ക്ഷമയുടെ ആത്മശക്തി , ഹദീസുകള്‍

48) അബൂസഈദ്(റ) നിവേദനം: അന്‍സാരികളില്‍ പെട്ട ചിലര്‍ നബി(സ)യോട് യാചിച്ചു. നബി(സ) അവര്‍ക്ക് ധര്‍മ്മം നല്‍കി. വീണ്ടും അവര്‍ യാചിച്ചു. അപ്പോഴും നബി(സ) അവര്‍ക്ക് കൊടുത്തു. വീണ്ടും അവര്‍ യാചിച്ചു. നബി(സ) വീണ്ടും അവര്‍ക്ക് ധര്‍മ്മം ചെയ്തു. അവസാനം നബി(സ)യുടെ അടുക്കലുണ്ടായിരുന്ന ധനം മുഴുവനും തീര്‍ന്നു. ശേഷം അവിടുന്ന് അരുളി: എന്റെയടുക്കല്‍ വല്ല ധനവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ അഭിമാനം പുലര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും തന്റെ കഷ്ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന് ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548)
 
7) അത്വാഅ്(റ) നിവേദനം: എന്നോട് ഒരിക്കല്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: സ്വര്‍ഗ്ഗാവകാശിയായ ഒരു സ്ത്രീയെ ഞാന്‍ നിനക്ക് കാണിച്ചുതരട്ടെയോ? അതെയെന്ന് ഞാനുത്തരം നല്‍കി. അപ്പോള്‍ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. നബി(സ)യുടെ അടുക്കല്‍ വന്നിട്ട് അവള്‍ പറഞ്ഞു. ഞാന്‍ ചിലപ്പോള്‍ അപസ്മാരമിളകി നിലത്തു വീഴും. എന്റെ വസ്ത്രം നീങ്ങി ശരീരം വെളിപ്പെടും. അവിടുന്ന് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാലും. നബി(സ) അരുളി: നീ ക്ഷമ കൈക്കൊളളുന്ന പക്ഷം സ്വര്‍ഗ്ഗം കരസ്ഥമാക്കാം. നിനക്ക് വേണമെങ്കില്‍ നിന്റെ രോഗശാന്തിക്കായി ഞാനല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അവള്‍ പറഞ്ഞു: ഞാന്‍ ക്ഷമ കൈകൊളളാം. പക്ഷെ, അബോധാവസ്ഥയില്‍ എന്റെ നഗ്നത വെളിപ്പെട്ടുപോകുന്നു. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചാലും. അപ്പോള്‍ നബി(സ) അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. (ബുഖാരി. 7. 70. 555)
 
8) അനസ്(റ) നിവേദനം: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹു പറയും ഞാന്‍ എന്റെ ദാസനെ അവന്ന് ഏറ്റവും പ്രിയപ്പെട്ട രണ്ട് കാമുകിമാരെ നശിപ്പിച്ചു പരീക്ഷിച്ചു. അപ്പോള്‍ അവന്‍ ക്ഷമ കൈക്കൊണ്ടു. എങ്കില്‍ അവരണ്ടിനും പകരമായി അവന്നു നാം സ്വര്‍ഗ്ഗം നല്‍കും. പ്രിയപ്പെട്ട രണ്ട് കാമുകിമാര്‍ എന്നതുകൊണ്ട് അല്ലാഹുവിവക്ഷിക്കുന്നത് അവന്റെ രണ്ടു കണ്ണുകളാണ്. (ബുഖാരി. 7. 70. 557)
 
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹു പറയുന്നു. എന്റെ സത്യവിശ്വാസിയായ ഒരു ദാസന് കൂടുതല്‍ ഇഹലോകത്ത് പ്രിയപ്പെട്ടൊരു സാധനം ഞാന്‍ പിടിച്ചെടുത്തു. എന്റെ പക്കല്‍ നിന്നുള്ള പുണ്യമോര്‍ത്ത് അവന്‍ ക്ഷമിച്ചു. എങ്കില്‍ അതിനോടുള്ള പ്രതി ഫലം സ്വര്‍ഗ്ഗമല്ലാതെ മറ്റൊന്നുമായിരിക്കുകയില്ല. (ബുഖാരി. 8. 76. 432)
 
2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ആരെങ്കിലും തന്റെ ഭരണാധികാരിയില്‍ അനിഷ്ടകരമായത് കണ്ടാല്‍ അവന്‍ ക്ഷമ കൈക്കൊള്ളട്ടെ. കാരണം ഇസ്ളാമിക സമൂഹ ത്തില്‍ നിന്നും ഒരു ചാണ്‍ ആരെങ്കിലും അകന്നു നിന്നാല്‍ അവന്‍ ജാഹിലിയ്യാ മരണമാണ് വരിക്കുന്നത്. (ബുഖാരി. 9. 88. 177)
 
4) സുഹൈബ്(റ)ല്‍ നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. സന്തുഷ്ടനാകുമ്പോള്‍ നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള്‍ ക്ഷമ പാലിക്കും. അപ്പോള്‍ അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)
 
3) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: ഒരാള്‍ നബി(സ)യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! എനിക്ക് ചില കുടുംബ ബന്ധുക്കളുണ്ട്. ഞാന്‍ അവരോട് ബന്ധം ചേര്‍ക്കുന്നു. അവര്‍ ബന്ധം മുറിക്കുന്നു. ഞാന്‍ അവര്‍ക്ക് നന്മ ചെയ്യുന്ന. അവരെന്നോട് മോശമായി പെരുമാറുന്നു. ഞാനവര്‍ക്കുവേണ്ടി ക്ഷമിക്കുന്നു. അവര്‍ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് നിന്റെ സ്ഥിതിയെങ്കില്‍ ചൂടുള്ള വെണ്ണീര്‍ നീ അവരെ തീറ്റിയതു പോലെയാണ്. ഈ നില നീ കൈക്കൊള്ളുമ്പോഴെല്ലാം അല്ലാഹുവിങ്കല്‍ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും. . (മുസ്ലിം)
 
20) അംറുബ്നു സഅ്ദ്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുന്നത് അദ്ദേഹം കേട്ടു. ഞാന്‍ നിങ്ങളോട് സത്യം ചെയ്തുപറയുന്ന മൂന്ന് കാര്യം നിങ്ങള്‍ ഹൃദിസ്ഥമാക്കിക്കൊള്ളുക. 1. ധര്‍മ്മം നിമിത്തം ധനം കുറയുകയില്ല. 2. മര്‍ദ്ദനത്തിന്റെ പേരില്‍ ക്ഷമ പാലിച്ച മര്‍ദ്ദിതന് അല്ലാഹു ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കുന്നതാണ്. 3. യാചനയുടെ കവാടം ആര്‍ തുറന്നാലും അല്ലാഹു അവന് ദാരിദ്യ്രത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. ഇതേ ആശയം ഉള്‍ക്കൊള്ളുന്ന വാക്കുകളാണ് പ്രവാചകന്‍ പറഞ്ഞത്. അതിനും പുറമെ ഞാന്‍ നിങ്ങളോട് പറയുന്ന പ്രസ്താവനയും നിങ്ങള്‍ ഹൃദിസ്ഥമാക്കുക. നിശ്ചയം, ഇഹലോകം നാലുതരം ആളുകള്‍ക്കാണ്. 1. അല്ലാഹു സമ്പത്തും വിജ്ഞാനവും പ്രദാനം ചെയ്തു. എന്നിട്ട് തന്റെ നാഥന്റെ വിധിവിലക്കുകള്‍ കൈകൊണ്ട്, ചാര്‍ച്ചയെ ചേര്‍ത്തു: അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞുപ്രവര്‍ത്തിച്ചു: ഇങ്ങനെയുള്ളവന്‍ ഉത്തമ പദവിയിലാണ്. 2. അല്ലാഹു ജ്ഞാനം നല്കി. ധനം അവന് നല്‍കിയതുമില്ല. എന്നാല്‍, ഉദ്ദേശ ശുദ്ധിയുള്ളവനായിരുന്നു അവന്‍. തന്നിമിത്തം അവന്‍ പറഞ്ഞു. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെപ്പോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ സദുദ്ദേശം നിമിത്തം അവരിരുവര്‍ക്കും ലഭിക്കുന്ന പ്രതിഫലം സമമത്രെ. 3. അല്ലാഹു ധനം നല്കിയവന്‍. ജ്ഞാനം അവന് നല്‍കിയതുമില്ല. അജ്ഞതയോടെ തനിക്കു ലഭിച്ച ധനത്തില്‍ അവന്‍ കൈകാര്യം ചെയ്തു. തന്റെ നാഥനെ അവന്‍ സൂക്ഷിച്ചില്ല. കുടുംബബന്ധം സംഘടിപ്പിച്ചതുമില്ല. അല്ലാഹുവിനോടുള്ള ബാധ്യത അവന്‍ അറിഞ്ഞു പ്രവര്‍ത്തിച്ചതുമില്ല. ഇവനോ ഏറ്റവും താഴ്ന്ന പടിയിലത്രെ. 4. അല്ലാഹു ജ്ഞാനവും ധനവും നല്‍കാത്തവന്‍. എനിക്ക് ധനം ലഭിച്ചിരുന്നെങ്കില്‍ ഇന്നവനെ പ്പോലെ തെറ്റ് ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. തന്റെ ദുരുദ്ദേശം കാരണം അവരിരുവരുടെയും പാപം സമമത്രെ. (തിര്‍മിദി)