കഅബ , ഹദീസുകള്‍

28) അബൂശിഹാബ്(റ) പറഞ്ഞു: ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടികൊണ്ട് മക്കയില്‍ പ്രവേശിച്ചു. തല്‍ബിയ്യത്തു ദിവസത്തിന്റെ(ദുല്‍ഹജ്ജ്:8) മൂന്ന് ദിവസം മുമ്പ് തന്നെ മക്കയില്‍ ഞങ്ങള്‍ പ്രവേശിച്ചു. അപ്പോള്‍ മക്കയിലെ ചില മനുഷ്യന്മാര്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ ഹജ്ജ് മക്കിയ്യായ ഹജ്ജ് പോലെയാണ് (പ്രതിഫലം കുറഞ്ഞതാണ്) ഉടനെ ഞാന്‍ അത്വാഅ്(റ)ന്റെ അടുത്തു പ്രവേശിച്ചു. ഈ പ്രശ്നത്തില്‍ മതവിധി ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നോട് ജാബിര്‍(റ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നബി(സ) ഒട്ടകങ്ങളെ ബലിയടയാളം കെട്ടികൊണ്ടുവന്ന നാളുകളില്‍ അദ്ദേഹം നബി(സ) യോടൊപ്പം ഹജ്ജ് ചെയ്തു. അനുചരന്മാര്‍ ഹജ്ജിന്നു മാത്രമായിട്ടാണ് ഇഹ്റാം കെട്ടിയിരുന്നത്. നബി(സ) പറഞ്ഞു: സഫാ-മര്‍വക്കിടയിലെ നടത്തവും കഅബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുവീന്‍. നിങ്ങള്‍ മുടി വെട്ടുവീന്‍. ദുല്‍ഹജ്ജ് എട്ടുവരേക്കും ഇഹ്റാമില്‍ നിന്ന് മുക്തരായിക്കൊണ്ട് ജീവിച്ചുകൊളളുക. വീണ്ടും തര്‍ബിയ്യത്തു ദിവസമായാല്‍ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തു ആക്കുക. ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? നബി(സ) അരുളി: ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കുക. ബലി മൃഗങ്ങളെ കൊണ്ടു വന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോള്‍ നബി(സ) കല്‍പ്പിച്ചതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 2. 26. 639)
 
95) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതില്‍ നിങ്ങള്‍ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാല്‍ നമസ്ക്കാരം പോലെയാകുന്നു; അതില്‍ സംസാരിക്കുന്നതാരോ, അയാള്‍ നല്ലതല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കട്ടെ. (തിര്‍മിദി)
 
35) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഒരു സൈന്യം കഅബയെ ആക്രമിക്കും. അവര്‍ ബൈദാഅ് എന്ന സ്ഥലത്തെത്തിയാല്‍ ആ സമൂഹം ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ആയിശ(റ) പറഞ്ഞു. പ്രവാചകരേ! സമൂഹം ആദ്യം മുതല്‍ അവസാനം വരെ (ഒന്നടങ്കം)എങ്ങിനെയാണ് ഭൂമിയിലാണ്ടു പോകുക? അവരില്‍ കച്ചവടക്കാരും നിരപരാധികളും എല്ലാമുണ്ടാവില്ലേ? നബി(സ) ആവര്‍ത്തിച്ചു. അതെ അവര്‍ ഒന്നടങ്കം ഭൂമിയിലാണ്ടു പോകും. ശേഷം അവരുടെ ഉദ്ദേശമനുസരിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും. (ബുഖാരി. 3. 34. 329)