ഒരു നന്മക്ക് പത്ത് പ്രതിഫലം , ഹദീസുകള്‍

28) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാള്‍ ഇസ്ളാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ളാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം. (ബുഖാരി. 1. 2. 40)
 
34) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാള്‍ തന്റെ വീട്ടില്‍ വച്ചോ തന്റെ അങ്ങാടിയില്‍ വച്ചോ നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തിന് 25 ഇരട്ടി പ്രതിഫലമുണ്ട്. കാരണം ഒരാള്‍ നല്ലതുപോലെ വുളു എടുക്കുകയും ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. നമസ്കാരമല്ലാതെ മറ്റൊരു പ്രേരണയും അവനില്ല. എങ്കില്‍ അവന്റെ കാല്‍പാദങ്ങള്‍ക്കും ഓരോപദവി അല്ലാഹു ഉയര്‍ത്തുകയും ഓരോപാപം പൊറുത്തുകൊടുക്കുകയും ചെയ്യും. അങ്ങനെ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍ മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കും. അവന്റെ നമസ്കാരസ്ഥലത്തു അവന്‍ ഇരിക്കുന്നതുവരേക്കും. അല്ലാഹുവേ, നീ അവനു നന്മ ചെയ്യേണമേ, എന്ന് അവര്‍ പ്രാര്‍ത്ഥിക്കും. നിങ്ങളില്‍ ഒരാള്‍ നമസ്കാരത്തെ പ്രതീക്ഷിക്കും വരേക്കും നമസ്കാരത്തില്‍ തന്നെയാണ്. (ബുഖാരി. 1. 11. 620)
 
15) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍(സ)യുടെ സന്നിധിയിലിരുന്നപ്പോള്‍ അവിടുന്ന് ചോദിച്ചു. നിങ്ങളോരോരുത്തരും ദിവസം പ്രതി ആയിരം നന്മ ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരാകുമോ? ഒരാള്‍ ചോദിച്ചു. ആയിരം നന്മ എങ്ങിനെ ചെയ്തുതീര്‍ക്കും. അവിടുന്ന് പറഞ്ഞു: നൂറ് പ്രാവശ്യം അവന്‍ തസ്ബീഹ് ചെയ്തുകൊള്ളട്ടെ. എങ്കില്‍ ആയിരം നന്മകള്‍ അവന് എഴുതപ്പെടുകയോ ആയിരം പാപങ്ങള്‍ അവനില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്യും. (മുസ്ലിം)
 
4) ഇബ്നുമസ്ഉദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആനിലെ ഒരക്ഷരംവല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്‍മിദി)