മൂസാനബി , ഹദീസുകള്‍

143) മുഗീറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂസാനബി (അ) ഒരിക്കല്‍ തന്റെ റബ്ബിനോട് ചോദിച്ചു: സ്വര്‍ഗ്ഗവാസികളില്‍ താഴ്ന്ന പദവിയിലുള്ളവനാരാണ്? റബ്ബ് പറഞ്ഞു: സ്വര്‍ഗവാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതിനുശേഷം വന്നുചേരുന്ന ഒരാളായിരിക്കും അത്. നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളൂ എന്ന് അയാളോട് പറയപ്പെടുമ്പോള്‍ അവന്‍ പറയും. നാഥാ! ജനങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥലം പിടിച്ചിരിക്കെ ഞാനെങ്ങനെ പ്രവേശിക്കും? തദവസരത്തില്‍ അദ്ദേഹത്തോട് ചോദിക്കപ്പെടും: ഇഹലോകത്തെ രാജാക്കന്മാരില്‍ ഒരു രാജാവിന്റെ അധീനത്തിലുള്ളത്ര വിസ്തൃതി നിനക്കുണ്ടായാല്‍ നീ തൃപ്തിപ്പെടുമോ? അന്നേരം അവന്‍ പറയും: നാഥാ! ഞാന്‍ അതുകൊണ്ട് തൃപ്തിപ്പെടും. അല്ലാഹു പറയും: എന്നാല്‍ അതും അതിന്റെ നാലിരട്ടിയും നിനക്കുണ്ട്. അഞ്ചാംപ്രാവശ്യം അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. അല്ലാഹു പറയും. എന്നാല്‍ ഇതും ഇതിന്റെ പത്തിരട്ടിയും നീ ആഗ്രഹിക്കുന്നതും നിന്റെ കണ്ണ് ആസ്വദിക്കുന്നതും നിനക്കുള്ളതാണ്. അവന്‍ പറയും. നാഥാ! ഞാന്‍ തൃപ്തിപ്പെട്ടു. മൂസാനബി (അ) ചോദിച്ചു: നാഥാ, സ്വര്‍ഗ്ഗവാസികളില്‍ ആരാണ് ഉന്നതന്മാര്‍? അവന്‍ പറയും: എന്റെ കൈകൊണ്ട് ഞാന്‍തന്നെ പ്രതാപം നട്ടുവളര്‍ത്തുകയും അതിനെ മുദ്രചെയ്യുകയും ചെയ്തിട്ടുള്ളവരാണവര്‍. കണ്ണുകള്‍ക്ക് കാണാനോ കാതുകള്‍ക്ക് കേള്‍ക്കാനോ മനുഷ്യഹൃദയങ്ങള്‍ക്ക് ഊഹിക്കാനോ കഴിയാത്തതാണ് നാം അവര്‍ക്കുവേണ്ടി തയ്യാര്‍ ചെയ്തിട്ടുള്ളവ. (മുസ്ലിം)