന്റെ കാലടികള്‍ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക കാരണം മാഞ്ഞ് പോകും. എന്നാല്‍ പിശുക്കന്‍ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന പക്ഷം അവന്റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേര്‍ന്ന് ഒട്ടിപ്പിടിച്ച് നില്‍ക്കും. അവന്‍ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത് വികസിക്കുകയില്ല. (ബുഖാരി. 2. 24. 523)
 
22) ജൂബൈറ്ബ്നു മുത്വ്ളം(റ) നിവേദനം: അദ്ദേഹം നബി(സ)യുടെ കൂടെ ഹൂനൈന്‍ യുദ്ധത്തില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. യാചിച്ചും കൊണ്ട് ജനങ്ങള്‍ നബി(സ)യെ ബന്ധിക്കുകയും ഒരു എലന്തമരത്തിന്റെ അടുത്തേക്കു നീങ്ങുവാന്‍ അവര്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കുകയും ചെയ്തു. അവിടുത്തെ തട്ടം അതിന്മേല്‍ കൊളുത്തി വലിച്ചു. നബി(സ) അവിടെ നിന്നുകൊണ്ട് പറഞ്ഞു. നിങ്ങള്‍ എന്റെ തട്ടം എനിക്ക് തരിക. ഈ കാണുന്ന മരങ്ങള്‍ക്ക് എണ്ണം ഒട്ടകങ്ങള്‍ എനിക്കുണ്ടായാല്‍ ഞനതു നിങ്ങള്‍ക്കിടയില്‍ മുഴുവനും വീതിച്ചു തരുന്നതാണ്. നിങ്ങള്‍ എന്നെ പിശുക്കനായും വ്യാജനായും ഭീരുവായും ദര്‍ശിക്കുകയില്ല. (ബുഖാരി. 4. 52. 75)
 
3) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) നേര്‍ച്ചയെ വിരോധിച്ചിരിക്കുന്നു. അവിടുന്ന് അരുളിയിട്ടുണ്ട്. തീര്‍ച്ചയായും നേര്‍ച്ച യാതൊരു ഉപകാരവും കൊണ്ട് വരില്ല. പിശുക്കന്മാരില്‍ നിന്ന് അതു ധനം പുറത്തെടുക്കും (അത്രമാത്രം). (ബുഖാരി. 8. 77. 605)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: ഞാന്‍ നിശ്ചയിച്ചുവെച്ചതല്ലാതെ അതിന്നപ്പുറം ഒരു നേട്ടവും നേര്‍ച്ച മൂലം ആദമിന്റെ സന്താനങ്ങള്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍ വിധി അവനെ കണ്ടുമുട്ടും. പിശുക്കില്‍ നിന്ന് അതു ധനത്തെ പുറത്തെടുക്കും. (ബുഖാരി. 8. 77. 606)
 
27) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിച്ചിരുന്നു: അല്ലാഹുവേ! അശക്തിയില്‍ നിന്നും ഉദാസീനതയില്‍ നിന്നും ഭീതിയില്‍ നിന്നും വാര്‍ദ്ധക്യത്തില്‍ നിന്നും ലുബ്ധില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. ശിക്ഷയില്‍ നിന്നും ജിവിതത്തിലും മരണത്തിലും നേരിടുന്ന ഫിത്നയില്‍ നിന്നും ഞാന്‍ രക്ഷതേടുന്നു. (മുസ്ലിം)
 
30) സൈദുബ്നു അര്‍ഖമി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! അശക്തിയില്‍ നിന്നും ഉദാസീനതയില്‍ നിന്നും പിശുക്കില്‍ നിന്നും ശേഷിയറ്റ വാര്‍ദ്ധക്യ രോഗത്തില്‍ നിന്നും ഖബര്‍ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ! എനിക്ക് നീ ഭക്തി പ്രദാനം ചെയ്യുകയും അതിനെ കുറ്റമറ്റതാക്കുകയും ചെയ്യേണമെ. മനസ്സിനെ ശുദ്ധമാക്കുന്നതില്‍ നീയാണ് ഏറ്റവും ഉത്തമന്‍. നീയാണതിന്റെ ഉടമസ്ഥനും രക്ഷാധികാരിയും. അല്ലാഹുവേ! പ്രയോജനമില്ലാത്ത വിദ്യയില്‍ നിന്നും ഭക്തിയില്ലാത്ത ഹൃദയത്തില്‍ നിന്നും വയര്‍ നിറയാത്ത ശരീരത്തില്‍ നിന്നും ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. (മുസ്ലിം)
 
18) ഉമര്‍ (റ)വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) കുറെ ധനം ഭാഗിച്ചുകൊടുത്തു. അന്നേരം ഞാന്‍ പറഞ്ഞു. വേറൊരുകൂട്ടരാണ് ഇവരേക്കാള്‍ ഇതിന് അര്‍ഹതയുള്ളവര്‍. തിരു ദൂതന്‍(സ) പറഞ്ഞു. ഒന്നുകില്‍ ഇവര്‍ ചോദിച്ചു ബുദ്ധിമുട്ടിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് കൊടുക്കേണ്ടിവരും. അതല്ലെങ്കില്‍ എന്നെ ലുബ്ധനാണെന്ന് അവര്‍ ആരോപിക്കും. ഞാന്‍ പിശുക്കനല്ലതാനും. (മുസ്ലിം)
 
17) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങള്‍ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും. ലുബ്ധിനെ നിങ്ങള്‍ സൂക്ഷിക്കണം. ലുബ്ധാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. രക്തം ചിന്താനും നിഷിദ്ധമായത് അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം)
 
7) അലി(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: എന്നെപ്പറ്റി പറയപ്പെടുകയും എന്റെ പേരില്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തവനാണ് സത്യത്തില്‍ ലുബ്ധന്‍. (തനിക്ക് നിര്‍ബന്ധമായ സ്വലാത്ത് ചൊല്ലിക്കൊണ്ട് ബാദ്ധ്യത നിറവേറ്റാത്തതുമൂലം തനിക്ക് ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള്‍ പലതും അവന് കിട്ടാതെ വരും) (തിര്‍മിദി)