നീതി , ഹദീസുകള്‍

3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നിലധികം പേര്‍ക്കു പങ്കുള്ള ഒരടിമയില്‍ ഒരാളുടെ പങ്ക് അവന്‍ മോചിപ്പിച്ചാല്‍ തന്റെ ധനം വിനിയോഗിച്ച് ആ അടിമയെ പൂര്‍ണ്ണമായി മോചിപ്പിക്കേണ്ടത് അവന്റെ ബാധ്യതയാണ്. അവന്റെ പക്കല്‍ ധനമില്ലെങ്കിലോ ആ അടിമക്ക് നീതിപൂര്‍വ്വം വില കണക്കാക്കണം. അവനെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് പണമുണ്ടാക്കി പ്രതിഫലം വാങ്ങി ബാക്കി അവകാശികളും അവരുടെ അവകാശം കൈവിടണം. എന്നാല്‍ ജോലി ചെയ്യാന്‍ അവനെ പ്രയാസപ്പെടുത്തരുത്. (ബുഖാരി. 3. 44. 672)
 
2) ആയിശ:(റ) നിവേദനം: അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്േടാ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. (4:3). ഈ ആയത്തിനെക്കുറിച്ച് ആയിശ(റ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: എന്റെ സഹോദരിയുടെ പുത്രാ! ഒരു അനാഥയായ പെണ്‍കുട്ടി അവളുടെ അധികാരിയുടെ കീഴില്‍ ജീവിക്കുകയായിരിക്കും. അയാള്‍ അവളുടെ ധനത്തിലും സൌന്ദര്യത്തിലും ആഗ്രഹിക്കുകയും അവളെ വിവാഹം ചെയ്യുവാന്‍ ഉദ്ദേശിക്കുകയും ചെയ്യും. എന്നാല്‍ അവളെപ്പോലെയുളള സ്ത്രീകള്‍ക്ക് ലഭിക്കുന്ന മഹ്ര്‍ അവള്‍ക്ക് നല്‍കുവാന്‍ അവന്‍ ഉദ്ദേശിക്കുകയുമില്ല. അപ്പോള്‍ അല്ലാഹു ആ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനെ അവരോട് വിരോധിക്കുകയും മറ്റു സ്ത്രീകളെ വിവാഹം കഴിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. (ബുഖാരി. 7. 62. 2)
 
16) ത്വാരിഖുബിന്‍ ശിഹാബ് നിവേദനം ചെയ്തിരിക്കുന്നു: നബി(സ) കാല്‍ (ഒട്ടകത്തിന്റെ) കാലണിയില്‍ വെച്ചിട്ടും യാത്ര പുറപ്പെടാന്‍ ഒരുങ്ങിയിരിക്കെ ധര്‍മ്മ സമരത്തില്‍ വെച്ചേറ്റവും ഉത്തമം ഏതാണെന്ന് ഒരാള്‍ ചോദിച്ചു. തിരുമേനി(സ) പറഞ്ഞു: ദുഷ്ടനായ ഭരണാധിപന്റെ മുമ്പില്‍ നീതിപൂര്‍വ്വം സംസാരിക്കലാണ്. (നസാഈ)
 
6) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്. 2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും ദയാദാക്ഷിണ്യമുള്ളവര്‍ 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്ലിം)
 
1) അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി)