ജുമുഅ, ഹദീസുകള്‍

175) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: തീര്‍ച്ചയായും സ്ഥലം വിടുന്നതുവരെ ജുമുഅക്കു ശേഷം നബി(സ) സുന്നത്ത് നമസ്കരിക്കാറില്ല. സ്ഥലം വിട്ടതിനുശേഷം വീട്ടില്‍ വെച്ച് രണ്ട് റക്അത്ത് നമസ്കരിക്കാറുണ്ട്. (മുസ്ലിം)
 
2) ഇബ്നുഉമര്‍(റ) നിവേദനം: നിങ്ങളില്‍ വല്ലവനും ജുമുഅക്ക് വന്നാല്‍ അവന്‍ കുളിക്കണം. (ബുഖാരി. 2. 13. 2)
 
5) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട് ജുമുഅഃക്ക് പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ ജുമുഅക്ക് പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന് തുല്യനാണ്. അങ്ങനെ ഇമാമ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും. (ബുഖാരി. 2. 13. 6)
 
6) സല്‍മാനുല്‍ ഫാരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യന്‍ വെള്ളിയാഴ്ച ദിവസം കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്റെ പക്കലുള്ള എണ്ണയില്‍ നിന്ന് അല്പമെടുത്ത് മുടിയില്‍ പൂശി അല്ലെങ്കില്‍ തന്റെ വീട്ടിലെ സുഗന്ധദ്രവ്യം അല്‍പമെടുത്ത് ശരീരത്തില്‍ ഉപയോഗിച്ചു. എന്നിട്ട് അവന്‍ ജുമുഅക്ക് പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട് അവരുടെ നടുവില്‍ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട് അവനോട് നമസ്കരിക്കുവാന്‍ കല്പിച്ചത് അവന്‍ നമസ്കരിച്ചു. അനന്തരം ഇമാം സംസാരിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ നിശബ്ദനായിരുന്നു. എന്നാല്‍ ആ ജുമുഅ: മുതല്‍ അടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങള്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി. 2. 13. 8)
 
14) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ)യുടെ പള്ളിയില്‍ സംഘടിപ്പിച്ച ജുമുഅ: ക്ക് ശേഷം ആദ്യമായി സംഘടിപ്പിക്കപ്പെട്ട ജുമുഅ: അബ്ദുല്‍ഖൈസിന്റെ ബഹ്റൈനിലെ ഹുവാസി ഗ്രാമത്തിലെ പള്ളിയിലാണ്. (ബുഖാരി. 2. 13. 17)
 
18) ആയിശ(റ) നിവേദനം: ആളുകള്‍ അകലെയുള്ള അവരുടെ ഗൃഹങ്ങളില്‍ നിന്നും മേലെ മദീനാ പ്രദേശങ്ങളില്‍നിന്നും ഊഴമിട്ടാണ് ജുമുഅ: ക്ക് വരാറുണ്ടായിരുന്നത്. പൊടിയില്‍ ചവിട്ടികൊണ്ടാണവര്‍ വരിക. അപ്പോള്‍ അവരുടെ ശരീരത്തിലും വസ്ത്രത്തിലും പൊടിപാറിപറ്റും. അതോടൊപ്പം വിയര്‍പ്പും. എന്നിട്ട് ദുര്‍ഗന്ധമുള്ള വിയര്‍പ്പാണ് അവരില്‍ നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കുക. ഒരിക്കല്‍ ഒരു മനുഷ്യന്‍ അവരില്‍ നിന്ന് തിരുമേനി(സ)യുടെ അടുക്കല്‍ വന്നു. അവിടുന്നു എന്റെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: നിങ്ങള്‍ ഈ ദിവസം ദേഹവും വസ്ത്രവും ശുചീകരിച്ചാല്‍ നന്നായിരുന്നു. (ബുഖാരി. 2. 13. 25)
 
19) ആയിശ(റ) നിവേദനം: ആളുകള്‍ തങ്ങളുടെ ജോലികള്‍ സ്വയം നിര്‍വ്വഹിക്കുകയായിരുന്നു തിരുമേനി(സ)യുടെ കാലത്തു പതിവ്. അവര്‍ ജുമുഅ: ക്ക് പോകുന്നതും അതേ നിലക്കുതന്നെയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അവരെ ഉപദേശിച്ചു. നിങ്ങള്‍ കുളിച്ചു വന്നെങ്കില്‍ നന്നായിരുന്നു. (ബുഖാരി. 2. 13. 26)
 
20) അനസ്(റ) നിവേദനം: സൂര്യന്‍ ആകാശ മദ്ധ്യത്തില്‍നിന്നും തെറ്റുന്ന സന്ദര്‍ഭത്തിലാണ് തിരുമേനി(സ) ജുമുഅ: നമസ്കരിക്കാറുണ്ടായിരുന്നത്. (ബുഖാരി. 2. 13. 27)
 
22) അനസ്(റ) നിവേദനം: ശൈത്യം കഠിനമായാല്‍ തിരുമേനി(സ) നേരത്തെത്തന്നെ നമസ്കരിക്കുകയാണ് പതിവ്. ഉഷ്ണം കഠിനമായാലോ, ഉഷ്ണം ശമിക്കുന്ന ഘട്ടം വരേക്കും നമസ്കാരം പിന്തിപ്പിക്കുകയും ചെയ്തിരുന്നു. ജുമുഅ: നമസ്കാരത്തെ ഉദ്ദേശിച്ചുകൊണ്ടാണ് അനസ്(റ) ഇതു പറയുന്നത്. (ബുഖാരി. 2. 13. 29)
 
41) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) ളുഹ്റിനു മുമ്പ് രണ്ട് റക്ക്അത്തും ളുഹ്റിനു ശേഷം രണ്ടു റക്ക്അത്തും സുന്നത്തു നമസ്കരിക്കാറുണ്ടായിരുന്നു. മഗ്രിബിനു ശേഷം തന്റെ വീട്ടില്‍വെച്ച് തിരുമേനി(സ) രണ്ടു റക്ക്അത്തു സുന്നത്ത് നമസ്കരിക്കാറുണ്ട്. ഇശാക്ക് ശേഷം രണ്ടു റക്ക്അത്തും ജുമുഅ: ക്ക് ശേഷം പള്ളിയില്‍ നിന്ന് പിരിഞ്ഞ് വീട്ടില്‍ വന്നാല്‍ തിരുമേനി(സ) രണ്ടു റക്അത്തു നമസ്കരിക്കും. (ബുഖാരി. 2. 13. 59)
 
42) സഹ്ല്(റ) നിവേദനം: ജുമുഅ:ക്ക് ശേഷമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 2. 13. 61)
 
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) ജുമുഅ:യുടെ ദിവസം സുബ്ഹി നമസ്കാരത്തില്‍ സുറത്തു സജദ:യും സൂറത്തും ദഹ്റും ഓതാറുണ്ട്. (ബുഖാരി. 2. 19. 174)
 
8) ഉമര്‍(റ) നിവേദനം: അദ്ദേഹം ഒരു വെള്ളിയാഴ്ച ദിവസം മിമ്പറില്‍ വെച്ച സൂറത്തു നഹ്ല് ഓതുകയും സുജൂദിന്റെ സ്ഥലത്ത് എത്തിയപ്പോള്‍ മിമ്പറില്‍ നിന്ന് താഴേക്ക് ഇറങ്ങി സുജൂദ് ചെയ്തു. ജനങ്ങളും സുജൂദ് ചെയ്തു. അടുത്ത് ജുമുഅ: യിലും അത് ഓതുകയും സുജൂദിന്റെ സ്ഥാനത്ത് എത്തിയപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു. അല്ലയോ ജനങ്ങളേ, സുജൂദിന്റെ ആയത്തിലൂടെ നാം കടന്നുപോകും. അപ്പോള്‍ വല്ലവനും സുജൂദ് ചെയ്താല്‍ സുന്നത്തു അവന്ന് ലഭിച്ചു. സുജൂദ് ചെയ്യാത്ത പക്ഷം അവന്റെ മേല്‍ തെറ്റില്ല. അങ്ങനെ ഉമര്‍(റ) സുജൂദ് ചെയ്തില്ല. ഇബ്നുഉമര്‍(റ)ന്റെ നിവേദനത്തില്‍ പറയുന്നു: ഈ സുജൂദ് അല്ലാഹു നിര്‍ബ്ബന്ധമാക്കിയിട്ടില്ല. നാം ഉദ്ദേശിച്ചാല്‍ സുജൂദ് ചെയ്യാം. (ബുഖാരി. 2. 19. 183)
 
46) അബൂഹുറയ്റ(റ)യില്‍ നിന്നും ഇബ്നുഉമറി(റ)ല്‍നിന്നും നിവേദനം: മിമ്പറിന്റെ പടികളില്‍നിന്നുകൊണ്ട് നബി(സ) പറയുന്നത് അവരിരുവരും കേട്ടു: ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവര്‍ ആ വൃത്തിയില്‍ നിന്ന് വിരമിച്ചുകൊള്ളട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെച്ചുകളയും. പിന്നീട് അശ്രദ്ധരുടെ കൂട്ടത്തിലാണ് അവരകപ്പെടുക. (മുസ്ലിം)
 
48) അബൂബുര്‍ദത്തി(റ)ല്‍ നിന്ന് നിവേദനം: അബ്ദുല്ലാഹിബ്നുഉമര്‍(റ) ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: നിന്റെ പിതാവ് ജുമുഅയിലെ സവിശേഷ സമയത്തെ സംബന്ധിച്ച് റസൂല്‍(സ) യില്‍ നിന്ന് വല്ലതും ഉദ്ധരിക്കുന്നതായിട്ട് നീ കേട്ടിട്ടുണ്ടോ? ഞാന്‍ പറഞ്ഞു: അതെ, ഇമാം മിമ്പറില്‍ ഇരുന്നതു മുതല്‍ നമസ്കാരം നിര്‍വ്വഹിക്കപ്പെടുന്നതുവരെയാണ് ആ പ്രത്യേക സമയമെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (മുസ്ലിം)
 
10) അബൂഹുറൈറ(റ)ല്‍ നിന്ന്്: റസൂല്‍(സ) പറഞ്ഞു: ഒരാള്‍ ക്രമപ്രകാരം വുളുചെയ്തു. എന്നിട്ടവര്‍ ജുമുഅ നമസ്കരിക്കാന്‍ (പള്ളിയില്‍) പോയി. ഖുത്തുബ ശ്രദ്ധാപൂര്‍വ്വം കേട്ടു. എങ്കില്‍ അതിന് മുമ്പത്തെ ജുമുഅവരേയും കൂടുതല്‍ മൂന്ന് ദിവസവും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അവിടെ ആരെങ്കിലും കല്ലുവാരിക്കളിച്ചാല്‍ അവന്റെ പ്രവൃത്തി വിഫലമായി. (മുസ്ലിം)
 
11) അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) പറഞ്ഞു: വന്‍പാപങ്ങളില്‍ നിന്ന് അകന്നുനിന്നാല്‍ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാന്‍ അടുത്ത റംസാന്‍ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)
 
43) അബുല്‍ജഅദ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: മൂന്നു ജുമുഅ: നിസ്സാരമാക്കിക്കൊണ്ട് ഉപേക്ഷിക്കുന്നവന്റെ ഹൃദയത്തില്‍ അല്ലാഹു ഒരു മുദ്രവെയ്ക്കുന്നു. (അബൂദാവൂദ്)
 
49) ഔസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങളുടെ ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളില്‍പ്പെട്ടതാണ് ജുമുഅ ദിവസം. അതുകൊണ്ട് അന്നേദിവസം നിങ്ങള്‍ എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്റെ അടുക്കല്‍ വെളിവാക്കപ്പെടും. (അബൂദാവൂദ്)
 
44) പ്രവാചകനെ പ്രമാണമാക്കി ഇബ്നുഅബ്ബാസ്(റ) നിവേദനം ചെയ്തു; അവിടന്നു വെള്ളിയാഴ്ചകളില്‍ അസ്സജ്ദ അദ്ധ്യായം 32 യും ഹല്‍ അത്താഅലല്‍ ഇന്‍സാനി അദ്ധ്യായം 76 ഉം പ്രഭാത നമസ്കാരത്തിലും, അല്‍ജുമുഅ അദ്ധ്യായം 62 ഉം അല്‍മുനാഫിഖൂനും അദ്ധ്യായം 63 ജൂമുഅനമസ്കാരത്തിലും ഓതുക പതിവായിരുന്നു. (അഹ്മദ്)