നന്മ ചെയ്യുവാന്‍ ധൃതികൂട്ടുക , ഹദീസുകള്‍

28) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാള്‍ ഇസ്ളാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ളാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താല്‍ അയാല്‍ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകള്‍ക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതല്‍ 700 ഇരട്ടി വരെയാണ്. തെറ്റുകള്‍ക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നല്‍കുകയുള്ളു (ഇരട്ടിപ്പിക്കല്‍ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കില്‍ മാത്രം. (ബുഖാരി. 1. 2. 40)
 
34) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാള്‍ തന്റെ വീട്ടില്‍ വച്ചോ തന്റെ അങ്ങാടിയില്‍ വച്ചോ നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തിന് 25 ഇരട്ടി പ്രതിഫലമുണ്ട്. കാരണം ഒരാള്‍ നല്ലതുപോലെ വുളു എടുക്കുകയും ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. നമസ്കാരമല്ലാതെ മറ്റൊരു പ്രേരണയും അവനില്ല. എങ്കില്‍ അവന്റെ കാല്‍പാദങ്ങള്‍ക്കും ഓരോപദവി അല്ലാഹു ഉയര്‍ത്തുകയും ഓരോപാപം പൊറുത്തുകൊടുക്കുകയും ചെയ്യും. അങ്ങനെ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍ മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കും. അവന്റെ നമസ്കാരസ്ഥലത്തു അവന്‍ ഇരിക്കുന്നതുവരേക്കും. അല്ലാഹുവേ, നീ അവനു നന്മ ചെയ്യേണമേ, എന്ന് അവര്‍ പ്രാര്‍ത്ഥിക്കും. നിങ്ങളില്‍ ഒരാള്‍ നമസ്കാരത്തെ പ്രതീക്ഷിക്കും വരേക്കും നമസ്കാരത്തില്‍ തന്നെയാണ്. (ബുഖാരി. 1. 11. 620)
 
34) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ മിമ്പറന്മേല്‍ കയറി. അവിടുന്ന് മിമ്പറിന്മേല്‍ കയറി ഇരുന്ന അവസാനത്തെ ഇരുത്തമായിരുന്നു അത്. രണ്ടു ചുമലും ഒരു വസ്ത്രവും കൊണ്ട് മൂടിപ്പുതച്ചുകൊണ്ടാണ് തിരുമേനി(സ) മിമ്പറിന്മേല്‍ കയറിയത്. ഒരു കറുത്ത തുണിക്കഷ്ണം തലക്ക് കെട്ടിയിട്ടുമുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മഹത്വത്തെ തിരുമേനി(സ) പ്രകീര്‍ത്തനം ചെയ്തു. ശേഷം പറഞ്ഞു. ജനങ്ങളേ! എന്റെ അടുക്കലേക്ക് അടുത്തിരിക്കുവിന്‍. അപ്പോള്‍ അവരെല്ലാവരും കൂടി തിരുമേനി(സ)യുടെ അടുത്തിരുന്നു. ശേഷം അവിടുന്നു പറഞ്ഞു. അമ്മാബഅ്ദു. അന്‍സാരികളായ ഈ ഗോത്രക്കാര്‍ ഭാവിയില്‍ ന്യൂനപക്ഷമാകും. മറ്റുള്ളവര്‍ വര്‍ദ്ധിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട് മുഹമ്മദിന്റെ സമുദായത്തിന്റെ ഭരണകാര്യങ്ങളില്‍ വല്ലതും വല്ലവനും ഏറ്റെടുത്തു. എന്നിട്ട് ആ സ്ഥാനത്തിരുന്നുകൊണ്ട് വല്ലവനും ഉപകാരം ചെയ്യാനോ ഉപദ്രവമേല്‍പ്പിക്കാനോ അവന് അവസരം ലഭിച്ചു. എന്നാല്‍ നന്മചെയ്യുന്നവന്റെ നന്മയെ അവന്‍ സ്വീകരിക്കട്ടെ. തിന്മ ചെയ്യുന്നവരുടെ തിന്മ മാപ്പ് ചെയ്തുവിടുകയും ചെയ്യട്ടെ. (ബുഖാരി. 2. 13. 49)
 
21) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന സമയത്ത് ആകാശത്തിലേക്കിറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും. വല്ലവനും എന്നോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു കൊടുക്കും. (ബുഖാരി. 2. 21. 246)
 
33) ജാബിര്‍(റ) നിവേദനം: എല്ലാ കാര്യങ്ങളില്‍ നല്ലവശം തോന്നിപ്പിച്ചു തരുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയെന്ന് നബി(സ) ഖുര്‍ആനിലെ അധ്യായം പഠിപ്പിച്ചു തരുംപോലെ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാറുണ്ടായിരുന്നു. നബി(സ) അരുളി: നിങ്ങളിലാരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാല്‍ ഹര്‍ള് നമസ്കാരത്തിന് പുറമെ രണ്ടു റക്അത്തു നമസ്കരിക്കട്ടെ. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ (ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍)നല്ല വശം തോന്നിപ്പിച്ചു തരുവാന്‍ ഞാനിതാ നിന്നോട് സഹായം തേടുന്നു. നിന്റെ ശക്തി മുഖേന എനിക്ക് ശക്തി കൈവരുത്തിത്തരുവാന്‍ ഞാനിതാ നിന്നോടപേക്ഷിക്കുന്നു. നിന്റെ മഹത്തായ അനുഗ്രഹങ്ങള്‍ക്കു വേണ്ടിയും ഞാനിതാ നിന്നോട് യാചിക്കുന്നു. നിശ്ചയം എനിക്ക് കഴിവില്ല. നിനക്കാണ് കഴിവുകളെല്ലാമുള്ളത്. നീ ജ്ഞാനിയാണ്. ഞാന്‍ അജ്ഞാനിയും. നീതന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. അല്ലാഹുവേ!(ഞാനുദ്ദേശിക്കുന്ന)ഇക്കാര്യം എനിക്ക് എന്റെ ദീനിനും എന്റെ ജീവിതത്തിനും കാര്യങ്ങളുടെ പരിണാമ ഘട്ടത്തിലേക്കും നല്ലതാണെന്നു നിനക്കറിവുണ്ടെങ്കില്‍ നീ അതിന് എനിക്ക് കഴിവ് നല്‍കുകയും അക്കാര്യം കരസ്ഥമാക്കുവാനുള്ള മാര്‍ഗം സുഗമമാക്കിത്തരികയും ചെയ്യേണമേ! അങ്ങനെയല്ല. ഞാന്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന ഇക്കാര്യം എനിക്ക് എന്റെ ദീനിനും ജീവിതത്തിനും കാര്യങ്ങളുടെ പരിണാമങ്ങള്‍ക്കും - ദോഷകരമാണെന്ന് നിനക്കറിവുണ്ടെങ്കില്‍ ഇക്കാര്യത്തെ എന്നില്‍ നിന്നും ഇക്കാര്യത്തില്‍ നിന്ന് എന്നെയും നീതിരിച്ചു വിടേണമേ. എനിക്ക് നന്മ അതെവിടെയാണെങ്കിലും നീ നിശ്ചയിച്ചു തരേണമേ! അതില്‍ എന്നെ സംതൃപ്തനാക്കുകയും ചെയ്യേണമേ. നബി(സ) തുടര്‍ന്ന് അരുളി: ശേഷം തന്റെ ആവശ്യങ്ങള്‍ അവന്‍ പറയട്ടെ. (ബുഖാരി. 2. 21. 263)
 
1) ജരീര്‍(റ) പറയുന്നു: നമസ്കാരം നിലനിര്‍ത്തുവാനും സക്കാത്തു കൊടുക്കുവാനും സര്‍വ്വ മുസ്ളിംകള്‍ക്കും നന്മ കാംക്ഷിക്കാനും ഞാന്‍ നബി(സ)ക്ക് ബൈഅത്തു ചെയ്തു. (ബുഖാരി. 2. 24. 484)
 
45) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ദിവസം മിമ്പറിന്മേല്‍ ഇരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി(സ) അരുളി: എന്റെ കാലശേഷം നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്നത് ഐഹികമായ ആര്‍ഭാടങ്ങളുടേയും അലങ്കാരങ്ങളുടേയും വാതിലുകള്‍ നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കപ്പെടുമോ എന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ? നന്മയില്‍ നിന്ന് തിന്മ ഉടലെടുക്കുമോ? നബി(സ) മൌനം പാലിച്ചു. സദസ്യരില്‍ ചിലര്‍ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി. നീ ഇതാ നബി(സ)യോട് സംസാരിക്കുന്നു. നബി(സ) നിന്നോട് സംസാരിക്കുന്നില്ല താനും! നബി(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ചോദ്യകര്‍ത്താവിനെ നബി(സ) അഭിനന്ദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) അരുളി: നിശ്ചയം. നന്മയില്‍ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാല്‍ക്കാലികള്‍ക്ക് ജീവഹാനി വരുത്തുകയോ അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാല്‍ക്കാലികളെ അത്തരം വിപത്തുകളൊന്നും ബാധിക്കുകയില്ല. ആ നാല്‍ക്കാലികള്‍ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു. സൂര്യന്റെ മുമ്പില്‍ നിന്നു വെയില്‍ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോര്‍ക്കണം. ഇതേ പ്രകാരം ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോള്‍ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കില്‍ നബി(സ) ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയില്‍ ധനം വല്ലവനും കരസ്ഥമാക്കിയാല്‍ അവന്റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരില്‍ സാക്ഷി പറയാന്‍ ഹാജരാകും. (ബുഖാരി. 2. 24. 544)
 
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
 
42) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും. (ബുഖാരി. 3. 31. 178)
 
79) ത്വല്‍ഹത്തി(റ)ല്‍ നിന്ന് നിവേദനം: നബി(സ) മാസപ്പിറവി കണ്ടാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! (ഇഹപരവിഷയങ്ങളില്‍ നിന്നുള്ള) നിര്‍ഭയത്തോടെയും നിലനില്‍ക്കുന്ന വിശ്വാസത്തോടെയും രക്ഷയോടെയും ഞങ്ങള്‍ക്കീ മാസത്തെ നീ പിറപ്പിക്കേണമേ! എന്റെയും നിന്റെയും സംരക്ഷകന്‍ അല്ലാഹുവാണ്. ഇത് നന്മയുടെയും സന്മാര്‍ഗ്ഗത്തിന്റെയും മാസമായി മാറട്ടെ!(തിര്‍മിദി)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു: എന്റെ അടിമ ഒരുതിന്മ ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവനതു പ്രവര്‍ത്തിക്കുന്നതുവരെ അവന്റെ പേരില്‍ അതു നിങ്ങള്‍ (മലക്കുകള്‍) എഴുതരുത്. പ്രവര്‍ത്തിച്ചുകഴിഞ്ഞാലോ ഒരുതിന്മ മാത്രം പ്രവര്‍ത്തിച്ചതായി രേഖപ്പെടുത്തിക്കൊള്ളുക. പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചശേഷം എന്നെ ഓര്‍മ്മിച്ചു ആ തിന്മയെ അവര്‍ വിട്ടുകളഞ്ഞാലോ അതവന്റെ പേരില്‍ ഒരു നന്മയായി രേഖപ്പെടുത്തിക്കൊള്ളുക. എന്നും ഞാന്‍ നിര്‍ദ്ദേശിക്കും. (ബുഖാരി. 9. 93. 592)
 
15) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍(സ)യുടെ സന്നിധിയിലിരുന്നപ്പോള്‍ അവിടുന്ന് ചോദിച്ചു. നിങ്ങളോരോരുത്തരും ദിവസം പ്രതി ആയിരം നന്മ ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരാകുമോ? ഒരാള്‍ ചോദിച്ചു. ആയിരം നന്മ എങ്ങിനെ ചെയ്തുതീര്‍ക്കും. അവിടുന്ന് പറഞ്ഞു: നൂറ് പ്രാവശ്യം അവന്‍ തസ്ബീഹ് ചെയ്തുകൊള്ളട്ടെ. എങ്കില്‍ ആയിരം നന്മകള്‍ അവന് എഴുതപ്പെടുകയോ ആയിരം പാപങ്ങള്‍ അവനില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്യും. (മുസ്ലിം)
 
4) ഇബ്നുമസ്ഉദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഖുര്‍ആനിലെ ഒരക്ഷരംവല്ലവനും പാരായണം ചെയ്യുന്നപക്ഷം അവന് ഒരു നന്മ ലഭിക്കും. ഏതൊരു നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. അലിഫ്ലാമീം ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ! അതിലെ അലിഫ് ഒരക്ഷരവും ലാം മറ്റൊരു അക്ഷരവും മീം വേറൊരു അക്ഷരവുമാകുന്നു. (തിര്‍മിദി)