കഴിയുന്നതേ കല്പിക്കു , ഹദീസുകള്‍

39) ഇബ്നുഉമര്‍(റ) നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ പള്ളിയില്‍ ഉറങ്ങുന്നതുവരെ ഇശാ നമസ്കാരം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് നബി(സ) ജോലിയിലായി. പിന്നെ ഞങ്ങള്‍ ഉണര്‍ന്നു. വീണ്ടും ഞങ്ങള്‍ ഉറങ്ങി. വീണ്ടും ഉണര്‍ന്നു. ശേഷം നബി(സ) നമസ്കരിക്കുവാന്‍ വന്നു. ശേഷം അവിടുന്ന് അരുളി. നിങ്ങളല്ലാതെ ആരും ഈ നമസ്കാരത്തെ പ്രതീക്ഷിക്കുന്നില്ല. ഇശാ നമസ്കാരത്തെ പിന്തിപ്പിക്കുന്നതിനെയും മുന്തിപ്പിക്കുന്നതിനെയും ഇബ്നുഉമര്‍(റ) പ്രശ്നമാക്കാറില്ല. ഉറക്കം സമയത്തെ തെറ്റിക്കുമോ എന്ന ഭയം ഇല്ലെങ്കില്‍ ഇശാക്ക് മുമ്പ് അദ്ദേഹം ഉറങ്ങാറുണ്ട്. ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്കാരം പിന്തിപ്പിച്ചു. ജനങ്ങള്‍ ഉറങ്ങുകയും ശേഷം ഉണരുകയും ചെയ്യുന്നതുവരെ. അപ്പോള്‍ ഉമര്‍(റ) എഴുന്നേറ്റ്നിന്ന് വിളിച്ചു പറഞ്ഞു. നമസ്കാരം! ഉടനെ നബി(സ) പുറത്തുവന്നു. ഇബ്നുഅബ്ബാസ്(റ) പറയുന്നു. നബി(സ) പുറത്തുവന്നപ്പോള്‍ ഞാനിപ്പോഴും ആ കാഴ്ച എന്റെ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു. അവിടുത്തെ തലയില്‍ നിന്നു വെള്ളം ഇറ്റിക്കൊണ്ടിരിക്കുന്നുണ്ട്. തിരുമേനി(സ)യുടെ കൈ തലയുടെ മുകളില്‍ വെച്ചിരിക്കുന്നു. എന്നിട്ട് അവിടുന്ന് അരുളി: എന്റെ അനുയായികള്‍ക്ക് വിഷമം നേരിടുമെന്ന ഭയം ഇല്ലായിരുന്നുവെങ്കില്‍ ഈ സമയത്ത് നമസ്കരിക്കുവാന്‍ കല്പിക്കുമായിരുന്നു. (ബുഖാരി. 1. 10. 545)