Advanced Hadees Search
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പങ്കുചേരല്‍

മലയാളം ഹദീസുകള്‍


1) റാഫിഅ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെ അസര്‍ നമസ്കരിക്കാറുണ്ട്. ശേഷം ഒട്ടകത്തെ ഞങ്ങള്‍ അറുക്കും. തുടര്‍ന്ന് അതിനെ പത്ത് ഓഹരിയാക്കും. അങ്ങനെ വേവിച്ച മാംസം സൂര്യന്‍ അസ്തമിക്കുന്നതിന്റെ മുമ്പായി ഞങ്ങള്‍ ഭക്ഷിക്കും. (ബുഖാരി. 3. 44. 665)
 
2) അബൂമൂസാ(റ) നിവേദനം: യുദ്ധത്തില്‍ അശ്അരികളുടെ ആഹാരസാധനങ്ങള്‍ തീര്‍ന്നു. അല്ലെങ്കില്‍ മദീനയിലായിരിക്കുമ്പോള്‍ തന്നെ അവരുടെ കുടുംബത്തിലെ ആഹാരം കുറഞ്ഞു. എങ്കില്‍ ഞങ്ങളുടെ പക്കലുള്ളതെല്ലാം കൂടി അവര്‍ ഒരു തുണിയില്‍ ശേഖരിക്കും. ശേഷം ഒരളവ് പാത്രവും കൊണ്ട് സമമായി അതവര്‍ പങ്കിട്ടെടുക്കും. അതാണ് അവരുടെ പതിവ്. അവര്‍ എന്നില്‍ നിന്നുള്ളവരും ഞാന്‍ അവരില്‍ നിന്നുള്ളവനുമാണ്. (ബുഖാരി. 3. 44. 666)
 
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നിലധികം പേര്‍ക്കു പങ്കുള്ള ഒരടിമയില്‍ ഒരാളുടെ പങ്ക് അവന്‍ മോചിപ്പിച്ചാല്‍ തന്റെ ധനം വിനിയോഗിച്ച് ആ അടിമയെ പൂര്‍ണ്ണമായി മോചിപ്പിക്കേണ്ടത് അവന്റെ ബാധ്യതയാണ്. അവന്റെ പക്കല്‍ ധനമില്ലെങ്കിലോ ആ അടിമക്ക് നീതിപൂര്‍വ്വം വില കണക്കാക്കണം. അവനെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് പണമുണ്ടാക്കി പ്രതിഫലം വാങ്ങി ബാക്കി അവകാശികളും അവരുടെ അവകാശം കൈവിടണം. എന്നാല്‍ ജോലി ചെയ്യാന്‍ അവനെ പ്രയാസപ്പെടുത്തരുത്. (ബുഖാരി. 3. 44. 672)
 
4) നുഅ്മാന്‍(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ നിമയപരിധിക്കുള്ളില്‍ ജീവിക്കുന്നവന്റെയും ആ പരിധി ലംഘിക്കുന്നവന്റെയും സ്ഥിതി ഒരു സംഘം ആളുകളുടെ സ്ഥിതിപോലെയാണ്. (സീറ്റ് നിര്‍ണ്ണയിക്കാന്‍ വേണ്ടി) അവര്‍ നറുക്കിട്ടു. ചിലര്‍ക്ക് കിട്ടിയത് മേലെ തട്ടാണ്. മറ്റ് ചിലര്‍ക്ക് കപ്പലിന്റെ താഴെ തട്ടും. താഴെ തട്ടിലിരിക്കുന്നവര്‍ വെള്ളത്തിനാവശ്യം വരുമ്പോള്‍ മേലെ തട്ടിലിരിക്കുന്നവരുടെ അരികിലൂടെ നടക്കാന്‍ തുടങ്ങി. താഴെ തട്ടിലുള്ളവര്‍ പറഞ്ഞു: ഞങ്ങള്‍ ഓഹരിയില്‍പെട്ട സ്ഥലത്ത് ഞങ്ങളൊരു ഓട്ട തുളച്ചാല്‍ മുകളിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ കഴിക്കാമായിരുന്നു. താഴെ തട്ടിലുള്ളവരെ അങ്ങനെ പ്രവര്‍ത്തിക്കാന്‍ വിടുന്ന പക്ഷം രണ്ടു കൂട്ടരും ഒന്നായി നശിക്കും. അവരിങ്ങനെ പ്രവര്‍ത്തിക്കാതിരിക്കാന്‍ അവരുടെ കൈ പിടിച്ചാലോ ഇരുവിഭാഗവും രക്ഷപ്പെടുകയും ചെയ്യും. (ബുഖാരി. 3. 44. 673)
 
5) അബ്ദൂല്ലാഹിബ്നു ഹിശാം(റ) പറയുന്നു: അദ്ദേഹത്തിന്റെ മാതാവ് സൈനബ് അദ്ദേഹത്തെയും കൊണ്ട് ഒരിക്കല്‍ നബി(സ)യുടെ മുമ്പില്‍ ചെന്നു. ശേഷം അവര്‍ പറഞ്ഞു: പ്രവാചകരേ! അവിടുന്ന് ഇവനോട് ബൈഅത്തു ചെയ്താലും. നബി(സ) പറഞ്ഞു: ഇവനൊരു ചെറിയ കുട്ടിയാണല്ലോ. നബി(സ) അവനെ തലോടുകയും കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ അബ്ദുല്ലാഹിബ്നു ഹിശാം (പില്‍ക്കാലങ്ങളില്‍) മാര്‍ക്കറ്റില്‍ പോയി ആഹാരസാധനങ്ങള്‍ വാങ്ങി വ്യാപാരം ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ ഇബ്നു ഉമര്‍(റ), ഇബ്നു സുബൈര്‍(റ) എന്നിവര്‍ അദ്ദേഹത്തെ കാണുമ്പോള്‍ പറയും: നിങ്ങള്‍ വ്യാപാരത്തില്‍ ഞങ്ങളെ പങ്കു ചേര്‍ത്താല്‍ കൊള്ളാം. കാരണം നിങ്ങള്‍ക്ക് ബര്‍ക്കത്തിന് വേണ്ടി നബി(സ) പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അപ്പോള്‍ അവരെ അദ്ദേഹം പങ്ക് ചേര്‍ക്കും. ചിലപ്പോള്‍ ഒരൊട്ടകം ചുമന്ന ചരക്ക് അതേ പടി അദ്ദേഹത്തിന് ലാഭമായിക്കിട്ടും. ഉടനെ അതു അദ്ദേഹം വീട്ടിലേക്കയക്കും. (ബുഖാരി. 3. 44. 680)