മദ്യം , ഹദീസുകള്‍

74) ജാബിര്‍(റ) പറയുന്നു: മക്കാവിജയവര്‍ഷം മക്കയില്‍ വെച്ച് നബി(സ) ഇപ്രകാരം അരുളുന്നത് ഞാന്‍ കേട്ടു. നിശ്ചയം അല്ലാഹുവും അവന്റെ ദൂതനും മദ്യം, ശവം, പന്നി, വിഗ്രഹം എന്നിവ വില്‍ക്കുന്നത് നിഷിദ്ധമാക്കിയിട്ടുണ്ട്. ദൈവദൂതരേ! ശവത്തിലെ കൊഴുപ്പിനെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു? കപ്പലിന്റെ പുറത്തു പൂശാന്‍ അതുപയോഗിക്കാറുണ്ടല്ലോ. അതുപോലെ തോലിന്റെ പുറത്തു തേക്കാറുണ്ട്. വിളക്ക് കത്തിക്കാറുണ്ട് എന്ന് ചിലര്‍ ഉണര്‍ത്തി. നബി(സ) അരുളി: അതും ഹറാമാണ്. ശേഷം നബി(സ) തുടര്‍ന്നു. അല്ലാഹു ജൂതന്മാരെ ശപിക്കട്ടെ. അല്ലാഹു മൃഗങ്ങളുടെ കൊഴുപ്പ് നിഷിദ്ധമാക്കിയപ്പോള്‍ അതവര്‍ ഉരുക്കി വിറ്റിട്ട് അതിന്റെ വില തിന്നു. (ബുഖാരി. 3. 34. 438)
 
13) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിന്റെ അടയാളങ്ങളാകുന്നു. (ബുഖാരി. 1. 3. 80)
 
83) ആയിശ:(റ) നിവേദനം: അല്‍ബഖറ: യിലെ പലിശ സംബന്ധിച്ചുള്ള വാക്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ തിരുമേനി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. എന്നിട്ട് ആ കല്‍പ്പനകള്‍ ഓതിക്കേള്‍പ്പിച്ചു. പിന്നീട് പള്ളിയില്‍വെച്ച് തന്നെ മദ്യവ്യാപാരം നിഷിദ്ധമാക്കിക്കൊണ്ട് പ്രഖ്യാപിക്കുകയും ചെയ്തു. (ബുഖാരി. 1. 8. 449)
 
17) അനസ്(റ) പറയുന്നു: അബൂത്വല്‍ഹത്തിന്റെ വീട്ടില്‍ ജനങ്ങളെ കള്ള് കുടിപ്പിക്കുന്നവനായിരുന്നു ഞാന്‍. അന്ന് അവരുടെ കള്ള് ഈത്തപ്പഴത്തില്‍ നിന്നാണ്. അപ്പോള്‍ വിളിച്ചു പറയുന്നവനോട് ഇപ്രകാരം വിളിച്ചുപറയുവാന്‍ നബി(സ) കല്‍പ്പിച്ചു. അറിയുക, കള്ള് നിഷിദ്ധമാക്കിയിരിക്കുന്നു. അബൂതല്‍ഹത്ത് എന്നോട് പറഞ്ഞു. നീ പുറത്തുപോയി മദ്യത്തെ ഒഴിച്ചു കളയുക. അങ്ങനെ ഞാന്‍ പുറപ്പെട്ടു അതിനെ ഒഴിച്ചു. മദീനയിലെ തെരുവീഥിയിലൂടെ അത് ഒഴുകുവാന്‍ തുടങ്ങി. ചിലര്‍ പറഞ്ഞു: കള്ള് വയറ്റിലാക്കിയവരായി ചിലര്‍ വധിക്കപ്പെട്ടുവല്ലോ. അവരുടെ സ്ഥിതി എന്താണ്? അപ്പോള്‍ അല്ലാഹു ഇറക്കി. (വിശ്വസിക്കുകയും പുണ്യകര്‍മ്മം ചെയ്യുകയും ചെയ്തവര്‍ മുമ്പ് ഭക്ഷിച്ചതില്‍ തെറ്റില്ല). (ബുഖാരി. 3. 43. 644)
 
4) അല്‍ഖമ:(റ) പറയുന്നു: ഞങ്ങള്‍ സിറിയയിലെ ഹിംസിലായിരുന്നു. അപ്പോള്‍ ഇബ്നുമസ്ഊദ്(റ) സൂറത്തു യൂസ്ഫ് ഓതി. അപ്പോള്‍ ഒരു മനുഷ്യന്‍ പറഞ്ഞു. ഇപ്രകാരമല്ല അവതരിച്ചിട്ടുളളത്. ഇബ്നുമസ്ഊദ്(റ) പറഞ്ഞു: നബി(സ)ക്ക് ഞാന്‍ ഈ അധ്യായം ഓതി കേള്‍പ്പിച്ചപ്പോള്‍ വളരെ നന്നായിരിക്കുന്നുവെന്നാണ് അരുളിയത്. ആ മനുഷ്യന്റെ വായില്‍ നിന്ന് കളളിന്റെ ദുര്‍ഗന്ധം വരുന്നുണ്ടായിരുന്നു. ഇബ്നു മസ്ഊദ്(റ) പറഞ്ഞു: നീ അല്ലാഹുവിന്റെ കിതാബിന്റെ പേരില്‍ കളളം പറയുകയും മദ്യപാനം നടത്തുകയും കൂടി ചെയ്യുകയാണോ? അദ്ദേഹം അയാളെ മദ്യപിച്ചതിന്റെ പേരില്‍ ശിക്ഷിച്ചു. (ബുഖാരി. 6. 61. 523)
 
3) അബ്ദുല്ല(റ) നിവേദനം: തിരുമേനി(സ) ചില പാത്രങ്ങള്‍ വിരോധിച്ചപ്പോള്‍ (മദ്യമുണ്ടാക്കുവാന്‍ ഉപയോഗിച്ചിരുന്ന)എല്ലാവരുടെ കയ്യിലും തോല്‍പ്പാത്രങ്ങളുണ്ടായിരിക്കുകയില്ലെന്ന് ചിലര്‍ നബി(സ) യോട് ഉണര്‍ത്തി. അപ്പോള്‍ താറിടാത്ത തൊട്ടി ഉപയോഗിക്കുവാന്‍ നബി(സ) അനുമതി നല്‍കി. (ബുഖാരി. 7. 69. 497)
 
2) അലി(റ) പറയുന്നു: ഞാന്‍ ഒരാളുടെ മേല്‍ ശിക്ഷാനടപടികള്‍ നടപ്പാക്കുമ്പോള്‍ അവന്‍ മരിച്ചാല്‍ ദു: ഖിക്കുകയില്ല. മദ്യപാനി ഒഴികെ കാരണം അവന്റെ മേല്‍ നിര്‍ണ്ണിതമായ ശിക്ഷാനടപടി പ്രവാചകന്‍ മതപരമാക്കിയിട്ടില്ല. അതിനാല്‍ അവന്‍ മരിച്ചാല്‍ ഞാന്‍ പ്രായശ്ചിത്തം നല്‍കുന്നതാണ്. (ബുഖാരി. 8. 81. 769)
 
3) സാഇബ്(റ) നിവേദനം: നബി(സ)യുടെയും അബൂബക്കര്‍(റ)ന്റെയും ഉമര്‍(റ)ന്റെയും ഭരണകാലത്ത് ആരംഭത്തിലും മദ്യപാനികളെ ഞങ്ങള്‍ കൈകള്‍ കൊണ്ടും ചെരിപ്പുകള്‍കൊണ്ടും വസ്ത്രംകൊണ്ടും അടിക്കുകയാണ് ചെയ്തിരുന്നത്. ഉമര്‍(റ) ഭരണത്തിന്റെ അവസാനഘട്ടം നാല്‍പതു അടി നടപ്പിലാക്കി. പക്ഷെ, മദ്യപാനികള്‍ വര്‍ദ്ധിക്കുകയും അവര്‍ ദുര്‍മാര്‍ഗ്ഗം ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഉമര്‍(റ) ശിക്ഷ 80 അടിയായി വര്‍ധിപ്പിച്ചു. (ബുഖാരി. 8. 81. 770)
 
4) ഉമര്‍ (റ) നിവേദനം: നബി(സ)യുടെ കാലത്ത് അബ്ദുല്ല എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. ജനങ്ങള്‍ അയാളെ കഴുത (ഹിമാര്‍) എന്നാണ് വിളിച്ചിരുന്നത്. അയാള്‍ നബി(സ)യെ തമാശ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മദ്യപിച്ച കാരണം നബി(സ) അയാളെ അടിച്ചു. വീണ്ടും മദ്യപിച്ചതുമൂലം അയാളെ നബിയുടെ മുന്നില്‍ കൊണ്ടു വന്നു. അപ്പോഴും നബിയുടെ കല്പനപ്രകാരം അനുചരന്മാര്‍ അയാളെ അടിച്ചു. കൂട്ടത്തിലൊരാള്‍ പറഞ്ഞു. അല്ലാഹു നിന്നെ ശപിക്കട്ടെ. എത്ര പ്രാവശ്യമായി അവനെ മദ്യപിച്ച നിലക്ക് പിടിച്ചുകൊണ്ടുവരുന്നു. നബി(സ) അരുളി: നിങ്ങളയാളെ ശപിക്കരുത്. അല്ലാഹു സത്യം! അയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്നേഹിക്കുന്നുവെന്ന് തന്നെയാണ് എന്റെ അറിവ്. (ബുഖാരി. 8. 81. 771)
 
21) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിശ്വാസിയായിക്കൊണ്ട് ഒരുവന്‍ വ്യഭിചരിക്കുകയോ കള്ള് കുടിക്കുകയോ മോഷ്ടിക്കുകയോ ജനങ്ങള്‍ നോക്കി നില്‍ക്കുന്ന അവസ്ഥയില്‍ പിടിച്ചു പറിക്കുകയോ ചെയ്യുകയില്ല. ബുഖാരി പറയുന്നു: ഇതിന്റെ അര്‍ത്ഥം ആ സന്ദര്‍ഭത്തില്‍ അവന്റെ വിശ്വാസം ഊരിയെടുക്കപ്പെടുമെന്നാണ്. (ബുഖാരി. 3. 43. 655)
 
5) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ കള്ള് കുടിച്ച ഒരാളെ നബി(സ)യുടെ അടുക്കല്‍ കൊണ്ടു വന്നു. നബി(സ) അരുളി: നിങ്ങള്‍ അവനെ അടിക്കുവീന്‍. ഞങ്ങളില്‍ ചിലര്‍ കൈകൊണ്ടും ചിലര്‍ ചെരിപ്പുകൊണ്ടും ചിലര്‍ വസ്ത്രം കൊണ്ടും അവനെ അടിച്ചു. അവന്‍ വിട്ടുപോയപ്പോള്‍ ചിലര്‍ പറഞ്ഞു: അല്ലാഹു നിന്നെ അപമാനിക്കട്ടെ. ഉടനെ നബി(സ) അരുളി: അങ്ങിനെ പറയരുത്, അത് അവന്ന് അനുകൂലമായി പിശാചിനെ സഹായിക്കലായിരിക്കും. (ബുഖാരി. 8. 81. 772)