കുടുംബബന്ധം സംരക്ഷിക്കുക , ഹദീസുകള്‍

38) ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിന്റെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാല്‍ അതവനു ഒരു ദാനധര്‍മ്മമാണ്. (ബുഖാരി. 1. 2. 52)
 
2) ജുബൈര്‍(റ) നിവേദനം: നബി(സ)അരുളി: കുടുംബബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. 8. 73. 13)
 
3) അബൂഹുറൈറ(റ) പറയുന്നു: നബി(സ)അരുളി: വല്ലവനും തന്റെ ആഹാരത്തില്‍ വിശാലത ലഭിക്കുവാനും തന്റെ അവധി പിന്തിപ്പിച്ചുകിട്ടുവാനും (ദീര്‍ഘായുസ്സ് ലഭിക്കുവാനും)ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ കുടുംബബന്ധം പുലര്‍ത്തട്ടെ. (ബുഖാരി. 8. 73. 14)
 
4) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും. (ബുഖാരി. 8. 73. 17)
 
6) അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: ഇങ്ങോട്ട് ചെയ്ത ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. പിന്നെയോ മുറിഞ്ഞുപോയ ബന്ധം പുനസ്ഥാപിക്കുന്നവനാണ്. (ബുഖാരി. 8. 73. 20)
 
10) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് പറഞ്ഞു: പ്രിയ മകനേ! കുടുംബക്കാരുടെ അടുത്ത് നീ ചെല്ലുമ്പോള്‍ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാര്‍ക്കും അഭിവൃദ്ധിക്ക് കാരണമാണത്. (തിര്‍മിദി)
 
29) അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചിരിക്കുന്നു: ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ ചെലവഴിക്കും. ഒരു ദീനാര്‍ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാര്‍ ദരിദ്രന് ധര്‍മ്മമായും ചെലവഴിക്കും. ഒരു ദീനാര്‍ നിന്റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാല്‍ അവയില്‍ കൂടുതല്‍ പ്രതിഫലമുള്ളത് സ്വന്തം കുടുംബത്തിനുവേണ്ടിചെലവഴിച്ചതിനാണ്. (മുസ്ലിം)
 
11) മാലിക്കുബ്ന്‍ റബീഅത്തി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകസന്നിധിയില്‍ ഞങ്ങള്‍ ഇരിക്കുമ്പോള്‍ ബനൂസലമത്തില്‍ പെട്ട ഒരാള്‍ വന്ന് പറഞ്ഞു. പ്രവാചകരെ! മാതാപിതാക്കള്‍ മരണപ്പെട്ടതിന് ശേഷം അവര്‍ക്ക് ചെയ്യേണ്ട വല്ല നന്മയും എന്റെ മേല്‍ അവശേഷിക്കുന്നുണ്ടോ? അതെ എന്ന് തിരുദൂതര്‍ മറുപടി നല്‍കി. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവരുടെ പാപമോചനത്തിനു വേണ്ടി ദുആ ഇരക്കുകയും, അവരുടെ വാഗ്ദത്തങ്ങള്‍ നിറവേറ്റുകയും അവര്‍ രണ്ടു പേരുടെയും കുടുംബങ്ങളെ സംഘടിപ്പിക്കുകയും അവരുടെ സ്നേഹിതന്മാരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണത്. (അബൂദാവൂദ്)
 
6) സല്‍മാനുബ്നു ആമിര്‍(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളില്‍ നിന്നാരെങ്കിലും നോമ്പു തുറക്കുമ്പോള്‍ കാരക്കകൊണ്ട് അവന്‍ നോമ്പ് മുറിച്ചുകൊള്ളട്ടെ. അതില്‍ ബര്‍ക്കത്തുണ്ട്. ഇനി കാരക്ക അവനു ലഭിച്ചില്ലെങ്കില്‍ വെള്ളം കൊണ്ട്. അതവന്റെ ബാഹ്യവും ആന്തരികവുമായ അഴുക്കുകളെ നീക്കം ചെയ്യുന്നതാണ്. നബി(സ) വീണ്ടും പ്രഖ്യാപിച്ചു. ദരിദ്രന് ധര്‍മ്മം ചെയ്യുന്നതു കൊണ്ട് ധര്‍മ്മത്തിന്റെ കൂലി മാത്രം ലഭിക്കും. എന്നാല്‍, കുടുംബത്തില്‍ ചെലവഴിക്കുന്നതുകൊണ്ട് ധര്‍മ്മം ചെയ്തതിന്റെയും കുടുംബന്ധം ചേര്‍ത്തതിന്റെയും രണ്ടു പ്രതിഫലമാണ് ലഭിക്കുക. (തിര്‍മിദി)
 
3) അബൂഉമാമത്ത്(റ) വില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറഞ്ഞു. ഹേ മനുഷ്യാ! മിച്ചമുള്ള ധനം ധര്‍മ്മം ചെയ്യുന്നതാണ് നിനക്കുത്തമം. അത് സൂക്ഷിച്ചു സംഭരിച്ചുവെക്കല്‍ നിനക്ക് അനര്‍ത്ഥവുമാണ്. കഷ്ടിച്ച് ജീവിക്കാനുള്ള ധനം ആക്ഷേപാര്‍ഹമല്ല. ആശ്രിതരായ കുടുംബക്കാര്‍ക്ക് കൊടുത്തുകൊണ്ടാണ് നീ ധര്‍മ്മം തുടങ്ങേണ്ടത്. (മിച്ചം വരുന്നത് മറ്റുള്ളവര്‍ക്കും) (തിര്‍മിദി)