അക്രമം അരുത്, ഹദീസുകള്‍

2) സഫ്വാന്‍(റ) നിവേദനം: ഇബ്നുഉമര്‍(റ) കൈപിടിച്ചു നടക്കുമ്പോള്‍ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടു. താങ്കള്‍ ഗൂഢാലോചനയെ സംബന്ധിച്ച് എന്താണ് നബി(സ) യില്‍ നിന്ന് കേട്ടതെന്ന് ചോദിച്ചു. ഇബ്നുഉമര്‍(റ) പറഞ്ഞു: നബി(സ) പറയുന്നത്. ഞാന്‍ കേട്ടു. അല്ലാഹു പരലോകത്തു വെച്ച് സത്യവിശ്വാസിയെ തന്നോടടുപ്പിക്കും. അവനെ അല്ലാഹു ഒരു മറക്കുള്ളിലാക്കും. ശേഷം അവനോട് ചോദിക്കും. നീ ചെയ്ത ഇന്നിന്ന കുറ്റങ്ങള്‍ നിനക്കോര്‍മ്മയുണ്ടോ? അവന്‍ പറയും. രക്ഷിതാവേ! എനിക്കോര്‍മ്മയുണ്ട്. അങ്ങനെ തന്റെ കുറ്റങ്ങളെല്ലാം അവന്‍ ഏറ്റുപറയുകയും താന്‍ നശിച്ചുവെന്ന് അവന് തോന്നിക്കഴിയുകയും ചെയ്യുമ്പോള്‍ അല്ലാഹു അരുളും. മുന്‍ലോകത്തുവെച്ച് നിന്റെ കുറ്റങ്ങളെ ഞാന്‍ മറച്ചു വെച്ചിരുന്നു. ഇന്ന് ആ കുറ്റങ്ങളെ നിനക്ക് ഞാന്‍ മാപ്പ് ചെയ്തു തന്നിരിക്കുന്നു. എന്നിട്ട് അവന്റെ നന്മകള്‍ രേഖപ്പെടുത്തിയ ഏട് അവന് നല്‍കും. സത്യനിഷേധിയും കപടവിശ്വാസിയുമാകട്ടെ അവര്‍ക്കെതിരെ സാക്ഷികള്‍ വിളിച്ചു പറയും. തങ്ങളുടെ നാഥനെ നിഷേധിച്ചവര്‍ ഇവരാണ്. അക്രമികള്‍ക്ക് അല്ലാഹുവിന്റെ ശാപം അനുഭവപ്പെടട്ടെ. (ബുഖാരി. 3. 43. 621)
 
20) അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നിവേദനം: 'വിശ്വസിക്കുകയും എന്നിട്ടു തങ്ങളുടെ വിശ്വാസത്തോട് അക്രമം കൂട്ടിച്ചേര്‍ക്കാതിരിക്കുകയും ചെയ്തവര്‍ക്ക് സമാധാനമുണ്ട്. അവര്‍ തന്നെയാണ് സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍' എന്ന ആയത്ത് അവതരിച്ചപ്പോള്‍ തിരുമേനി(സ)യുടെ അനുചരന്മാര്‍ ചോദിച്ചു (നബിയേ) ഞങ്ങളില്‍ സ്വശരീരത്തോടു അക്രമം പ്രവര്‍ത്തിക്കാത്തവരാണ്? അപ്പോഴാണ് അല്ലാഹുവിന് പങ്കുകാരെ വെച്ച് പൂലര്‍ത്തലാണ് വലിയ അക്രമം എന്ന ആയത്തുഅല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 1. 2. 31)
 
3) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ളിം മറ്റൊരു മുസ്ളിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ ഒരക്രമിക്ക് ദ്രോഹിക്കാന്‍ വിട്ടു കൊടുക്കുകയോ ചെയ്യുകയില്ല. വല്ലവനും തന്റെ സഹോദരന്റെ ഒരാവശ്യം സാധിച്ചു കൊടുക്കുവാനുള്ള പരിശ്രമത്തില്‍ പ്രവേശിച്ചാല്‍ അവന്റെ ആവശ്യം അല്ലാഹുവും നിര്‍വ്വഹിച്ച് കൊടുക്കും. വല്ലവനും ഒരു മുസ്ളിമിനെ ബാധിച്ച പ്രയാസത്തില്‍ നിന്ന് അവനെ മോചിപ്പിക്കുന്ന പക്ഷം പരലോക ദിവസത്തെ ദു:ഖത്തില്‍ നിന്ന് അല്ലാഹു അവനെയും മോചിപ്പിക്കും. ഒരു മുസ്ളിമിന്റെ പോരായ്മകള്‍ വല്ലവനും മറച്ചു വെക്കുന്ന പക്ഷം പുനരുത്ഥാന ദിവസം അവന്റെ പോരായ്മകള്‍ അല്ലാഹുവും മറച്ചുവെക്കും. (ബുഖാരി. 3. 43. 622)
 
5) അനസ്(റ) നിവേദനം: നബി(സ) അരുളി: നിന്റെ സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നീ അവനെ സഹായിച്ചുകൊള്ളുക. അനുചരന്മാര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! അക്രമിക്കപ്പെടുന്നവനെ (മര്‍ദ്ദിതനെ) സഹായിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയും. എന്നാല്‍ അക്രമിയെ ഞങ്ങള്‍ എങ്ങിനെ സഹായിക്കും? നബി(സ) അരുളി: അക്രമിയുടെ രണ്ടു കൈയും പിടിക്കുക. (ബുഖാരി. 3. 43. 624)
 
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ സ്നേഹിതന്റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്റെ പാപത്തില്‍ ഒരു ഭാഗം ഇവന്റെ മേല്‍ ചുമത്തും. (ബുഖാരി. 3. 43. 629)
 
8) സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്റെ ഏഴിരട്ടി ഭൂമി അവന്റെ കഴുത്തിലണിയിക്കപ്പെടും. (ബുഖാരി. 3. 43. 632)
 
5) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഏതൊരു ആത്മാവും അക്രമമായി വധിക്കപ്പെടുകയാണെങ്കില്‍ ആദമിന്റെ ആദ്യസന്താനത്തിന് ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതിരിക്കില്ല. നിശ്ചയം, അവനാണ് ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത്. (ബുഖാരി. 4. 55. 552)
 
5) സുബൈര്‍ (റ) പറയുന്നു: നിങ്ങള്‍ അനസി(റ)ന്റെ അടുത്ത് ചെന്ന് ഹജ്ജാജില്‍ നിന്നും ഏല്‍ക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈക്കൊള്ളുക. പിന്നീട് വരുന്ന കാലങ്ങള്‍ ആദ്യമാദ്യം വരുന്ന കാലത്തേക്കാള്‍ ദുഷിച്ചുകൊണ്ട് തന്നെയാണ് പോവുക. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുംവരെ. നിങ്ങള്‍ ഈ അവസ്ഥ തുടരും. ഞാനിതു നിങ്ങളുടെ നബി(സ)യില്‍ നിന്നും കേട്ടതുതന്നെയാണ്. (ബുഖാരി. 9. 88. 188)
 
33) ബറാഅ്(റ) പറയുന്നു: അഹ്സാബ് യുദ്ധത്തില്‍ നബി(സ) മണ്ണ് ചുമന്നുകൊണ്ടു പോകുന്നത് ഞാന്‍ കണ്ടു. നബി(സ)യുടെ വെളുത്ത വയറ് മണ്ണുപുരണ്ടു കഴിഞ്ഞിരുന്നു. അവിടുന്നു ഇപ്രകാരം പാടിക്കൊണ്ടിരുന്നു. അല്ലാഹുവേ! നിന്റെ അനുഗ്രഹം ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് നേര്‍മാര്‍ഗ്ഗം സിദ്ധിക്കുമായിരുന്നില്ല. ഞങ്ങള്‍ ദാനം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് നീ ശാന്തി പ്രദാനം ചെയ്യേണമേ. ശത്രുക്കളെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിറുത്തേണമേ. ഞങ്ങളെ ആക്രമിക്കുന്നവര്‍ ഞങ്ങളെ മര്‍ദ്ദിക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളതു തടയുകതന്നെ ചെയ്യും. (ബുഖാരി. 4. 52. 90)
 
12) ആയിശ(റ) നിവേദനം: നബി(സ) അരുളി: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി. 3. 43. 637)
 
20) അബ്ദുല്ല(റ) നിവേദനം: പിടിച്ചു പറിയും അംഗങ്ങള്‍ ഛേദിച്ചു കളയുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 43. 654)
 
24) അബ്ദുല്ല(റ) നിവേദനം: വല്ലവനും തന്റെ ധനത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പോരാടി മരണമടഞ്ഞാല്‍ അവന്‍ രക്തസാക്ഷിയാണ്. (ബുഖാരി. 3. 43. 660)
 
17) ജാബിര്‍ (റ) നിവേദനം ചെയ്യുന്നു: റസൂല്‍(സ) ആജ്ഞാപിച്ചിരിക്കുന്നു: നിങ്ങള്‍ അക്രമം സൂക്ഷിക്കണം. അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും. ലുബ്ധിനെ നിങ്ങള്‍ സൂക്ഷിക്കണം. ലുബ്ധാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. രക്തം ചിന്താനും നിഷിദ്ധമായത് അനുവദനീയമാക്കാനും അതവരെ പ്രേരിപ്പിച്ചിരിക്കുന്നു. (മുസ്ലിം)
 
30) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ പരസ്പരം വിനയമുള്ളവരാകണം. ആരും അഹങ്കരിക്കരുത്. അപ്രകാരം ആരും മറ്റാരെയും ആക്രമിക്കുകയുമരുത് എന്ന് അല്ലാഹു എനിക്ക് ദൌത്യം നല്കിയിരിക്കുന്നു. (മുസ്ലിം)
 
64) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാതെ അപൂര്‍വ്വമായേ സദസ്സില്‍ നിന്ന് എഴുന്നേറ്റ് പോകാറുള്ളൂ. അല്ലാഹുവേ! ഞങ്ങളുടെയും നിന്നോടുള്ള ധിക്കാരത്തിന്റെയും മദ്ധ്യേ തടസ്സം സൃഷ്ടിക്കുവാന്‍ കഴിയാറുള്ള ഭക്തി അല്പം ഞങ്ങള്‍ക്ക് വീതിച്ചു തരിക! നിന്റെ സ്വര്‍ഗ്ഗം ഞങ്ങള്‍ക്ക് ലഭ്യമാക്കത്തക്ക വണ്ണം നിന്റെ ത്വാഅത്ത് അല്പവും (ഞങ്ങള്‍ക്ക് നീ വീതിച്ചുതരിക) ദുന്‍യാവിലെ വിപത്തുകളെ നിസ്സാരമാക്കത്തക്കവണ്ണം ഞങ്ങള്‍ക്ക് നീ മനോധൈര്യം (വീതിച്ചുതരിക) അല്ലാഹുവേ! നീ ഞങ്ങളെ ജീവിപ്പിക്കുന്നേടത്തോളം ആരോഗ്യവും കാഴ്ചയും കേള്‍വിയും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കേണമേ! അവയെ ഞങ്ങളുടെ പിന്‍ഗാമിയാക്കൂ! (ഞങ്ങളുടെ മരണസമയത്ത് അവശേഷിക്കുന്നതാക്കൂ) ഞങ്ങളെ ആക്രമിച്ചവരോട് നീ പ്രതികാരനടപടികൈക്കൊള്ളൂ! ഞങ്ങളോട് മല്ലിട്ടവര്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കൂ! ഞങ്ങളുടെ മതനടപടികളില്‍ അനര്‍ത്ഥങ്ങള്‍ വെയ്ക്കരുതേ! ഞങ്ങളുടെ മുഖ്യപ്രശ്നവും ഞങ്ങളുടെ വിജ്ഞാനത്തിന്റെ ലക്ഷ്യവും ദുന്‍യാവാക്കരുതേ! ഞങ്ങളോട് കനിവ് കാണിക്കാത്തവരെ നീ ഞങ്ങളുടെ അധികാരികളാക്കരുതേ! (തിര്‍മിദി)