അവിശ്വാസികളുടെ സ്വഭാവങ്ങള്‍, ഹദീസുകള്‍

43) ജരീര്‍(റ) നിവേദനം: നിശ്ചയം തിരുമേനി ഹജ്ജത്തൂല്‍ വദാഅ് ദിവസം നീ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ പറയുക എന്നു അദ്ദേഹത്തോട് പറഞ്ഞു. ശേഷം നബി(സ) അരുളി: എനിക്ക് ശേഷം നിങ്ങള്‍ പരസ്പരം കഴുത്തറുക്കുന്ന അവിശ്വാസികളായി പരിണമിക്കരുത്. (ബുഖാരി. 1. 3. 122)
 
84) ഇബ്നു അബ്ബാസ്(റ) നിവേദനം: ബലിയുടെ ദിനത്തില്‍ (ദുല്‍ഹജ്ജ് 10ന്ന്) നബി(സ) ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ജനങ്ങളേ! ഇതു ഏത് ദിവസമാണ്? ആദരണീയമായ ദിവസം എന്ന് അനുചരന്‍മാര്‍ മറുപടി പറഞ്ഞു: ഇത് ഏത് രാജ്യമാണ്? നബി(സ) വീണ്ടും ചോദിച്ചു. ആദരണീയമായ നാട് എന്ന് അനുചരന്മാര്‍ മറുപടി പറഞ്ഞു: നബി(സ) വീണ്ടും ചോദിച്ചു. ഇത് ഏത് മാസമാണ്. അവര്‍ പറഞ്ഞു: പവിത്രമായ മാസം അപ്പോള്‍ നബി(സ) അരുളി: നിശ്ചയം നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസംപോലെ ഈ രാജ്യം പോലെ ഈ മാസം പോലെ പവിത്രമായതാണ്. ശേഷം നബി(സ) തന്റെ ശിരസ്സ് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവേ! ഞാന്‍ എന്റെ പ്രബോധനം നിര്‍വ്വഹിച്ചില്ലയോ? ഇബ്നു അബ്ബാസ്(റ) പറയുന്നു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം! ഇവിടെ ഇപ്പോള്‍ സന്നിഹിതനായവന്‍ സന്നിഹിതനാവാത്തവന് ഈ വാര്‍ത്ത എത്തിച്ചു കൊടുക്കട്ടെ. എന്ന് നബി(സ) ഈ സമുദായത്തിന് വസ്വിയ്യത്തു നല്‍കുകയുണ്ടായി. നിങ്ങള്‍ പരസ്പരം കഴുത്തുവെട്ടി എനിക്ക് ശേഷം അവിശ്വാസികളാവരുത് എന്നതും. (ബുഖാരി. 2. 26. 795)