Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സവിശേഷതകള്‍

മലയാളം ഹദീസുകള്‍


1) അനസ്(റ) നിവേദനം: ഉസ്മാന്‍(റ) സൈദ്ബ്നുസാബിത്തു, അബ്ദുളളാഹിബ്നു സുബൈര്‍, സഈദ്ബ്നു ആസ്വി, അബ്ദുറഹ്മാന് ബ്നു ഹാരീസ്(റ) മുതലായവരെ ഖുര്‍ആന്‍ പകര്‍ത്തിയെഴുതുവാന്‍ ക്ഷണിച്ചു. അങ്ങിനെ അവര്‍ മുസ്വ്ഹഫുകളിലേക്ക് പകര്‍ത്തി. ഉസ്മാന്‍(റ) ഖുറൈശികളായ മൂന്നു പേരോട് പറഞ്ഞു. നിങ്ങളും സൈദിബ്നു സാബിത്തും പാരായണശൈലിയില്‍ ഭിന്നിച്ചാല്‍ നിങ്ങള്‍ അതിന് ഖുറൈശികളുടെ ഭാഷാശൈലിയില്‍ എഴുതുക. കാരണം അത് അവരുടെ ഭാഷയിലാണ് അവതരിപ്പിച്ചത്. അങ്ങനെ അവര്‍ അപ്രകാരം ചെയ്തു. (ബുഖാരി. 4. 56. 709)
 
2) ജുബൈര്‍ (റ) നിവേദനം: നബി(സ) അരുളി: എനിക്ക് അഞ്ചു നാമങ്ങള്‍ ഉണ്ട്. ഞാന്‍ മുഹമ്മദും അഹമ്മദുമാണ്. ഞാന്‍ മായ്ക്കുന്നവന്‍ (മാഹി) യാണ്. സത്യനിഷേധത്തെ എന്നെക്കൊണ്ടു അല്ലാഹു മാച്ചുകളയും. ഞാന്‍ ഹാശിറുമാണ്. എന്റെ പിന്നിലായിരിക്കും പുനരുത്ഥാനദിവസം ജനങ്ങളെയെല്ലാം പുനര്‍ജ്ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടുക. ഞാന്‍ ആഖിബ് (മറ്റു പ്രവാചകരുടെശേഷം വന്നവന്‍) ആണ്. (ബുഖാരി. 4. 56. 732)
 
3) ജാബിര്‍(റ) നിവേദനം: നബി(സ) അരുളി: എന്റെയും പൂര്‍വ്വപ്രവാചകന്മാരുടെയും ഉപമ ഒരു വീട് നിര്‍മ്മിച്ച മനുഷ്യന്റേതാണ്. ആ ഭവനത്തിന്റെ പണി അയാള്‍ പരിപൂര്‍ണ്ണമാക്കുകയും അതിനെ അലങ്കരിക്കുകയും ചെയ്തു. എന്നാല്‍ ഒരു ഇഷ്ടികയുടെ സ്ഥാനം മാത്രം ഒഴിച്ചിട്ടു. മനുഷ്യന്‍ ആ വീട്ടില്‍ പ്രവേശിക്കുവാനും അത്ഭുതം പ്രകടിപ്പിക്കുവാനും തുടങ്ങി. അവര്‍ പറഞ്ഞുകൊണ്ടിരുന്നു: ഈ ഒരു ഇഷ്ടികയുടെ സ്ഥാനം ഒഴിച്ചിട്ടിരുന്നില്ലെങ്കില്‍ (എത്ര നന്നായിരുന്നു) നബി(സ) തുടര്‍ന്നു അരുളി: ഞാനാണ് ആ ഇഷ്ടിക. ഞാന്‍ നബിമാരുടെ ഖാതമ് ആണ്. (ബുഖാരി. 4. 56. 734)
 
4) ഉഖ്ബ(റ) നിവേദനം: ഒരിയ്ക്കല്‍ അബൂബക്കര്‍(റ) അസര്‍ നമസ്ക്കരിച്ചു പുറത്തിറങ്ങി നടക്കുവാന്‍ തുടങ്ങി. അപ്പോള്‍ ഹസ്സന്‍ കുട്ടികളുടെ കൂടെ കളിക്കുന്നത് അദ്ദേഹം കണ്ടു. ഹസ്സനെ ചുമലിലേറ്റിക്കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു. എന്റെ പിതാവ് നിനക്ക് ബലിയാണ്. നബി(സ) യോടാണ് നിനക്ക് സാദൃശ്യം. അലിയോട് അല്ല തന്നെ. അലി(റ) അതുകേട്ട് ചിരിച്ചു. (ബുഖാരി. 4. 56. 742)
 
5) അബൂജുഹൈഫ(റ) നിവേദനം: നബി(സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. ഹസ്സന്‍ അദ്ദേഹത്തോട് സാദൃശ്യനാകും. (ബുഖാരി. 4. 56. 743)
 
6) അബൂജുവൈഫ(റ) പറയുന്നു: നബി(സ)യെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അലിയുടെ പുത്രന്‍ ഹസ്സന് നബിയോട് സാദൃശ്യമുണ്ട്. നബി(സ)യെ ഞങ്ങള്‍ക്ക് വര്‍ണ്ണിച്ചു തരിക. ചിലര്‍ അബൂജുഹൈഫ യോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു. നബിയുടെ നിറം വെളുപ്പായിരുന്നു. രോമം നരച്ചതും നരയ്ക്കാത്തതും ഇടകലര്‍ന്നതായിരുന്നു. നബി(സ) ഞങ്ങള്‍ക്ക് പതിമൂന്ന് ഒട്ടകം തരാന്‍ കല്പിച്ചു. എന്നാല്‍ ഞങ്ങള്‍ക്കത് ലഭിക്കുംമുന്‍പ് തന്നെ അവിടുന്ന് മരണപ്പെട്ടു. (ബുഖാരി. 4. 56. 744)
 
7) അബൂജുഹൈഫ(റ) നിവേദനം: നബി(സ)യെ ഞാന്‍ ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ താഴത്തെ ചുണ്ടിന് അടിയിലുളള രോമങ്ങള്‍ വെളുത്തിരുന്നു. (ബുഖാരി. 4. 56. 745)
 
8) അബ്ദുല്ലാഹിബ്നു ബുസ്വര്‍(റ) നിവേദനം: തിരുമേനി(സ) ഒരു വൃദ്ധനായിരുന്നോ എന്നു ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. നബിയുടെ അന്‍ഫഖ്തു (താടിക്കും ചുണ്ടിനും മദ്ധ്യത്തിലുളള രോമങ്ങള്‍) നരച്ചിട്ടുണ്ടായിരുന്നു. (ബുഖാരി. 4. 56. 746)
 
9) അനസ്(റ) പറയുന്നു: നബി(സ) ജനങ്ങളില്‍വെച്ച് മിതമായ വലിപ്പമുളളവനായിരുന്നു. പൊക്കം കൂടുതലോ കുറവോ ഉണ്ടായിരുന്നില്ല. തിളങ്ങുന്ന വര്‍ണ്ണമായിരുന്നു. തനി വെളളയോ ശുദ്ധ തവിട്ടു നിറമോ ആയിരുന്നില്ല. മുടി ചുരുണ്ട് കട്ടപിടിച്ചതോ നീണ്ടുനിവര്‍ന്ന് കിടക്കുന്നതോ ആയിരുന്നില്ല. നബി(സ)ക്ക് 40 വയസ്സായപ്പോള്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു. 10 വര്‍ഷം തുടര്‍ച്ചയായി വഹ്യ് ലഭിച്ചുകൊണ്ട് മക്കയില്‍ ജീവിച്ചു. 10 വര്‍ഷം മദീനയിലും ജീവിച്ചു. അവിടുന്ന് പരലോക പ്രാപ്തനാകുമ്പോള്‍ അവിടത്തെ തലയിലും താടിയിലും കൂടി 20 രോമം പോലും നരച്ചിട്ടുണ്ടായിരുന്നില്ല. (ബുഖാരി. 4. 56. 748)
 
10) ബറാഅ്(റ) നിവേദനം: നബി(സ) മനുഷ്യരില്‍ ഏറ്റവുമധികം മുഖസൌന്ദര്യം ഉളളവനായിരുന്നു. അതുപോലെ ശരീര രൂപത്തിലും. അമിത പൊക്കമുളളവനോ കുറിയ ആളോ ആയിരുന്നില്ല. (ബുഖാരി. 4. 56. 749)
 
11) ഖത്താദ(റ) പറയുന്നു: നബി(സ) തന്റെ രോമത്തിന് ചായം കൊടുക്കാറുണ്ടായിരുന്നുവോ എന്ന് ഞാന്‍ അനസ്(റ) യോട് ചോദിച്ചു അദ്ദേഹം പറഞ്ഞു: ഇല്ല. എന്നാല്‍ അവിടത്തെ രണ്ട് ചെന്നിയിലും അല്പം നരയുണ്ടായിരുന്നു. (ബുഖാരി. 4. 56. 750)
 
12) ബറാഅ്(റ) നിവേദനം: നബി(സ) മിതമായ ഉയരം ഉളളവനായിരുന്നു. അവിടുത്തെ ഇരു ചുമലുകള്‍ക്കിടയില്‍ നല്ല വിസ്താരമുണ്ടായിരുന്നു. തലമുടി ഇരുചെവിക്കുറ്റിവരെ താഴ്ന്ന് കിടന്നിരുന്നു. നബി(സ) ഒരിക്കല്‍ ഒരു ചുവന്ന വസ്ത്രം ധരിച്ചത് ഞാന്‍ കണ്ടു. നബിയെക്കാള്‍ സുന്ദരമായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 4. 56. 751)
 
13) അബൂഇസ്ഹാഖ്(റ) നിവേദനം: നബി(സ)യുടെ മുഖം തിളങ്ങുന്ന വാളുപോലെയായിരുന്നുവോ എന്ന് ബറാഅ്(റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ല ചന്ദ്രനെപ്പോലെയായിരുന്നു. (ബുഖാരി. 4. 56. 752)
 
14) ആയിശ(റ) നിവേദനം: നബി(സ) ഒരിക്കല്‍ അവരുടെ അടുത്ത് സന്തുഷ്ടനായി പ്രവേശിച്ചു. അവിടുത്തെ നെറ്റിത്തടത്തിലെ വരികള്‍ പ്രകാശിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: സൈദ്, ഉസാമ: എന്നിവരെ സംബന്ധിച്ച് മുദ്ലിജ് പറഞ്ഞത് നീ കേട്ടില്ലേ? അവരുടെ കാല്‍പാദങ്ങള്‍ പരിശോധിച്ച് ഇവ പരസ്പരം ബന്ധമുളളതാണെന്ന് അവന്‍ പറഞ്ഞു. (ബുഖാരി. 4. 56. 755)
 
15) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) തന്റെ തലമുടി കീഴ്പോട്ട് താഴ്ത്തിയിടുകയായിരുന്നു പതിവ്. മുശ്രിക്കുകള്‍ അവരുടെ തലമുടി ഇരുവശത്തേക്കും വാര്‍ന്നുവെച്ചിരുന്നു. വേദക്കാരും തലമുടി കീഴ്പ്പോട്ട് താഴ്ത്തിയിടുകയായിരുന്നു. പ്രത്യേകം കല്‍പനയൊന്നും അല്ലാഹുവിങ്കല്‍ നിന്ന് വന്നിട്ടില്ലാത്ത കാര്യങ്ങളില്‍ വേദക്കാരോട് യോജിക്കുകയായിരുന്നു നബി(സ) ഇഷ്ടപ്പെട്ടിരുന്നത്. (ബുഖാരി. 4. 56. 758)
 
16) ആയിശ(റ) നിവേദനം: രണ്ടു കാര്യങ്ങളിലൊന്നു നബി(സ) തിരഞ്ഞെടുക്കുമ്പോള്‍ അവയില്‍ ഏറ്റവുമെളുപ്പമുളളതായിരുന്നു തിരഞ്ഞെടുക്കുക; അതൊരു പാപകര്‍മ്മമല്ലെങ്കില്‍. അതൊരു പാപമുളളതാണെങ്കില്‍ അവിടുന്നായിരിക്കും അതില്‍ ഏറ്റവും അകന്നു നില്‍ക്കുന്നവന്‍. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ നബി(സ) ഒരിയ്ക്കലും പ്രതികാര നടപടിയെടുത്തിരുന്നില്ല. അല്ലാഹു ആദരണീയമാക്കിവെച്ച സംഗതികള്‍ വല്ലവനും അനാദരിച്ചുകളഞ്ഞാലോ, അല്ലാഹുവിന്നു വേണ്ടി നബി(സ) പ്രതികാരനടപടിയെടുക്കുക തന്നെ ചെയ്യും. (ബുഖാരി. 4. 56. 760)
 
17) അനസ്(റ) നിവേദനം: നബി(സ)യുടെ കൈപ്പടത്തേക്കാള്‍ മൃദുലമായ പട്ട് ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. നബി(സ) യുടേതിനേക്കാള്‍ ഉത്തമമായ ഒരു സുഗന്ധദ്രവ്യം ഞാന്‍ വാസനച്ചിട്ടുമില്ല. (ബുഖാരി. 4. 56. 761)
 
18) അബൂഹൂറൈറ(റ) നിവേദനം: നബി(സ) ഒരിയ്ക്കലും ഒരു ഭക്ഷണസാധനത്തെ വിമര്‍ശിക്കാറില്ല. തനിക്ക് ഇഷ്ടപ്പെട്ടാല്‍ അതു ഭക്ഷിക്കും. ഇല്ലെങ്കില്‍ അതു ഉപേക്ഷിക്കും. (ബുഖാരി. 4. 56. 764)
 
19) ആയിശ(റ) പറയുന്നു: നബി(സ) സംസാരിച്ചാല്‍ ഒരാള്‍ക്ക് അതിലെ വാക്കുകള്‍ വരെ എണ്ണിക്കണക്കാക്കാന്‍ സാധിക്കുമായിരുന്നു. ആയിശ(റ) നിവേദനം: നബി(സ) നിങ്ങളെപ്പോലെ വേഗത്തില്‍ സംസാരിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 3567)
 
20) അനസ്(റ) നിവേദനം: നബി(സ)യെ കഅ്ബയില്‍ നിന്നും കൊണ്ടുപോയ രാത്രിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അനസ്(റ) പറഞ്ഞു: നബി(സ)ക്ക് വഹ്യ് ലഭിക്കുന്നതിന് മുമ്പ് മൂന്നുപേര്‍ അവിടുത്തെ അടുക്കല്‍ വന്നു. നബി(സ) മസ്ജിദുല്‍ഹറാമില്‍ ഉറങ്ങുകയായിരുന്നു. അവരില്‍ ഒന്നാമന്‍ ചോദിച്ചു. ഇവരില്‍ ആരാണ് അദ്ദേഹം? രണ്ടാമന്‍ പറഞ്ഞു: ഇവരില്‍ ഏറ്റവും ഉത്തമനാണദ്ദേഹം. ഇവരില്‍ ഉത്തമനെ നിങ്ങള്‍ പിടിച്ചുകൊളളുക. മൂന്നാമന്‍ പറഞ്ഞു. പിന്നീട് മറ്റൊരു രാത്രി വരേക്കും അവരെ നബി(സ) സ്വപ്നത്തില്‍ കണ്ടില്ല. നബിയുടെ കണ്ണു രണ്ടും ഉറങ്ങും. മനസ്സ് ഉറങ്ങുകയില്ല. പ്രവാചകന്മാരുടെ സ്ഥിതി പൊതുവില്‍ അങ്ങനെയാണ് അവരുടെ കണ്ണുകളുറങ്ങും. മനസ്സുറങ്ങുകയില്ല. രണ്ടാമത്തെ രാത്രി വന്ന് ജീബ്രീല്‍ തിരുമേനിയെ ഏറ്റെടുത്തു. അവിടുത്തെയും കുട്ടി ജിബ്രീല്‍ ആകാശത്തേക്ക് പോയി. (ബുഖാരി. 4. 56. 770)
 
21) അനസ്(റ) നിവേദനം: നബി(സ) സൌറാഅ് എന്ന സ്ഥലത്തായിരുന്നപ്പോള്‍ അവിടുത്തെ അടുക്കല്‍ ഒരു പാത്രം കൊണ്ടുവന്നു. നബി(സ) തന്റെ കൈ ആ പാത്രത്തില്‍വെച്ചു. വെളളം നബി(സ)യുടെ വിരലുകള്‍ക്കിടയിലൂടെ ഉറവ പൊട്ടിഒഴുകുവാന്‍ തുടങ്ങി. ജനങ്ങള്‍ വുളു എടുത്തു. ഖതാദ(റ) പറയുന്നു: നിങ്ങള്‍ എത്ര പേരുണ്ടായിരുന്നുവെന്ന് ഞാന്‍ അനസിനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: മുന്നൂറ് പേര്‍ അല്ലെങ്കില്‍ ഏതാണ്ട് മുന്നൂറ് പേര്‍. (ബുഖാരി. 4. 56. 772)
 
22) ജാബിര്‍(റ) നിവേദനം: ഹുദൈബിയ: ദിവസം ജനങ്ങള്‍ ദാഹിച്ചു: നബിയുടെ മുന്നില്‍ ഒരു ചെറിയ തോല്‍പ്പാത്രമുണ്ട്. നബി(സ) അതില്‍ നിന്ന് വുളു എടുത്തു. ജനങ്ങള്‍ അതിന്റെ നേരെ ധൃതിപ്പെട്ടു നിങ്ങള്‍ക്ക് എന്താണെന്ന് നബി(സ) ചോദിച്ചു. വുളു എടുക്കുമ്പോള്‍ വെളളമില്ലെന്ന് അവര്‍ പ്രത്യുത്തരം നല്കി. ഞങ്ങള്‍ക്ക് കുടിക്കുവാനും. താങ്കളുടെ മുന്നിലുളളത് അല്ലാതെ. അപ്പോള്‍ നബി(സ) തന്റെ കൈ ആ തോല്‍പ്പാത്രത്തില്‍ വെച്ചു. ഉറവുപോലെ നബിയുടെ വിരലുകള്‍ക്കിടയിലൂടെ പൊട്ടിയൊഴുകി. അങ്ങിനെ ഞങ്ങള്‍ പാനം ചെയ്യുകയും വുളു എടുക്കുകയും ചെയ്തു. സാലിം(റ) പറയുന്നു. നിങ്ങള്‍ എത്രപേരുണ്ടായിരുന്നുവെന്ന് ഞാന്‍ ജാബിര്‍നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഒരുലക്ഷം പേര്‍ ഉണ്ടായിരുന്നാല്‍പോലും വെളളം ഞങ്ങള്‍ക്കു മതിയാകുമായിരുന്നു. എന്നാല്‍ അവര്‍ 15,000 പേര്‍ ഉണ്ടായിരുന്നു. (ബുഖാരി. 4. 56. 776)
 
23) അബ്ദുല്ലാ(റ) നിവേദനം: അമാനുഷിക സംഭവങ്ങളെ ഞങ്ങള്‍ ദൈവീകാനുഗ്രഹമായാണ് ഗണിച്ചിരുന്നത്. നിങ്ങളാവട്ടെ അവയെ ദൈവത്തില്‍ നിന്നുളള ശിക്ഷയായി ദര്‍ശിക്കുന്നു. ഞങ്ങള്‍ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. വെളളം വളരെ കുറവാണ്. നബി(സ) അരുളി അല്പം വെളളം ആരുടെയെങ്കിലും അടുക്കല്‍ ബാക്കിയുണ്ടോ എന്ന് അന്വേഷിക്കുക. സഹാബിമാര്‍ അല്പം വെളളമുളള ഒരു പാത്രം കൊണ്ടുവന്നു. നബി(സ)കൈ ആ പാത്രത്തില്‍ പ്രവേശിപ്പിച്ചു. ശേഷം അരുളി: അനുഗ്രഹീതമായ ശുദ്ധജലം ആവശ്യമുളളവര്‍ മുന്നോട്ട് വരിക. ഈ അനുഗ്രഹം അല്ലാഹുവിങ്കല്‍ നിന്നത്രെ. നബി(സ)യുടെ വിരലുകള്‍ക്കിടയിലൂടെ വെളളം ഉറവ് എടുക്കുന്നത് ഞാന്‍ കണ്ടു. ആഹാരം കഴിക്കുമ്പോള്‍ ആഹാര പദാര്‍ത്ഥങ്ങളുടെ തസ്ബീഹ് ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. (ബുഖാരി. 4. 56. 779)
 
24) ഹൂദൈഫ:(റ) പറയുന്നു: ജനങ്ങള്‍ നന്മയെക്കുറിച്ചാണ് നബി(സ)യോട് സാധാരണയായി ചോദിക്കാറുളളത്. ഞാന്‍ തിന്മയെക്കുറിച്ചും. അതെന്നെ ബാധിച്ചെങ്കിലോ എന്ന ഭയം കാരണം ഞാന്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ അജ്ഞാനകാലത്തിലും തിന്മയിലുമായിരുന്നു അപ്പോഴാണ് അല്ലാഹു ഞങ്ങള്‍ക്ക് ഈ നന്മ കൊണ്ടുവന്നത്. ഇനി ഈ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? അതെയെന്ന് നബി(സ) മറുപടി പറഞ്ഞു: ഞാന്‍ ചോദിച്ചു. പിന്നീട് ആ തിന്മക്കുശേഷം വല്ല നന്മയുമുണ്ടാകുമോ? അതെ, നബി(സ) പ്രത്യുത്തരം നല്‍കി. നബി(സ) തുടര്‍ന്ന് പ്രസ്താവിച്ചു: അതില്‍ കലക്കമുണ്ടാകും. എന്താണ് അതിലെ കലക്കം എന്ന് ഞാന്‍ ചോദിച്ചു. നബി(സ) അരുളി: എന്റെ മാര്‍ഗ്ഗദര്‍ശനം വിട്ട് മറ്റു മാര്‍ഗ്ഗം സ്വീകരിക്കുന്ന ഒരു ജനത നലിവില്‍ വരും. അവരില്‍ നന്മയും തിന്മയും നീ കാണും. ഞാന്‍ വീണ്ടും ചോദിച്ചു. ആ നന്മക്കുശേഷം വല്ല തിന്മയുമുണ്ടാകുമോ? നബി(സ) അരുളി: അതെ, നരകത്തിന്റെ കവാടങ്ങളിലേക്കു ക്ഷണിക്കുന്ന ചില ആളുകള്‍ വരും. വല്ലവനും അവരുടെ ആഹ്വാനം സ്വീകരിച്ചാല്‍ അവനെ അവരതില്‍ വീഴ്ത്തും. പ്രവാചകരേ! ആ വിഭാഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരിച്ചു തന്നാലും എന്നു പറഞ്ഞു. നബി(സ) അരുളി: അവര്‍ നമ്മുടെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും. നമ്മുടെ ഭാഷ തന്നെയായിരിക്കും അവര്‍ സംസാരിക്കുക. ഞാന്‍ ചോദിച്ചു. പ്രവാചകരേ! എന്റെ കാലത്താണവര്‍ വരുന്നതെങ്കില്‍ ഞാനെന്തു ചെയ്യണം? നബി(സ) അരുളി: നീ മുസ്ലിംകളുടെ സംഘടനയേയും അവരുടെ നേതാവിനേയും ചേര്‍ന്നുകൊണ്ട് ജീവിക്കുക. ഞാന്‍ ചോദിച്ചു: അവര്‍ക്ക് സംഘടനയും നേതാവും ഇല്ലെങ്കിലോ? നബി(സ) അരുളി: ആ വിഭാഗങ്ങളെയെല്ലാം നീ വിട്ട് അകന്ന് നില്‍ക്കുക. നീ ഒരു വൃക്ഷത്തിന്റെ മൂട് കടിച്ചുപിടിച്ചുകൊണ്ട് നിന്നാലും വിരോധമില്ല. മരണം വരേക്കും ആ നിലയില്‍ ഉറച്ചു നില്‍ക്കുക. (ബുഖാരി. 4. 56. 803)
 
25) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: ഏകദേശം മുപ്പതോളം നുണപറയുന്ന ദജ്ജാലുകള്‍ രംഗപ്രവേശനം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. അല്ലാഹുവിന്റെ ദൂതന്മാരാണ് ഞങ്ങളെന്ന് അവരെല്ലാവരും ജല്‍പ്പിക്കുന്നതാണ്. (ബുഖാരി. 4. 56. 806)
 
26) ബറാഅ്(റ) നിവേദനം: ഒരു മനുഷ്യന്‍ അല്‍കഹ്ഫ് സൂറത്തു ഓതിക്കൊണ്ടിരിക്കുമ്പോള്‍ അയാളുടെ വീട്ടില്‍ ഒരു കുതിരയെ കെട്ടിയിരുന്നു. കുതിര വിറളി പിടിച്ച് ചാടാന്‍ തുടങ്ങി. ഉടനെ ആ മനുഷ്യന്‍ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോഴതാ ഒരു മേഘം അയാളെ പൊതിഞ്ഞിരിക്കുന്നു. പിന്നീടദ്ദേഹം ഈ കഥ നബിയെ അറിയിച്ചു. അന്നേരം നബി(സ) അരുളി: നീ ഇനിയും ഓതിക്കൊളളുക. ഖുര്‍ആന്‍ പാരായണം മൂലം ഇറങ്ങിയ മന:ശാന്തിയാണത്. (ബുഖാരി. 4. 56. 811)
 
27) ഇബ്നുമസ്ഊദ്(റ) നിവേദനം: നബി(സ)യുടെ കാലത്തു ചന്ദ്രന്‍ രണ്ടു ഭാഗമായി പിളര്‍ന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ സാക്ഷി നില്‍ക്കുവിന്‍. (ബുഖാരി. 4. 56. 830)
 
28) അനസ്(റ) നിവേദനം: മക്കാ നിവാസികള്‍ പ്രവാചകനോട് അവര്‍ക്ക് ഒരു ദൃഷ്ടാന്തം കാണിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ചന്ദ്രന്‍ പിളര്‍ന്നത് നബി(സ) അവര്‍ക്ക് കാണിച്ചുകൊടുത്തു. (ബുഖാരി. 4. 56. 831)