1) ആയിശ(റ) നിവേദനം: അവരെക്കുറിച്ച് കുറ്റാരോപണം പ്രചരിച്ചപ്പോള്‍ നബി(സ) അലി(റ) യെയും ഉസാമ(റ) യെയും വിളിച്ചു വരുത്തി. വഹ്യ് വരാന്‍ താമസിച്ചപ്പോള്‍ തന്റെ ഭാര്യയുമായുളള ബന്ധം വേര്‍പ്പെടുത്തുന്ന കാര്യത്തില്‍ കൂടിയാലോചിക്കാന്‍ വേണ്ടിയാണവരെ വിളിച്ചത്. അപ്പോള്‍ ഉസാമ(റ) പറഞ്ഞു: അങ്ങയുടെ ഭാര്യയാണവര്‍ അവരെക്കുറിച്ച് നല്ലതല്ലാതെ ഞങ്ങള്‍ മനസ്സിലാക്കുന്നില്ല. ബരീറ പറഞ്ഞു. ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെന്ന നിലക്ക് ചിലപ്പോള്‍ മാവ് കുഴച്ച് വെച്ച് ഉറക്കം തൂങ്ങുകയും ആട് വന്ന് അത് തിന്നുകയും ചെയ്യാറുണ്ട് എന്നതൊഴിച്ച് മറ്റൊരു പോരായ്മയും അവരില്‍ ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: എന്റെ കുടുംബത്തിന്റെ പേരില്‍ അപരാധം ചുമത്തി എന്നെ ദ്രോഹിച്ചവനെതിരില്‍ നടപടിയെടുക്കുന്നതില്‍ എന്നെ സഹായിക്കുവാനാരുണ്ട്? അല്ലാഹു സത്യം! എന്റെ കുടുംബത്തില്‍ നന്മയല്ലാതെ ഞാന്‍ മനസ്സിലാക്കുന്നില്ല. പിന്നീടുളളത് ഒരു പുരുഷന്റെ കഥയാണ്. വാസ്തവത്തില്‍ അദ്ദേഹവും നല്ലതു പ്രവര്‍ത്തിച്ചതായിട്ടല്ലാതെ എനിക്കറിവില്ല. (ബുഖാരി. 3. 48. 805) |
|
2) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) യും ഉബയ്യ്ബ്നു കഅ്ബും ഇബ്നുസ്വയ്യാദ് വിശ്രമിക്കുന്ന ഈത്തപ്പനത്തോട്ടത്തെ ഉദ്ദേശിച്ചുകൊണ്ട് പുറപ്പെട്ടു. നബി(സ) അവിടെ പ്രവേശിച്ചപ്പോള്‍ ഈത്തപ്പന തടികളെ മറയാക്കിക്കൊണ്ട് നടക്കുവാന്‍ തുടങ്ങി. അവന്‍ തന്നെ കാണാതെ അവന്റെ വര്‍ത്തമാനം കണ്ടു കേള്‍ക്കുവാനാണ് നബി(സ) അങ്ങനെ ചെയ്തത്. അവന്‍ ഒരു വിരിപ്പില്‍ ചെരിഞ്ഞുകിടക്കുകയാണ്. അവന്‍ അതില്‍ ചുണ്ട് അനക്കി സംസാരിക്കുന്നുണ്ട്. ഇബ്നുസ്വയാദിന്റെ മാതാവ് നബി(സ)യെ കാണുകയും കുട്ടീ! ഇതാ മുഹമ്മദ് എന്ന് പറയുകയും ചെയ്തു. അപ്പോള്‍ ഇബ്നു സ്വയ്യാദ് എഴുന്നേറ്റ് നിന്നു. നബി(സ) പറഞ്ഞു. അവള്‍ അവനെ വര്‍ജ്ജിച്ചിരുന്നുവെങ്കില്‍ യാഥാര്‍ത്ഥ്യം പ്രകടമാകുമായിരുന്നു. (ബുഖാരി. 3. 48. 806) |
|
3) ഉമര്‍ (റ) നിവേദനം: അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നബി(സ)യുടെ കാലത്തു ചില പുരുഷന്മാരെ വഹ്യിന്റെ അടിസ്ഥാനത്തില്‍ (അവരുടെ രഹസ്യം മനസ്സിലാക്കി) പിടികൂടിയിരുന്നു. എന്നാല്‍ വഹ്യ് അവസാനിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് ബാഹ്യമായതിന്റെ അടിസ്ഥാനത്തിലാണ് നാം നിങ്ങളെ പിടികൂടുക. വല്ലവനും നല്ലതു പ്രകടമാക്കിയാല്‍ നാം അവനെ വിശ്വസിക്കുകയും അടുപ്പിക്കുകയും ചെയ്യും. അവന്റെ രഹസ്യം യാതൊന്നും തന്നെ നമുക്കറിയില്ല. അല്ലാഹു അവന്റെ രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ അവനെ വിചാരണ ചെയ്യും. വല്ലവനും തിന്മ നമുക്ക് പ്രകടമാക്കിയാല്‍ നാം അവനെ വിശ്വസിക്കുകയില്ല. സത്യപ്പെടുത്തുകയുമില്ല. അവന്റെ രഹസ്യം നല്ലതാണെന്ന് അവന്‍ പ്രഖ്യാപിച്ചാലും. (ബുഖാരി. 3. 48. 809) |
|
4) ആയിശ(റ) നിവേദനം: അഫ്ലഹ് എന്റെ അടുത്തു പ്രവേശിക്കുവാന്‍ സമ്മതം ചോദിച്ചു. ഞാന്‍ അദ്ദേഹത്തിന് സമ്മതം നല്‍കിയില്ല. ഞാന്‍ നിന്റെ പിതൃസഹോദരന്‍ ആയിട്ടും നീ എന്നില്‍ നിന്ന് മറ സ്വീകരിക്കുകയാണോ?! എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ ചോദിച്ചു. അതെങ്ങനെയാണ് നിങ്ങള്‍ എന്റെ പിതൃവ്യനായത്? അദ്ദേഹം പറഞ്ഞു. എന്റെ സഹോദരന്റെ ഭാര്യ നിനക്ക് മുല തരികയുണ്ടായി. ആയിശ(റ) പറയുന്നു: ഇതിനെക്കുറിച്ച് നബി(സ)യോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവിടുന്ന് അരുളി: അഫ്ലഹ് പറഞ്ഞതു യാഥാര്‍ത്ഥ്യമാണ്. നീ അദ്ദേഹത്തിനുളള അനുവാദം നല്‍കുക. (ബുഖാരി. 3. 48. 812) |
|
5) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഹംസയുടെ പുത്രിയെക്കുറിച്ച് നബി(സ) പറഞ്ഞു: അവള്‍ എനിക്ക് അനുവദനീയമല്ല. മുലകുടി മൂലം രക്തബന്ധം കൊണ്ട് നിഷിദ്ധമാകുന്നത് നിഷിദ്ധമാകുന്നതാണ്. അവള്‍ മുലകുടി ബന്ധത്തിലൂടെ എന്റെ സഹോദരന്റെ പുത്രിയാണ്. (ബുഖാരി. 3. 48. 813) |
|
6) ആയിശ(റ) നിവേദനം: നബി(സ) അവരുടെ അടുക്കലിരിക്കുമ്പോള്‍ ഹഫ്സയുടെ വീട്ടിലേക്ക് പ്രവേശിക്കുവാന്‍ ഒരു പുരുഷന്‍ അനുവാദം ചോദിക്കുന്നത് അവര്‍ കേട്ടു. ഞാന്‍ പറഞ്ഞു: പ്രവാചകരേ! മുലകുടിബന്ധത്തിലുളള ഹഫ്സ:യുടെ പിതൃവ്യനാണ് അയാളെന്ന് ഞാന്‍ വിചാരിക്കുന്നു. നബി(സ) അരുളി: അതെ, തീര്‍ച്ചയായും പ്രസവം മൂലം നിഷിദ്ധമാവുന്നത് മുലകുടി മൂലം നിഷിദ്ധമാകും. (ബുഖാരി. 2646) |
|
7) ആയിശ(റ) നിവേദനം: നബി(സ) ഒരിക്കല്‍ എന്റെ അടുത്ത് കയറി വന്നപ്പോള്‍ എന്റെ അടുത്ത് ഒരു പുരുഷനുണ്ടായിരുന്നു. ഇദ്ദേഹം ആരാണെന്ന് നബി(സ) എന്നോട് ചോദിച്ചു. മുലകുടി ബന്ധത്തിലുളള എന്റെ സഹോദരനാണെന്ന് ഞാന്‍ പറഞ്ഞു. നബി(സ) പറഞ്ഞു: ആയിശ! നിങ്ങളുടെ സഹോദരന്മാരെ സംബന്ധിച്ച് നിങ്ങള്‍ ശരിക്കും അന്വേഷിക്കണം. നിശ്ചയം വിശപ്പ് അടങ്ങുന്ന നിലക്ക് മുലകുടിച്ചാലാണ് ബന്ധം സ്ഥാപിതമാകുന്നത്. (ബുഖാരി. 3. 48. 814) |
|
8) ഇംറാന്‍(റ) നിവേദനം: നബി(സ) അരുളി: നിങ്ങളില്‍ ഉല്‍കൃഷ്ടന്മാര്‍ എന്റെ തലമുറയാണ്, ശേഷം അവരുമായി അടുത്തത്, ശേഷം അവരുമായി അടുത്തവര്‍. ഇംറാന്‍ പറയുന്നു. രണ്ടോ അതല്ല മൂന്നോ എന്ന് നബി(സ) പറഞ്ഞതു എനിക്കറിയുകയില്ല. നബി(സ) പറഞ്ഞു: നിങ്ങള്‍ക്ക് ശേഷം ഒരു സമൂഹം വരും. അവര്‍ വഞ്ചകന്മാരാണ്. വിശ്വസിക്കപ്പെടുകയില്ല. അവര്‍ സാക്ഷികളാകും. എന്നാല്‍ സാക്ഷികളാകുവാന്‍ ആവശ്യപ്പെടുകയില്ല. പ്രതിജ്ഞ ചെയ്യും. എന്നാല്‍ പൂര്‍ത്തിയാക്കുകയില്ല. തീറ്റിയിലും കുടിയിലും വിശാലത കാണിക്കുന്ന സ്വഭാവം അവരില്‍ പ്രകടമാകും. (ബുഖാരി. 3. 48. 819) |
|
9) അനസ്(റ) പറയുന്നു: മഹാപാപങ്ങളെക്കുറിച്ച് പ്രവാചകന്‍ ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ ദ്രോഹിക്കുക, വധിക്കുക, കളവിന് സാക്ഷി നില്‍ക്കുക. (ബുഖാരി. 3. 48. 821) |
|
10) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ഇപ്രകാരം മൂന്ന് പ്രാവശ്യം നബി(സ) ചോദിച്ചു. അപ്പോള്‍ അതെ ദൈവദൂതരേ, ഞങ്ങള്‍ക്കതു വിവരിച്ചു തന്നാലും എന്ന് അനുചരന്മാര്‍ മറുപടി പറഞ്ഞു. നബി(സ) അരുളി: അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാതാപിതാക്കളെ ഉപദ്രവിക്കുക. നബി(സ) ഇപ്രകാരം അരുളുമ്പോള്‍ ഒരു തലയിണയില്‍ ചാരിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) നിവര്‍ന്നിരുന്നിട്ട് അരുളും: അസത്യം പറയല്‍. നബി(സ) അതു ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവിടുന്ന് മൌനം പാലിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നതുവരെ. (ബുഖാരി. 3. 48. 822) |
|
11) ആയിശ(റ) നിവേദനം: നബി(സ) ഒരു മനുഷ്യന്‍ പള്ളിയില്‍ വെച്ച് ഖുര്‍ആന്‍ ഓതുന്നത് കേട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന് നന്മ ചെയ്യട്ടെ. ഞാന്‍ മറന്നിരുന്ന ഇന്ന ഇന്ന ആയത്തുകള്‍ അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി. മറ്റൊരു നിവേദനത്തില്‍ പറയുന്നു. നബി(സ) ഒരിക്കല്‍ എന്റെ വീട്ടില്‍ വെച്ച് തഹജൂദ് മനസ്കരിക്കുമ്പോള്‍ അബ്ബാദ് പള്ളിയില്‍ നിന്നും നമസ്കരിക്കുന്ന ശബ്ദം നബി(സ) കേട്ടു. നബി(സ) അരുളി; ആയിശാ! അബ്ബാദിന്റെ ശബ്ദമാണോ ഈ കേള്‍ക്കുന്നത്. അതേയെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! നീ അബ്ബാദിനെ അനുഗ്രഹിക്കേണമേ!(ബുഖാരി. 3. 48. 823) |
|
12) അബൂബക്കറത്ത്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: ഒരു മനുഷ്യന്‍ നബി(സ)യുടെ അടുക്കല്‍ വെച്ച് മറ്റൊരു മനുഷ്യനെ സ്തുതിച്ചു പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: നിനക്ക് നാശം. നിന്റെ സ്നേഹിതനെ നീ കഴുത്തു മുറിച്ചു കളഞ്ഞു. ഇതു പല പ്രാവശ്യം നബി(സ) ആവര്‍ത്തിച്ചു. ശേഷം നബി(സ) തുടര്‍ന്നു. നിങ്ങളിലാര്‍ക്കെങ്കിലും തന്റെ സഹോദരനെ പ്രശംസിക്കുക തന്നെ വേണമെന്നുണ്ടെങ്കില്‍ ഇന്നയാള്‍ ഇന്ന പ്രകാരമാണെന്ന് ഞാന്‍ വിചാരിക്കുന്നത്. അവന്റെ യഥാര്‍ത്ഥ നില അല്ലാഹുവിന് മാത്രമെ അറിവുള്ളൂ. അല്ലാഹുവിനെ കവച്ചുവെച്ചുകൊണ്ട് ആരെയും ഞാന്‍ പ്രശംസിക്കുന്നില്ല. അവന്റെ നിലപാട് ഇന്നിന്നതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുതന്നെയും മറ്റവനെക്കുറിച്ച് ഇവന് ശരിയായ അറിവുണ്ടെങ്കില്‍ മാത്രം. (ബുഖാരി. 3. 48. 830) |
|
13) അബൂമൂസ(റ) നിവേദനം: ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അമിതമായി പ്രശംസിക്കുന്നത് നബി(സ) കേട്ടു. അപ്പോള്‍ നബി(സ) അരുളി: താങ്കള്‍ അയാളുടെ മുതുകിനെ പൊട്ടിച്ചുകളഞ്ഞുവല്ലോ. (ബുഖാരി. 3. 48. 831) |
|
14) ഇബ്നു അബ്ബാസ്(റ) നിവേദനം: ഹിലാല്ബ്നു ഉമയ്യ തന്റെ ഭാര്യയുടെ പേരില്‍ വ്യഭിചാര കുറ്റാരോപണം നടത്തി. ശരീഖ്ബ്നുസഹമാഅ്ന്റെ പേരിലായിരുന്നു ആരോപണം. അപ്പോള്‍ നബി(സ) പറഞ്ഞു: തെളിവ് ഹാജരാക്കണം. അല്ലെങ്കില്‍ നിന്നെ ശിക്ഷിക്കും. അപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രവാചകരേ! ഞങ്ങളില്‍ ഒരാള്‍ തന്റെ ഭാര്യയുടെ മേല്‍ മറ്റൊരു പുരുഷനെ കണ്ടാല്‍ തെളിവന്വേഷിച്ച് പുറപ്പെടുകയോ? നബി(സ) പറഞ്ഞു. നീ തെളിവ് ഹാജരാക്കണം. അല്ലെങ്കില്‍ ശിക്ഷിക്കപ്പെടും. അപ്പോള്‍ ളിആനിന്റെ സൂക്തം അവതരിക്കപ്പെട്ടു. സൂറത്ത് നൂര്‍(24) (ബുഖാരി. 3. 48. 837) |
|
15) ഇബ്നുമസ്ഊദ്(റ) പറയുന്നു. നബി(സ) അരുളി: ഒരുവന്റെ സ്വത്ത് അന്യായമായി കൈവശപ്പെടുത്തുവാന്‍ വല്ലവനും സത്യം ചെയ്താല്‍ അല്ലാഹുവിനെ കോപിഷ്ഠനായിക്കൊണ്ട് അവന്‍ കണ്ടുമുട്ടുന്നു. (ബുഖാരി. 3. 48. 839) |
|
16) അബൂഹുറൈറ(റ) പറയുന്നു. നബി(സ) ഒരു ജനതയോട് സത്യം ചെയ്യാനാവശ്യപ്പെട്ടു. അപ്പോള്‍ ഓരോരുത്തരും സത്യം ചെയ്യാന്‍ ധൃതി കാണിച്ചു. അന്നേരം ആരാണ് ആദ്യം ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ വേണ്ടി നറുക്കിടുവാന്‍ നബി(സ) കല്‍പ്പിച്ചു. (ബുഖാരി. 3. 48. 840) |
|
17) ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി: വല്ലവനും സത്യം ചെയ്യുന്നപക്ഷം അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യട്ടെ. അല്ലെങ്കില്‍ മൌനം ദീക്ഷിക്കട്ടെ. (ബുഖാരി. 3. 48. 844) |
|
18) സയ്ദ് നിവേദനം: ഹയ്റയിലെ ജൂതപണ്ഡിതന്‍ രണ്ടു അവധികളില്‍ ഏതാണ് മൂസ പൂര്‍ത്തിയാക്കിയതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു. അറബികളുടെ പണ്ഡിതനോട് ചോദിക്കുന്നതുവരെ എനിക്ക് അതിനെക്കുറിച്ച് ജ്ഞാനമില്ല. അങ്ങനെ ഞാന്‍ പുറപ്പെട്ടു. ഇബ്നുഅബ്ബാസ്(റ) നോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചതും നല്ലതുമായ അവധി അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞാല്‍ അപ്രകാരം പ്രവര്‍ത്തിക്കും. (ബുഖാരി. 3. 48. 849) |
|
19) ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു. മുസ്ളിം സമൂഹമേ, നിങ്ങള്‍ എങ്ങിനെ വേദക്കാരോട് മതവിധി അന്വേഷിക്കും. നിങ്ങളുടെ പ്രവാചകന് ഇറക്കപ്പെട്ട വേദഗ്രന്ഥമാണ് അല്ലാഹുവില്‍ നിന്നുള്ള നൂതന വര്‍ത്തമാനം ഉള്‍ക്കൊള്ളുന്നത്. മനുഷ്യന്റെ വാക്കുകള്‍ അതില്‍ കലരാത്ത നിലക്ക് നിങ്ങളത് പാരായണം ചെയ്യുന്നു. ജൂത-ക്രിസ്ത്യാനികള്‍ തങ്ങളുടെ വേദഗ്രന്ഥം മാറ്റി മറിക്കുകയും അവരുടെ ഹസ്തങ്ങള്‍കൊണ്ട് അല്ലാഹു എഴുതിയത് തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിങ്ങളോട് പ്രസ്താവിക്കുന്നുണ്ട്. അങ്ങനെ അവര്‍ പറഞ്ഞു. (ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. അതിനെ തുച്ഛമായ വിലക്ക് അവ വാങ്ങുവാന്‍ വേണ്ടി) നിങ്ങള്‍ക്ക് ലഭിച്ച ജ്ഞാനം അവരോട് ചോദിക്കുന്നതിനെ നിങ്ങളോട് വിരോധിക്കുന്നില്ലേ? എന്നാല്‍ അവരില്‍ ഒരു മനുഷ്യരും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ചോദിച്ചു പഠിപ്പിക്കുന്നത് ഞാന്‍ കാണുന്നുമില്ല. അല്ലാഹു സത്യം. (ബുഖാരി. 3. 48. 850) |
|