ഹജ്ജ്‌ , ഹദീസുകള്‍

1) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: ഇസ്ലാം (ആകുന്ന സൌധം) അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. (അവ) അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ. (ബുഖാരി. 1. 2. 7)
 
15) അബൂഹുറൈറ(റ) നിവേദനം: ഏത് കര്‍മ്മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ) യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കല്‍. അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ) ഉത്തരം നല്‍കി. സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വ്വഹിച്ച ഹജ്ജ്. (ബുഖാരി. 1. 2. 25)
 
52) ഇബ്നുഉമര്‍(റ) നിവേദനം: ഹജ്ജില്‍ പ്രവേശിച്ചവന്‍ എന്തു വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ഒരാള്‍ നബി(സ) യോട് ചോദിച്ചു. അവിടുന്ന് അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, വര്‍സോ അല്ലെങ്കില്‍ കുങ്കുമമോപൂശിയ വസ്ത്രം ഇവയൊന്നും ധരിക്കരുത്. അവന്നു ചെരിപ്പില്ലെങ്കില്‍ ബൂട്ട്സ് ധരിച്ചുകൊള്ളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍ മുറിച്ചുകളയട്ടെ. (ബുഖാരി. 1. 3. 136)
 
81) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജ് ചെയ്യുമ്പോള്‍ ഒരാള്‍ ഞാന്‍ എറിയുന്നതിനു മുമ്പായി അറുത്തു. (അതിന് കുറ്റമുണ്ടോ) എന്ന് ചോദിച്ചു, തിരുമേനി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. മറ്റൊരാള്‍ അറുക്കുന്നതിനുമുമ്പായി മുടി കളഞ്ഞു എന്നു പറഞ്ഞു. അപ്പോഴും നബി(സ) കൈകൊണ്ട് ആംഗ്യം മുഖേന കുറ്റമില്ല എന്നു പറഞ്ഞു. (ബുഖാരി. 1. 3. 84)
 
117) ഇബ്നുഉമര്‍(റ) നിവേദനം: ഹജ്ജില്‍ പ്രവേശിച്ചവന്‍ എന്തു വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ഒരാള്‍ നബി(സ) യോട് ചോദിച്ചു. അവിടുന്ന് അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, വര്‍സോ അല്ലെങ്കില്‍ കുങ്കുമമോപൂശിയ വസ്ത്രം ഇവയൊന്നും ധരിക്കരുത്. അവന്നു ചെരിപ്പില്ലെങ്കില്‍ ബൂട്ട്സ് ധരിച്ചുകൊള്ളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍ മുറിച്ചുകളയട്ടെ. (ബുഖാരി. 1. 3. 136)
 
20) ആയിശ(റ) നിവേദനം : ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി(സ) യോടൊപ്പം ഞാന്‍ ഇഹ്റാം കെട്ടി. ബലിമൃഗങ്ങളെ കൊണ്ടുപോകാത്തവരുടെയും ഹജ്ജിനു മുമ്പ് ഉംറക്കുവേണ്ടി മാത്രം ഇഹ്റാം കെട്ടിയവരുടെയും വിഭാഗത്തിലായിരുന്നു ഞാന്‍. അവര്‍ പറയുന്നു. അവര്‍ക്ക് ആര്‍ത്തവമാരംഭിച്ചു. അറഫ രാത്രി വന്നെത്തും വരേക്കും ശുദ്ധിയായില്ല. അപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ! ഇത് അറഫാ ദിനത്തിന്റെ രാത്രിയാണ്. ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടിയവളാണ്. തിരുമേനി(സ) അവരോട് പറഞ്ഞു. നീ നിന്റെ മുടിയുടെ കെട്ടഴിക്കുക. മുടി വാര്‍ന്നു കൊള്ളുക. ഉംറയുടെ നടപടികള്‍ നിറുത്തിവെക്കുക. ആയിശ പറയുന്നു. ഞാന്‍ അങ്ങനെ ചെയ്തു. ഹജ്ജില്‍ പ്രവേശിച്ചു. അതു നിര്‍വ്വഹിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുമ്പ് പ്രവേശിച്ചു കഴിഞ്ഞിരുന്ന ഉംറക്ക് പകരം തന്‍ഈമില്‍ നിന്ന് എന്നെ ഉംറക്ക് ഇഹ്റാം കെട്ടിച്ചുകൊണ്ടുവരാന്‍ അബ്ദുറഹ്മാനോട് ഹസ്ബായുടെ രാവില്‍ തിരുമേനി നിര്‍ദ്ദേശിച്ചു. (ബുഖാരി.1. 6. 313)
 
21) ആയിശ(റ) നിവേദനം : ദുല്‍ഹജ്ജ് മാസപ്പിറവി കണ്ട ഉടനെ ഞങ്ങള്‍ (ഹജ്ജിന്ന്) പുറപ്പെട്ടു. തിരുമേനി(സ) അരുളി: ഉംറക്ക് മാത്രം ഇഹ്റാം കെട്ടാന്‍ ഉദ്ദേശിക്കുന്നവര്‍ അങ്ങനെ ചെയ്തുകൊള്ളുക. ബലിമൃഗങ്ങളെ കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഞാനും ഉംറക്കു മാത്രെ ഇഹ്റാം കെട്ടുമായിരുന്നുള്ളു. അങ്ങനെ ഞങ്ങളില്‍ ചലര്‍ ഉംറക്ക് മാത്രമായും ചിലര്‍ ഹജ്ജിനുമാത്രമായും ഇഹ്റാം കെട്ടി. ഞാന്‍ ഉംറക്ക് മാത്രമായി ഇഹ്റാം കെട്ടിയവരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ ഞാന്‍ ഋതുമതിയായിരിക്കെ അറഫാ: ദിവസം ആഗതമായി. ഞാന്‍ നബി(സ) യോട് ആവലാതിപ്പെട്ടു. അവിടുന്നു അരുളി : നീ ഉംറ: ഉപേക്ഷിക്കുക. മുടി കെട്ടഴിച്ച് വാര്‍ന്നുകൊള്ളുക. ഹജ്ജിന് ഇഹ്റാം കെട്ടുക. ഞാനത് അനുഷ്ഠിച്ചു. ഹസ്ബായുടെ രാത്രിയില്‍ എന്റെ സഹോദരന്‍ അബ്ദുറഹ്മാനെ എന്റെ കൂടെ തന്‍ഈമിലേക്ക് അയച്ചു. അങ്ങനെ ഞാന്‍ ഉംറക്ക് പകരം വീണ്ടും ഉംറക്ക് വേണ്ടി ഇഹ്റാം കെട്ടി. ഹിശ്ശാമ് പറയുന്നു. അതിലൊന്നും ബലി കഴിക്കുകയോ നോമ്പു നോല്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്യേണ്ടിവന്നില്ല. (ബുഖാരി. 1. 6. 314)
 
27) ആയിശ(റ) നിവേദനം: അവര്‍ (ഹജ്ജ് സന്ദര്‍ഭത്തില്‍) തിരുമേനി(സ) യോട് പറഞ്ഞു. സഫിയ്യക്ക് ആര്‍ത്തവം ആരംഭിച്ചിരിക്കുന്നു. നബി(സ) അരുളി. അവള്‍ നമ്മുടെ യാത്ര തടഞ്ഞേക്കാം. അവര്‍ നിങ്ങളോടൊപ്പം ഇഫാളത്തിന്റെ ത്വവാഫ് ചെയ്തില്ലേ എന്ന് തിരുമേനി(സ) ചോദിച്ചു. അതെ, എന്നവര്‍ ഉത്തരം നല്‍കി. എന്നാല്‍ യാത്ര പുറപ്പെട്ടുകൊള്‍കയെന്ന് തിരുമേനി(സ) അരുളി. (ബുഖാരി. 1. 6. 325)
 
17) ഇബ്നു അബ്ബാസ്(റ) നിവേദനം: ഹജ്ജ് വേളയില്‍ അറഫായില്‍ നബി(സ)യുടെ കൂടെ നില്‍ക്കുകയായിരുന്ന ഒരാള്‍ തന്റെ വാഹനത്തില്‍ നിന്നും വീണു കഴുത്തൊടിഞ്ഞു മരിച്ചു. നബി(സ) അരുളി: അദ്ദേഹത്തെ വെള്ളം കൊണ്ടും എലന്തമരത്തിന്റെ ഇലകൊണ്ടും കുളിപ്പിക്കുവീന്‍. രണ്ട് വസ്ത്രത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ കഫന്‍ ചെയ്യുവീന്‍. സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ തല മറക്കുകയോ ചെയ്യരുത്. നിശ്ചയം പുനരുത്ഥാന ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം തല്‍ബിയത്തു ചൊല്ലുന്നുണ്ടായിരിക്കും. (ബുഖാരി. 2. 23. 356)
 
4) അബ്ദുല്ല(റ) നിവേദനം: അനസ്(റ) ഒരു ഒട്ടകത്തിന്റെ പുറത്ത് കയറി ഹജ്ജ് ചെയ്തു. അദ്ദേഹം ഒരു പിശുക്കനായിരുന്നില്ല. ശേഷം അദ്ദേഹം പറഞ്ഞു. നിശ്ചയം അല്ലാഹുവിന്റെ ദൂതന്‍ ഒട്ടകപ്പുറത്ത് കയറി ഹജ്ജ് ചെയ്തിരുന്നു. അതു അവിടുത്തെ ഭാരം ചുമക്കുന്ന വാഹനമായിരുന്നു. (ബുഖാരി. 2. 26. 592)
 
6) അബൂഹുറൈറ(റ) നിവേദനം: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: അല്ലാഹുവിലും ദൂതനിലും വിശ്വസിക്കല്‍. ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യല്‍ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: പുണ്യകരമായ ഹജ്ജ്. (ബുഖാരി. 2. 26. 594)
 
7) ആയിശ(റ) നിവേദനം: പ്രവാചകരേ! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ യുദ്ധം ചെയ്യേണ്ടയോ? നബി(സ) അരുളി: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ യുദ്ധം പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി. 2. 26. 595)
 
23) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ വെച്ച് ളുഹ്ര്‍ നാല് റക്അതു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അതും നമസ്കരിച്ചു. പ്രഭാതം വരെ നബി(സ) അവിടെ താമസിച്ചു. ശേഷം വാഹനത്തില്‍ കയറി. ബൈദാഇലെത്തിയപ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. പിന്നെ നബി(സ) ഹജ്ജിനും ഉംറക്കും ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ജനങ്ങളും അവ രണ്ടിനും ഒന്നിച്ച് ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ഞങ്ങള്‍ മക്കയിലെത്തിയപ്പോള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കാന്‍ നബി(സ) ജനങ്ങളോട് കല്‍പ്പിച്ചു. അവര്‍(ഉംറ ചെയ്തു) ഇഹ്റാമില്‍ നിന്ന് വിരമിച്ച് തര്‍വിയ്യത്തിന്റെ ദിവസം (ദുല്‍ഹജ്ജ് 8) ആയപ്പോള്‍ ഹജ്ജിനു വേണ്ടി അവര്‍ ഇഹ്റാം കെട്ടി തല്‍ബ്ബിയ്യത്തു ചൊല്ലി. അനസ്(റ) പറഞ്ഞു: നബി(സ) കുറെ ഒട്ടകങ്ങളെ നിറുത്തിക്കൊണ്ട് അറുത്തു ബലി കഴിച്ചു. മദീനയില്‍ വെച്ച് നബി(സ) കറുപ്പ് നിറം കലര്‍ന്ന രണ്ട് വെള്ളച്ചെമ്മരിയാടുകളെയാണ് അറുത്തിരുന്നത്. (ബുഖാരി. 2. 26. 623)
 
28) അബൂശിഹാബ്(റ) പറഞ്ഞു: ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടികൊണ്ട് മക്കയില്‍ പ്രവേശിച്ചു. തല്‍ബിയ്യത്തു ദിവസത്തിന്റെ(ദുല്‍ഹജ്ജ്:8) മൂന്ന് ദിവസം മുമ്പ് തന്നെ മക്കയില്‍ ഞങ്ങള്‍ പ്രവേശിച്ചു. അപ്പോള്‍ മക്കയിലെ ചില മനുഷ്യന്മാര്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ ഹജ്ജ് മക്കിയ്യായ ഹജ്ജ് പോലെയാണ് (പ്രതിഫലം കുറഞ്ഞതാണ്) ഉടനെ ഞാന്‍ അത്വാഅ്(റ)ന്റെ അടുത്തു പ്രവേശിച്ചു. ഈ പ്രശ്നത്തില്‍ മതവിധി ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നോട് ജാബിര്‍(റ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നബി(സ) ഒട്ടകങ്ങളെ ബലിയടയാളം കെട്ടികൊണ്ടുവന്ന നാളുകളില്‍ അദ്ദേഹം നബി(സ) യോടൊപ്പം ഹജ്ജ് ചെയ്തു. അനുചരന്മാര്‍ ഹജ്ജിന്നു മാത്രമായിട്ടാണ് ഇഹ്റാം കെട്ടിയിരുന്നത്. നബി(സ) പറഞ്ഞു: സഫാ-മര്‍വക്കിടയിലെ നടത്തവും കഅബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുവീന്‍. നിങ്ങള്‍ മുടി വെട്ടുവീന്‍. ദുല്‍ഹജ്ജ് എട്ടുവരേക്കും ഇഹ്റാമില്‍ നിന്ന് മുക്തരായിക്കൊണ്ട് ജീവിച്ചുകൊളളുക. വീണ്ടും തര്‍ബിയ്യത്തു ദിവസമായാല്‍ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തു ആക്കുക. ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? നബി(സ) അരുളി: ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കുക. ബലി മൃഗങ്ങളെ കൊണ്ടു വന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോള്‍ നബി(സ) കല്‍പ്പിച്ചതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 2. 26. 639)
 
35) ഉമര്‍ (റ) പറയുന്നു: അദ്ദേഹം ഹജ്ജ് വേളയില്‍ ഹജറുല്‍ അസ്വദിനടുത്തുവന്ന് അതിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു. നീ വെറും ഒരു കല്ല് മാത്രമാണ്. ആര്‍ക്കും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്ക് സാധ്യമല്ല. ആ യാഥാര്‍ത്ഥ്യം ഞാന്‍ ശരിക്കും അറിയുന്നു. പ്രവാചകന്‍ നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 667)
 
40) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മൂന്ന് പ്രാവശ്യം കാലുകള്‍ അടുപ്പിച്ച് ധൃതിയില്‍(റംല്)നടന്നു. നാല് പ്രാവശ്യം സാധാരണ നടത്തവും അവിടുന്നു നിര്‍വ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി. 2. 26. 674)
 
50) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഹജ്ജിനോ ഉംറക്കോ ത്വവാഫ് ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം വേഗത്തില്‍ നടക്കുകയും നാല് പ്രവാശ്യം നടക്കുകയും ചെയ്യും. ശേഷം രണ്ടു റക്അത്തു നമസ്കരിക്കും. പിന്നെ സ്വഫാ-മര്‍വക്കിടയില്‍ സഅ്യ് ചെയ്യും. ഇബ്നു ഉമര്‍(റ) നിവേദനം: അവര്‍ സ്വഫാ-മര്‍വക്കിടയിലൂടെ നടക്കുമ്പോള്‍ താഴ്വരയിലൂടെ നടക്കാറുണ്ട്. (ബുഖാരി. 2. 26. 685)
 
53) അബൂഹുറൈറ(റ) നിവേദനം: ഹജ്ജുത്തൂല്‍ വദാഇന്നു മുമ്പുളള വര്‍ഷത്തില്‍ അബൂബക്കര്‍(റ) നെ അമീറായി നിയമിച്ചുകൊണ്ടു ഒരു സംഘത്തെ നബി(സ) ഹജ്ജിന് നിയോഗിച്ചു. ബലികര്‍മ്മ ദിവസം മിനായില്‍ വെച്ച് ഇപ്രകാരം പ്രഖ്യാപിക്കാന്‍ അബൂബക്കര്‍(റ) ഒരു സംഘം ആളുകളോടൊപ്പം എന്നെ നിയോഗിച്ചു. അറിയുക! ഈ വര്‍ഷത്തിനു ശേഷം മുശ്രിക്കുകള്‍ ആരും തന്നെ ഹജ്ജ് ചെയ്യാന്‍ പാടില്ല. നഗ്നത മറക്കാതെ ത്വവാഫ് ചെയ്യാനും പാടില്ല. (ബുഖാരി. 2. 26. 689)
 
55) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജിന്നായി മക്കായില്‍ വന്നപ്പോള്‍ ത്വവാഫ് ചെയ്തു. സ്വഫാ-മര്‍വക്കിടയില്‍ നടന്നു. അതിനുശേഷം അറഫായില്‍ നിന്ന് മടങ്ങുന്നതുവരെ കഅ്ബ: യെ സമീപിച്ചില്ല. (ബുഖാരി. 2. 26. 691)
 
71) ജാബിര്‍(റ) നിവേദനം: നബി(സ) യും അനുചരന്മാരും ഹജ്ജിന്ന് ഇഹ്റാം കെട്ടി. അപ്പോള്‍ നബി(സ)യുടെയും ത്വല്‍ഹത്തിന്റെയും കൂടെ മാത്രമായിരുന്നു ബലിമൃഗം ഉണ്ടായിരുന്നത്. അലി(റ) ബലിമൃഗത്തെയുമായി യമനില്‍ നിന്നും വന്നു. അദ്ദേഹം പറഞ്ഞു: നബി(സ) ഇഹ്റാം കെട്ടിയതിന് ഞാനും ഇഹ്റാം കെട്ടിയിരിക്കുന്നു. അന്നേരം നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി(സ)യുടെ അനുചരന്മാര്‍ അന്യോന്യം പറഞ്ഞു: ഞങ്ങളുടെ ലിംഗത്തില്‍ നിന്ന് ബീജം ഉറ്റി വീഴുമ്പോള്‍ (ഭാര്യയുമായി സഹവസിച്ചു കഴിഞ്ഞു) ഞങ്ങള്‍ മിനായിലേക്ക് ഇഹ്റാം കെട്ടി പുറപ്പെടുകയോ? നബി(സ) ഇതറിഞ്ഞപ്പോള്‍ അരുളി: പിന്നീടുണ്ടായ അനുഭവം മുന്‍കൂട്ടി കാണുവാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഞാന്‍ ബലിമൃഗത്തെ അടയാളം കെട്ടിക്കൊണ്ടു വരികയില്ലായിരുന്നു. കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കില്‍ ഞാനും ഇഹ്റാമില്‍ നിന്നു വിരമിക്കുമായിരുന്നു. ആയിശ(റ)ക്ക് ആര്‍ത്തവം ഉണ്ടായി. അപ്പോള്‍ അവര്‍ ഹജ്ജിന്റെ എല്ലാകര്‍മ്മവും ആര്‍ത്തവകാരിയായികൊണ്ടു തന്നെ ചെയ്തു. കഅ്ബയെ ത്വവാഫ് ചെയ്യല്‍ ഒഴികെ. ശുദ്ധിയായാപ്പോള്‍ ത്വവാഫും ചെയ്തു. (ബുഖാരി. 2. 26. 713)
 
80) ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ) തന്റെ ഹജ്ജില്‍ തലമുടി മുണ്ഡനം ചെയ്തു. (ബുഖാരി. 2. 26. 784)
 
88) അബ്ദുറഹ്മാന്‍(റ) പറയുന്നു: അദ്ദേഹം ഇബ്നുമസ്ഊദിന്റെ കൂടെ ഹജ്ജ് ചെയ്തു. ചെറിയ ഏഴ് കല്ലുകള്‍ കൊണ്ട് ജംറത്തുല്‍ കുബ്റയെ അദ്ദേഹം എറിയുന്നത് ഞാന്‍ കണ്ടു. കഅ്ബയെ തന്റെ ഇടതുഭാഗത്തും മിന: യെ തന്റെ വലതുഭാഗത്തും അദ്ദേഹം ആക്കുകയും അനന്തരം ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു. സുറത്തൂല്‍ ബഖറ: അവതരിപ്പിക്കപ്പെട്ട മഹാന്‍ ഇപ്രകാരമാണ്(ഇവിടെ നിന്നാണ്) കല്ലെറിഞ്ഞത്. (ബുഖാരി. 2. 26. 805)
 
89) അഅ്മശ്(റ) പറയുന്നു: ഹജ്ജാജ് മിമ്പറന്മേല്‍ വെച്ച് ബഖറ: യെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, ആലു-ഇംറാനെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, സ്ത്രീകളെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു എന്നിങ്ങനെ സൂറത്തുക്കളെ പേരിലേക്ക് നേരിട്ട് ചാര്‍ത്താതെ പറയുന്നത് ഞാന്‍ കേട്ടു. ഇതു ഞാന്‍ ഇബ്രാഹിം നഖ്ഈ(റ) യോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇബ്നുമസ്ഊദ്(റ) ജംറത്തുല്‍ അഖ്ബക്ക് എറിഞ്ഞപ്പോള്‍ താഴ്വരയുടെ താഴ്ഭാഗത്തു നിന്നു. മരത്തിന്റെ നേരെ ആയപ്പോള്‍ അതിനെ വിലങ്ങാക്കി ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീര്‍ ചൊല്ലി. അനന്തരം അദ്ദേഹം പ്രസ്താവിച്ചു. ഇവിടെ നിന്നാണ് സൂറത്തുല്‍ ബഖറ: അവതരിക്കപ്പെട്ടവന്‍ എറിഞ്ഞത്. അല്ലാഹു സത്യം. (ബുഖാരി. 2. 26. 806)
 
1) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു ഉംറ: മുതല്‍ മറ്റേ ഉംറ: വരേക്കും സംഭവിക്കുന്ന പാപങ്ങള്‍ക്ക് ആ ഉംറ: പ്രായശ്ചിതമാണ്. പരിശുദ്ധമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗം മാത്രമാണ്. (ബുഖാരി. 3. 27. 1)
 
4) ബറാഅ്(റ) പറയുന്നു: നബി(സ) ഹജ്ജ് ചെയ്യുന്നതിനു മുമ്പ് ദുല്‍-ഖഅദ് മാസത്തില്‍ രണ്ടു പ്രാവശ്യം ഉംറ ചെയ്തു. (ബുഖാരി. 3. 27. 9)
 
5) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അന്‍സാരികളില്‍ പെട്ട ഒരു സ്ത്രീയോട് ചോദിച്ചു. ഞങ്ങളുടെ കൂടെ നിനക്ക് ഹജ്ജ് ചെയ്യാന്‍ എന്താണ് തടസ്സം? അവള്‍ പറഞ്ഞു: ഞങ്ങള്‍ക്ക് ഒരു ഒട്ടകമുണ്ട്. അതിന്മേല്‍ ഇന്നവന്റെ പിതാവും മകനും യാത്ര പുറപ്പെട്ടു. മറ്റൊരു ഒട്ടകത്തെ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ കൃഷി നനക്കുന്നത്. നബി(സ) പറഞ്ഞു: എങ്കില്‍ റമളാന്‍ മാസത്തില്‍ നീ ഉംറ ചെയ്യുക. നിശ്ചയം റമളാനില്‍ ഒരു ഉംറ ചെയ്യുന്നത് ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി. 3. 27. 10)
 
7) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഒരു യുദ്ധമോ ഹജ്ജോ ഉംറയോ കഴിഞ്ഞു മടങ്ങുമ്പോള്‍ ഭൂമിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കയറുമ്പോഴെല്ലാം മൂന്ന് പ്രാവശ്യം തക്ബീര്‍ ചൊല്ലും. എന്നിട്ട് പറയും.: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. അവനാണ് ഉടമാവകാശം. സര്‍വ്വ സ്തുതിയും അവന്നാണ്. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളനത്രെ. ഞങ്ങളിതാ മടങ്ങുന്നു. പശ്ചാത്തപിക്കുന്നു. അവന് കീഴ്പ്പെട്ടു ജീവിക്കുന്നു. അവന് സാഷ്ടാംഗം ചെയ്യുന്നു. ഞങ്ങളുടെ നാഥനെ ഞങ്ങള്‍ സ്തുതിക്കുന്നു. അല്ലാഹു തന്റെ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അവന്‍ തന്റെ ദാസനെ സഹായിച്ചിരിക്കുന്നു. ഐക്യകക്ഷികളെ ഏകനായിക്കൊണ്ട് പരാജയപ്പെടുത്തിയിരിക്കുന്നു. (ബുഖാരി. 3. 27. 23)
 
68) ഇബ്നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ: നിര്‍വ്വഹിച്ച് ഹജ്ജ് വരെ സുഖിച്ചാല്‍ അറഫാ ദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം. (ബുഖാരി. 3. 31. 217)
 
23) ആയിശ(റ) പറയുന്നു: നബി(സ)ഹജ്ജില്‍ പ്രവേശിക്കുമ്പോള്‍ നാട്ടില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മേത്തരം സുഗന്ധം നബിക്ക് ഞാന്‍ പൂശിക്കാറുണ്ട്. (ബുഖാരി. 7. 72. 812)
 
25) ആയിശ(റ) പറയുന്നു: ഹജ്ജത്തുല്‍ വദാഇല്‍ ഹജ്ജിന് ഇഹ്റാം കെട്ടുമ്പോഴും ഹജ്ജില്‍ നിന്ന് വിരമിച്ചപ്പോഴും നബി(സ)ക്ക് ഞാന്‍ 'ദരീറ'' എന്ന സുഗന്ധം പൂശിക്കൊടുത്തു. (ബുഖാരി. 7. 72. 814)
 
97) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: (മദീനയോട് 36 മൈല്‍ അടുത്ത് കിടക്കുന്ന) റൌഹാഇല്‍ വെച്ച് കുറെ യാത്രക്കാരെ കണ്ടുമുട്ടിയപ്പോള്‍ നബി(സ) ചോദിച്ചു. നിങ്ങളാരാണ്? മുസ്ളീംകളാണ് എന്നവര്‍ മറുപടി പറഞ്ഞിട്ട് നബി(സ)യോട് അവര്‍ ചോദിച്ചു. നിങ്ങളാര്? അവിടുന്ന് പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകന്‍. തത്സമയം ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്ത് പൊക്കി ക്കാണിച്ചുകൊണ്ട് ചോദിച്ചു: ഇവന്ന് ഹജ്ജുണ്ടോ? മറുപടി പറഞ്ഞു. അതേ! പക്ഷേ, നിനക്കതിന്റെ തുല്യ പ്രതിഫലമുണ്ട്. (മുസ്ലിം)
 
93) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: പ്രവാചകനോട് അല്‍അഖ്റഅ ചോദിച്ചു, അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഹജ്ജു ആണ്ടുതോറും വേണമോ? അതോ ഒരിക്കല്‍ മാത്രമോ? അവിടുന്ന് പറഞ്ഞു, ഒരിക്കല്‍ മാത്രം: കൂടുതല്‍ ഒരുവന്‍ ചെയ്യുന്നതു ഐച്ഛികമാണ്. (അബൂദാവൂദ്)