Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ്ജ്‌

മലയാളം ഹദീസുകള്‍


1) ഇബ്നു അബ്ബാസ്(റ) നിവേദനം: അബ്ബാസിന്റെ മകന്‍ ഫള്ല് വാഹനത്തിന്മേല്‍ നബി(സ)യുടെ പിന്നിലിരിക്കുന്ന സന്ദര്‍ഭത്തില്‍ ഖസ്അം ഗോത്രക്കാരിയായ ഒരു സ്ത്രീ നബിയുടെ മുമ്പില്‍ വന്നു. ഫള്ല് അവളുടെ നേര്‍ക്കും അവള്‍ ഫ്ളലിന്റെ നേര്‍ക്കും നോക്കുവാന്‍ തുടങ്ങി. നബി(സ) ഫള്ലിന്റെ മുഖത്തെ മറുവശത്തേക്ക് തിരിച്ചു നിര്‍ത്തി. ആ സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ! നിശ്ചയം ഹജ്ജ് നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള അല്ലാഹുവിന്റെ കല്‍പ്പന വന്നപ്പോള്‍ എന്റെ പിതാവ് വൃദ്ധനായിക്കഴിഞ്ഞിരിക്കുന്നു. വാഹനത്തിലിരിക്കാന്‍ അദ്ദേഹത്തിന് സാധ്യമല്ല. അതിനാല്‍ അദ്ദേഹത്തിനുവേണ്ടി എനിക്ക് ഹജ്ജ് നിര്‍വ്വഹിക്കാമോ? അതെ. എന്ന് നബി(സ) മറുപടി പറഞ്ഞു. ഈ സംഭവം ഹജ്ജത്തല്‍ വദാഇലായിരുന്നു. (ബുഖാരി. 2. 26. 589)
 
2) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ദുല്‍ഹൂലൈഫായില്‍ വെച്ച് വാഹനത്തില്‍ കയറുന്നത് ഞാന്‍ കണ്ടു. അവിടുന്ന് അതിന്മേല്‍ സമയമായപ്പോള്‍ തല്‍ബിയ്യത്തു ചൊല്ലുവാന്‍ തുടങ്ങി. (ബുഖാരി. 2. 26. 590)
 
3) ജാബിര്‍(റ) നിവേദനം: നബി(സ) ദുല്‍ഹൂലൈഫായില്‍ വെച്ച് തല്‍ബിയ്യത്തു ചൊല്ലിയതു അവിടുന്നു വാഹനപ്പുറത്തു സമയമായ സന്ദര്‍ഭത്തിലാണ്. (ബുഖാരി. 2. 26. 591)
 
4) അബ്ദുല്ല(റ) നിവേദനം: അനസ്(റ) ഒരു ഒട്ടകത്തിന്റെ പുറത്ത് കയറി ഹജ്ജ് ചെയ്തു. അദ്ദേഹം ഒരു പിശുക്കനായിരുന്നില്ല. ശേഷം അദ്ദേഹം പറഞ്ഞു. നിശ്ചയം അല്ലാഹുവിന്റെ ദൂതന്‍ ഒട്ടകപ്പുറത്ത് കയറി ഹജ്ജ് ചെയ്തിരുന്നു. അതു അവിടുത്തെ ഭാരം ചുമക്കുന്ന വാഹനമായിരുന്നു. (ബുഖാരി. 2. 26. 592)
 
5) ആയിശ(റ) നിവേദനം: നബി(സ) ആയിശ(റ) യുടെ സഹോദരനായ അബ്ദുറഹ്മാനെ അവരുടെ കൂടെ നിയോഗിക്കുകയും അങ്ങനെ അദ്ദേഹം അവരെ തന്‍ഈമില്‍ കൊണ്ടു പോയി ഇഹ്റാമില്‍ പ്രവേശിപ്പിച്ചു ഉംറ ചെയ്യിപ്പിച്ചു. അദ്ദേഹം അവരെ(ആയിശയെ) ഒരു ചെറിയ ഒട്ടക കട്ടിലിലാണ് വഹിച്ചത്. ഉമര്‍(റ) പറഞ്ഞു: ഹജ്ജിന് വേണ്ടി നിങ്ങള്‍ വാഹനം തയ്യാറാക്കുവീന്‍. നിശ്ചയം അതു ജിഹാദില്‍ പെട്ട ഒന്നാണ്. (ബുഖാരി. 2. 26. 593)
 
6) അബൂഹുറൈറ(റ) നിവേദനം: ഏത് പ്രവൃത്തിയാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: അല്ലാഹുവിലും ദൂതനിലും വിശ്വസിക്കല്‍. ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യല്‍ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: പുണ്യകരമായ ഹജ്ജ്. (ബുഖാരി. 2. 26. 594)
 
7) ആയിശ(റ) നിവേദനം: പ്രവാചകരേ! ജിഹാദ് സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ യുദ്ധം ചെയ്യേണ്ടയോ? നബി(സ) അരുളി: ആവശ്യമില്ല. എന്നാല്‍ ഏറ്റവും മഹത്തായ യുദ്ധം പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി. 2. 26. 595)
 
8) അബൂഹുറൈറ(റ) നിവേദനം: വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട് അവന്‍ തിരിച്ചുവരും എന്ന് നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2. 26. 596)
 
9) സൈദ്(റ) നിവേദനം: അദ്ദേഹം ഇബ്നുഉമര്‍(റ)ന്റെ താവളത്തില്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒരു കൂടാരവും കര്‍ട്ടനും ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ എവിടെ വെച്ച് ഉംറ:ക്ക് ഇഹ്റാം കെട്ടണം. അദ്ദേഹം പറഞ്ഞു. ന്ുദ്കാര്‍ക്ക് കര്‍നൂല്‍ മനാസിലും മദീനക്കാര്‍ക്ക് ഹുലൈ:ഫയും സിറിയക്കാര്‍ക്ക് ജൂഹ്ഫയും നബി(സ)അനിവാര്യമാക്കിയിട്ടുണ്ട്. (ബുഖാരി. 2. 26. 597)
 
10) ഇബ്നു അബ്ബാസ്(റ) നിവേദനം: യമനിലെ നിവാസികള്‍ ഹജ്ജ് ചെയ്യാറുണ്ട്. എന്നാല്‍ ആഹാരം അവര്‍ കരുതാറില്ല. അവര്‍ ഇപ്രകാരം പറയും: ഞങ്ങള്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവരാണ്. അങ്ങനെ മക്കയില്‍ അവര്‍ വന്നാല്‍ ജനങ്ങളോട് യാചിക്കുകയും ചെയ്യും. അപ്പോഴാണ് അല്ലാഹു ഇപ്രകാരം അവതരിച്ചത്. നിങ്ങള്‍ ഭക്ഷണം ശേഖരീക്കുവീന്‍. നിശ്ചയം, ഭയഭക്തിയാണ് ഏറ്റവും നല്ല ഭക്ഷണം. (ബുഖാരി. 2. 26. 598)
 
11) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ദുല്‍ഹുലൈഫ:യിലെ ചരല്‍ഭൂമിയില്‍ ഒട്ടകത്തെ മുട്ടുകുത്തിച്ചു. അങ്ങനെ അവിടെവെച്ച് നമസ്കരിച്ചു. ഇബ്നുഉമര്‍(റ) ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 2. 26. 607)
 
12) സാലിമ് തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി(സ) രാത്രിയുടെ അന്ത്യഘട്ടത്തില്‍ മലയുടെ താഴ്വരയിലുള്ള ദുല്‍ഹുലൈഫായില്‍ വിശ്രമത്തിനായി ഇറങ്ങി. അപ്പോള്‍ അവിടുന്ന് ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നബി(സ)യോട് ഒരാള്‍ പറഞ്ഞു: താങ്കള്‍ അനുഗ്രഹീതമായ ഒരു ചരല്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. സാലിമ് ഇബ്നുഉമര്‍(റ) തന്റെ ഒട്ടകത്തെ മുട്ടു കുത്തിച്ച സ്ഥലം ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളേയുമായി ഇറങ്ങാറുണ്ട്. എന്നിട്ട് നബി(സ) വിശ്രമിച്ച സ്ഥലത്ത് വിശ്രമിക്കും. താഴ്വരയിലുള്ള പള്ളിയുടെ താഴെയായിരുന്നു പ്രസ്തുത സ്ഥലം. താഴ്വരയുടെയും വഴിയുടെയും ഇടയിലുള്ള ദൂരം ഏകദേശം സമമായിരുന്നു. (ബുഖാരി. 2. 26. 610)
 
13) ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാം കെട്ടിയശേഷം സുഗന്ധത്തിന്റെ തിളക്കം അവിടുത്തെ തലക്ക് മുകളില്‍ (മൂര്‍ദ്ധാവ്)ഞാന്‍ കാണാറുണ്ട്. (ബുഖാരി. 2. 26. 611)
 
14) ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാമില്‍ പ്രവേശിക്കുമ്പോള്‍ ഞാന്‍ സുഗന്ധദ്രവ്യം പൂശിക്കൊടുത്തിരുന്നു. ഇഹ്റാമില്‍ നിന്ന് വിരമിക്കുമ്പോള്‍ ത്വവാഹിന് മുമ്പും നബി(സ)ക്ക് ഞാന്‍ സുഗന്ധദ്രവ്യം പൂശി കൊടുക്കാറുണ്ട്. (ബുഖാരി. 2. 26. 612)
 
15) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ദുല്‍ഹുലൈഫയിലെ പള്ളിക്കടുത്ത് വെച്ചല്ലാതെ തല്‍ബിയത്തു ചൊല്ലാന്‍ തുടങ്ങിയിട്ടില്ല. (ബുഖാരി. 2. 26. 614)
 
16) ഇബ്നു ഉമര്‍(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! ഇഹ്റാം കെട്ടിയവന്‍ വസ്ത്രത്തില്‍ നിന്ന് എന്താണ് ധരിക്കേണ്ടത്? നബി(സ) അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി, കാലുറ (ഷൂസ്)എന്നിവ ധരിക്കരുത്. ഒരാള്‍ക്ക് ചെരിപ്പ് ലഭിക്കാതിരുന്നാല്‍ അവന്‍ ബൂട്ട്സ് ധരിച്ചുകൊളളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍ മുറിച്ചു കൊള്ളട്ടെ. കുങ്കുമമോ വര്‍സോ പൂശിയ വസ്ത്രം അവന്‍ ധരിക്കരുത്. (ബുഖാരി. 2. 26. 615)
 
17) ഇബ്നുഅബ്ബാസ്(റ) നിവേദനം: നിശ്ചയം നബി(സ) അറഫയില്‍ നിന്നും മുസ്ദലിഫവരെ യാത്ര ചെയ്തപ്പോള്‍ അവിടുത്തെ ഒട്ടകപ്പുറത്തിരുന്നത് ഉസാമയായിരുന്നു. ശേഷം മുസ്ദലിഫ മുതല്‍ മിനാവരേക്കും ഫള്ലിനെ നബി(സ) പിന്നിലിരുത്തി. അവര്‍ രണ്ടുപേരും പറയുന്നു. നബി(സ) ജംറത്തുല്‍ അഖബിയില്‍ കല്ലെറിയുന്നതുവരെ തല്‍ബിയത്തു ചൊല്ലിക്കൊണ്ടിരുന്നു. (ബുഖാരി. 2. 26. 616)
 
18) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ വെച്ച് നാല് റക്അത്ത് നമസ്കരിച്ചു. ദുല്‍ഹുലൈഫായില്‍ വെച്ച് രണ്ട് റക്അത്തു നമസ്കരിച്ചു. ശേഷം പ്രഭാതം വരെ ദുല്‍ഹുലൈഫയില്‍ രാത്രി താമസിച്ചു. വാഹനത്തില്‍ കയറി സമയമായപ്പോള്‍ നബി(സ) തല്‍ബിയ്യത്തു ചൊല്ലി. (ബുഖാരി. 2. 26. 618)
 
19) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ വെച്ച് ളുഹ്റ് നാല് റക്അത്തു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്ത്തു നമസ്കരിച്ചു. അദ്ദേഹം പറഞ്ഞു. നബി(സ) അവിടെ പ്രഭാതം വരെ രാത്രി താമസിച്ചതായി ഞാന്‍ വിചാരിക്കുന്നു. (ബുഖാരി. 2. 26. 619)
 
20) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ ളുഹ്ര്‍ നാല് റക്അത്തു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അത്തും. ഹജ്ജിനും ഉംറക്കും അവരുടെ ശബ്ദം ഉറക്കെ (തല്‍ബിയ്യത്തു ചൊല്ലി ഉയര്‍ത്തുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി). (ബുഖാരി. 2. 26. 620)
 
21) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ)യുടെ തല്‍ബിയ്യത്തു ഇപ്രകാരമായിരുന്നു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ വന്നിഅ് മത്ത ലക്കവല്‍ മുതക്ക് ലാ ശരീക്കലക്ക്. (ബുഖാരി. 2. 26. 621)
 
22) ആയിശ(റ) നിവേദനം: നബി(സ) എങ്ങനെയാണ് തല്‍ബിയ്യത്തു ചൊല്ലിയത് എന്നതിനെ സംബന്ധിച്ച് ഞാന്‍ കൂടുതല്‍ അറിവുള്ളവളാണ്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ വന്നിഅ്മതലക്ക. (ബുഖാരി. 2. 26. 622)
 
23) അനസ്(റ) നിവേദനം: നബി(സ) മദീനയില്‍ വെച്ച് ളുഹ്ര്‍ നാല് റക്അതു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അതും നമസ്കരിച്ചു. പ്രഭാതം വരെ നബി(സ) അവിടെ താമസിച്ചു. ശേഷം വാഹനത്തില്‍ കയറി. ബൈദാഇലെത്തിയപ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. പിന്നെ നബി(സ) ഹജ്ജിനും ഉംറക്കും ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ജനങ്ങളും അവ രണ്ടിനും ഒന്നിച്ച് ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ഞങ്ങള്‍ മക്കയിലെത്തിയപ്പോള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കാന്‍ നബി(സ) ജനങ്ങളോട് കല്‍പ്പിച്ചു. അവര്‍(ഉംറ ചെയ്തു) ഇഹ്റാമില്‍ നിന്ന് വിരമിച്ച് തര്‍വിയ്യത്തിന്റെ ദിവസം (ദുല്‍ഹജ്ജ് 8) ആയപ്പോള്‍ ഹജ്ജിനു വേണ്ടി അവര്‍ ഇഹ്റാം കെട്ടി തല്‍ബ്ബിയ്യത്തു ചൊല്ലി. അനസ്(റ) പറഞ്ഞു: നബി(സ) കുറെ ഒട്ടകങ്ങളെ നിറുത്തിക്കൊണ്ട് അറുത്തു ബലി കഴിച്ചു. മദീനയില്‍ വെച്ച് നബി(സ) കറുപ്പ് നിറം കലര്‍ന്ന രണ്ട് വെള്ളച്ചെമ്മരിയാടുകളെയാണ് അറുത്തിരുന്നത്. (ബുഖാരി. 2. 26. 623)
 
24) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) വാഹനത്തില്‍ കയറിയപ്പോള്‍ തല്‍ബിയത്തു ചൊല്ലി. (ബുഖാരി. 2. 26. 624)
 
25) ഇബ്നു ഉമര്‍(റ) നിവേദനം: അദ്ദേഹം മക്കയിലേക്ക് പുറപ്പെടാന്‍ ഉദ്ദേശിച്ചാല്‍ സുഗന്ധത്തിന്റെ വാസനയില്ലാത്ത എണ്ണകൊണ്ട് തലയില്‍ തേക്കും. ശേഷം ഹുലൈഫയിലെ പള്ളിയുടെ അടുത്തുവന്ന് നമസ്കരിക്കും. തുടര്‍ന്ന് വാഹനത്തില്‍ കയറും. വാഹനം അദ്ദേഹത്തെയുമായി സമയമായാല്‍ ഇഹ്റാമില്‍ പ്രവേശിക്കും. നബി(സ) ഇപ്രകാരം ചെയ്തതായി ഞാന്‍ കണ്ടിരുന്നുവെന്ന അദ്ദേഹം പറയും. (ബുഖാരി. 2. 26. 625)
 
26) മുജാഹിദ്(റ) പറയുന്നു. ഞങ്ങള്‍ ഒരിക്കല്‍ ഇബ്നു അബ്ബാസ്(റ)ന്റെ അടുത്തിരിക്കുമ്പോള്‍ അദ്ദേഹത്തോട് ദജ്ജാലിനെക്കുറിച്ച് ചോദിച്ചു. അവന്റെ രണ്ടു കണ്ണുകള്‍ക്കിടയില്‍ കാഫിര്‍ എന്ന് എഴുതിയിട്ടുണ്ടോ എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഞാനത് കേട്ടിട്ടില്ല. എന്നാല്‍ ഇപ്രകാരമാണ് നബി(സ) പറഞ്ഞത്. മൂസ(അ) ആവട്ടെ തല്‍ബിയത്തു ചൊല്ലിക്കൊണ്ടു മലയുടെ താഴ്വരയിലേക്ക് ഇറങ്ങിപ്പോകുന്നതു ഇതാ എന്റെ കണ്‍മുമ്പില്‍ കാണും പോലെ തോന്നുന്നു. (ബുഖാരി. 2. 26. 626)
 
27) അനസ്(റ) നിവേദനം: അലി(റ) യമനില്‍ നിന്ന് നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) ചോദിച്ചു. നീ എന്തിനാണ് ഇഹ്റാം കെട്ടിയത്? അദ്ദേഹം പറഞ്ഞു: നബി(സ) എന്തിനാണോ ഇഹ്റാം കെട്ടിയത് അതിന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: എന്റെ കൂടെ ബലിമൃഗം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇഹ്റാമില്‍ നിന്ന് (ഉംറ: നിര്‍വ്വഹിച്ച്) വിരമിക്കുമായിരുന്നു. (ബുഖാരി. 2. 26. 629)
 
28) അബൂശിഹാബ്(റ) പറഞ്ഞു: ഞാന്‍ ഉംറക്ക് മാത്രം ഇഹ്റാം കെട്ടികൊണ്ട് മക്കയില്‍ പ്രവേശിച്ചു. തല്‍ബിയ്യത്തു ദിവസത്തിന്റെ(ദുല്‍ഹജ്ജ്:8) മൂന്ന് ദിവസം മുമ്പ് തന്നെ മക്കയില്‍ ഞങ്ങള്‍ പ്രവേശിച്ചു. അപ്പോള്‍ മക്കയിലെ ചില മനുഷ്യന്മാര്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ ഹജ്ജ് മക്കിയ്യായ ഹജ്ജ് പോലെയാണ് (പ്രതിഫലം കുറഞ്ഞതാണ്) ഉടനെ ഞാന്‍ അത്വാഅ്(റ)ന്റെ അടുത്തു പ്രവേശിച്ചു. ഈ പ്രശ്നത്തില്‍ മതവിധി ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നോട് ജാബിര്‍(റ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നബി(സ) ഒട്ടകങ്ങളെ ബലിയടയാളം കെട്ടികൊണ്ടുവന്ന നാളുകളില്‍ അദ്ദേഹം നബി(സ) യോടൊപ്പം ഹജ്ജ് ചെയ്തു. അനുചരന്മാര്‍ ഹജ്ജിന്നു മാത്രമായിട്ടാണ് ഇഹ്റാം കെട്ടിയിരുന്നത്. നബി(സ) പറഞ്ഞു: സഫാ-മര്‍വക്കിടയിലെ നടത്തവും കഅബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുവീന്‍. നിങ്ങള്‍ മുടി വെട്ടുവീന്‍. ദുല്‍ഹജ്ജ് എട്ടുവരേക്കും ഇഹ്റാമില്‍ നിന്ന് മുക്തരായിക്കൊണ്ട് ജീവിച്ചുകൊളളുക. വീണ്ടും തര്‍ബിയ്യത്തു ദിവസമായാല്‍ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തു ആക്കുക. ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? നബി(സ) അരുളി: ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ പ്രവര്‍ത്തിക്കുക. ബലി മൃഗങ്ങളെ കൊണ്ടു വന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ ഞാന്‍ പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോള്‍ നബി(സ) കല്‍പ്പിച്ചതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 2. 26. 639)
 
29) ഇബ്നുഅബ്ബാസ്(റ) നിവേദനം: മക്കാവിജയ വേളയില്‍ നബി(സ) അരുളി: നിശ്ചയം ഈ രാജ്യത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അവിടുത്തെ മരം മുറിക്കപ്പെടുവാനും വേട്ടമൃഗത്തെ ഓടിക്കുവാനും നഷ്ടപ്പെട്ട വസ്തു അതിന്റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനും വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 26. 657)
 
30) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: കുറിയ കാലുകളോടു കൂടിയ ഒരു എത്യോപ്യക്കാരന്‍ കഅ്ബയെ പൊളിക്കുന്നതാണ്. (ബുഖാരി. 2. 26. 661)
 
31) ആയിശ(റ) നിവേദനം: റമളാന്‍ നോമ്പ് ഫര്‍ളാക്കുന്നതിന് മുമ്പ് നബി(സ)യുടെ അനുചരന്മാര്‍ ആശുറാ നോമ്പ് അനുഷ്ഠിച്ചിരുന്നു. കഅ്ബ:യുടെ മേല്‍ വിരിയിടുന്ന ദിവസം അന്നായിരുന്നു. അല്ലാഹു റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ) അരുളി: വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കാത്തപക്ഷം അവനതു ഉപേക്ഷിക്കട്ടെ. (ബുഖാരി. 2. 26. 662)
 
32) അബൂഈദ്(റ) നിവേദനം: നബി(സ) അരുളി: യഅ്ജൂജ് മഅ്ജൂജുകളുടെ പുറപ്പാടിനു ശേഷവും ആളുകള്‍ കഅ്ബത്തിങ്കല്‍ വന്നു ഹജ്ജും ഉംറയും അനുഷ്ഠിക്കും. ശുഅ്ബ:(റ) ഉദ്ധരിക്കുന്നു. ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. (ബുഖാരി. 2. 26. 663)
 
33) ഉമര്‍ (റ) പറയുന്നു: കഅ്ബ:യില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണവും വെളളിയും ദരിദ്രന്മാര്‍ക്ക് വീതിച്ചുകൊടുക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു. ഞാന്‍(അബൂവാഇല്‍)ചോദിച്ചു: നിശ്ചയം നിങ്ങളുടെ രണ്ടു സ്നേഹിതന്മാര്‍ അപ്രകാരം ചെയ്തിട്ടില്ലേ? ഉമര്‍(റ) പറഞ്ഞു: അവര്‍ രണ്ടു മനുഷ്യന്മാരാണ്. ഞാന്‍ അവരെ പിന്‍തുടരുന്നു. (ബുഖാരി. 2. 26. 664)
 
34) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: നടക്കുമ്പോള്‍ കാലകറ്റിവെച്ച് നടക്കുന്ന ഒരു കറുത്ത മനുഷ്യന്‍ കഅബ:യുടെ കല്ലുകള്‍ ഓരോന്നായി പൊളിച്ചെടുക്കുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 2. 26. 665)
 
35) ഉമര്‍ (റ) പറയുന്നു: അദ്ദേഹം ഹജ്ജ് വേളയില്‍ ഹജറുല്‍ അസ്വദിനടുത്തുവന്ന് അതിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു. നീ വെറും ഒരു കല്ല് മാത്രമാണ്. ആര്‍ക്കും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്ക് സാധ്യമല്ല. ആ യാഥാര്‍ത്ഥ്യം ഞാന്‍ ശരിക്കും അറിയുന്നു. പ്രവാചകന്‍ നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 667)
 
36) അബ്ദുല്ല(റ) നിവേദനം: നബി(സ) കഅ്ബയെ ത്വവാഫ് ചെയ്തു കൊണ്ട് ഉംറ: നിര്‍വഹിച്ചു. മഖാമിന്റെ അടുത്തുവെച്ച് രണ്ടു റക്അത്തു നമസ്കരിച്ചു. നബി(സ)യെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാനായി ചിലര്‍ കാവല്‍ നിന്നു. അന്ന് നബി(സ) കഅ്ബയില്‍ പ്രവേശിച്ചുവോ എന്ന് ചിലര്‍ അബുദ്ല്ലയോട് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞു. (ബുഖാരി. 2. 26. 670)
 
37) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) മക്കാ വിജയവേളയില്‍ കഅ്ബത്തിനടുത്ത് ചെന്നിട്ടു ഉളളില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. അതില്‍ വിഗ്രഹങ്ങളുണ്ടായിരുന്നു. നബി(സ)യുടെ കല്‍പ്പനപ്രകാരം അവയെല്ലാം പുറത്തേക്കെടുത്തു. ആ കൂട്ടത്തില്‍ ഇബ്രാഹീം നബി(അ)യുടേയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രതിമകളും പുറത്തേക്കെടുത്തു. പ്രതിമകളുടെ കൈകളില്‍ പ്രശ്നം വെക്കാനുപയോഗിക്കുന്ന അമ്പുകളുണ്ടായിരുന്നു. നബി(സ) അരുളി: അല്ലാഹു അവരെ നശിപ്പിക്കട്ടെ! അല്ലാഹു സത്യം! ആ പ്രവാചകന്മാര്‍ രണ്ടുപേരും ഒരിക്കലും അമ്പുകള്‍ കൊണ്ട് പ്രശ്നം വെച്ചിട്ടില്ലെന്ന് ബഹുദൈവവിശ്വാസികള്‍ക്കറിയാം. ശേഷം നബി(സ) കഅ്ബയുടെ ഉളളില്‍ കടന്നു. അവിടെ വെച്ച് അല്ലാഹുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചു. അതിന്നടുത്തു വെച്ചു അവിടുന്നു നമസ്കരിച്ചില്ല. (ബുഖാരി. 2. 26. 671)
 
38) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യും സഹാബിവര്യന്മാരും ഉംറ: ചെയ്യാന്‍മക്കയിലെത്തി. അപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു: ഇതാ! നിങ്ങളുടെയടുത്തേക്ക് ഒരു സംഘം ആളുകള്‍ വരുന്നുണ്ട്. മദീനത്തെ പളളി അവരെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. അന്നേരം നബി(സ) അനുചരന്മാരോട് മൂന്നുവട്ടം ഓടി നടന്നുകൊണ്ടും ഹജറുല്‍ അസ്വദിന്റെ ഭാഗത്തുളള രണ്ടു മൂലകള്‍ക്കിടയില്‍ മിതമായി നടന്നുകൊണ്ടും ത്വവാഫ് ചെയ്യാന്‍ കല്‍പ്പിച്ചു. ത്വവാഫിന്റെ ഏഴുവട്ടം മുഴുവനും ഓടി നടക്കുവാന്‍ നബി(സ) കല്‍പ്പിക്കാതിരുന്നത് അവരോടുളള ദയകൊണ്ട് മാത്രമായിരുന്നു. (ബുഖാരി. 2. 26. 672)
 
39) സാലിം(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: നബി(സ) മക്കയില്‍ വന്നപ്പോള്‍ ഹജറുല്‍ അസ്വദിനെ കൈകൊണ്ട് തൊട്ട് ചുബിച്ചശേഷം ഏഴ് ത്വവാഫുകളില്‍ ആദ്യത്തെ ത്വവാഫുകള്‍ വേഗം ഓടി നടന്നുകൊണ്ട് (റംല്)ചെയ്യുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 2. 26. 673)
 
40) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) മൂന്ന് പ്രാവശ്യം കാലുകള്‍ അടുപ്പിച്ച് ധൃതിയില്‍(റംല്)നടന്നു. നാല് പ്രാവശ്യം സാധാരണ നടത്തവും അവിടുന്നു നിര്‍വ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി. 2. 26. 674)
 
41) ഉമര്‍ (റ) നിവേദനം: അദ്ദേഹം മൂലയെ (ഹജറുല്‍ അസ്വദ്)ക്കുറിച്ച് പറഞ്ഞു. അല്ലാഹു സത്യം. നീ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കല്ലാണെന്ന് എനിക്കറിയാം. നബി(സ) നിന്നെ തൊട്ടുചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തൊട്ടു ചുംബിക്കുകയില്ല. അങ്ങനെ അദ്ദേഹം അതിനെ തൊട്ടു ചുംബിച്ചു. ശേഷം പറഞ്ഞു: നാമെന്തിന് ത്വവാഫ് ഓടി നടന്നു ചെയ്യണം? അന്ന് നാം അത് മുശ്രിക്കുകളുടെ മുമ്പില്‍ നമ്മുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. ഇന്നു അല്ലാഹു അവരെ നശിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു: ശരി, നബി(സ) ചെയ്ത ഒരു പ്രവൃത്തി, അതുകൊണ്ട് നാമതു ഉപേക്ഷിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. (ബുഖാരി. 2. 26. 675)
 
42) ഇബ്നു ഉമര്‍ (റ) നിവേദനം: ഹജറുല്‍ അസ്വദ് റുക്ക്നുല്‍ യമാനി എന്നീ രണ്ടു മൂലകളും സൌകര്യമുളളപ്പോഴും അസൌകര്യമുളളപ്പോഴും ത്വവാഫില്‍ കൈകൊണ്ട് തൊടുന്നത് ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. നബി(സ) അവ രണ്ടിലും തൊടുന്നതു കണ്ടതുമുതല്‍. ഞാന്‍(ഉബൈദു)നാഫിഅ് നോട് ചോദിച്ചു. ഇബ്നുഉമര്‍(റ) രണ്ടു മൂലകള്‍ക്കിടയില്‍ നടക്കുകയാണോ ചെയ്യാറുണ്ടായിരുന്നത്? നാഫിഅ്(റ) പറഞ്ഞു: അവ തൊടുന്നതിന് എളുപ്പമാകാന്‍ വേണ്ടി അദ്ദേഹം നടക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 2. 26. 676)
 
43) ഇബ്നുഅബ്ബാസ്(റ) നിവേദനം: ഹജ്ജത്തുല്‍വദാഇല്‍ ഒട്ടകപ്പുത്തിരുന്നു ഒരു വടികൊണ്ട് ഹജറുല്‍ അസ്വദിനെ തൊട്ടുകൊണ്ടാണ് നബി(സ) ത്വവാഫ് ചെയ്തത്. (ബുഖാരി. 2. 26. 677)
 
44) സാലിമ്(റ) തന്റെ പിതാവില്‍ നിന്ന് (ഇബ്നു ഉമര്‍) നിവേദനം: നബി(സ) രണ്ട് യമാനി തൂണുകള്‍(മൂലകള്‍)അല്ലാതെ സ്പര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 2. 26. 678)
 
45) സൈദ്ബ്നു അസ്ളം(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. ഉമര്‍(റ) ഹജറുല്‍ അസ് വദിനിെ ചുംബിക്കുന്നത് ഞാന്‍ കണ്ടു. ശേഷം അദ്ദേഹം പറഞ്ഞു: നിന്നെ നബി(സ) ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ഒരിക്കലും ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 679)
 
46) സുബൈര്‍(റ) പറയുന്നു: ഇബ്നു ഉമര്‍(റ) വിനോട് ഒരാള്‍ ഹജറുല്‍ അസ്വദ് തൊടുന്നതിനെ സംബന്ധിച്ച് ചോദിച്ചു: ഇബ്നു ഉമര്‍(റ) പറഞ്ഞു: നബി(സ) അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ തിരക്കില്‍ പെട്ടുപോയാലോ എന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഇബ്നു ഉമര്‍(റ) പറഞ്ഞു: നീ നിന്റെ അങ്ങിനെയാണെങ്കില്‍, ഇങ്ങിനെയാണെങ്കില്‍ എന്നീ ചോദ്യങ്ങള്‍ കൊണ്ടുപോയി യമനില്‍ വച്ചു കൊളളുക. നബി(സ) അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 26. 680)
 
47) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ഒരു ഒട്ടകപ്പുറത്തിരുന്നു കഅ്ബയെ പ്രദക്ഷിണം വെച്ചു. ഹജറുല്‍ അസ്വദിന്റെ അടുത്തു എത്തുന്ന സന്ദര്‍ഭത്തില്‍ എല്ലാം തന്നെ നബി(സ) അതിന്റെ നേരെ ചൂണ്ടി. (ബുഖാരി. 2. 26. 681)
 
48) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ഹജറൂല്‍ അസ്വദിന്റെ മൂലയില്‍ എത്തുമ്പോള്‍ എന്തെങ്കിലും കൊണ്ട് അതിന്റെ നേരെ ചൂണ്ടും. അവിടുന്ന് തക്ബീര്‍ ചൊല്ലുകയും ചെയ്യും. (ബുഖാരി. 2. 26. 682)
 
49) ആയിശ(റ) നിവേദനം: നബി(സ) മക്കയില്‍ വന്നാല്‍ ആദ്യമായി വുളുവെടുത്ത് ത്വവാഫ് ചെയ്യും. ആ ത്വവാഫ് മാത്രം നബി(സ) ഉംറയായി പരിഗണിക്കാറില്ല. അബൂബക്കര്‍(റ) ഉമര്‍(റ) എന്നിവരും നബി(സ)യെപ്പോലെ തന്നെ ഹജ്ജ് ചെയ്തു. ശേഷം ഞാന്‍(ഉര്‍വ)എന്റെ പിതാവ് സുബൈറിന്റെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹവും ആദ്യം കഅ്ബയെ ത്വവാഫ് ചെയ്തു. മുഹാജിറുകളും അന്‍സാറുകളും അപ്രകാരം തന്നെ ചെയ്യുന്നതായി ഞാന്‍ കണ്ടു. എന്റെ മാതാവ് എന്നോട് പറഞ്ഞു. അവരും സഹോദരിയും സുബൈറും ഒരു സ്ത്രീയും പുരുഷനും കൂടി ഉംറ:ക്ക് ഇഹ്റാം കെട്ടി. ഹജറുല്‍അസ്വദിനെ ചുംബിച്ച് (ത്വവാഫും സഅ്യും)നിര്‍വ്വഹിച്ച് അവന്‍ ഇഹ്റാമില്‍ നിന്ന് വിരമിച്ചു. (ബുഖാരി. 2. 26. 683)
 
50) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) ഹജ്ജിനോ ഉംറക്കോ ത്വവാഫ് ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം വേഗത്തില്‍ നടക്കുകയും നാല് പ്രവാശ്യം നടക്കുകയും ചെയ്യും. ശേഷം രണ്ടു റക്അത്തു നമസ്കരിക്കും. പിന്നെ സ്വഫാ-മര്‍വക്കിടയില്‍ സഅ്യ് ചെയ്യും. ഇബ്നു ഉമര്‍(റ) നിവേദനം: അവര്‍ സ്വഫാ-മര്‍വക്കിടയിലൂടെ നടക്കുമ്പോള്‍ താഴ്വരയിലൂടെ നടക്കാറുണ്ട്. (ബുഖാരി. 2. 26. 685)
 
51) ഉമ്മു സലമ:(റ) നിവേനം: ഞാന്‍ രോഗിയാണെന്ന് നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) കഅ്ബ: യുടെ ഒരു ഭാഗത്ത് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ത്വവാഫ് ചെയ്തു. അവിടുന്നു വത്വൂര്‍ എന്ന സൂറത്തു പാരായണം ചെയ്യുന്നുണ്ട്. (ബുഖാരി. 2. 26. 686)
 
52) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ത്വവാഫ് ചെയ്യുന്നതിനിടക്ക് തുകലില്‍ നിന്നു മുറിച്ചെടുത്ത് ചരടുകൊണ്ടോ നൂലുകൊണ്ടോ മറ്റോ തന്റെ കൈ മറ്റൊരാളുടെ കൈയുമായി കൂട്ടിക്കെട്ടി ത്വവാഫ് ചെയ്യുന്ന ഒരു മനുഷ്യന്റെ അടുത്തുകൂടി നടന്നുപോയി. നബി(സ) ആ കെട്ട് തന്റെ കൈ കൊണ്ട് മുറിച്ചു കളഞ്ഞു. ശേഷം അവിടുന്ന് അരുളി: അയാളുടെ കൈ പിടിച്ചു നടക്കുക. (ബുഖാരി. 2. 26. 687)
 
53) അബൂഹുറൈറ(റ) നിവേദനം: ഹജ്ജുത്തൂല്‍ വദാഇന്നു മുമ്പുളള വര്‍ഷത്തില്‍ അബൂബക്കര്‍(റ) നെ അമീറായി നിയമിച്ചുകൊണ്ടു ഒരു സംഘത്തെ നബി(സ) ഹജ്ജിന് നിയോഗിച്ചു. ബലികര്‍മ്മ ദിവസം മിനായില്‍ വെച്ച് ഇപ്രകാരം പ്രഖ്യാപിക്കാന്‍ അബൂബക്കര്‍(റ) ഒരു സംഘം ആളുകളോടൊപ്പം എന്നെ നിയോഗിച്ചു. അറിയുക! ഈ വര്‍ഷത്തിനു ശേഷം മുശ്രിക്കുകള്‍ ആരും തന്നെ ഹജ്ജ് ചെയ്യാന്‍ പാടില്ല. നഗ്നത മറക്കാതെ ത്വവാഫ് ചെയ്യാനും പാടില്ല. (ബുഖാരി. 2. 26. 689)
 
54) അംറ്(റ) പറയുന്നു: ഞങ്ങള്‍ ഇബ്നു ഉമര്‍(റ) നോട് ചോദിച്ചു. ഒരാള്‍ ഉംറ: നിര്‍വ്വഹിക്കുമ്പോള്‍ സ്വഫാ-മര്‍വാക്കിടയില്‍ നടക്കുന്നതിനു മുമ്പ് തന്റെ ഭാര്യയെ സമീപിക്കുവാന്‍ പാടുണ്ടോ? അദ്ദേഹം പറഞ്ഞു: നബി(സ) ഉംറ: ക്ക് വന്നു. അവിടുന്ന് ഏഴു പ്രാവശ്യം ത്വവാഫ് ചെയ്തു. ശേഷം മഖാമിന്റെ പിന്നില്‍ നിന്ന് കൊണ്ട് രണ്ടു റക്അത്തു നമസ്കരിച്ചു. പിന്നെ സ്വഫാ-മര്‍വക്കിടയില്‍ പ്രദക്ഷിണം ചെയ്തു. അല്ലാഹു പറയുന്നു. നിശ്ചയം നിങ്ങള്‍ക്ക് പ്രവാചകനില്‍ മാതൃകയുണ്ട്. ജാബിര്‍(റ) നിവേദനം: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹവും പറഞ്ഞു. സ്വഫാ-മര്‍വക്കിടയില്‍ നടക്കുന്നതുവരെ തന്റെ ഭാര്യയെ സമിപിക്കുവാന്‍ പാടില്ല. (ബുഖാരി. 2. 26. 690)
 
55) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജിന്നായി മക്കായില്‍ വന്നപ്പോള്‍ ത്വവാഫ് ചെയ്തു. സ്വഫാ-മര്‍വക്കിടയില്‍ നടന്നു. അതിനുശേഷം അറഫായില്‍ നിന്ന് മടങ്ങുന്നതുവരെ കഅ്ബ: യെ സമീപിച്ചില്ല. (ബുഖാരി. 2. 26. 691)
 
56) ഉമ്മുസലമ(റ) നിവേദനം: നബി(സ) അവരോട് പറഞ്ഞു: സുബ്ഹ് നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ നിന്റെ ഒട്ടകപ്പുറത്തു കയറി ജനങ്ങള്‍ നമസ്കരിക്കുമ്പോള്‍ നീ ത്വവാഫ് ചെയ്യുക. അപ്പോള്‍ അവര്‍ അപ്രകാരം ചെയ്തു. ഹറമില്‍ നിന്ന് പുറത്തുവന്നശേഷമാണ് അവര്‍ (ത്വവാഫിന്റെ സുന്നത്തു) നമസ്കരിച്ചത്. (ബുഖാരി. 2. 26. 692)
 
57) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) മക്കയില്‍ വന്ന് കഅ്ബ: യെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു. ശേഷം മഖാമിന്റെ പിന്നില്‍ വെച്ച് രണ്ടു റക്ക്അത്തു നമസ്കരിച്ചു. (ബുഖാരി. 2. 26. 693)
 
58) ആയിശ(റ) നിവേദനം: അവര്‍ പറയുന്നു: ചില മനുഷ്യന്മാര്‍ സുബ്ഹി നമസ്കാരത്തിനുശേഷം ത്വവാഫ് ചെയ്തു. ശേഷം അവര്‍ പ്രസംഗിക്കുന്നവന്റെ പ്രസംഗം ശ്രവിക്കുവാന്‍ ഇരുന്നു. സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ എഴുന്നേറ്റു നമസ്കരിച്ചു. ആയിശ(റ) പറയുന്നു: അവര്‍ ഇരിക്കുകയും നമസ്കാരം വെറുക്കപ്പെട്ട സമയത്ത് അവര്‍ എഴുന്നേറ്റ് നിന്ന് നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 694)
 
59) ഇബ്നു ഉമര്‍(റ) നിവേദനം: സൂര്യന്‍ ഉദിക്കുന്ന സന്ദര്‍ഭത്തിലും അസ്തമിക്കുന്ന സന്ദര്‍ഭത്തിലും നമസ്കരിക്കുന്നതിനെ നബി(സ) വിരോധിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2. 26. 695)
 
60) അബ്ദുല്‍ അസീസ് പറയുന്നു: ഇബ്നു സുബൈര്‍(റ) സുബ്ഹ് നമസ്കാരത്തിനു ശേഷം ത്വവാഫ് ചെയ്തു രണ്ടു റക്അത്തു നമസ്ക്കരിക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 1630)
 
61) അബ്ദുല്‍ അസീസ് പയുന്നു: അസര്‍ നമസ്കാരത്തിനുശേഷം ഇബ്നു സുബൈര്‍(റ) രണ്ടു റക്ക്അത്തു നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. നബി(സ) ആയിശയുടെ മുറിയില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാം തന്നെ ഇപ്രകാരം നമസ്കരിക്കാറുണ്ടെന്ന് ആയിശ(റ) പ്രസ്താവിച്ചതായി അദ്ദേഹം ഉദ്ധരിക്കാറുണ്ട്. (ബുഖാരി. 2. 26. 696)
 
62) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) ഒരു ഒട്ടകപ്പുറത്ത് കയറികൊണ്ട് കഅ്ബ:യെ ത്വവാഫ് ചെയ്തു. ഹജറുല്‍ അസ്വദിന്റെ അടുത്തു എത്തിയപ്പോള്‍ തന്റെ കയ്യിലുളള ചിലത് കൊണ്ട് അതിന്റെ നേരെ ചൂണ്ടി. തക്ബീര്‍ ചൊല്ലുകയും ചെയ്തു. (ബുഖാരി. 2. 26. 697)
 
63) ഇബ്നു ഉമര്‍(റ) നിവേദനം: ഹാജിമാര്‍ക്ക് വെളളം നല്‍കാന്‍ മിനായില്‍ രാത്രി താമസിക്കേണ്ട ദിവസങ്ങളില്‍ മക്കായില്‍ രാത്രി നമസ്കരിക്കുവാന്‍ അബ്ബാസ് നബി(സ)യോട് അനുവാദം ചോദിച്ചു. നബി(സ) അപ്പോള്‍ അദ്ദേഹത്തിനു അനുവാദം നല്‍കി. (ബുഖാരി. 2. 26. 698)
 
64) ഇബ്നു അബ്ബാസ്(റ) നിവേദനം: നിശ്ചയം നബി(സ) ജലദാനം ചെയ്യുന്ന കേന്ദ്രത്തില്‍ ചെന്ന് വെളളം ആവശ്യപ്പെട്ടു. അപ്പോള്‍ അബ്ബാസ്(റ) പറഞ്ഞു: ഫള്ലേ! നീ ഉമ്മയുടെ അടുത്തു ചെന്ന് നബി(സ)ക്ക് കുടിക്കാന്‍ കുറച്ച് പാനീയം കൊണ്ടുവരൂ. അപ്പോള്‍ നബി(സ) പറഞ്ഞു. എനിക്ക് ഈ സംസം വെളളത്തില്‍ നിന്ന് കുടിക്കാന്‍ തരിക. അബ്ബാസ്(റ) പറഞ്ഞു: പ്രവാചകരേ! ആ വെളളത്തില്‍ ജനങ്ങള്‍ കയ്യിടാറുണ്ട്. അതില്‍ നിന്നു തന്നെ നീ എന്നെ കുടിപ്പിക്കുക എന്ന് നബി(സ) വീണ്ടും പറഞ്ഞു. അവിടുന്ന് ആ വെള്ളം തന്നെ കുടിച്ചു. നബി(സ) സംസമിന്റെയടുത്തേക്ക് ചെന്നു. ജനങ്ങള്‍ അവിടെ ജലദാന ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുയാണ്. നബി(സ) അവരോടു അരുളി: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊളളുക. നിശ്ചയം നിങ്ങള്‍ ഒരു പുണ്യകര്‍മ്മത്തിന്മേല്‍ തന്നെയാണ്. ശേഷം നബി(സ) അരുളി: നിങ്ങള്‍ക്ക് ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയമില്ലായിരുന്നെങ്കില്‍ ഞാനും നിങ്ങളോടൊപ്പം ഇറങ്ങി വെളളം വലിക്കുന്ന കയര്‍ ഇതാ ഇവിടെ-നബി(സ) തന്റെ പിരടിയിലേക്ക് ചൂണ്ടിക്കാണിച്ചു-വെക്കുമായിരുന്നു. (ബുഖാരി. 2. 26. 700)
 
65) ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ)യെ ഞാന്‍ സംസം വെളളം കുടിപ്പിച്ചു. അവിടുന്നു നിന്ന് കൊണ്ടാണ് അത് കുടിച്ചത്. (ബുഖാരി. 2. 26. 701)
 
66) ആയിശ(റ) നിവേദനം: നബി(സ) മക്കയില്‍ വന്നപ്പോള്‍ ആദ്യമായി വുളു എടുക്കുകയും ശേഷം കഅ്ബ:യെ ത്വവാഫ് ചെയ്യുകയും ചെയ്തു. (ബുഖാരി. 2. 26. 705)
 
67) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ) ത്വവാഫ് ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്ന് പ്രാവശ്യം ഓടി നടന്നും ശേഷമുളള നാല് പ്രാവശ്യം മിതമായി നടന്നുമാണ് ത്വവാഫ് ചെയ്തിരുന്നത്. അവിടുന്നു സ്വഫാ-മര്‍വക്കിടയില്‍ നടക്കുമ്പോള്‍ അന്ന് മഴവെളളം ഒഴുകിയിരുന്ന ചാലിലൂടെയാണ് നടന്നിരുന്നത്. അപ്പോള്‍ നാഫിഅ്നോട് ഞാന്‍ (ഉബൈദ്)ചോദിച്ചു: യമാനീ മൂലയില്‍ എത്തുമ്പോള്‍ അബ്ദുല്ല നടക്കുകയാണോ ചെയ്തിരുന്നത്. അദ്ദേഹം പറഞ്ഞു: അല്ല, മൂലയെ തൊടുവാന്‍ ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ നടക്കാറില്ല. (ബുഖാരി. 2. 26. 707)
 
68) ആസ്വിം(റ) പറയുന്നു: ഞാന്‍ അനസ്(റ) നോട് ചോദിച്ചു: സ്വഫാ-മര്‍വാക്കിടയില്‍ നടക്കുന്നതിനെ നിങ്ങള്‍ വെറുത്തിരുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ, കാരണം അത് അജ്ഞാന കാലത്തെ ചിഹ്നമായിരുന്നു. അല്ലാഹു ഇപ്രകാരം അവതരിപ്പിക്കുന്നതു വരെ(നിശ്ചയം സ്വഫാ-യും മര്‍വായും അല്ലാഹുവിന്റെ ചിഹ്നമാണ്. അല്‍ബഖറ: 2:158). (ബുഖാരി. 2. 26. 710)
 
69) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) കഅ്ബ: ക്കും സ്വഫാ-മര്‍വക്കിടയിലും സഅ്യ് ചെയ്തിരുന്നത് മുശ്രിക്കുകള്‍ക്ക് തന്റെ ശക്തി കാണിച്ചുകൊടുക്കുവാനായിരുന്നു. (ബുഖാരി. 2. 26. 711)
 
70) ആയിശ(റ) നിവേദനം: ഞാന്‍ മക്കയില്‍ വന്നത് ആര്‍ത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാന്‍ ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയില്‍ നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ(റ) പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാന്‍ നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി. 2. 26. 712)
 
71) ജാബിര്‍(റ) നിവേദനം: നബി(സ) യും അനുചരന്മാരും ഹജ്ജിന്ന് ഇഹ്റാം കെട്ടി. അപ്പോള്‍ നബി(സ)യുടെയും ത്വല്‍ഹത്തിന്റെയും കൂടെ മാത്രമായിരുന്നു ബലിമൃഗം ഉണ്ടായിരുന്നത്. അലി(റ) ബലിമൃഗത്തെയുമായി യമനില്‍ നിന്നും വന്നു. അദ്ദേഹം പറഞ്ഞു: നബി(സ) ഇഹ്റാം കെട്ടിയതിന് ഞാനും ഇഹ്റാം കെട്ടിയിരിക്കുന്നു. അന്നേരം നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി(സ)യുടെ അനുചരന്മാര്‍ അന്യോന്യം പറഞ്ഞു: ഞങ്ങളുടെ ലിംഗത്തില്‍ നിന്ന് ബീജം ഉറ്റി വീഴുമ്പോള്‍ (ഭാര്യയുമായി സഹവസിച്ചു കഴിഞ്ഞു) ഞങ്ങള്‍ മിനായിലേക്ക് ഇഹ്റാം കെട്ടി പുറപ്പെടുകയോ? നബി(സ) ഇതറിഞ്ഞപ്പോള്‍ അരുളി: പിന്നീടുണ്ടായ അനുഭവം മുന്‍കൂട്ടി കാണുവാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഞാന്‍ ബലിമൃഗത്തെ അടയാളം കെട്ടിക്കൊണ്ടു വരികയില്ലായിരുന്നു. കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കില്‍ ഞാനും ഇഹ്റാമില്‍ നിന്നു വിരമിക്കുമായിരുന്നു. ആയിശ(റ)ക്ക് ആര്‍ത്തവം ഉണ്ടായി. അപ്പോള്‍ അവര്‍ ഹജ്ജിന്റെ എല്ലാകര്‍മ്മവും ആര്‍ത്തവകാരിയായികൊണ്ടു തന്നെ ചെയ്തു. കഅ്ബയെ ത്വവാഫ് ചെയ്യല്‍ ഒഴികെ. ശുദ്ധിയായാപ്പോള്‍ ത്വവാഫും ചെയ്തു. (ബുഖാരി. 2. 26. 713)
 
72) അനസ്(റ) പറയുന്നു: നബി(സ) ഏഴ് ഒട്ടകത്തെ നിറുത്തികൊണ്ട് തന്റെ കൈകൊണ്ട് തന്നെ അറുക്കുകയുണ്ടായി. മദീനയില്‍ വെച്ച് രണ്ട് തടിച്ച കൊമ്പുള്ള ആടുകളെ നബി(സ) തന്നെ ബലിയറുത്തു. (ബുഖാരി. 2. 26. 770)
 
73) ഇബ്നുഉമര്‍(റ) നിവേദനം: ഒരാള്‍ ഒട്ടകത്തെ കിടത്തി ബലിയറുക്കുന്നത് ഇബ്നു ഉമര്‍(റ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതിനെ എഴുന്നേല്‍പ്പിച്ചു നിറുത്തി കെട്ടിയ ശേഷം നീ ബലിയറുക്കുക. നബിയുടെ സുന്നത്ത് അതാണ്. (ബുഖാരി. 2. 26. 771)
 
74) അനസ്(റ) പറയുന്നു: നബി(സ) ഏഴ് ഒട്ടകത്തെ നിറുത്തികൊണ്ട് ബലിയറുത്തു. (ബുഖാരി. 2. 26. 772)
 
75) അലി(റ) നിവേദനം: നബി(സ) അദ്ദേഹത്തോട് തന്റെ ഒട്ടകത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ കല്‍പിച്ചു. അതിന്റെ മാംസം തോലുകള്‍, ജീനി മുതലായ മുഴുവന്‍ ഭാഗിച്ച് ധര്‍മ്മം ചെയ്യുവാനും നിര്‍ദ്ദേശിച്ചു. കശാപ്പ്കാരനും യാതൊന്നും നല്‍കാതിരിക്കുവാനും. (ബുഖാരി. 2. 26. 774)
 
76) അലി(റ) നിവേദനം: നബി(സ) നൂറ് ഒട്ടകത്തെ ബലിയറുക്കുവാന്‍ കൊണ്ടുവന്നു. അതിന്റെ മാംസവും ജീനിയും തോലുകളും ഭാഗിക്കുവാന്‍ എന്നോട് കല്‍പ്പിക്കുകയും ഞാന്‍ ഭാഗിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 775)
 
77) ജാബിര്‍(റ) നിവേദനം: മിനായില്‍ താമസിക്കുന്ന മൂന്ന് ദിവസമല്ലാതെ ബലിമൃഗങ്ങളുടെ മാംസത്തില്‍ നിന്ന് ഞങ്ങള്‍ ഭക്ഷിക്കാറില്ലായിരുന്നു. ശേഷം നബി(സ) ഞങ്ങള്‍ക്കതില്‍ ഇളവനുവദിച്ചു കൊണ്ടരുളി: നിങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുവീന്‍. അപ്പോള്‍ ഞങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തു. (ബുഖാരി. 2. 26. 777)
 
78) ഇബ്നു അബ്ബാസ്(റ) പറയുന്നു: അറവ് നിര്‍വ്വഹിക്കുന്നതിന്റെ മുമ്പ് തല മുണ്ഡനം ചെയ്തതനുസരിച്ച് നബി(സ) യോടു ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി: കുഴപ്പമില്ല. (ബുഖാരി. 2. 26. 779)
 
79) ഇബ്നു അബ്ബാസ്(റ) നിവേദനം: ഞാന്‍ കല്ലെറിയുന്നതിന് മുമ്പ് ത്വവാഫ് ചെയ്തുവെന്ന് ഒരാള്‍ നബി(സ) യോടു പറഞ്ഞു. കുറ്റമില്ലെന്നു നബി(സ) അരുളി: ബലിയറുക്കുന്നതിനു മുമ്പ് ഞാന്‍ തല മുണ്ഡനം ചെയ്തുവെന്ന് മറ്റൊരാള്‍ പറഞ്ഞു. കുഴപ്പമില്ലെന്ന് നബി(സ) അരുളി: കല്ലെറിയുന്നതിന്റെ മുമ്പ് ഞാന്‍ ബലിയറുത്തുവെന്ന് മറ്റൊരാള്‍ പറഞ്ഞു: കുറ്റമില്ലെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 26. 780)
 
80) ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ) തന്റെ ഹജ്ജില്‍ തലമുടി മുണ്ഡനം ചെയ്തു. (ബുഖാരി. 2. 26. 784)
 
81) ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ!. മുടി മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! പ്രവാചകരേ! മുടി വെട്ടിയവരേയും എന്ന് പ്രാര്‍ത്ഥിച്ചാലും എന്ന് സഹാബിമാര്‍ ആവശ്യപ്പെട്ടു. വീണ്ടും നബി പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ! തല മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ! മുടി വെട്ടിയവരേയും. അന്നേരം നബി(സ) പ്രാര്‍ത്ഥിച്ചു: മുടി വെട്ടിയവരേയും. നാഫിഅ്(റ) പറയുന്നു: നാലാം പ്രാവശ്യമാണ് നബി(സ) മുടി വെട്ടിയവരേയും എന്ന് പ്രാര്‍ത്ഥിച്ചത്. (ബുഖാരി. 2. 26. 785)
 
82) അബൂഹുറൈറ(റ) നിവേദനം: നബി(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! തലമുടി കളഞ്ഞവര്‍ക്ക് നീ പാപമോചനം നല്‍കണമേ. നബി(സ) മൂന്ന് വട്ടം ഇപ്രകാരം പ്രാര്‍ത്ഥിച്ചു. നാലാമത് മുടി വെട്ടുന്നവര്‍ക്കും എന്നു കൂട്ടിച്ചേര്‍ത്തു. (ബുഖാരി. 2. 26. 786)
 
83) ഇബ്നു ഉമര്‍(റ) പറയുന്നു: നബി(സ) യും ഒരു സംഘവും മുടി കളഞ്ഞു. ചിലര്‍ മുടി വെട്ടുകയും ചെയ്തു. (ബുഖാരി. 2. 26. 787)
 
84) ഇബ്നു അബ്ബാസ്(റ) നിവേദനം: ബലിയുടെ ദിനത്തില്‍ (ദുല്‍ഹജ്ജ് 10ന്ന്) നബി(സ) ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ജനങ്ങളേ! ഇതു ഏത് ദിവസമാണ്? ആദരണീയമായ ദിവസം എന്ന് അനുചരന്‍മാര്‍ മറുപടി പറഞ്ഞു: ഇത് ഏത് രാജ്യമാണ്? നബി(സ) വീണ്ടും ചോദിച്ചു. ആദരണീയമായ നാട് എന്ന് അനുചരന്മാര്‍ മറുപടി പറഞ്ഞു: നബി(സ) വീണ്ടും ചോദിച്ചു. ഇത് ഏത് മാസമാണ്. അവര്‍ പറഞ്ഞു: പവിത്രമായ മാസം അപ്പോള്‍ നബി(സ) അരുളി: നിശ്ചയം നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസംപോലെ ഈ രാജ്യം പോലെ ഈ മാസം പോലെ പവിത്രമായതാണ്. ശേഷം നബി(സ) തന്റെ ശിരസ്സ് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവേ! ഞാന്‍ എന്റെ പ്രബോധനം നിര്‍വ്വഹിച്ചില്ലയോ? ഇബ്നു അബ്ബാസ്(റ) പറയുന്നു. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം! ഇവിടെ ഇപ്പോള്‍ സന്നിഹിതനായവന്‍ സന്നിഹിതനാവാത്തവന് ഈ വാര്‍ത്ത എത്തിച്ചു കൊടുക്കട്ടെ. എന്ന് നബി(സ) ഈ സമുദായത്തിന് വസ്വിയ്യത്തു നല്‍കുകയുണ്ടായി. നിങ്ങള്‍ പരസ്പരം കഴുത്തുവെട്ടി എനിക്ക് ശേഷം അവിശ്വാസികളാവരുത് എന്നതും. (ബുഖാരി. 2. 26. 795)
 
85) വബറത്ത്(റ) പറയുന്നു: എപ്പോഴാണ് ഞാന്‍ ജംറകളില്‍ കല്ലെറിയേണ്ടതെന്ന് ഇബ്നു ഉമര്‍(റ)നോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു. നിന്റെ ഇമാം എറിയുമ്പോള്‍ നീയും എറിഞ്ഞുകൊള്ളുക, ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഇബ്നു ഉമര്‍(റ) പറഞ്ഞു: ഞങ്ങള്‍ സമയം പ്രതീക്ഷിച്ചിരിക്കുകയും സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുകയും ചെയ്താല്‍ കല്ലെറിയും. (ബുഖാരി. 2. 26. 802)
 
86) അബ്ദുറഹ്മാന്‍(റ) പറയുന്നു: ഇബ്നുഉമര്‍(റ) മലഞ്ചെരിവിന്റെ താഴ്ഭാഗത്തു നിന്ന് കൊണ്ട് കല്ലെറിഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നിശ്ചയം ചില ജനങ്ങള്‍ അതിന്റെ മുകളില്‍ നിന്നുകൊണ്ട് എറിയുന്നുവല്ലോ? ഇബ്നു ഉമര്‍(റ) പറഞ്ഞു:അല്ലാഹു സത്യം! അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. സൂറത്തൂല്‍ ബഖറ അവതരിപ്പിക്കപ്പെട്ട ആ മഹാന്‍ (മുഹമ്മദ് നബി) കല്ലെറിഞ്ഞ സ്ഥലം ഇതാണ്. (ബുഖാരി. 2. 26. 803)
 
87) അബ്ദുല്ല(റ) നിവേദനം: അദ്ദേഹം ജംറത്തുല്‍ അഖബായുടെ അടുത്തു ചെന്നു. കഅ്ബയെ തന്റെ ഇടതുഭാഗത്തും മിനായെ വലതുഭാഗത്തുമാക്കി നിന്ന് ഏഴ് പ്രാവശ്യം കല്ലെറിഞ്ഞു. എന്നിട്ടു പറഞ്ഞു. സൂറത്തൂല്‍ ബഖറ: അവതരിപ്പിച്ച ആ മഹാന്‍ ഇപ്രകാരമാണ് എറിഞ്ഞത്. (ബുഖാരി. 2. 26. 804)
 
88) അബ്ദുറഹ്മാന്‍(റ) പറയുന്നു: അദ്ദേഹം ഇബ്നുമസ്ഊദിന്റെ കൂടെ ഹജ്ജ് ചെയ്തു. ചെറിയ ഏഴ് കല്ലുകള്‍ കൊണ്ട് ജംറത്തുല്‍ കുബ്റയെ അദ്ദേഹം എറിയുന്നത് ഞാന്‍ കണ്ടു. കഅ്ബയെ തന്റെ ഇടതുഭാഗത്തും മിന: യെ തന്റെ വലതുഭാഗത്തും അദ്ദേഹം ആക്കുകയും അനന്തരം ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു. സുറത്തൂല്‍ ബഖറ: അവതരിപ്പിക്കപ്പെട്ട മഹാന്‍ ഇപ്രകാരമാണ്(ഇവിടെ നിന്നാണ്) കല്ലെറിഞ്ഞത്. (ബുഖാരി. 2. 26. 805)
 
89) അഅ്മശ്(റ) പറയുന്നു: ഹജ്ജാജ് മിമ്പറന്മേല്‍ വെച്ച് ബഖറ: യെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, ആലു-ഇംറാനെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, സ്ത്രീകളെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു എന്നിങ്ങനെ സൂറത്തുക്കളെ പേരിലേക്ക് നേരിട്ട് ചാര്‍ത്താതെ പറയുന്നത് ഞാന്‍ കേട്ടു. ഇതു ഞാന്‍ ഇബ്രാഹിം നഖ്ഈ(റ) യോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇബ്നുമസ്ഊദ്(റ) ജംറത്തുല്‍ അഖ്ബക്ക് എറിഞ്ഞപ്പോള്‍ താഴ്വരയുടെ താഴ്ഭാഗത്തു നിന്നു. മരത്തിന്റെ നേരെ ആയപ്പോള്‍ അതിനെ വിലങ്ങാക്കി ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീര്‍ ചൊല്ലി. അനന്തരം അദ്ദേഹം പ്രസ്താവിച്ചു. ഇവിടെ നിന്നാണ് സൂറത്തുല്‍ ബഖറ: അവതരിക്കപ്പെട്ടവന്‍ എറിഞ്ഞത്. അല്ലാഹു സത്യം. (ബുഖാരി. 2. 26. 806)
 
90) ഇബ്നു ഉമര്‍(റ) നിവേദനം: അദ്ദേഹം ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് ഏറ്റവും അടുത്ത ജംറക്ക് എറിയാറുണ്ടായിരുന്നു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീര്‍ ചൊല്ലും പിന്നെ താഴ്ന്ന് കിടക്കുന്ന നിരപ്പ് ഭൂമിയിലേക്ക് നടന്ന് ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കും. അവിടെ ദീര്‍ഘനേരം നിന്ന് കൊണ്ട് കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കും. ശേഷം നടുവിലെ ജംറക്ക് കല്ലെറിയും. അനന്തരം ഇടതു വശത്തേക്ക് നടന്നു താഴ്ന്ന നിരപ്പ് ഭൂമിയിലെത്തിയാല്‍ ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കും. അവിടെയും ദീര്‍ഘ നേരം നിന്ന് കൈകള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കും. പിന്നീട് മലഞ്ചെരിവിന്റെ താഴ്ഭാഗത്തു ചെന്നു ജംറത്തുല്‍ അക്ബായില്‍ കല്ലെറിയും. എന്നാല്‍ അതിന്റെ അടുത്തു നില്‍ക്കാതെ മടങ്ങിപ്പോകും. അങ്ങനെ അദ്ദേഹം പറയും: ഇപ്രകാരം നബി(സ) പ്രവര്‍ത്തിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 26. 807)
 
91) ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാം കെട്ടുമ്പോള്‍ എന്റെ ഈ രണ്ട് കൈകള്‍ കൊണ്ട് ഞാന്‍ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്. ആദ്യത്തെ വിരമിക്കലിന്ന് ശേഷം ത്വവാഫുല്‍ ഇഫാള: ചെയ്യുന്നതിന്റെ മുമ്പായും ഞാന്‍ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്. അങ്ങനെ അവര്‍ അവരുടെ ഇരു ഹസ്തങ്ങളും വിടര്‍ത്തി. (ബുഖാരി. 2. 26. 809)
 
92) ആയിശ(റ) നിവേദനം: സ്വഫിയ്യക്ക് ആര്‍ത്തവം ഉണ്ടായതിനെ സംബന്ധിച്ച് നബി(സ) യോടു പറയപ്പെട്ടു. നബി(സ) പറഞ്ഞു: അവള്‍ നമ്മെ തടഞ്ഞു വെക്കുമോ? അവര്‍ പറഞ്ഞു: അവള്‍ ത്വവാഫുല്‍ ഇഫാള: ചെയ്തിട്ടുണ്ട്. നബി(സ) അരുളി: എങ്കില്‍ യാത്ര പുറപ്പെടാം. (ബുഖാരി. 2. 26. 812)
 
95) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതില്‍ നിങ്ങള്‍ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാല്‍ നമസ്ക്കാരം പോലെയാകുന്നു; അതില്‍ സംസാരിക്കുന്നതാരോ, അയാള്‍ നല്ലതല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കട്ടെ. (തിര്‍മിദി)
 
96) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അറഫാ ദിവസത്തേക്കാള്‍ കൂടുതലായി നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല. (മുസ്ലിം)
 
97) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: (മദീനയോട് 36 മൈല്‍ അടുത്ത് കിടക്കുന്ന) റൌഹാഇല്‍ വെച്ച് കുറെ യാത്രക്കാരെ കണ്ടുമുട്ടിയപ്പോള്‍ നബി(സ) ചോദിച്ചു. നിങ്ങളാരാണ്? മുസ്ളീംകളാണ് എന്നവര്‍ മറുപടി പറഞ്ഞിട്ട് നബി(സ)യോട് അവര്‍ ചോദിച്ചു. നിങ്ങളാര്? അവിടുന്ന് പറഞ്ഞു അല്ലാഹുവിന്റെ പ്രവാചകന്‍. തത്സമയം ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്ത് പൊക്കി ക്കാണിച്ചുകൊണ്ട് ചോദിച്ചു: ഇവന്ന് ഹജ്ജുണ്ടോ? മറുപടി പറഞ്ഞു. അതേ! പക്ഷേ, നിനക്കതിന്റെ തുല്യ പ്രതിഫലമുണ്ട്. (മുസ്ലിം)
 
93) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: പ്രവാചകനോട് അല്‍അഖ്റഅ ചോദിച്ചു, അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഹജ്ജു ആണ്ടുതോറും വേണമോ? അതോ ഒരിക്കല്‍ മാത്രമോ? അവിടുന്ന് പറഞ്ഞു, ഒരിക്കല്‍ മാത്രം: കൂടുതല്‍ ഒരുവന്‍ ചെയ്യുന്നതു ഐച്ഛികമാണ്. (അബൂദാവൂദ്)
 
94) ഇബ്നുഉമര്‍(റ) നിവേദനം ചെയ്തു: ഇഹ്റാംകെട്ടിയ സ്ത്രീകള്‍ കയ്യുറകളും മുഖമൂടിയും ചുവപ്പിലും മഞ്ഞയിലും മുക്കിയ ഉടുപ്പുകളും, ധരിക്കുന്നതിനെ അല്ലാഹുവിന്റെ ദൂതന്‍(സ) നിരോധിക്കുകയും, ഇതൊഴിച്ച്, ഉടുപ്പുകളില്‍ അവര്‍ക്കിഷ്ടമായതു കുയമ്പപ്പൂവുകൊണ്ട് നിറം മുക്കിയതോ പട്ടു (പട്ടോ, കമ്പിളിയോ )കൊണ്ടുണ്ടാക്കിയതോ ആയ ഉടുപ്പുകളോ, ആഭരണങ്ങളോ, കാലുറകളോ, ഷര്‍ട്ടോ ധരിക്കുന്നതിനു അനുവദിച്ചിരിക്കുന്നതായി (പറയുന്നതു) അദ്ദേഹം കേട്ടു. (അബൂദാവൂദ്)