ഖന്‍ദഖിന്റെ പാഠം , ഹദീസുകള്‍

31) അനസ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധസന്ദര്‍ഭത്തില്‍ കിടങ്ങ് കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു പുറപ്പെട്ടു. അപ്പോള്‍ കഠിനശൈത്യമുള്ള പ്രഭാതത്തില്‍ മുഹാജിറുകളും അന്‍സാരികളുമതാ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കുന്നു. അന്ന് അവര്‍ക്ക് ജോലിചെയ്യുവാന്‍ ഭൃത്യന്മാരും ഉണ്ടായിരുന്നില്ല. അവരെ ബാധിച്ചിരുന്ന ക്ഷീണവും വിശപ്പും കണ്ടപ്പോള്‍ നബി(സ) ഇങ്ങിനെ പാടി: "അല്ലാഹുവേ! ജീവിതം യഥാര്‍ത്ഥത്തില്‍ പരലോകജീവിതം മാത്രമാണ്. അല്ലാഹുവേ! അന്‍സാരികള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തു കൊടുക്കേണമേ. അപ്പോള്‍ നബി(സ)ക്ക് മറുപടിയായി അവര്‍ പറഞ്ഞു. ഞങ്ങള്‍ മുഹമ്മദിന് അനുസരണ പ്രതിജ്ഞ ചെയ്തവരാണ്. ജീവിച്ചിരിക്കുന്ന കാലമത്രയും പോരാട്ടത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കും. (ബുഖാരി. 4. 52. 87)
 
86) ആയിശ:(റ) നിവേദനം: ഖന്തക്ക് യുദ്ധത്തില്‍ സഅ്ദുബ്നു മുആദ്(റ) ന്ന് കൈക്ക് മുറിവ് പറ്റി. കയ്യിലെ പ്രധാന രക്തധമനി അറ്റു. അപ്പോള്‍ തന്റെ അടുത്തുതന്നെ കിടത്തിയിട്ട് രോഗശുശ്രൂഷയുടെ മേല്‍നോട്ടം വഹിക്കുവാന്‍ വേണ്ടി തിരുമേനി(സ) പള്ളിയില്‍ തന്നെ ഒരു തമ്പ് കെട്ടി അദ്ദേഹത്തെ അതില്‍ കിടത്തി. മറ്റൊരു തമ്പും ബനൂഗിഫാര്‍ ഗോത്രത്തിന്റെ വകയായി പള്ളിയിലുണ്ടായിരുന്നു. സഅ്ദിന്റെ ശരീരത്തില്‍ നിന്ന് ഒലിച്ചുകൊണ്ടിരുന്ന രക്തം ആ തമ്പിലേക്ക് പെട്ടെന്ന് ഒഴുകിചെന്നത് കണ്ടപ്പോള്‍ മാത്രമാണ് അവര്‍ പരിഭ്രമിച്ചത്. അങ്ങനെ ഞെട്ടിയിട്ട് അവര്‍ വിളിച്ചുചോദിച്ചു. തമ്പിലുള്ളവരേ! നിങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ അടുക്കലേക്ക് ഈ ഒഴുകിക്കൊണ്ടിരിക്കുന്നതെന്താണ്? നോക്കുമ്പോള്‍ സഅ്ദിന്റെ മുറിവില്‍ നിന്ന് രക്തമതാ ശക്തിയായി ഒഴുകിക്കൊണ്ടിരിക്കുന്നു. അങ്ങനെ അതില്‍ അദ്ദേഹം മരണപ്പെട്ടു. (ബുഖാരി. 1. 8. 452)
 
57) ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധഘട്ടത്തില്‍ ഒരു ദിവസം സൂര്യന്‍ അസ്തമിച്ച ശേഷം വന്നിട്ടു ഉമര്‍(റ) ഖുറൈശികളായ സത്യനിഷേധികളെ ശകാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ! സൂര്യന്‍ അസ്തമിക്കും വരേക്കും എനിക്ക് അസര്‍ നമസ്കരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തിരുമേനി(സ) അരുളി: ഞാനും അതു നമസ്കരിച്ചിട്ടില്ല. ഉടനെ ഞങ്ങള്‍ ബുത്താഹാന്‍ മൈതാനത്തേക്ക് നീങ്ങി. അങ്ങനെ തിരുമേനി(സ)യും ഞങ്ങളും നമസ്കാരത്തിനുവേണ്ടി വുളു ചെയ്തു. എന്നിട്ട് സൂര്യന്‍ അസ്തമിച്ചശേഷം തിരുമേനി(സ) അസര്‍ നമസ്കരിച്ച് ശേഷം മഗ്രിബ് നമസ്കാരവും. (ബുഖാരി. 1. 10. 570)
 
32) ബറാഅ്(റ) നിവേദനം: നബി(സ) ഖന്തക്ക് യുദ്ധദിവസം മണ്ണു ചുമക്കുകയുണ്ടായി. അവിടുന്നു പറയും. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗ്ഗത്തിലാകുമായിരുന്നില്ല. (ബുഖാരി. 4. 52. 89)
 
40) ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധവേളയില്‍ നബി(സ) പറഞ്ഞു: ശത്രുക്കളുടെ വാര്‍ത്ത ആരാണ് എനിക്ക് കൊണ്ടുവന്നു തരിക? അപ്പോള്‍ സുബൈര്‍(റ) മറുപടി പറഞ്ഞു: ഞാനൊരുക്കമാണ്. നബി(സ) പ്രത്യുത്തരം നല്‍കി. എല്ലാ നബിമാര്‍ക്കും ആത്മാര്‍ത്ഥ സ്നേഹിതന്മാരുണ്ട്. എന്റെ ആത്മാര്‍ത്ഥ സ്നേഹിതന്‍ സുബൈര്‍ ആണ്. (ബുഖാരി. 4. 52. 99)