14) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: (മുസ്ളിംകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന) ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിച്ച് നമസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്തു നല്‍കുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യുവാന്‍ എന്നോട് കല്‍പ്പിച്ചിരിക്കുന്നു. അതവര്‍ നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ രക്തത്തേയും ധനത്തേയും എന്റെ പിടുത്തത്തില്‍ നിന്ന് അവര്‍ രക്ഷിച്ചു കഴിഞ്ഞു. പക്ഷെ, ഇസ്ളാം ചുമത്തിയ ബാധ്യതകള്‍ക്ക് വേണ്ടി അവരുടെ മേല്‍ കൈവെക്കാം. അവരെ വിചാരണ ചെയ്യുന്നത് അല്ലാഹുവായിരിക്കും. (ബുഖാരി. 1. 2. 24) |
|
32) ത്വല്‍ഹ(റ) നിവേദനം: അദ്ദേഹം പറയുന്നു: നജ്ദ് നിവാസികളില്‍പെട്ട ഒരു മനുഷ്യന്‍ തിരുമേനി(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം (ദൂരെ നിന്നു തന്നെ) കേള്‍ക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതുവരെ അയാള്‍ പറയുന്നതെന്തെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. അങ്ങനെ അയാള്‍ ഇസ്ളാമിനെക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: ഒരു പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കല്‍, അപ്പോള്‍ ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്റെ പേരിലുണ്ടോ എന്ന് അയാള്‍ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കില്‍ അതു ഒഴികെ, പിന്നീട് നബി(സ) അരുളി: റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ഠിക്കേണ്ടതാണ്. അദ്ദേഹം ചോദിച്ചു. : അതല്ലാതെ മറ്റു വല്ലനോമ്പും എന്റെ ബാധ്യതയിലുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ് അനുഷ്ഠിച്ചെങ്കില്‍ മാത്രം. ശേഷം തിരുമേനി(സ) അയാളോട് സകാത്തിനെക്കുറിച്ച് പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു. ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ? തിരുമേനി(സ) അരുളി: ഇല്ല. ഔദാര്യമായി നീ വല്ലതും നല്‍കുകയാണെങ്കില്‍ മാത്രം. ഈ സംഭാഷണം കഴിഞ്ഞശേഷം അയാള്‍ അവിടം വിട്ടു. സ്ഥലം വിടുമ്പോള്‍ അദ്ദേഹം പറയുന്നുണ്ടായിരുന്നു, അല്ലാഹു സത്യം, ഞാന്‍ ഇതില്‍ വര്‍ദ്ധിപ്പിക്കുകയോ കുറക്കുകയോഇല്ല. തിരുമേനി അരുളി: അയാള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അയാള്‍ വിജയിച്ചുകഴിഞ്ഞു. (ബുഖാരി. 1. 2. 44) |
|
37) അനസ്(റ) നിവേദനം: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: നാം നമസ്കരിക്കുന്നതുപോലെ നമസ്കരിക്കുകയും നമ്മുടെ ഖിബ്ല: യെ ഖിബ്ലയാക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രേ മുസ്ലീം. അവന്ന് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും സംരക്ഷണ ബാധ്യതയുണ്ട്. അതുകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്‍ നിങ്ങള്‍ ലംഘനം പ്രവര്‍ത്തിക്കരുത്. (ബുഖാരി. 1. 8. 386) |
|
39) അനസ്(റ) നിവേദനം: ഒരു മനുഷ്യന്റെ രക്തവും ധനവും നിഷിദ്ധമാക്കുന്നത് എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ലാഇലാഹ ഇല്ലല്ലാഹു എന്നതിന് വല്ലവനും സാക്ഷി നില്‍ക്കുകയും നമ്മുടെ ഖിബ്ല: യെ അഭീമുഖീകരിക്കുകയും നാം നമസ്കരിച്ചത് പോലെ നമസ്കരിക്കയും നാം അറുത്തത് ഭക്ഷിക്കയും ചെയ്താല്‍ അവന്‍ മുസ്ലീമാണ്. മുസ്ലീമിന്ന് ലഭിക്കുന്ന അവകാശങ്ങള്‍ അവനുണ്ട്. ബാധ്യതകളും ഉണ്ട്. (ബുഖാരി. 1. 8. 387) |
|
40) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവര്‍ക്ക് നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174) |
|
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നിലധികം പേര്‍ക്കു പങ്കുള്ള ഒരടിമയില്‍ ഒരാളുടെ പങ്ക് അവന്‍ മോചിപ്പിച്ചാല്‍ തന്റെ ധനം വിനിയോഗിച്ച് ആ അടിമയെ പൂര്‍ണ്ണമായി മോചിപ്പിക്കേണ്ടത് അവന്റെ ബാധ്യതയാണ്. അവന്റെ പക്കല്‍ ധനമില്ലെങ്കിലോ ആ അടിമക്ക് നീതിപൂര്‍വ്വം വില കണക്കാക്കണം. അവനെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് പണമുണ്ടാക്കി പ്രതിഫലം വാങ്ങി ബാക്കി അവകാശികളും അവരുടെ അവകാശം കൈവിടണം. എന്നാല്‍ ജോലി ചെയ്യാന്‍ അവനെ പ്രയാസപ്പെടുത്തരുത്. (ബുഖാരി. 3. 44. 672) |
|
14) ആയിശ(റ) നിവേദനം: നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ! അലസത, വാര്‍ദ്ധക്യത്തിന്റെ പാരമ്യതയിലുണ്ടാകുന്ന അവശത, പാപകൃത്യങ്ങള്‍, കടബാധ്യത, ഖബറിലെ ശിക്ഷ, നരകശിക്ഷ, ധനത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ദാരിദ്യ്രത്തില്‍ നിന്നുണ്ടാകുന്ന പരീക്ഷണം, ലോകത്ത് ചുറ്റിനടക്കുന്ന ദജ്ജാലിന്റെ പരീക്ഷണങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷ നേടുവാനായി ഞാനിതാ നിന്നെ അഭയം പ്രാപിക്കുന്നു. (ബുഖാരി. 8. 75. 379) |
|
37) ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം: അവന്‍ പറയുന്നു; ഒരു രാത്രിയില്‍ തിരുമേനി(സ) ഉറക്കില്‍ നിന്ന് അവിടുന്ന് അരുളി: അല്ലാഹു പരിശുദ്ധന്‍. ഈ രാത്രി എന്തെല്ലാം കുഴപ്പങ്ങളാണ് ഇറക്കപ്പെട്ടിരിക്കുന്നത്! എത്രയെത്ര ഖജനാവുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്! റൂമുകളില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നിങ്ങള്‍ വേഗം ഉണര്‍ത്തിക്കൊള്ളുവീന്‍. ഇഹലോകത്തുവെച്ച് വസ്ത്രം ധരിച്ച എത്ര സ്ത്രീകളാണ് പരലോകത്ത് നഗ്നരായിരിക്കാന്‍ പോകുന്നത്. (ബുഖാരി. 1. 3. 115) |
|
45) അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ദിവസം മിമ്പറിന്മേല്‍ ഇരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി(സ) അരുളി: എന്റെ കാലശേഷം നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്നത് ഐഹികമായ ആര്‍ഭാടങ്ങളുടേയും അലങ്കാരങ്ങളുടേയും വാതിലുകള്‍ നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കപ്പെടുമോ എന്നതാണ്. അപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ? നന്മയില്‍ നിന്ന് തിന്മ ഉടലെടുക്കുമോ? നബി(സ) മൌനം പാലിച്ചു. സദസ്യരില്‍ ചിലര്‍ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി. നീ ഇതാ നബി(സ)യോട് സംസാരിക്കുന്നു. നബി(സ) നിന്നോട് സംസാരിക്കുന്നില്ല താനും! നബി(സ)ക്ക് അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) തന്റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ചോദ്യകര്‍ത്താവിനെ നബി(സ) അഭിനന്ദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ) അരുളി: നിശ്ചയം. നന്മയില്‍ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാല്‍ക്കാലികള്‍ക്ക് ജീവഹാനി വരുത്തുകയോ അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാല്‍ക്കാലികളെ അത്തരം വിപത്തുകളൊന്നും ബാധിക്കുകയില്ല. ആ നാല്‍ക്കാലികള്‍ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു. സൂര്യന്റെ മുമ്പില്‍ നിന്നു വെയില്‍ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോര്‍ക്കണം. ഇതേ പ്രകാരം ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോള്‍ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കില്‍ നബി(സ) ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയില്‍ ധനം വല്ലവനും കരസ്ഥമാക്കിയാല്‍ അവന്റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരില്‍ സാക്ഷി പറയാന്‍ ഹാജരാകും. (ബുഖാരി. 2. 24. 544) |
|
53) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന്‍ ജനങ്ങളോട് യാചിച്ചുകൊണ്ടിരിക്കും. അങ്ങനെ പരലോകത്ത് അവന്‍ വരുമ്പോള്‍ അവന്റെ മുഖത്ത് മാംസത്തിന്റെ ഒരു ചെറിയ കഷ്ണം പോലും അവശേഷിക്കുകയില്ല. നബി(സ) അരുളി: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്റെ അടുത്ത് വരും. വിയര്‍പ്പ് ഒലിച്ച് അവന്റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം(അ)ന്റെയും മൂസാ(അ)യുടെയും പിന്നീട് മുഹമ്മദ്(സ)യുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് സ്വര്‍ഗ്ഗവാതിലിന്റെ വട്ടക്കണ്ണി പിടിക്കും. ആ ദിവസം അല്ലാഹു നബിയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി. 2. 24. 553) |
|
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നരപരാധിയായ തന്റെ അടിമയെക്കുറിച്ച് കുറ്റാരോപണം നടത്തിയാല്‍ പരലോകത്ത് അല്ലാഹു അവനെ ശിക്ഷിക്കും. (ബുഖാരി. 8. 82. 841) |
|
5) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും താന്‍ കണ്ടിട്ടില്ലാത്ത സ്വപ്നം കണ്ടുവെന്ന് വാദിക്കുന്നപക്ഷം (പരലോക ദിവസം) രണ്ട് ബാര്‍ലിമണികളെ തമ്മില്‍ പിടിച്ച് കെട്ടി ബന്ധിപ്പിക്കാന്‍ അവനെ നിര്‍ബന്ധിക്കും. വാസ്തവത്തിലോ അവനത് ചെയ്യുവാന്‍ സാധിക്കുകയില്ല. വല്ലവനും ഒരു കൂട്ടരുടെ സംസാരം ശ്രദ്ധിച്ചുകേട്ടു. അവനത് കേള്‍ക്കുന്നത് അവരിഷ്ടപ്പെടുകയില്ല. എങ്കില്‍ പരലോകത്ത് അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കും. വല്ലവനും ഒരു രൂപമുണ്ടാക്കിയാല്‍ അതില്‍ ജീവനൂതാന്‍ അവനെ നിര്‍ബന്ധിക്കും. എന്നാല്‍ അവന് അതില്‍ ജീവനിടാന്‍ കഴിയുകയില്ല. (ബുഖാരി. 9. 87. 165) |
|
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എന്നാല്‍ പരലോക ദിവസം ആ ധനം അവന്റെ മുമ്പില്‍ തലയില്‍ രണ്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു മൂര്‍ഖന്‍ പാമ്പിന്റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്റെ കഴുത്തില്‍ ചുറ്റും. അവന്റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും. ഞാന്‍ നിന്റെ ധനമാണ്. ഞാന്‍ നിന്റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു. തന്റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486) |
|
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: എന്റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനെക്കൊണ്ട് സത്യം. സ്വന്തം ജലാശയത്തില്‍ നിന്ന് അന്യരുടെ ഒട്ടകങ്ങളെ ആട്ടിയകറ്റും പോലെ ചില ആളുകളെ പരലോകത്തു എന്റെ ജലാശയത്തില്‍ നിന്ന് ഞാന്‍ ആട്ടിയകറ്റും. (ബുഖാരി. 3. 40. 555) |
|
3) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാന്‍ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622) |
|
9) ഖൌലത്തു(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചില ആളുകള്‍ അനര്‍ഹമായ നിലയ്ക്ക് അല്ലാഹുവിന്റെ ധനം കൈകാര്യം ചെയ്യുന്നു. പരലോകദിനം നരകമായിരിക്കും അവര്‍ക്കുളള പ്രതിഫലം. (ബുഖാരി. 4. 53. 347) |
|
9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: പരലോകത്തില്‍ നഗ്നപാദത്തില്‍ ചേലാ കര്‍മം ചെയ്യപ്പെടാത്തവരുമായിട്ടാണ് നിങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക. നബി(സ) ഇപ്രകാരം ഓതി (ആദ്യമായി സൃഷ്ടിപ്പ് ആരംഭിച്ചതുപോലെ തന്നെ അതു നാം ആവര്‍ത്തിക്കും. ഇതു നമ്മുടെമേല്‍ നിര്‍ബന്ധ വാഗ്ദാനമാണ്) പരലോകത്തു ആദ്യമായി വസ്ത്രം ധരിപ്പിക്കുക ഇബ്രാഹിം (അ)യെയാണ് എന്റെ അനുചരന്മാരില്‍ ചിലരെ അന്നു ഇടതുഭാഗത്തേക്ക് കൊണ്ടു പോകും. അപ്പോള്‍ ഞാന്‍ പറയും. എന്റെ അനുചരന്മാര്‍! എന്റെ അനുചരന്മാര്‍! അന്നേരം നിങ്ങള്‍ വിട്ടുപോന്ന ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപോയവരാണവര്‍ എന്ന് എനിയ്ക്ക് മറുപടി ലഭിക്കും. അപ്പോള്‍ ഉല്‍ക്കൃഷ്ടദാസന്‍ (ഈസാ) പറഞ്ഞതുപോലെ തന്നെ ഞാന്‍ പറയും. (അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന കാലമത്രയും അവരുടെ ജീവിതത്തെ ഞാന്‍ വീക്ഷിച്ചുകൊണ്ടിരുന്നു) (5:120). (ബുഖാരി. 4. 55. 568) |
|
19) അബ്ദുറഹ്മാന്‍(റ) പറയുന്നു: അവര്‍ ഒരിക്കല്‍ ഹുദൈഫ:(റ)യുടെ അടുക്കല്‍ ഇരിക്കുകയാണ്. അദ്ദേഹം വെളളത്തിന് ആവശ്യപ്പെട്ടു. അപ്പോള്‍ ഒരു മജൂസി അദ്ദേഹത്തെ കുടിപ്പിച്ചു. കോപ്പ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച സന്ദര്‍ഭം അദ്ദേഹം അതെടുത്ത് എറിഞ്ഞു. ശേഷം പറഞ്ഞു; ഞാന്‍ പല പ്രാവശ്യം നിന്നോട് ഇത് പാടില്ലെന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇപ്രകാരം എറിയുമായിരുന്നില്ല. നിശ്ചയം. പ്രവാചകന്‍ ഇപ്രകാരം പറയൂന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ പട്ട് ധരിക്കരുത്. സ്വര്‍ണ്ണത്തിന്റെയും വെളളിയുടെയും പാത്രങ്ങള്‍ ആഹാര പാനീയാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുത്. ഈ സാധനങ്ങള്‍ ഇഹലോകത്ത് സത്യനിഷേധികള്‍ക്കും പരലോകത്ത് നമുക്കും ഉപയോഗിക്കാനുളളതാണ്. (ബുഖാരി. 7. 65. 337) |
|
49) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: പരലോകദിനം അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും താഴ്ന്നവന്‍ രാജാധിരാജന്‍ എന്ന് പേര്‍ വിളിക്കപ്പെടുന്നവനായിരിക്കും. (ബുഖാരി. 8. 73. 224) |
|
38) ആയിശ(റ) നിവേദനം: നബി(സ) അരുളി: പരലോകത്തു സമ്മേളിപ്പിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ നഗ്നരും പാദരക്ഷ ധരിക്കാത്തവരും ചേലാകര്‍മ്മം ചെയ്തിട്ടില്ലാത്തവരുമായിരിക്കും. ഞാന്‍ ചോദിച്ചു. പ്രവാചകരേ! സ്ത്രീകളും പുരുഷന്മാരും അപ്പോള്‍ പരസ്പരം നോക്കുകയില്ലേ? നബി(സ) അരുളി: അവിടത്തെ സ്ഥിതി അത്തരം ചിന്തകള്‍ക്കെല്ലാം അതീതമായിരിക്കും. (ബുഖാരി. 8. 76. 534) |
|
39) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം മനുഷ്യരുടെ വിയര്‍പ്പ് കൂടുതല്‍ ഒലിച്ചിട്ട് എഴുപതു മുഴം ആഴത്തില്‍ കെട്ടിനില്‍ക്കും. അവരുടെ വായവരെ അല്ലാത്തവരുടെ ചെവിവരെത്തന്നെ അതെത്തും. (ബുഖാരി. 8. 76. 539) |
|
40) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ഏറ്റവുമാദ്യം വിധികല്‍പ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്. (ബുഖാരി. 8. 76. 540) |
|
19) ജൂന്‍ദുബ്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും കേള്‍വിക്കു വേണ്ടി വല്ല സല്‍പ്രവൃത്തിയും ചെയ്താല്‍ പരലോകദിവസം അല്ലാഹു അവന് പ്രസിദ്ധിയുണ്ടാക്കിക്കൊടുക്കും. വല്ലവനും ജനങ്ങളെ പ്രയാസങ്ങള്‍ക്ക് വിധേയരാക്കുന്ന പക്ഷം പരലോകദിവസം അല്ലാഹു അവനെ പ്രയാസപ്പെടുത്തും. സഹാബിമാര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ കൂടുതല്‍ ഉപദേശിച്ചാലും. നബി(സ) അരുളി: മനുഷ്യന്റെ ശരീരത്തില്‍ നിന്ന് ആദ്യമായി ചീഞ്ഞു പോകുക അവന്റെ വയറാണ്. അതുകൊണ്ട് വല്ലവനും ശുദ്ധമായ വസ്തുക്കള്‍ മാത്രം ഭക്ഷിക്കാന്‍ സാധിക്കുന്ന പക്ഷം അങ്ങിനെ ചെയ്തുകൊള്ളട്ടെ. വല്ലവനും താന്‍ ചിന്തിയ ഒരു കൈക്കുമ്പിള്‍ നിറയെയുള്ള രക്തവും കൊണ്ട് തനിക്കും സ്വര്‍ഗ്ഗത്തിനുമിടയില്‍ ഒരു മറയുണ്ടാക്കാതെ കഴിക്കാന്‍ കഴിഞ്ഞെങ്കില്‍ അപ്രകാരം അവന്‍ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 9. 89. 266) |
|