നന്ദികേട്, ഹദീസുകള്‍

8) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ കാലത്ത് സൂര്യന്ന് ഗ്രഹണം ബാധിച്ചു. അപ്പോള്‍ സൂറത്തൂല്‍ ബഖറ: പാരായണം ചെയ്യുന്ന അത്ര സമയം നബി(സ) ദീര്‍ഘമായി നിന്നു. ശേഷം റുകൂഅ് ചെയ്തു. ദീര്‍ഘമായ റുകൂഅ്. അനന്തരം എഴുന്നേറ്റ് നിന്ന് ദീര്‍ഘമായി ഖുര്‍ആന്‍ ഓതി. എന്നാല്‍ ഇത് ആദ്യത്തേതിനേക്കാള്‍ കുറവായിരുന്നു. പിന്നീട് റുകൂഅ് ചെയ്യുകയും ആദ്യത്തെ റുകൂഅ്നെക്കാള്‍ കുറവായ നിലക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്തു. അനന്തരം സുജൂദ് ചെയ്തു. ഇതുപോലെ രണ്ടാമത്തെ റക്അത്തിലും ചെയ്തു. ശേഷം നബി(സ) നമസ്കാരത്തില്‍ നിന്നും വിരമിച്ചു. അപ്പോള്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരം നബി(സ) ഇപ്രകാരം പ്രസംഗിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തമാണ്. ഒരാള്‍ മരിച്ചതുകൊണ്ടും ജനിച്ചതുകൊണ്ടും അവക്ക് ഗ്രഹണം ഉണ്ടാവുകയില്ല. നിങ്ങള്‍ അതിനെ ദര്‍ശിച്ചാല്‍ അല്ലാഹുവിനെ സ്മരിക്കുക. അപ്പോള്‍ അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! അങ്ങു നമസ്കാരത്തില്‍ എന്തോ ഒന്ന് പിടിക്കാന്‍ കൈ നീട്ടുന്നതും പിന്നീട് പിന്നോട്ടു തന്നെ നീങ്ങുന്നതും ഞങ്ങള്‍ കണ്ടല്ലോ? നബി(സ) അരുളി: എനിക്ക് സ്വര്‍ഗ്ഗം പ്രദര്‍ശിക്കപ്പെട്ടു. സ്വര്‍ഗത്തിലെ ഒരു മുന്തിരിക്കുല പിടിക്കാന്‍ കൈനീട്ടി. ഞാനത് കരസ്ഥമാക്കിയിരുന്നുവെങ്കില്‍ ലോകം നിലനില്‍ക്കുന്ന കാലമത്രയും നിങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ നരകത്തേയും കണ്ടു. ഞാന്‍ കണ്ടതുപോലുള്ള ഭയാനകമായ ഒരു കാഴ്ച ഇതിന് മുമ്പ് കണ്ടിട്ടേയില്ല. നരകവാസികള്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പ്രവാചകരേ! എന്താണിതിന് കാരണമെന്ന് അനുചരന്മാര്‍ ചോദിച്ചു. നബി(സ) പറഞ്ഞു: സ്ത്രീകളുടെ നിഷേധസ്വഭാവം തന്നെ. അനുചരന്മാര്‍ ചോദിച്ചു. സ്ത്രീകള്‍ അല്ലാഹുവിനെ നിഷേധിക്കുന്നുണ്ടോ? നബി(സ) പ്രത്യുത്തരം നല്‍കി. ഭര്‍ത്താക്കന്‍മാരോടും അവര്‍ ചെയ്തു കൊടുക്കുന്ന ഔദാര്യങ്ങളോടും സ്ത്രീകള്‍ നന്ദികേടു കാണിക്കും. അതാണവരുടെ നിഷേധ സ്വഭാവം. ജീവിതകാലം മുഴുവനും ഒരു സ്ത്രീക്ക് നീ നന്മ ചെയ്തു. എന്നിട്ടു ഒരിക്കല്‍ അവളിഷ്ടപ്പെടാത്തത് നിന്നില്‍ നിന്ന് സംഭവിച്ചു. എങ്കില്‍ നിങ്ങളില്‍ നിന്ന് ഇക്കാലമത്രയും ഒരു നന്മയും എനിക്ക് ലഭിച്ചിട്ടേയില്ലെന്ന് അവള്‍ പറയും. (ബുഖാരി. 2. 18. 161)
 
10) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്ത്രീ സമൂഹമേ! നിങ്ങള്‍ ദാനധര്‍മ്മം പെരുപ്പിക്കണം. ധാരാളമായി ഇസ്തിഗ്ഫാറും ചെയ്യണം. നിശ്ചയം നരകവാസികളില്‍ കൂടുതലും നിങ്ങളെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അന്നേരം അവരില്‍പെട്ട ഒരു സ്ത്രീ ചോദിച്ചു. എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളായത്? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ലഅ്നത്ത് പെരുപ്പിക്കുകയും ഭര്‍ത്താക്കളോട് നന്ദികേട് പ്രവര്‍ത്തിക്കുകയും ചെയ്യും. ബുദ്ധി കുറഞ്ഞവരായിട്ടും ബുദ്ധിയുള്ള പുരുഷന്മാരെ കീഴടക്കുന്നവരായും ചിന്താമണ്ഡലത്തിലും ദീനീരംഗത്തും നിങ്ങളേക്കാള്‍ കഴിവുകുറഞ്ഞവരായും മറ്റാരെയും ഞാന്‍ കണ്ടില്ല. അവര്‍ ചോദിച്ചു: ദീനും അഖലും അപര്യാപ്തമായത് എന്തുകൊണ്ടാണ്? അവിടുന്ന് അരുള്‍ചെയ്തു: ഒരു പുരുഷന്‍ സാക്ഷി നില്‍ക്കുന്നേടത്ത് രണ്ട് സ്ത്രീകള്‍ സാക്ഷി നില്ക്കണം. അനേക ദിവസം (പുരുഷനെ അപേക്ഷിച്ച്) അവള്‍ (സ്ത്രീ) നമസ്കാരം കൂടാതെ കഴിക്കും. (മുസ്ലിം)