56) അബൂഖത്താദ(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ രാത്രിയില്‍ തിരുമേനി(സ) യോടൊപ്പം യാത്ര ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ ചിലര്‍ തിരുമേനി(സ)യെ ഉണര്‍ത്തി: നമുക്കല്‍പ്പനേരം യാത്ര നിറുത്തി വിശ്രമിച്ചാല്‍ നന്നായിരുന്നു. തിരുമേനി(സ) അരുളി: നമസ്കാര സമയം അറിയാതെ നിങ്ങള്‍ ഉറങ്ങിപ്പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ബിലാല്‍(റ) പറഞ്ഞു: ഞാന്‍ നിങ്ങളെ ഉണര്‍ത്താം. അങ്ങനെ അവരെല്ലാവരും കിടന്നു. ബിലാല്‍ തന്റെ മുതുക് ഒട്ടകകട്ടിലിലേക്ക് ചാരിയിരുന്നു. അവസാനം ബിലാലിന്റെ ഇരുനേത്രങ്ങളേയും ഉറക്കം പരാജയപ്പെടുത്തുകയും അങ്ങനെ അദ്ദേഹവും ഉറങ്ങിപ്പോയി. ഒടുവില്‍ തിരുമേനി(സ) ഉണര്‍ന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. തിരുമേനി(സ) ചോദിച്ചു. ബിലാലേ! നിന്റെ വാക്കിപ്പോളെവിടെ? ബിലാല്‍(റ) പറഞ്ഞു: ഇത്തരമൊരുറക്കം ഇതിന് മുമ്പ് ഒരിക്കലും എന്നെ പിടികൂടിയിട്ടില്ല. തിരുമേനി(സ) അരുളി: അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ (ഉറക്കില്‍) നിങ്ങളുടെ ആത്മാക്കളെ അവന്‍ പിടിച്ചെടുക്കും. അവനുദ്ദേശിക്കുമ്പോള്‍ അവയെ അവന്‍ വിട്ടയക്കുകയും ചെയ്യും. ബിലാലേ! ജനങ്ങള്‍ക്ക് വേണ്ടി നീ ബാങ്ക് കൊടുക്കുക. അനന്തരം തിരുമേനി(സ) വുളു ചെയ്തു. അങ്ങനെ സൂര്യന്‍ ഉദിച്ചുപൊങ്ങുകയും അതിന് വെള്ളനിറം വരികയും ചെയ്തപ്പോള്‍ തിരുമേനി(സ) ഇമാമായിനിന്നു കൊണ്ട് നമസ്കരിച്ചു. (ബുഖാരി. 1. 10. 569) |