Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമസ്കാര സമയങ്ങള്‍

മലയാളം ഹദീസുകള്‍


1) അബൂമസ്ഊദുല്‍ അന്‍സാരി(റ) നിവേദനം: അദ്ദേഹം ഒരിക്കല്‍ മുഗീറത്തുബ്നുശുഅ്ബയുടെ അടുക്കല്‍ പ്രവേശിച്ചു. മുഗീറത്തു ഇറാഖിലായിരുന്നു. അദ്ദേഹം ഒരു ദിവസം നമസ്കാരം അല്‍പം പിന്തിച്ചു. അതറിഞ്ഞപ്പോള്‍ അബൂമസ്ഊദ്(റ) പറഞ്ഞു. മുഗീറ! ഇതെന്താണ്? ജിബ്രീല്‍ ഒരു ദിവസം വരികയും എന്നിട്ടു നമസ്ക്കരിക്കുകയും അതനുസരിച്ച് നബി(സ) നമസ്ക്കരിക്കുകയും പിന്നീട് (മറ്റൊരു സന്ദര്‍ഭത്തിലും) ജിബ്രീല്‍ നമസ്ക്കരിക്കുകയും അതനുസരിച്ച് നബി(സ)യും നമസ്ക്കരിക്കുകയും പിന്നീട് (മറ്റൊരു നമസ്കാര സമയത്ത്) ജീബ്രില്‍ നമസ്ക്കരിക്കുകയും അതനുസരിച്ച് തിരുമേനി(സ) നമസ്ക്കരിക്കുകയും അനന്തരം (വേറൊരുനമസ്കാര സമയത്ത്) ജിബ്രീല്‍ നമസ്ക്കരിക്കുകയും അതനുസരിച്ച് തിരുമേനി(സ) നമസ്ക്കരിക്കുകയും ചെയ്തതും ഒടുവില്‍ ഇങ്ങനെ ചെയ്യാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത് എന്ന് ജിബ്രീല്‍ പറഞ്ഞതും നിങ്ങള്‍ അറിഞ്ഞിട്ടില്ലേ? എന്ന് അബൂമസ്ഊദ് ചോദിച്ചു. ഉമറുബ്നു അബ്ദില്‍ അസീസ് ഒരിക്കല്‍ നമസ്കാരം അല്‍പം പിന്തിച്ചപ്പോള്‍ ഈ സംഭവം ഉര്‍വത്തു:(റ) അദ്ദേഹത്തോടു പറഞ്ഞു: അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: ഉര്‍വ്വാ! താങ്കള്‍ പറയുന്നത് ശരിക്കും മനസ്സിലാക്കുക. ജിബ്രീല്‍ നബി(സ)ക്ക് നമസ്കാരസമയത്ത് ഇമാമത്ത് നില്‍ക്കുകയോ? അപ്പോള്‍ ഉര്‍വ്വത്തു:(റ) പറഞ്ഞു: ഇപ്രകാരം അബൂമസ്ഊദില്‍ നിന്ന് മകന്‍ ബഷീര്‍ ഉദ്ധരിക്കുന്നുണ്ട്. ആയിശ:(റ) നിവേദനം: തിരുമേനി(സ) അസര്‍ നമസ്കരിക്കുമ്പോള്‍ സൂര്യന്‍ അവരുടെ മുറിയില്‍ തന്നെയായിരിക്കും. അഥവാ നിഴല്‍ ആകുന്നതിന് മുമ്പായി. (ബുഖാരി. 1. 10. 500)
 
2) ജറീര്‍(റ) നിവേദനം: നമസ്കാരം നിലനിര്‍ത്തുവാനും, സകാത്തുനല്കുവാനും, എല്ലാമുസ്ളീംകള്‍ക്കും ഗുണം കാംക്ഷിക്കുവാനും നബി(സ)ക്ക് ഞാന്‍ ബൈഅത്ത് (പ്രതിഞ്ജാ ഉടമ്പടി) ചെയ്യുകയുണ്ടായി. (ബുഖാരി. 1. 10. 502)
 
3) ഇബ്നുമസ്ഊദ്(റ) നിവേദനം: ഒരു മനുഷ്യന്‍ ഒരിക്കല്‍ ഒരു സ്ത്രീയെ പിടിച്ചു ചുംബിച്ചു. അനന്തരം അയാള്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട് സംഭവത്തെക്കുറിച്ച് തിരുമേനി(സ) യോട് പറഞ്ഞു. അന്നേരമാണ് പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യദശകളിലും നീ നമസ്കാരം മുറപ്രകാരം അനുഷ്ടിക്കുക, നന്മകള്‍ തിന്മകളെ മായ്ച്ചുകളയും എന്ന ഖൂര്‍ആന്‍ വാക്യം അവതരിപ്പിച്ചത് അന്നേരം അയാള്‍ ചോദിച്ചു: ദൈവദൂതരേ, ഇത് എനിക്ക് മാത്രമുള്ളതാണോ? തിരുമേനി(സ) അരുളി: അല്ല എന്റെ മുഴുവന്‍ സമുദായത്തിനുമുള്ളതാണ്. (ബുഖാരി. 1. 10. 504)
 
4) അബ്ദുല്ല(റ) നിവേദനം: പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് തിരുമേനി(സ) യോട് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: സമയത്ത് നമസ്കരിക്കുന്നത് തന്നെ. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍. അബ്ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട് അരുളിയതാണ്. തിരുമേനി(സ) യോട് ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക് വര്‍ദ്ധനവ് നല്കുമായിരുന്നു. (ബുഖാരി. 1. 10. 505)
 
5) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളൊന്നു സങ്കല്പിച്ചു നോക്കുക. നിങ്ങളില്‍ ഒരാളുടെ വാതിലിനു മുമ്പില്‍ ഒരു നദിയുണ്ട്. ആ നദിയില്‍ അവന്‍ എല്ലാ ദിവസവും അഞ്ചു പ്രാവശ്യം കുളിക്കും. നീ എന്തു പറയുന്നു. പിന്നീടവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? അവര്‍ പറഞ്ഞു. അവശേഷിക്കുകയില്ല. അന്നേരം തിരുമേനി(സ) അരുളി: അഞ്ചു നേരത്തെ നമസ്കാരത്തിന്റെ സ്ഥിതി ഇങ്ങനെ തന്നെയാണ്. ആ നമസ്കാരങ്ങള്‍ മുഖേന മനുഷ്യന്റെ തെറ്റുകളെല്ലാം അല്ലാഹു മായ്ച്ച്കളയും. (ബുഖാരി. 1. 10. 506)
 
6) അനസ്(റ) നിവേദനം: അദ്ദേഹം പറഞ്ഞു: തിരുമേനി(സ)യുടെ കാലത്തുണ്ടായിരുന്ന ഒന്നുംതന്നെ ഇന്ന് (അതിന്റെ ശരിയായ രൂപത്തില്‍) ഞാന്‍ കാണുന്നില്ല. നമസ്കാരമില്ലേ? എന്ന് അപ്പോള്‍ പറയപ്പെട്ടു. ഉടനെ അനസ്(റ) പറഞ്ഞു. അതില്‍ നിങ്ങള്‍ സ്വയം നിര്‍മ്മിച്ചതെല്ലാം നിര്‍മ്മിച്ചില്ലേ. (ബുഖാരി. 1. 10. 508)
 
7) സുഹ്രി(റ) നിവേദനം: അനസ്(റ) ദിമശ്ഖില്‍ താമസിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ ഞാന്‍ പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം കരയുകയാണ്. ഞാന്‍ ചോദിച്ചു: എന്താണ് താങ്കളെ കരയിക്കുന്നത്? അദ്ദേഹം പറഞ്ഞു. നബി(സ)യുടെ കാലത്ത് ഞാന്‍ മനസ്സിലാക്കിയിരുന്ന യാതൊന്നും ഇന്ന് ഞാന്‍ കാണുന്നില്ല. നമസ്കാരമല്ലാതെ. എന്നാല്‍ ഈ നമസ്കാരവും (സമയം) പാഴാക്കപ്പെടുന്നു. (ബുഖാരി. 1. 10. 507)
 
8) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സുജൂദില്‍ മര്യാദയും മിതത്വവും പാലിക്കുക. നായയെപ്പോലെ കൈകള്‍ ഭൂമിയില്‍ പരത്തി ഇട്ടുകൊണ്ട് സുജൂദ് ചെയ്യരുത്. തുപ്പുകയാണെങ്കില്‍ വലതുഭാഗത്തേക്കും മുമ്പിലേക്കും തുപ്പരുത്. കാരണം അവന്‍ തന്റെ രക്ഷിതാവിനോട് ഗൂഢ സംഭാഷണം നടത്തുകയാണ്. (ബുഖാരി. 1. 10. 508)
 
9) അബൂഹുറൈറ(റ) യും ഇബ്നുഉമര്‍(റ) യും നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: ചൂട് കഠിനമായാല്‍ അതിന് ശാന്തത വന്ന ശേഷം നിങ്ങള്‍ നമസ്കാരം നിര്‍വ്വഹിക്കുക. നിശ്ചയം ചൂടിന്റെ കാഠിന്യം നരകം ആളിക്കത്തിയിട്ടുണ്ടാകുന്ന ഉഷ്ണം പോലെയാണ്. (ബുഖാരി. 1. 10. 510)
 
10) അബൂദര്‍റ്(റ) നിവേദനം: അദ്ദേഹം പറയുന്നു: ഒരു ദിവസം നബി(സ)യുടെ ബാങ്ക് വിളിക്കുന്നവന്‍ ളുഹ്ര്‍ ബാങ്കു വിളിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: നീതണുപ്പിക്കുക, നീതണുപ്പിക്കുക. അല്ലെങ്കില്‍ നബി(സ) പറഞ്ഞത് നീ അല്പം കാത്തുനില്ക്കുക, കാത്തു നില്ക്കുക എന്നാണ്. എന്നിട്ട് നബി(സ) അരുളി. കഠിനചൂട് നരകം കത്തി ജ്വലിക്കുന്നതില്‍ നിന്നുണ്ടാകുന്നതുപോലെയാണ്. അതുകൊണ്ട് ചൂട് കഠിനമായാല്‍ നിങ്ങള്‍ നമസ്കാരം അല്പം പിന്തിക്കുക. നിവേദകന്‍ പറയുന്നു. കുന്നുകള്‍ക്ക് നിഴലുകള്‍ ഉണ്ടായതായി ഞങ്ങള്‍ കാണുന്നതുവരെ നബി(സ) പിന്തിപ്പിച്ചിരുന്നു. (ബുഖാരി. 1. 10. 511)
 
11) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരിക്കല്‍ നരകം: രക്ഷിതാവേ! എന്റെ ചിലഭാഗം മറ്റു ചില ഭാഗത്തെ ഭക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ആവലാതിപ്പെട്ടു. അപ്പോള്‍ അവന്‍ അതിന് ശൈത്യകാലത്തും ഉഷ്ണകാല്ത്തും ഓരോ ശ്വാസം വിടുവാന്‍ അനുമതി നല്കി. അതാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന കഠിനചൂടും കഠിനതണുപ്പും. (ബുഖാരി. 1. 10. 512)
 
12) അബൂദര്‍റ്(റ) നിവേദനം: ഞങ്ങളൊരിക്കല്‍ തിരുമേനി(സ) യോടോപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ബാങ്ക് കൊടുക്കുന്ന ആള്‍ ളുഹ്ര്‍ നമസ്കാരത്തിനുവേണ്ടി ബാങ്ക് കൊടുക്കാനൊരുങ്ങി. അന്നേരം തിരുമേനി(സ) അരുളി: ചൂട് ശമിപ്പിക്കാന്‍ നീ അല്പം കാക്കുക. കുറച്ച്കഴിഞ്ഞ ശേഷം വീണ്ടും അദ്ദേഹം ബാങ്ക് കൊടുക്കാനൊരുങ്ങി. അപ്പോഴും ചൂട് ശമിപ്പിക്കാന്‍ അല്പം കാത്തിരിക്കുകയെന്ന് വീണ്ടും തിരുമേനി(സ) അരുളി. അങ്ങനെ നമസ്കാരം താമസിപ്പിച്ചിട്ട് മേടുകളുടെ നിഴലുകള്‍ കാണാന്‍ തുടങ്ങി. ശേഷം നബി(സ) അരുളി: നിശ്ചയം ചൂടിന്റെ കാഠിന്യം നരകത്തിലെ ഉഷ്ണം പോലെയാണ് അതിനാല്‍ ചൂട് കഠിനമാകയാല്‍ നിങ്ങള്‍ ളുഹ്റിനെ തണുപ്പിക്കുക. (ബുഖാരി. 1. 10. 514)
 
13) അബൂബര്‍സ(റ) നിവേദനം: തിരുമേനി(സ) സുബ്ഹ് നമസ്കരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സദസ്സിലുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്ന വിധം വെളിച്ചമുണ്ടായിരുന്നു. സുബ്ഹിനമസ്കാരത്തില്‍ 60 മുതല്‍ 100 വരെ ഖൂര്‍ആന്‍ വാക്യങ്ങള്‍ തിരുമേനി(സ) ഓതാറുണ്ടായിരുന്നു. സൂര്യന്‍ ആകാശ മധ്യത്തില്‍ നിന്ന് തെറ്റിയ അവസരത്തിലാണ് തിരുമേനി ളുഹ്റ് നമസ്കരിച്ചിരുന്നത്. മദീനയുടെ ഒരറ്റത്ത് പോയി സൂര്യന്‍ അസ്തമിക്കും മുമ്പ് ഞങ്ങളില്‍ ഒരാള്‍ക്ക് തിരിച്ചെത്താന്‍ സൌകര്യപ്പെടുന്ന സമയത്താണ് തിരുമേനി(സ) അസര്‍ നമസ്കരിച്ചിരുന്നത്. മഗ്രിബിന്റെ കാര്യത്തില്‍ അബൂബര്‍സ:(റ) പ്രസ്താവിച്ചത് ഞാന്‍ മറന്നുപോയി. ഇശാ നമസ്കാരം രാവിന്റെ മൂന്നില്‍ ഒരു ഭാഗം കഴിയും വരേക്കും നീട്ടി വെക്കുന്നതില്‍ തിരുമേനി(സ) ദോഷമൊന്നും ദര്‍ശിച്ചിരുന്നില്ല. രാവിന്റെ പകുതിവരെ നീട്ടി വെക്കുന്നതിലും ദോഷമൊന്നും കണ്ടിരുന്നില്ല എന്നും പിന്നീട് അബൂബര്‍സ(റ) പറഞ്ഞു. (ബുഖാരി. 1. 10. 516)
 
14) അനസ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ പിന്നില്‍ നിന്നു കൊണ്ട് ളുഹ്ര്‍ നമസ്കരിക്കുമ്പോള്‍ ചൂടിനെ തടുക്കുവാന്‍ വേണ്ടി സുജൂദിന്റെ സന്ദര്‍ഭത്തില്‍ വസ്ത്രത്തിന്മേല്‍ സുജൂദ് ചെയ്യാറുണ്ട്. (ബുഖാരി. 1. 10. 517)
 
15) ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) മദീനയില്‍ വെച്ച് ഏഴ് റക്ക്അത്തും എട്ട് റക്ക്അത്തും ഓരോ അവസരങ്ങളില്‍ നമസ്കരിച്ചിട്ടുണ്ട്. അതായത് ളുഹ്റ് - അസര്‍ എന്നിവചേര്‍ത്ത് എട്ട് റക്അത്തും, മഗ്രിബ് - ഇശാ എന്നിവ ചേര്‍ത്ത് ഏഴ് റക്അത്തും. അയ്യൂബ് ചോദിച്ചു: മഴ കാരണമായിരിക്കുമോ? അതെ, അപ്രകാരമായിരിക്കാം എന്നു അദ്ദേഹം മറുപടി നല്കി. (ബുഖാരി. 1. 10. 518)
 
16) ആയിശ(റ) നിവേദനം: തിരുമേനി(സ) അസര്‍ നമസ്കരിക്കുമ്പോള്‍ സൂര്യന്‍ (വെയില്‍) അവരുടെ മുറിയില്‍ നിന്ന് പുറത്തുപോയിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 1. 10. 519)
 
17) ആയിശ(റ) നിവേദനം: എന്റെ മുറിയില്‍ വെയില്‍ നിലനില്‍ക്കുമ്പോള്‍ അഥവാ നിഴല്‍ ആകുന്നതിന് മുമ്പായി നബി(സ) അസര്‍ നമസ്കരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 10. 520)
 
18) ആയിശ(റ) നിവേദനം: തിരുമേനി(സ) അസര്‍ നമസ്കരിക്കുമ്പോള്‍ സൂര്യന്‍ എന്റെ മുറിയില്‍ ഉദിച്ചുകൊണ്ടിരിക്കും. നിഴല്‍ വ്യാപിച്ചിരിക്കുകയില്ല. (ബുഖാരി. 1. 10. 521)
 
19) അനസ്(റ) നിവേദനം: ഞങ്ങള്‍ അസര്‍ നമസ്കരിച്ചു കഴിഞ്ഞ ശേഷം ബനൂഅംറ്ബനു ഔഫ് താമസിക്കുന്ന കേന്ദ്രത്തിലേക്ക് ഒരാള്‍ പോകും. അന്നേരം അവര്‍ അസര്‍ നമസ്കരിക്കുന്നതായി അയാള്‍ കാണും. (ബുഖാരി. 1. 10. 523)
 
20) അബൂഉമാമ:(റ) നിവേദനം: ഞങ്ങളൊരിക്കല്‍ ഉമര്‍റ്ബ്നു അബ്ദുല്‍ അസീസിന്റെ കൂടെ ളുഹ്ര്‍ നമസ്കരിച്ചശേഷം അനസ്(റ)ന്റെ അടുക്കല്‍ പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അസര്‍ നമസ്കരിക്കുകയാണ്. ഉടനെ ചോദിച്ചു: എന്റെ പിതൃവ്യാ! അങ്ങ് നമസ്കരിച്ച ഈ നമസ്ക്കാരം ഏതാണ്? അദ്ദേഹം പറഞ്ഞു: അസറാണ്. ഇതാണ് ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം നമസ്കരിച്ചിരുന്ന നമസ്കാരം (അതിന്റെ സമയം) (ബുഖാരി. 1. 10. 524)
 
21) അനസ്(റ) നിവേദനം: തിരുമേനി(സ) അസര്‍ നമസ്കരിക്കും. സൂര്യന്‍ ഉയര്‍ന്ന് നില്ക്കുന്നതും ജീവനുള്ളതും ആയിരിക്കും. എന്നിട്ട് നമസ്കാരത്തില്‍ നിന്ന് വിരമിച്ചശേഷം ഒരാള്‍ മേലെ മദീനയിലേക്ക് പോകും. അദ്ദേഹം അവിടെ എത്തുമ്പോള്‍ സൂര്യന്‍ ആകാശത്ത് ഉയര്‍ന്ന് തന്നെ നില്ക്കും. മേലെ മദീനയുടെ ചില ഭാഗങ്ങള്‍ മദീന കേന്ദ്രത്തില്‍ നിന്ന് ഏതാണ്ട് നാലു മൈല്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. (ബുഖാരി. 1. 10. 525)
 
22) അനസ്(റ) നിവേദനം: ഞങ്ങള്‍ അസര്‍ നമസ്കരിക്കും. ശേഷം ഒരാള്‍ ഖൂബാഇലേക്ക് പുറപ്പെടും. അയാള്‍ അവിടെ ചെല്ലുമ്പോഴും സൂര്യന്‍ ഉയര്‍ന്ന് നില്ക്കുന്നുണ്ടാവും. (ബുഖാരി. 1. 10. 526)
 
23) ഇബ്നുഉമര്‍(റ) നിവേദനം: അസര്‍ നമസ്കാരം നഷ്ടപ്പടുത്തുന്നവന്‍ തന്റെ കുടുംബവും സമ്പത്തും നഷ്ടപ്പെടുത്തുന്നതുപോലെയാണ്. (ബുഖാരി. 1. 10. 527)
 
24) അബൂമലീഹ് പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ ഒരു മേഘമുള്ള ദിവസം യുദ്ധത്തിലായിക്കൊണ്ട് ബുറൈദ(റ)യുടെ കൂടെയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. നിങ്ങള്‍ അസര്‍ നമസ്കാരം വേഗം നിര്‍വഹിക്കുക. തിരുമേനി(സ) അരുളുകയുണ്ടായി. വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സല്‍കര്‍മ്മങ്ങള്‍ പാഴായിപ്പോയി. (ബുഖാരി. 1. 10. 528)
 
25) ജരീര്‍(റ) നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം ഇരിക്കുമ്പോള്‍ ചന്ദ്രനെ നോക്കിക്കൊണ്ട് അവിടുന്ന് അരുളി: ഈ ചന്ദ്രനെ നിങ്ങള്‍ കാണും പോലെ തന്നെ നിങ്ങളുടെ നാഥനെ നിങ്ങള്‍ അടുത്തുതന്നെ കാണും. ആ കാഴ്ചയില്‍ നിങ്ങള്‍ക്ക് ഒരു അവ്യക്തതയുമുണ്ടായിരിക്കുകയില്ല. അതുകൊണ്ട് സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമനത്തിന് മുമ്പും ഉള്ള നമസ്കാരം നിര്‍വ്വഹിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെങ്കില്‍ അത് നിങ്ങള്‍ നിര്‍വ്വഹിച്ച് കൊള്ളുക. ഇപ്രകാരം അരുളിയ ശേഷം അവിടുന്നു ഓതി. 'നിന്റെ രക്ഷിതാവിന്റെ മഹത്വത്തേയും പരിശുദ്ധതയേയും സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് മുമ്പും നീ പ്രകീര്‍ത്തിച്ചുകൊള്ളുക'. (ബുഖാരി. 1. 10. 529)
 
26) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: രാത്രിയും പകലും നിങ്ങളുടെ അടുക്കലേക്ക് മലക്കുകള്‍ മാറി മാറി വന്നു കൊണ്ടിരിക്കും. എന്നിട്ട് അസര്‍ നമസ്കാരവേളയിലും സുബ്ഹി നമസ്കാരവേളയിലും അവരെല്ലാവരും സമ്മേളിക്കും. പിന്നീട് നിങ്ങളോടൊപ്പം താമസിക്കുന്നവര്‍ മേല്പോട്ട് കയറിപ്പോകും. അന്നേരം അല്ലാഹു അവരോട് ചോദിക്കും. ആ ദാസന്മാരെക്കുറിച്ച് അല്ലാഹുവിന് പരിപൂര്‍ണ്ണജ്ഞാനമുള്ളതോടുകൂടി എന്റെ ദാസന്മാരെ നിങ്ങള്‍ വിട്ടുപോരുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരുന്നു. അന്നേരം മലക്കുകള്‍ പറയും: ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ നമസ്കരിക്കുകയായിരുന്നു. തിരിച്ച്പോരുമ്പോഴും അവര്‍ നമസ്കരിക്കുക തന്നെയാണ്. (ബുഖാരി. 1. 10. 530)
 
27) അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: സൂര്യാസ്തമനത്തിന് മുമ്പ് അസര്‍ നമസ്കാരത്തില്‍ ഒരു റക്അത്ത് നിങ്ങളില്‍ വല്ലവര്‍ക്കും ലഭിച്ചാല്‍ അവന്‍ തന്റെ നമസ്കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അപ്രകാരം തന്നെ സൂര്യോദയത്തിന് മുമ്പ് സുബ്ഹ് നമസ്കാരത്തില്‍ നിന്ന് ഒരു റക്ക്അത്തു ഒരാള്‍ക്ക് നമസ്കരിക്കാന്‍ സാധിച്ചാല്‍ അവന്‍ നമസ്കാരം പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. (ബുഖാരി. 1. 10. 531)
 
28) സാലിമ്(റ) തന്റെ പിതാവില്‍ നിന്നു നിവേദനം ചെയ്യുന്നു. തിരുമേനി(സ) അരുളി: മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നിങ്ങളുടെ ഉപമ അസര്‍ നമസ്കാരത്തിനും സൂര്യാസ്തമനത്തിനുമിടക്കുള്ള സമയം പോലെയാണ്. തൌറാത്തിന്റെ ആളുകള്‍ക്ക് അല്ലാഹു തൌറാത്ത് നല്‍കി. അങ്ങനെ മധ്യാഹ്നം വരേക്കും അതനുസരിച്ച് അസര്‍ നമസ്കാരസമയം വരേക്കും അവര്‍ പ്രവര്‍ത്തിച്ചു. പിന്നീടവരും ക്ഷീണിച്ചു. അതു കാരണം അവര്‍ക്കും ഓരോ ഖീറാത്തു വീതം പ്രതിഫലം ലഭിച്ചു. അനന്തരം നമുക്ക് ഖുര്‍ആന്‍ ലഭിച്ചു. എന്നിട്ട് ഖുര്‍ആന്‍ അനുസരിച്ചു സൂര്യാസ്തമനം വരേക്കും നാം പ്രവര്‍ത്തിച്ചു. തന്നിമിത്തം നമുക്ക് ഈ രണ്ട് ഖീറാത്തുവീതം പ്രതിഫലം ലഭിച്ചു. ഇതു കണ്ടപ്പോള്‍ രണ്ടു പൂര്‍വ്വവേദക്കാരും പറഞ്ഞു: രക്ഷിതാവേ! ഇക്കൂട്ടര്‍ക്ക് നീ രണ്ടു ഖീറാത്തു വീതം പ്രതിഫലം നല്കി. ഞങ്ങള്‍ക്കോ ഓരോ ഖീറാത്തു വീതവും വാസ്തവത്തില്‍ ഞങ്ങളാണ് കൂടുതല്‍ പ്രവര്‍ത്തിച്ചത്. അന്നേരം അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക് പ്രതിഫലം നല്‍കിയപ്പോള്‍ ഞാന്‍ വല്ല അനീതിയും കാണിച്ചിട്ടുണ്ടോ? ഇല്ലെന്ന് അവര്‍ പറഞ്ഞു അപ്പോള്‍ അല്ലാഹു അരുളി: ഇവര്‍ക്ക് ഞാന്‍ കൂടുതലായി നല്കിയത് എന്റെ ഔദാര്യമാണ്: എന്റെ ഔദാര്യം ഞാനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നതാണ്. (ബുഖാരി. 1. 10. 532)
 
29) അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: മുസ്ലീംകളുടെയും ജൂതക്രിസ്ത്യാനികളുടെയും അവസ്ഥ ഒരു മനുഷ്യനെപ്പോലെയാണ്. അയാള്‍ രാത്രി വരെ തനിക്ക് ജോലി ചെയ്യുവാന്‍ വേണ്ടി ഒരു സംഘം ആളുകളെ കൂലിക്ക് വിളിച്ചു. അങ്ങനെ അവര്‍ ജോലി ചെയ്തു. പകലിന്റെ പകുതിയായപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങളുടെ വേതനം ഞങ്ങള്‍ക്ക് ആവശ്യമില്ല. അപ്പോള്‍ അദ്ദേഹം മറ്റു ചിലരെ കൂലിക്കെടുത്തു. അദ്ദേഹം അവരോട് പറഞ്ഞു: ബാക്കിയുള്ള സമയം നിങ്ങള്‍ പൂര്‍ത്തിയാക്കുക. ഞാന്‍ നിബന്ധന ചെയ്തതു നിങ്ങള്‍ക്ക് നല്‍കുന്നതാണ്. അങ്ങനെ അവര്‍ പ്രവര്‍ത്തിച്ച് അസര്‍ നമസ്കാരത്തിന്റെ സമയമായപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവര്‍ത്തിച്ചത് നിങ്ങള്‍ക്കുണ്ട്. (പൂര്‍ത്തിയാക്കാന്‍ സാദ്ധ്യമല്ല) അപ്പോള്‍ അദ്ദേഹം മറ്റൊരു വിഭാഗത്തെ കൂലിക്കെടുത്തു. അവര്‍ അവശേഷിക്കുന്ന സമയം ജോലി ചെയ്തു. സൂര്യന്‍ അസ്തമിക്കുന്നതുവരെ. അതിനാല്‍ രണ്ടു വിഭാഗത്തിന്റെയും പ്രതിഫലം അവര്‍ക്കു ലഭിച്ചു. (ബുഖാരി. 1. 10. 533)
 
30) റാഫിഉബ്നുഖദീജ്(റ) നിവേദനം: ഞങ്ങള്‍ തിരുമേനി(സ) യോടൊപ്പം മഗ്രിബ് നമസ്കരിച്ചശേഷം പുറത്തിറങ്ങിപ്പോകുമ്പോള്‍ ഞങ്ങള്‍ അമ്പെയ്താല്‍ അത് ചെന്നു വീഴുന്ന സ്ഥലം ഞങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നു. (അത്രയും ആദ്യഘട്ടത്തിലാണ് ഞങ്ങള്‍ മഗ്രിബ് നമസ്ക്കരിക്കാറുള്ളത്) (ബുഖാരി. 1. 10. 534)
 
31) ജാബിര്‍(റ) നിവേദനം: തിരുമേനി(സ) ളുഹ്ര്‍ നമസ്കാരം മധ്യാഹ്നത്തിലാണ് നിര്‍വ്വഹിച്ചിരുന്നത്. അസര്‍ നമസ്കാരം സൂര്യന്‍ ശരിക്കും പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലുംമഗ്രിബ് നമസ്കാരം സൂര്യന്‍ അസ്തമിച്ച് കഴിയുമ്പോള്‍ നിര്‍വ്വഹിക്കും. ഇശാനമസ്കാരം വിവിധ ഘട്ടങ്ങളിലാണ് തിരുമേനി(സ) നമസ്കരിച്ചിരുന്നത്. ജനങ്ങള്‍ നമസ്കാരത്തിനായി സമ്മേളിച്ച് കഴിഞ്ഞാല്‍ വേഗം നമസ്കരിക്കും. ജനങ്ങള്‍ വരാന്‍ താമസിച്ചു കണ്ടാലോ അല്പം പിന്തിപ്പിക്കുകയും ചെയ്യും. സുബ്ഹ് നമസ്കാരം രാത്രിയിലെ ഇരുട്ട് അവശേഷിക്കുന്ന ഘട്ടത്തിലാണ് നമസ്കരിച്ചിരിക്കുന്നത്. (ബുഖാരി. 1. 10. 535)
 
32) സലമ:(റ) നിവേദനം: മഗ്രിബ് സൂര്യന്‍ മറയില്‍ പോയി ഒളിച്ചാലാണ് ഞങ്ങള്‍ നമസ്കരിക്കാറുള്ളത്. (ബുഖാരി. 1. 10. 536)
 
33) അബ്ദുല്ലാഹിബ്നു മുസ്നി(റ) നിവേദനം: തിരുമേനി(സ) അരുളി: മഗ്രിബ് നമസ്കാരത്തിന്റെ പേരിന്മേല്‍ ഗ്രാമവാസികള്‍ നിങ്ങളെ ഒരിക്കലും പരാജയപ്പെടുത്താതിരിക്കട്ടെ. മഗ്രിബിന് അവര്‍ ഇശാ എന്നാണ് പേര്‍ നല്‍കാറുള്ളത്. (ബുഖാരി. 1. 10. 538)
 
34) അബ്ദുല്ലാഹിബ്നു ഉമര്‍(റ) നിവേദനം: ഒരിക്കല്‍ നബി(സ) ഞങ്ങള്‍ക്ക് ഇശാ: നമസ്കരിച്ചു തന്നു. ജനങ്ങള്‍ അതിന്ന് അത്മത്ത് എന്നു പറയുന്നു. ശേഷം ഞങ്ങളുടെ നേരെ തിരിഞ്ഞു. എന്നിട്ട് അവിടുന്ന് അരുളി: ഈ രാത്രി മുതല്‍ നൂറ് കൊല്ലത്തിന്റെ ആരംഭത്തില്‍ ഇന്ന് ഭൂമിയില്‍ ജീവിക്കുന്ന ഒരാളും തന്നെ അവശേഷിക്കുകയില്ല. (ബുഖാരി. 1. 10. 539)
 
35) ആയിശ(റ) നിവേദനം: ഒരു രാത്രി തിരുമേനി(സ) ഇശാ നമസ്കാരം കുറെ താമസിപ്പിച്ചു. ഇസ്ലാം മതം ശരിക്ക് പ്രചരിക്കുന്നതിന്റെ മുമ്പായിരുന്നു. അവസാനം സ്ത്രീകളും കുട്ടികളും ഇതാ ഉറങ്ങിക്കഴിഞ്ഞുവെന്ന് ഉമര്‍(റ) വിളിച്ച്പറഞ്ഞപ്പോഴാണ് തിരുമേനി(സ) വീട്ടില്‍ നിന്ന് പുറത്ത് വന്നത്. എന്നിട്ട് പള്ളിയിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്ട് തിരുമേനി(സ) അരുളി: ഭൂനിവാസികളില്‍ നിങ്ങളല്ലാതെ ആരും ഈ നമസ്കാരത്തെ കാത്തിരിക്കുന്നില്ല. (ബുഖാരി. 1. 10. 541)
 
36) അബൂമൂസാ(റ) നിവേദനം. ഞാനും എന്നോടൊപ്പം (യമനില്‍ നിന്നു) കപ്പലില്‍ വന്നവരും മദീനയിലെ ബുത്ത്ഹാന്‍ മൈതാനത്ത് ഇറങ്ങി താമസിക്കുകയായിരുന്നു. തിരുമേനി(സ) മദീനയിലും, ഞങ്ങളില്‍ ഓരോ സംഘവും ഊഴമിട്ട് ഇശാ നമസ്കാരത്തിന് നബി(സ)യുടെ അടുക്കല്‍ എല്ലാ രാവിലും പോകാറുണ്ടായിരുന്നു. ഒരിക്കല്‍ ഞാനും എന്റെ സ്നേഹിതന്മാരും തിരുമേനി(സ)യുടെ അടുക്കല്‍ ചെന്നപ്പോള്‍ തിരുമേനി(സ) എന്തോ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ്. തന്നിമിത്തം തിരുമേനി(സ) ഇശാ നമസ്കാരം രാവിന്റെ മധ്യഘട്ടം വരെ പിന്തിച്ചു. അവസാനം തിരുമേനി(സ) പുറപ്പെട്ടു. ജനങ്ങളോടൊപ്പം നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ചശേഷം സദസ്യരോട് തിരുമേനി(സ) അരുളി: അല്പം നില്‍ക്കുക. നിങ്ങള്‍ സന്തുഷ്ടരായിരിക്കുക. ഈ സമയത്ത് നിങ്ങളല്ലാതെ മനുഷ്യരില്‍ ആരും തന്നെ നമസ്കരിച്ചിട്ടില്ല. ഇത് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന ഒരനുഗ്രഹമാണ്. അബൂമൂസ(റ) പറയുന്നു: അപ്പോള്‍ തിരുമേനി(സ)യുടെ നാവില്‍ നിന്ന് കേട്ടവാക്കുകള്‍ മൂലം സന്തുഷ്ടരായിക്കൊണ്ട് ഞങ്ങള്‍ മടങ്ങി. (ബുഖാരി. 1. 10. 542)
 
37) അബൂബര്‍സ(റ) നിവേദനം: ഇശാ നമസ്കാരത്തിന് മുമ്പ് ഉറങ്ങുന്നതിനെയും അതിനുശേഷം വര്‍ത്തമാനം പറയുന്നതിനെയും നബി(സ) വെറുത്തിരുന്നു. (ബുഖാരി. 1. 10. 543)
 
38) ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്കാരം പിന്തിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി എന്ന് ഉമര്‍(റ) വിളിച്ചു പറയുന്നതുവരെ. അപ്പോള്‍ അവിടുന്ന് നമസ്കരിക്കാന്‍ വന്നു. അവിടുന്ന് അനന്തരം അരുളി: ഭൂമിയിലെ ആളുകളില്‍ നിങ്ങളല്ലാതെ ഇപ്പോള്‍ ഇതിനെ ആരും പ്രതീക്ഷിക്കുന്നില്ല. മദീനയില്‍ മാത്രമാണ് അന്ന് (ജമാഅത്തായി പള്ളിയില്‍ വെച്ച്) നമസ്കരിച്ചിരുന്നത്. അവര്‍ ഇശാ നിര്‍വ്വഹിച്ചിരുന്നത് സൂര്യാസ്തമനത്തിന് ശേഷം ആകാശത്ത് അവശേഷിക്കുന്ന ചുകപ്പു നിറം പറ്റെ മായുന്ന ഘട്ടം മുതല്‍ രാവിന്റെ മൂന്നിലൊരു ഭാഗം കഴിയുന്ന സമയത്തിനുള്ളിലായിരുന്നു. (ബുഖാരി. 1. 10. 544)
 
39) ഇബ്നുഉമര്‍(റ) നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ പള്ളിയില്‍ ഉറങ്ങുന്നതുവരെ ഇശാ നമസ്കാരം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് നബി(സ) ജോലിയിലായി. പിന്നെ ഞങ്ങള്‍ ഉണര്‍ന്നു. വീണ്ടും ഞങ്ങള്‍ ഉറങ്ങി. വീണ്ടും ഉണര്‍ന്നു. ശേഷം നബി(സ) നമസ്കരിക്കുവാന്‍ വന്നു. ശേഷം അവിടുന്ന് അരുളി. നിങ്ങളല്ലാതെ ആരും ഈ നമസ്കാരത്തെ പ്രതീക്ഷിക്കുന്നില്ല. ഇശാ നമസ്കാരത്തെ പിന്തിപ്പിക്കുന്നതിനെയും മുന്തിപ്പിക്കുന്നതിനെയും ഇബ്നുഉമര്‍(റ) പ്രശ്നമാക്കാറില്ല. ഉറക്കം സമയത്തെ തെറ്റിക്കുമോ എന്ന ഭയം ഇല്ലെങ്കില്‍ ഇശാക്ക് മുമ്പ് അദ്ദേഹം ഉറങ്ങാറുണ്ട്. ഇബ്നുഅബ്ബാസ്(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഇശാ നമസ്കാരം പിന്തിപ്പിച്ചു. ജനങ്ങള്‍ ഉറങ്ങുകയും ശേഷം ഉണരുകയും ചെയ്യുന്നതുവരെ. അപ്പോള്‍ ഉമര്‍(റ) എഴുന്നേറ്റ്നിന്ന് വിളിച്ചു പറഞ്ഞു. നമസ്കാരം! ഉടനെ നബി(സ) പുറത്തുവന്നു. ഇബ്നുഅബ്ബാസ്(റ) പറയുന്നു. നബി(സ) പുറത്തുവന്നപ്പോള്‍ ഞാനിപ്പോഴും ആ കാഴ്ച എന്റെ കണ്‍മുമ്പില്‍ കാണുന്നതുപോലെ തോന്നുന്നു. അവിടുത്തെ തലയില്‍ നിന്നു വെള്ളം ഇറ്റിക്കൊണ്ടിരിക്കുന്നുണ്ട്. തിരുമേനി(സ)യുടെ കൈ തലയുടെ മുകളില്‍ വെച്ചിരിക്കുന്നു. എന്നിട്ട് അവിടുന്ന് അരുളി: എന്റെ അനുയായികള്‍ക്ക് വിഷമം നേരിടുമെന്ന ഭയം ഇല്ലായിരുന്നുവെങ്കില്‍ ഈ സമയത്ത് നമസ്കരിക്കുവാന്‍ കല്പിക്കുമായിരുന്നു. (ബുഖാരി. 1. 10. 545)
 
40) അനസ്(റ) നിവേദനം: തിരുമേനി(സ) ഇശാ നമസ്കാരത്തെ രാത്രിയുടെ പകുതിവരെ പിന്തിക്കാറുണ്ട്. എന്നിട്ട് നമസ്കാര ശേഷം അവിടുന്ന് പറയും: ജനങ്ങളെല്ലാം ഉറങ്ങിപ്പോയി. എന്നാല്‍ നിങ്ങള്‍ നമസ്കാരത്തെ പ്രതീക്ഷിച്ചും കൊണ്ട് ഇരിക്കുമ്പോള്‍ എല്ലാം തന്നെ നമസ്കരിക്കുകയാണ്. അനസ്(റ) പറയുന്നു. തിരുമേനി(സ)യുടെ മോതിരത്തിന്റെ പ്രകാശം ഞാന്‍ കണ്ടത് ഇപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്. (ബുഖാരി. 1. 10. 546)
 
41) അബൂമൂസ(റ) നിവേദനം: തിരുമേനി(സ) അരുളി: തണുപ്പ് നേരത്തുള്ള രണ്ട് നമസ്കാരം (സുബ്ഹും അസറും) വല്ലവനും നമസ്കരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 1. 10. 548)
 
42) സൈദ്ബ്നു സാബിത്ത്(റ) നിവേദനം: സഹാബികള്‍ തിരുമേനി(സ) യോടൊപ്പം നോമ്പ് കാലത്ത് അത്താഴം കഴിക്കാറുണ്ട്. എന്നിട്ട് അവര്‍ സുബ്ഹി നമസ്കരിക്കാന്‍ നില്‍ക്കും. അന്നേരം സൈദ്ബ്നു സാബിത്തിനോടു ചോദിച്ചു. അത് രണ്ടിനുമിടയില്‍ എത്ര സമയത്തെ ഒഴിവുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു: അന്‍പത് അല്ലെങ്കില്‍ അറുപത് ആയത്തു ഓതാനുള്ള സമയം. (ബുഖാരി. 1. 10. 549)
 
43) അനസ്(റ) നിവേദനം: നബി(സ)യും സൈദ്ബ്നു സാബിത്തും(റ) ഒരിക്കല്‍ അത്താഴം കഴിച്ചു. അവരുടെ അത്താഴത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) നമസ്കരിക്കുവാന്‍ നിന്നു. അങ്ങനെ അവിടുന്നു നമസ്കരിച്ചു. അപ്പോള്‍ അനസ്(റ)നോട് ഞങ്ങള്‍ ചോദിച്ചു. അവര്‍ രണ്ട് പേരും അത്താഴത്തില്‍ നിന്ന് വിരമിക്കുകയും നമസ്കാരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടയില്‍ എത്ര സമയമുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: അമ്പത് ആയത്തു ഒരാള്‍ പാരായണം ചെയ്യുന്ന സമയം. (ബുഖാരി. 1. 10. 550)
 
44) സഹ്ല്(റ) നിവേദനം: ഞാന്‍ എന്റെ കുടുംബത്തില്‍ വെച്ചാണ് റമദാന്‍ രാത്രിയിലെ അത്താഴം കഴിക്കാറുണ്ടായിരുന്നത്. എന്നിട്ട് ഞാന്‍ തിരുമേനി(സ) യോടൊപ്പം സുബ്ഹി നമസ്ക്കരിക്കാന്‍വേണ്ടി ധൃതിപ്പെട്ടു പോകും. (ബുഖാരി. 1. 10. 551)
 
45) അബൂഹുറൈറ:(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്ക്കാരത്തില്‍ നിന്ന് ഒരു റക്അത്തു ലഭിച്ചവന്ന് നമസ്ക്കാരം ലഭിച്ചു. (ബുഖാരി. 1. 10. 553)
 
46) ഇബ്നു അബ്ബാസ്(റ) നിവേദനം: ജനങ്ങളുടെ അംഗീകാരമുള്ള ചില മനുഷ്യന്മാര്‍ എന്റെ അടുക്കല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരില്‍വെച്ച് ഏറ്റവും സുസമ്മതന്‍ എന്റെ അടുക്കല്‍ ഉമറാണ്. അവര്‍ പറഞ്ഞതെന്തെന്നാല്‍ സുബ്ഹ് നമസ്കാരത്തിനു ശേഷം സൂര്യോദയത്തിനു മുമ്പായി നമസ്കരിക്കുന്നതും അസര്‍ നമസ്കാരശേഷം സൂര്യാസ്തമനം വരേക്കും നമസ്കരിക്കുന്നതും തിരുമേനി(സ) നിരോധിച്ചിരിക്കുന്നുവെന്ന്. (ബുഖാരി. 1. 10. 556)
 
47) ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ സൂര്യോദയ സമയത്തും സൂര്യാസ്തമന സമയത്തും നമസ്കരിക്കുവാന്‍ ഉദ്ദേശിച്ചൊരുങ്ങരുത്. ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അരുളി: സൂര്യന്റെ വൃത്തം കാഴ്ചയില്‍ പെടാന്‍ തുടങ്ങിയാല്‍ അത് ഉദിച്ചുപൊങ്ങും വരേക്കും നമസ്കാരം നിങ്ങള്‍ പിന്തിപ്പിക്കുവീന്‍, അതുപോലെ സൂര്യന്റെ വൃത്തം മനുഷ്യദൃഷ്ടിയില്‍ നിന്ന് മറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സൂര്യന്‍ ശരിക്കും മറയും വരേക്കും നിങ്ങള്‍ നമസ്കാരത്തെ നീട്ടിവെക്കുവീന്‍. (ബുഖാരി. 1. 10. 557)
 
48) അബൂസഈദ്(റ) നിവേദനം: തിരുമേനി(സ) അരുളിയതായി ഞാന്‍ കേട്ടു. സുബ്ഹിനുശേഷം സൂര്യന്‍ ഉദിക്കുന്നതുവരേക്കും യാതൊരു നമസ്കാരവുമില്ല. അസറിന് ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരേക്കും യാതൊരു നമസ്കാരവുമില്ല. (ബുഖാരി. 1. 10. 560)
 
49) മുആവിയ്യ(റ) നിവേദനം: അദ്ദേഹം പറഞ്ഞു: നിങ്ങള്‍ ഒരു നമസ്കാരം നമസ്കരിക്കുന്നതായി കാണുന്നു. ഞങ്ങള്‍ തിരുമേനി(സ) യുമായി സഹവസിച്ചിട്ടുണ്ട്. എന്നിട്ട് അവിടുന്ന് ആ നമസ്കാരം നമസ്കരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. മാത്രമല്ല, തിരുമേനി(സ) അത് വിരോധിക്കുകകൂടി ചെയ്തിരിക്കുന്നു. അസര്‍ നമസ്കാരത്തിന് ശേഷമുള്ള രണ്ട് റക്ക്അത്തിനെയാണ് മുആവിയ്യ(റ) ഉദ്ദേശിക്കുന്നത്. (ബുഖാരി. 1. 10. 561)
 
50) ഇബ്നുഉമര്‍(റ) പറയുന്നു: എന്റെ സ്നേഹിതന്മാര്‍ നമസ്കരിക്കുന്നത് ഞാന്‍ കണ്ടതുപോലെയാണ് ഞാനും നമസ്കരിക്കുന്നത്. സൂര്യോദയസമയത്തും സൂര്യാസ്തമനസമയത്തും നമസ്കരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിനെയല്ലാതെ രാത്രിയിലും പകലിലും നമസ്കരിക്കുന്ന ഒരാളെയും ഞാന്‍ വിരോധിക്കുകയില്ല. (ബുഖാരി. 1. 10. 563)
 
51) ആയിശ:(റ) നിവേദനം: ഈ ലോകത്ത് നിന്ന് തിരുമേനി(സ)യെ കൊണ്ടുപോയ ആ നാഥനെക്കൊണ്ട് സത്യം. അല്ലാഹുവുമായി കണ്ടുമുട്ടും വരേക്കും തിരുമനി(സ) ആ രണ്ടുറക്അത്തു നമസ്കാരം ഉപേക്ഷിച്ചിട്ടേയില്ല. നമസ്കരിക്കുവാന്‍ വളരെ ഭാരവും ക്ഷീണവും അനുഭവപ്പെട്ട ശേഷമല്ലാതെ തിരുമേനി(സ) അന്ത്യഘട്ടങ്ങളില്‍ (ക്ഷീണം ബാധിച്ചതിനാല്‍) അധികസമയങ്ങളിലും ഇരുന്നിട്ടാണ് നമസ്കരിക്കാറുണ്ടായിരുന്നത്. അസറിന് ശേഷമുള്ള രണ്ട് റക്ക്അത്തിനെയാണ് ആയിശ(റ) ഉദ്ദേശിക്കുന്നത്. തിരുമേനി(സ) ആ രണ്ട് റക്ക്അത്തു നമസ്കരിക്കാറുണ്ടായിരുന്നു. പക്ഷെ പള്ളിയില്‍ വെച്ച് നമസ്കരിക്കാറുണ്ടായിരുന്നില്ല. തന്റെ അനുയായികള്‍ക്ക് ഭാരമായിപ്പോകുമെന്ന ഭയം കാരണം. അനുയായികള്‍ക്ക് ഭാരം കുറക്കുന്ന നടപടികളാണ് തിരുമേനി(സ) ഇഷ്ടപ്പെട്ടിരുന്നത്. (ബുഖാരി. 1. 10. 564)
 
52) ആയിശ:(റ) നിവേദനം: അവര്‍ പറഞ്ഞു: എന്റെ സഹോദരപുത്രാ! തിരുമേനി(സ) എന്റെ അടുത്തുപ്രവേശിക്കുമ്പോള്‍ അസറിന് ശേഷം രണ്ടു റക്ക്അത്തു നമസ്കരിക്കല്‍ തീരെ ഉപേക്ഷിച്ചിട്ടില്ല. (ബുഖാരി. 51. 10. 565)
 
53) ആയിശ(റ) നിവേദനം: രണ്ട് റക്ക്അത്തു സുന്നത്ത് രഹസ്യജീവിതത്തിലും പരസ്യജീവിതത്തിലും തിരുമേനി(സ) ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. അതായത് സുബ്ഹ് നമസ്കാരത്തിനു മുമ്പുള്ള രണ്ട് റക്അത്തും അസര്‍ നമസ്കാരത്തിന് ശേഷമുള്ള രണ്ട് റക്അത്തും. (ബുഖാരി. 1. 10. 566)
 
54) ആയിശ(റ) നിവേദനം: എന്റെ അടുത്ത് അസറിനുശേഷം തിരുമേനി(സ) വരികയാണെങ്കില്‍ രണ്ട് റക്അത്തു ഒരിക്കലും നമസ്കരിക്കാതിരുന്നില്ല. (ബുഖാരി. 1. 10. 567)
 
55) അബൂമലീഹ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ ബുറൈദ(റ)യുടെ കൂടെ ആകാശത്തില്‍ മേഘമുള്ള ഒരു ദിവസം സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നമസ്കാരം നിങ്ങള്‍ വേഗം നിര്‍വ്വഹിക്കുവിന്‍. നിശ്ചയം തിരുമേനി(സ) അരുളിയിട്ടുണ്ട്. വല്ലവനും അസര്‍ നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി. (ബുഖാരി. 1. 10. 568)
 
56) അബൂഖത്താദ(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ രാത്രിയില്‍ തിരുമേനി(സ) യോടൊപ്പം യാത്ര ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ ചിലര്‍ തിരുമേനി(സ)യെ ഉണര്‍ത്തി: നമുക്കല്‍പ്പനേരം യാത്ര നിറുത്തി വിശ്രമിച്ചാല്‍ നന്നായിരുന്നു. തിരുമേനി(സ) അരുളി: നമസ്കാര സമയം അറിയാതെ നിങ്ങള്‍ ഉറങ്ങിപ്പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ബിലാല്‍(റ) പറഞ്ഞു: ഞാന്‍ നിങ്ങളെ ഉണര്‍ത്താം. അങ്ങനെ അവരെല്ലാവരും കിടന്നു. ബിലാല്‍ തന്റെ മുതുക് ഒട്ടകകട്ടിലിലേക്ക് ചാരിയിരുന്നു. അവസാനം ബിലാലിന്റെ ഇരുനേത്രങ്ങളേയും ഉറക്കം പരാജയപ്പെടുത്തുകയും അങ്ങനെ അദ്ദേഹവും ഉറങ്ങിപ്പോയി. ഒടുവില്‍ തിരുമേനി(സ) ഉണര്‍ന്നു നോക്കുമ്പോള്‍ സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. തിരുമേനി(സ) ചോദിച്ചു. ബിലാലേ! നിന്റെ വാക്കിപ്പോളെവിടെ? ബിലാല്‍(റ) പറഞ്ഞു: ഇത്തരമൊരുറക്കം ഇതിന് മുമ്പ് ഒരിക്കലും എന്നെ പിടികൂടിയിട്ടില്ല. തിരുമേനി(സ) അരുളി: അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ (ഉറക്കില്‍) നിങ്ങളുടെ ആത്മാക്കളെ അവന്‍ പിടിച്ചെടുക്കും. അവനുദ്ദേശിക്കുമ്പോള്‍ അവയെ അവന്‍ വിട്ടയക്കുകയും ചെയ്യും. ബിലാലേ! ജനങ്ങള്‍ക്ക് വേണ്ടി നീ ബാങ്ക് കൊടുക്കുക. അനന്തരം തിരുമേനി(സ) വുളു ചെയ്തു. അങ്ങനെ സൂര്യന്‍ ഉദിച്ചുപൊങ്ങുകയും അതിന് വെള്ളനിറം വരികയും ചെയ്തപ്പോള്‍ തിരുമേനി(സ) ഇമാമായിനിന്നു കൊണ്ട് നമസ്കരിച്ചു. (ബുഖാരി. 1. 10. 569)
 
57) ജാബിര്‍(റ) നിവേദനം: ഖന്തക്ക് യുദ്ധഘട്ടത്തില്‍ ഒരു ദിവസം സൂര്യന്‍ അസ്തമിച്ച ശേഷം വന്നിട്ടു ഉമര്‍(റ) ഖുറൈശികളായ സത്യനിഷേധികളെ ശകാരിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ! സൂര്യന്‍ അസ്തമിക്കും വരേക്കും എനിക്ക് അസര്‍ നമസ്കരിക്കാന്‍ സാധിച്ചില്ല. അപ്പോള്‍ തിരുമേനി(സ) അരുളി: ഞാനും അതു നമസ്കരിച്ചിട്ടില്ല. ഉടനെ ഞങ്ങള്‍ ബുത്താഹാന്‍ മൈതാനത്തേക്ക് നീങ്ങി. അങ്ങനെ തിരുമേനി(സ)യും ഞങ്ങളും നമസ്കാരത്തിനുവേണ്ടി വുളു ചെയ്തു. എന്നിട്ട് സൂര്യന്‍ അസ്തമിച്ചശേഷം തിരുമേനി(സ) അസര്‍ നമസ്കരിച്ച് ശേഷം മഗ്രിബ് നമസ്കാരവും. (ബുഖാരി. 1. 10. 570)
 
58) അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും ഒരു നമസ്കാരം മറന്നുപോയെങ്കില്‍ അതോര്‍മ്മ വരുമ്പോള്‍ അവന്‍ നമസ്കരിച്ചുകൊള്ളട്ടെ. അതല്ലാതെ അതിനു മറ്റൊരു പ്രായശ്ചിത്തവുമില്ല. അല്ലാഹു പറയുന്നു (എന്നെ ഓര്‍മ്മിക്കുവാന്‍ വേണ്ടി നീ നമസ്കാരത്തെ അനുഷ്ഠിക്കുക). (ബുഖാരി. 1. 10. 571)