അല്ലാഹു മലക്കുകള്‍ക്ക് ജോലികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് , ഹദീസുകള്‍

94) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം വീട്ടില്‍ വെച്ചോ അങ്ങാടിയില്‍ വെച്ചോ നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തഞ്ചിരട്ടി പുണ്യമുണ്ട്, പള്ളിയില്‍ വെച്ചുള്ള ജമാഅത്തിന്. നിങ്ങളിലാരെങ്കിലും നന്നായി വുളു ചെയ്തു എന്നിട്ടവന്‍ പള്ളിയില്‍ വന്നു നമസ്കാരമല്ലാതെ മറ്റൊരു ഉദ്ദേശവും അവനില്ലതാനും - എന്നാല്‍ അവന്‍ മുമ്പോട്ട് വെക്കുന്ന ഓരോ ചവിട്ടടിയുടെയും എണ്ണം കണ്ടു ഓരോപടി അല്ലാഹു അവനെ ഉയര്‍ത്താതിരിക്കുകയില്ല. അപ്രകാരം തന്നെ ഓരോ കുറ്റവും അവനു പൊറുത്തു കൊടുക്കാതിരിക്കുകയുമില്ല. പള്ളിയില്‍ പ്രവേശിക്കും വരേക്കും ആ അവസ്ഥ തുടരുന്നതാണ്. പള്ളിയില്‍ അവന്‍ പ്രവേശിച്ച് കഴിഞ്ഞാലോ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ പ്രതിഫലത്തില്‍ നമസ്കാരത്തില്‍ തന്നെയായിരിക്കും. നമസ്കാരത്തിന് വേണ്ടി ചെന്നിരിക്കുന്ന ആ സദസ്സില്‍ അവനുണ്ടായിരിക്കുന്ന സമയമത്രയും മലക്കുകള്‍ അവന്ന് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. 'അല്ലാഹുവേ! അവന്ന് നീ പൊറുത്തുകൊടുക്കണമേ, അല്ലാഹുവേ! അവന് നീ കൃപ ചെയ്യേണമേ, ' എന്ന് മലക്കുകള്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കും. അവന്റെ വുളു ദുര്‍ബ്ബലപ്പെടുത്താതിരിക്കുന്ന സമയമത്രയും ആ നിലപാട് തുടര്‍ന്നു കൊണ്ടിരിക്കും. (ബുഖാരി. 1. 8. 466)
 
34) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരാള്‍ തന്റെ വീട്ടില്‍ വച്ചോ തന്റെ അങ്ങാടിയില്‍ വച്ചോ നമസ്കരിക്കുന്നതിനേക്കാള്‍ ജമാഅത്തിന് 25 ഇരട്ടി പ്രതിഫലമുണ്ട്. കാരണം ഒരാള്‍ നല്ലതുപോലെ വുളു എടുക്കുകയും ശേഷം പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്യുന്നു. നമസ്കാരമല്ലാതെ മറ്റൊരു പ്രേരണയും അവനില്ല. എങ്കില്‍ അവന്റെ കാല്‍പാദങ്ങള്‍ക്കും ഓരോപദവി അല്ലാഹു ഉയര്‍ത്തുകയും ഓരോപാപം പൊറുത്തുകൊടുക്കുകയും ചെയ്യും. അങ്ങനെ നമസ്കാരത്തില്‍ പ്രവേശിച്ചാല്‍ മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ച്കൊണ്ടിരിക്കും. അവന്റെ നമസ്കാരസ്ഥലത്തു അവന്‍ ഇരിക്കുന്നതുവരേക്കും. അല്ലാഹുവേ, നീ അവനു നന്മ ചെയ്യേണമേ, എന്ന് അവര്‍ പ്രാര്‍ത്ഥിക്കും. നിങ്ങളില്‍ ഒരാള്‍ നമസ്കാരത്തെ പ്രതീക്ഷിക്കും വരേക്കും നമസ്കാരത്തില്‍ തന്നെയാണ്. (ബുഖാരി. 1. 11. 620)
 
5) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട് ജുമുഅഃക്ക് പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ ജുമുഅക്ക് പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന് തുല്യനാണ്. അങ്ങനെ ഇമാമ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും. (ബുഖാരി. 2. 13. 6)
 
5) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി. 3. 30. 103)
 
17) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രസ്താവിച്ചു. രാത്രിയുടെ അന്ത്യയാമത്തില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയില്ലെന്ന് ഭയപ്പെടുന്നവര്‍ രാത്രിയുടെ ആദ്യസമയത്ത് വിത്റ് നമസ്കരിച്ചുകൊള്ളട്ടെ. ഇനി അവസാനയാമത്തില്‍ ഉണരുമെന്ന് വല്ലവനും പ്രതീക്ഷയുണ്െടങ്കില്‍ അവസാനയാമത്തില്‍ മലക്കുകള്‍ പങ്കെടുക്കും. അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമമായ സമയം. (മുസ്ലിം)