അദൃശ്യ ജ്ഞാനം അല്ലാഹുവിനു മാത്രം , ഹദീസുകള്‍

17) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണുടലെടുക്കുകയെന്നും താന്‍ നാളെ എന്താണ് പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത് ഭൂമിയില്‍ വെച്ചാണ് മൃതിയടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ് മഴ വര്‍ഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാന്‍ കഴിയുകയില്ല. (ബുഖാരി. 2. 17. 149)
 
33) ജാബിര്‍(റ) നിവേദനം: എല്ലാ കാര്യങ്ങളില്‍ നല്ലവശം തോന്നിപ്പിച്ചു തരുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയെന്ന് നബി(സ) ഖുര്‍ആനിലെ അധ്യായം പഠിപ്പിച്ചു തരുംപോലെ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാറുണ്ടായിരുന്നു. നബി(സ) അരുളി: നിങ്ങളിലാരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാല്‍ ഹര്‍ള് നമസ്കാരത്തിന് പുറമെ രണ്ടു റക്അത്തു നമസ്കരിക്കട്ടെ. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ. അല്ലാഹുവേ (ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍)നല്ല വശം തോന്നിപ്പിച്ചു തരുവാന്‍ ഞാനിതാ നിന്നോട് സഹായം തേടുന്നു. നിന്റെ ശക്തി മുഖേന എനിക്ക് ശക്തി കൈവരുത്തിത്തരുവാന്‍ ഞാനിതാ നിന്നോടപേക്ഷിക്കുന്നു. നിന്റെ മഹത്തായ അനുഗ്രഹങ്ങള്‍ക്കു വേണ്ടിയും ഞാനിതാ നിന്നോട് യാചിക്കുന്നു. നിശ്ചയം എനിക്ക് കഴിവില്ല. നിനക്കാണ് കഴിവുകളെല്ലാമുള്ളത്. നീ ജ്ഞാനിയാണ്. ഞാന്‍ അജ്ഞാനിയും. നീതന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍. അല്ലാഹുവേ!(ഞാനുദ്ദേശിക്കുന്ന)ഇക്കാര്യം എനിക്ക് എന്റെ ദീനിനും എന്റെ ജീവിതത്തിനും കാര്യങ്ങളുടെ പരിണാമ ഘട്ടത്തിലേക്കും നല്ലതാണെന്നു നിനക്കറിവുണ്ടെങ്കില്‍ നീ അതിന് എനിക്ക് കഴിവ് നല്‍കുകയും അക്കാര്യം കരസ്ഥമാക്കുവാനുള്ള മാര്‍ഗം സുഗമമാക്കിത്തരികയും ചെയ്യേണമേ! അങ്ങനെയല്ല. ഞാന്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന ഇക്കാര്യം എനിക്ക് എന്റെ ദീനിനും ജീവിതത്തിനും കാര്യങ്ങളുടെ പരിണാമങ്ങള്‍ക്കും - ദോഷകരമാണെന്ന് നിനക്കറിവുണ്ടെങ്കില്‍ ഇക്കാര്യത്തെ എന്നില്‍ നിന്നും ഇക്കാര്യത്തില്‍ നിന്ന് എന്നെയും നീതിരിച്ചു വിടേണമേ. എനിക്ക് നന്മ അതെവിടെയാണെങ്കിലും നീ നിശ്ചയിച്ചു തരേണമേ! അതില്‍ എന്നെ സംതൃപ്തനാക്കുകയും ചെയ്യേണമേ. നബി(സ) തുടര്‍ന്ന് അരുളി: ശേഷം തന്റെ ആവശ്യങ്ങള്‍ അവന്‍ പറയട്ടെ. (ബുഖാരി. 2. 21. 263)
 
29) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: അബൂബക്കര്‍(റ) പറഞ്ഞു. പ്രവാചകരേ! രാവിലെയും വൈകുന്നേരവും ഞാന്‍ ചൊല്ലേണ്ടതായ ചില വചനങ്ങള്‍ അവിടുന്ന് നിര്‍ദ്ദേശിച്ചാലും! പ്രവാചകന്‍(സ) പറഞ്ഞു: നീ പറഞ്ഞുകൊള്‍ക: ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യവും അദൃശ്യവും അറിയുന്നവനും എല്ലാ വസ്തുക്കളുടേയും സംരക്ഷകനും ഉടമസ്ഥനുമായ അല്ലാഹുവേ! നീയല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. എന്റെ ദേഹേച്ഛകളില്‍നിന്നും എന്റെ ശിര്‍ക്കില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു: രാവിലേയും വൈകുന്നേരവും ഉറക്കറയില്‍ ചെന്നാലും നീ ഇത് പറയണം. (അബൂദാവൂദ്, തിര്‍മിദി)