മേഘങ്ങള്‍ ഭാരമുള്ളത് , ഹദീസുകള്‍

37) അനസ്(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത് ഒരിക്കല്‍ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു. അങ്ങനെ ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുതുബ: നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട്, അല്ലാഹുവിന്റെ ദൂതരേ ധനം നശിച്ചു കുടുംബം പട്ടിണിയിലായി, അതുകൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. അന്നേരം തിരുമേനി(സ) രണ്ടു കൈകളും മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അന്നേരം ആകാശത്ത് മേഘത്തിന്റെ ഒരു തുണ്ട് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, തിരുമേനി(സ) തന്റെ കൈകള്‍ താഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക് പര്‍വ്വതങ്ങളെപ്പോലെ മേഘപടലങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ചലിക്കാന്‍ തുടങ്ങി. അവസാനം തിരുമേനി(സ)യുടെ താടിയിലൂടെ മഴവെള്ളം ഒലിച്ചു വീണത് ഞാന്‍ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്റെ അടുത്ത ദിവസവും ഞങ്ങള്‍ക്ക് മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടര്‍ന്നു. (അന്നു) ആ ഗ്രാമീണന്‍ അല്ലെങ്കില്‍ മറ്റൊരു ഗ്രാമീണന്‍ എഴുന്നേറ്റ് നിന്നിട്ട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ! കെട്ടിടങ്ങള്‍ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു. അതുകൊണ്ട്അവിടുന്നു ഞങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും എന്ന് വിളിച്ചു പറഞ്ഞു. ഉടനെ തിരുമേനി(സ) തന്റെ കൈ രണ്ടും ഉയര്‍ത്തിയിട്ടു അല്ലാഹുവേ! ഞങ്ങളുടെ ചുറ്റുഭാഗവും മഴ വര്‍ഷിക്കേണമേ, ഞങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നത് നിറുത്തേണമേ! എന്നു പ്രാര്‍ത്ഥിച്ചു. അങ്ങനെ തിരുമേനി(സ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാം അവിടം വിട്ടുനീങ്ങാന്‍ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെ അരുവികള്‍ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളില്‍ നിന്നു വന്നവരും മഴയുടെ സമൃദ്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. (ബുഖാരി. 2. 13. 55)