മാര്‍ഗ്ഗദര്‍ശകന്‍ അള്ളാഹു മാത്രം , ഹദീസുകള്‍

12) അബൂമൂസാ(റ)യില്‍ നിന്ന് നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹു ഏതൊരു സന്മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്റെ ഉപമ ഘോരമായ ഒരു മഴപോലെയാണ്. അത് ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത് വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ചു മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവന്റെയും ഞാന്‍ കൊണ്ട് വന്ന സന്മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവന്റെയും ഉദാഹരണം ഇവയാണ്. അബൂഅബ്ദില്ല (ബുഖാരി) പറയുന്നു. ഇസ്ഹാഖ് പറഞ്ഞു : അതില്‍ (ഭൂമിയില്‍) ഒരു ഭാഗമുണ്ട്. അത് വെള്ളം വലിച്ചെടുത്തു. ഖാഅ് എന്നു പറഞ്ഞാല്‍ മുകളില്‍ വെള്ളം പരന്നു നില്‍ക്കുന്ന പ്രദേശം എന്നാണ്. സഫ്സഫ് എന്നാല്‍ നിരന്നു കിടക്കുന്ന പ്രദേശം എന്നും. (ബുഖാരി. 1. 3. 79)
 
27) അനസ്(റ) പറയുന്നു: ഉമര്‍(റ) ന്റെ ഖുതൂബ: അദ്ദേഹം കേള്‍ക്കുകയുണ്ടായി നബി(സ) മരണപ്പെട്ട ദിവസമായിരുന്നു അത്. അദ്ദേഹം തശഹുദ് ചൊല്ലി. അബൂബക്കര്‍ മൌനമായി ഇരിക്കുന്നു. നമുക്ക് ശേഷം അവസാനമായി നബി(സ) മരിക്കുവാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മുഹമ്മദ് മരിച്ചു. അല്ലാഹു നമുക്ക് മുന്നില്‍ ഒരു പ്രകാശത്തെ നിശ്ചയിച്ചിട്ടുണ്ട്. അതുമൂലം നമുക്ക് മാര്‍ഗ്ഗദര്‍ശനം ലഭിക്കും. മുഹമ്മദിന് അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കിയതും അതുകൊണ്ടാണ്. നിശ്ചയം അബൂബക്കര്‍ പ്രവാചകന്റെ സ്നേഹിതനാണ്. രണ്ടില്‍ ഒരുത്തനും. നമ്മുടെ കാര്യത്തിന് ഏറ്റവും അവകാശപ്പെട്ടത് അദ്ദേഹമാണ്. നിങ്ങള്‍ എഴുന്നേറ്റ് അദ്ദേഹത്തിന് പ്രതിജ്ഞ ചെയ്യുവീന്‍. ഈ പ്രസംഗത്തിനു മുമ്പ് തന്നെ ഒരു സംഘം അദ്ദേഹത്തിന് ബനൂസാഇദ:യുടെ നടപ്പന്തലില്‍ വെച്ച് ബൈഅത്തുചെയ്തിരുന്നു. മിമ്പറില്‍ വെച്ചാണ് പൊതുവായ ബൈഅത്തു നടന്നത്. ഉമര്‍(റ) പറഞ്ഞു: താങ്കള്‍ മിമ്പറില്‍ കയറുക. പല പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം കയറുകയും ജനങ്ങള്‍ പൊതുവായ ബൈഅത്തുചെയ്യുകയും ചെയ്തു. (ബുഖാരി. 9. 89. 326)
 
65) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ഇസ്റാഇന്റെ രാത്രിയില്‍ നബി(സ)യുടെ അടുത്ത് പാലും കള്ളും നിറക്കപ്പെട്ട രണ്ട് കപ്പ് വെക്കപ്പെട്ടു. അവ രണ്ടിലേക്കും അവിടുന്ന് നോക്കിയിട്ട് പാല് എടുത്തപ്പോള്‍ ജിബ്രീല്‍ (അ) പറഞ്ഞു: പരിശുദ്ധ ഇസ്ളാമിലേക്ക് അങ്ങയെ മാര്‍ഗ്ഗദര്‍ശനം ചെയ്ത അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും. കള്ളാണ് അങ്ങ് എടുത്തതെങ്കില്‍ അങ്ങയുടെ അനുയായികള്‍ വഴിതെറ്റിയവരാകുമായിരുന്നു. (മുസ്ലിം)
 
25) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ മുആവിയ(റ) പള്ളിയിലെ സദസ്സില്‍ ചെന്ന് നിങ്ങള്‍ എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവര്‍ പറഞ്ഞു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇരിക്കുന്നത്. മുആവിയ(റ) ചോദിച്ചു: അല്ലാഹുവാണ്, അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അതിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ ഇവിടെ ഇരുന്നത്. മുആവിയ(റ) പറഞ്ഞു: നിങ്ങള്‍ക്ക് തെറ്റിദ്ധാരണയുള്ളതുകൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. എന്റെ പദവിയിലുള്ള ആരും എന്നേക്കാള്‍ കുറഞ്ഞ ഹദീസ് ഉച്ചരിച്ചിട്ടില്ല. (ഞാന്‍ അത്രയും സൂക്ഷ്മതയാണ് അക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ളത്) ഒരിക്കല്‍ അസ്വ്ഹാബികളുടെ ഒരു സദസ്സില്‍ റസൂല്‍(സ) പുറപ്പെട്ടു ചെന്നു കൊണ്ട് ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്? ഇസ്ളാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുകയും അതുകൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരില്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു: അല്ലാഹുവാണെ, അതിനുവേണ്ടി മാത്രമാണോ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്? നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. അല്ലാഹു നിങ്ങളെപ്പറ്റി മലക്കുകളോട് അഭിമാനപൂര്‍വ്വം സംസാരിക്കുന്നുണ്ടെന്ന് ജിബ്രീല്‍ (അ) എന്നോട് പറഞ്ഞു. (മുസ്ലിം)
 
132) ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) രണ്ട് സൂജൂദിനിടയില്‍ പറയാറുണ്ടായിരുന്നു: അല്ലാഹുവെ, എനിക്ക് മാപ്പു തന്നാലും, എന്നില്‍ കരുണയുണ്ടായാലും, എനിക്ക് മാര്‍ഗ്ഗദര്‍ശനം തന്നാലും, എനിക്ക് ആരോഗ്യം നല്‍കിയാലും, എനിക്കു ആഹാരം നല്‍കിയാലും. (അബൂദാവൂദ്)