Advanced Hadees Search
നിഷിദ്ധങ്ങള്‍
മലയാളം ഹദീസുകള്‍
9) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എനിക്ക് മിഅ്റാജുണ്ടായപ്പോള്‍ ചെമ്പിന്റെ നഖങ്ങളെക്കൊണ്ട് മുഖവും നെഞ്ചും മാന്തുന്ന ചിലയാളുകളുടെ അടുക്കലൂടെ ഞാന്‍ നടന്നുപോയി. ഞാന്‍ ചോദിച്ചു: ആരാണവര്‍ ജിബ്രീലേ? ജിബ്രീല്‍ (അ) പറഞ്ഞു: ജനങ്ങളുടെ മാംസം തിന്നുകയും (പരദൂഷണം പറയുകയും) അവരുടെ അഭിമാനത്തിന് ക്ഷതം വരുത്തുകയും ചെയ്തവരാണവര്‍. (അബൂദാവൂദ്) |
10) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: മുസ്ളിമിന്റെ സര്‍വ്വതും മറ്റൊരു മുസ്ളിമിന്ന് നിഷിദ്ധമാണ്. അഥവാ, അവന്റെ രക്തവും അവന്റെ അഭിമാനവും ധനവും. (മുസ്ലിം) |
13) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്റെ അസ്ഹാബികളിലാരും യാതൊന്നും ഒരാളെപ്പറ്റിയും എന്നെ ധരിപ്പിക്കേണ്ട. നിഷ്കളങ്ക ഹൃദയനായി നിങ്ങളുടെ അടുത്തേക്ക് പുറപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. (അബൂദാവൂദ്, തിര്‍മിദി) |
21) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പരസ്പരം കുറ്റപ്പെടുത്തുന്നവരുടെ ശിക്ഷ അത് തുടങ്ങിവെച്ചവന്നാണ്. മസ്ലൂം പരിധിലംഘിച്ചിട്ടില്ലെങ്കില്‍. (മുസ്ലിം) |
23) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകിനെ എരിച്ചുകളയുമ്പോലെയോ പുല്ലിനെ കരിച്ചുകളയുമ്പോലെയോ ആണ് അസൂയ ഹസനാത്തിനെ നശിപ്പിക്കുന്നത്. (അബൂദാവൂദ്) |
29) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: നമുക്കെതിരില്‍ ആയുധങ്ങളേന്തിയവന്‍ നമ്മളില്‍ പെട്ടവനല്ല. അപ്രകാരം നമ്മളെവഞ്ചിച്ചവനും നമ്മളില്‍ പെട്ടവനല്ല. (ഒരു യഥാര്‍ത്ഥ മുഅ്മിനല്ല) (മുസ്ലിം) |
35) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മൂന്ന് ദിവസത്തില്‍ കൂടുതല്‍ തന്റെ സഹോദരനുമായി പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. വല്ലവനും മൂന്നുദിവസത്തില്‍ കൂടുതലുള്ള പിണക്കത്തില്‍ മരിച്ചുപോയാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്) |
36) ഹദ്റദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറയുന്നത് അദ്ദേഹം കേട്ടു. തന്റെ സഹോദരനുമായി വല്ലവനും ഒരുകൊല്ലം പിണങ്ങിനിന്നാല്‍ അതവന്റെ രക്തം ചിന്തുന്നതിന് തുല്യമാണ്. (അബൂദാവൂദ്) |
48) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) യോട് ചോദിക്കപ്പെട്ടു: ചില നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയും അക്കാരണത്താല്‍ ജനങ്ങള്‍ പ്രശംസിക്കുകയും ചെയ്യുന്നവനെ സംബന്ധിച്ച് അവിടുത്തെ അഭിപ്രായം എന്താണ്? (റിയാഇനുവേണ്ടി പ്രവര്‍ത്തിച്ചവനാകുമോ അവന്‍) അവിടുന്നരുളി. സത്യവിശ്വാസിക്ക് ഇഹത്തില്‍വെച്ച് ലഭിക്കുന്ന സന്തോഷങ്ങളാണ് അവ. (മുസ്ലിം) |
62) അംറൂബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്ന് (ശുഐബില്‍ നിന്നും) അദ്ദേഹം തന്റെ പിതാമഹനില്‍ നിന്നും നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ നര പറിച്ചുനീക്കരുത്. അന്ത്യ ദിനത്തില്‍ മുസ്ളിമിന്റെ പ്രകാശമാണത്. (അബൂദാവൂദ്, തിര്‍മിദി) |
64) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാര്‍ പൊട്ടിയാല്‍ അത് ശരിയാക്കാതെ മറ്റേ ചെരുപ്പില്‍ മാത്രം നടക്കരുത്. (മുസ്ലിം) |
68) ബൈഅത്തില്‍ പങ്കെടുത്ത ഒരു സ്ത്രീയില്‍ നിന്ന് ഉസൈദ്(റ) നിവേദനം ചെയ്യുന്നു: അവര്‍ പറഞ്ഞു. (ആപല്‍ഘട്ടത്തില്‍) മുഖം മാന്തിപ്പൊളിക്കുകയോ ആപത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയോ കുപ്പായക്കഴുത്ത് കീറിപ്പൊളിക്കുകയോ മുടി പാറിപ്പറത്തുകയോ ചെയ്യുകയില്ലെന്ന് ഞങ്ങള്‍ റസൂല്‍(സ) യോട് പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്. (അബൂദാവൂദ്) |
69) അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) തറപ്പിച്ചുപറഞ്ഞു: ഏതെങ്കിലും ഒരാള്‍ മരണപ്പെട്ടതിന്റെ പേരില്‍ വാജബലാ! വാസയ്യിദാ അന്നിങ്ങനെ വിലപിച്ചാല്‍ രണ്ട് മലക്കിന് അവനെ ഏല്‍പിക്കപ്പെടും. അവര്‍ കഠിനമായി മര്‍ദ്ദിച്ചുകൊണ്ട് അവനോട് ചോദിക്കും. നീ ഇപ്രകാരമായിരുന്നോ? (തിര്‍മിദി) |
72) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: വല്ലവനും രാശി നോക്കുന്നവിദ്യ കരസ്ഥമാക്കിയാല്‍ സിഹറില്‍ പെട്ട ഒരു ഇനം അവന്‍ കരസ്ഥമാക്കി. കൂടുതല്‍ അവനത് അഭ്യസിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ സിഹ്റും കൂടുതല്‍ അഭ്യസിച്ചവനായി. (അബൂദാവൂദ്) |
75) ഹയ്യാനി(റ)ല്‍ നിന്ന് നിവേദനം: അലി(റ) എന്നോട് പറഞ്ഞു: റസൂല്‍(സ) എന്നെ നിയോഗിച്ച ലക്ഷ്യത്തില്‍ നിങ്ങളെ ഞാനും നിയോഗിക്കട്ടെ. രൂപം മായിക്കാതെയും ഉയര്‍ന്ന ഖബറ് തട്ടിനിരത്താതെയും ഒന്നുപോലും നീ ഒഴിച്ചിടരുത്. (മുസ്ലിം) |
79) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍ പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം) |
82) ബുറൈദ(റ) വില്‍ നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം തരിക? ഉടനെ റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം, ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. (വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം) |
83) അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി) |
85) മുആദി(റ)ല്‍ നിന്ന് നിവേദനം: ഇമാം പ്രസംഗിക്കുമ്പോള്‍ മുട്ടുകെട്ടി ഇരിക്കല്‍ റസൂല്‍(സ) നിരോധിച്ചിട്ടുണ്ട്. ഉറക്കവും അലസതയും എളുപ്പത്തില്‍ നേരിടുന്നതുകൊണ്ടാണ് അത് നിരോധിച്ചത്. (അബൂദാവൂദ്, തിര്‍മിദി) |
93) ഖത്താദ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് അദ്ദേഹം കേട്ടു: കച്ചവടത്തില്‍ ധാരാളം സത്യം ചെയ്യുന്നത് നിങ്ങള്‍ സൂക്ഷിക്കണം. അത് ചരക്കുകള്‍ ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം) |
101) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. (നസബിനെ) കുറ്റപ്പെടുത്തുന്നവനും ധാരാളം ശപിക്കുന്നവനും ചീത്ത പറയുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി) |
103) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മുത്നത്വിഉകള്‍ (കെട്ടിച്ചമച്ച് സംസാരിക്കുന്നവര്‍) നശിക്കട്ടെ. മൂന്നുപ്രാവശ്യം നബി അതാവര്‍ത്തിച്ചു. (മുസ്ലിം) |
104) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും. (അബൂദാവൂദ്, തിര്‍മിദി) (സാഹിത്യകാരനാണെന്ന് അഭിനയിച്ചുകൊണ്ട് സംസാരിക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല) |
105) വാഇലി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു നിങ്ങള്‍ (മുന്തിരിങ്ങക്ക്) കറമ് എന്ന് പറയരുത്. ഇനബ് എന്നോ ഹബ്ലത്ത് എന്നോ ആണ് പറയേണ്ടത്. (മുസ്ലിം) |
107) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. ഭക്ഷണം ഹാജറുള്ളപ്പോഴോ, മലമൂത്ര വിസര്‍ജ്ജനത്തിന് മുട്ടുമ്പോഴോ (പരിപൂണ്ണമായ) സമസ്കാരമില്ല. (മുസ്ലിം) |
111) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍ രാത്രിയുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രി പ്രത്യേകം നമസ്കരിക്കുകയോ ദിവസങ്ങളുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയാഴ്ച ദിവസം പ്രത്യേകം നോമ്പനുഷ്ഠിക്കുകയോ ചെയ്യാന്‍ പാടില്ല. നിങ്ങള്‍ ഓരോരുത്തരും നോറ്റു പോരുന്നനോമ്പുമായി അതൊത്തുകൂടിയാലൊഴികെ. (മുസ്ലിം) |
115) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുള്‍ ചെയ്തു: ശാപം ഏല്‍ക്കുന്ന രണ്ടുകാര്യം നിങ്ങള്‍ സൂക്ഷിക്കണം. അവര്‍ ചോദിച്ചു: ഏതാണ് ആ രണ്ട് കാര്യം? അവിടുന്ന് പറഞ്ഞു: ജനങ്ങളുടെ വഴിയിലും അവരുടെ നിഴലിലും വിസര്‍ജ്ജനം ചെയ്യലാണവ. (മുസ്ലിം) |
121) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും യര്‍ജാന്‍ കാണിക്കപ്പെട്ടാല്‍ അവന്‍ അത് തിരസ്കരിക്കരുത്. നിശ്ചയം, അത് ഘനമില്ലാത്തതും സുഗന്ധമുള്ളതുമാകുന്നു. (മുസ്ലിം) |
122) മിഖ്ദാദി(റ)ല്‍ നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍(റ) വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്(റ) തന്റെ കാല്‍മുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരല്‍പ്പൊടി വാരി എറിയാന്‍ തുടങ്ങി . തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാന്‍(റ) ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍(സ) പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം) |
7) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) ചോദിച്ചു: പരദൂഷണം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? അല്ലാഹുവും പ്രവാചകനുമാണ് കൂടുതല്‍ അറിയുന്നവര്‍ എന്നദ്ദേഹം മറുപടി പറഞ്ഞു. അവിടുന്നരുളി: നിന്റെ സഹോദരനെപ്പറ്റി അവന് ഇഷ്ടമില്ലാത്തത് പറയലാണത്. അന്നേരം ചോദിക്കപ്പെട്ടു: ഞാന്‍ പറയുന്നത് ഉള്ളതാണെങ്കിലോ? അവിടുന്ന് പറഞ്ഞു: നീ പറയുന്നത് ഉള്ളതാണെങ്കില്‍ നീ പരദൂഷണം പറഞ്ഞു. നീ പറയുന്നത് ഇല്ലാത്തതാണെങ്കില്‍ നീ കളവും പറഞ്ഞു. (മുസ്ലിം) |
12) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഒരിക്കല്‍ ചോദിച്ചു:'അള്ുഹ്' എന്താണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഏഷണിയാണത്. (മുസ്ലിം) (അപവാദം, അസത്യം എന്നൊക്കെയാണ് അള്ഹിന്റെ ഭാഷാര്‍ത്ഥം) |
14) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടത് ഞാന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നവന്‍ കള്ളം പറയുന്നവരില്‍ പെട്ടവന്‍ തന്നെ. (മുസ്ലിം) (കളവാണെന്ന് ബോദ്ധ്യം വന്നത് പ്രചരിപ്പിക്കുന്നത് കള്ളം പറയുന്നതിന് തുല്യമാണെന്ന് സാരം) |
15) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ' ലഅ്നത്ത് ' ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശഫാഅത്തിനോ സാക്ഷിക്കോ പറ്റുന്നവരല്ല. (മുസ്ലിം) |
19) ഇംറാനി(റ)ല്‍ നിന്ന് നിവേദനം: നബി(സ) ഏതോ യാത്രയിലായിരിക്കെ ഒരു അന്‍സാരി വനിത ഒട്ടകപ്പുറത്ത് കയറിവന്നു. (യാത്രാക്ഷീണം നിമിത്തം) ഒട്ടകം മടുപ്പ് കാണിച്ചപ്പോള്‍ അവള്‍ അതിനെ ശപിച്ചത് റസൂല്‍(സ) കേട്ടു. ഉടനെ അവിടുന്ന് പറഞ്ഞു: അതിന്മേലുള്ളത് എടുത്തിട്ട് നിങ്ങള്‍ അതിനെ വിട്ടേക്കൂ! നിശ്ചയം, അത് ശാപമേറ്റതാണ്. ഇംറാന്‍ പറഞ്ഞു: ജനങ്ങള്‍ക്കിടയിലൂടെ അത് അലഞ്ഞുതിരിയുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആരും അതിനെ ശ്രദ്ധിക്കാറേയില്ല. (മുസ്ലിം) |
22) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വ്യാഴാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടും. അന്നേരം മുശ്രിക്കല്ലാത്തവന്റെ പാപം പൊറുക്കപ്പെടും. പരസ്പരം വൈരാഗ്യമുള്ളവരുടേതൊഴികെ. അവര്‍ സുല്‍ഹാകുന്നതുവരെ അവരുടെ കാര്യം നീട്ടിവെക്കാന്‍ മലക്കുകളോട് ഉത്തരവാകും. (മുസ്ലിം) |
24) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: തെറ്റിദ്ധാരണ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്. നിങ്ങള്‍ ചാരവൃത്തി നടത്തരുത്. പരസ്പരം മത്സരിക്കരുത്. നിശ്ചയം നിങ്ങളുടെ ശരീരത്തേയോ രൂപത്തേയോ പ്രവര്‍ത്തനങ്ങളേയോ അല്ല അല്ലാഹു നോക്കുന്നത്. പിന്നെയോ നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്. (മുസ്ലിം) (ഹൃദയശുദ്ധി, ആത്മാര്‍ത്ഥത, അര്‍പ്പണബോധം മുതലായവയാണ് അല്ലാഹു നോക്കുന്നത്) |
28) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: മനുഷ്യരിലുള്ള രണ്ടുകാര്യങ്ങള്‍ ജാഹിലിയ്യാ സ്വഭാവങ്ങളാണ്. 1. പാരമ്പര്യത്തെ കുറ്റപ്പെടുത്തല്‍, 2. മരണപ്പെട്ടവന്റെ പേരില്‍ അലറിക്കരയല്‍. (മുസ്ലിം) |
31) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: എല്ലാ വഞ്ചകര്‍ക്കും അന്ത്യ നാളില്‍ തങ്ങളുടെ മലദ്വാരത്തിങ്കല്‍ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ സ്ഥിതിയനുസരിച്ചായിരിക്കും ആ പതാക ഉയര്‍ത്തപ്പെടുന്നത്. അറിയണം, ഒരു ഭരണ മേധാവിയുടെ വഞ്ചനയേക്കാള്‍ കടുത്തവഞ്ചനയില്ല. (മുസ്ലിം) |
32) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ പരസ്പരം അതിക്രമം കാണിക്കാതെയും പരസ്പരം കിടമത്സരം നടത്താതെയും വിനയത്തോടെ വര്‍ത്തിക്കേണ്ടതാണെന്ന് എനിക്ക് അല്ലാഹു ദൌത്യം നല്‍കിയിരിക്കുന്നു. (മുസ്ലിം) |
33) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: ആ ജനങ്ങള്‍ നശിച്ചുപോയി എന്ന് വല്ലവരും (പൊങ്ങച്ചത്തോടെ) തട്ടിവിട്ടാല്‍ അവന്‍ തന്നെയായിരിക്കും ജനങ്ങളില്‍വെച്ച് ഏറ്റവും നശിച്ചവന്‍. (മുസ്ലിം) |
34) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: അറേബ്യന്‍ ഭൂഖണ്ഡത്തില്‍വെച്ച് മുസ്ളിംകള്‍ തന്നെ ആരാധിക്കുകയില്ല എന്നതിനാല്‍ പിശാച് നിരാശരാണ്. പക്ഷേ, അവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നതിലാണവന്‍ (ഏര്‍പ്പെട്ടിട്ടുള്ളത്) (മുസ്ലിം) |
38) സുവൈദി(റ)ല്‍ നിന്ന് നിവേദനം: മുഖര്‍റിന്‍ കുടുംബത്തിലെ ഏഴാമത്തവനായിരുന്നു ഞാന്‍. ഒരുപരിചാരികയല്ലാതെ മറ്റു ഭൃത്യന്മാര്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങളില്‍ ചെറിയവന്‍ ഒരിക്കല്‍ അവളുടെ മുഖത്ത് അടിച്ചപ്പോള്‍ അവളെ സ്വതന്ത്രയാക്കാന്‍ നബി(സ) ഞങ്ങളോട് കല്പിക്കുകയുണ്ടായി. (മുസ്ലിം) |
39) അബൂമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ എന്റെ ഭൃത്യനെ ചാട്ടവാര്‍ കൊണ്ട് അടിക്കുമായിരുന്നു. ഒരിക്കല്‍ പിന്നില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അബൂമസ്ഊദേ! നീ ഓര്‍ത്തുകൊള്ളണം. ദേഷ്യംകൊണ്ട് ഞാന്‍ ആ ശബ്ദം ശ്രദ്ധിച്ചില്ല. എന്റെ അടുത്തെത്തിയപ്പോള്‍ റസൂല്‍(സ)യായിരുന്നു അത്. ആ സന്ദര്‍ഭത്തില്‍ റസൂല്‍(സ) ഇപ്രകാരം പറയുന്നുണ്ടായിരുന്നു: അബൂമസ്ഊദേ! മനസ്സിലാക്കണം, ഈ ഭൃത്യനെ നീ ശിക്ഷിക്കുന്നതിനേക്കാള്‍ ഉപരിയായി നിന്നെ ശിക്ഷിക്കുവാന്‍ ശക്തനാണ് അല്ലാഹു. ഞാന്‍ പറഞ്ഞു: ഇനി മുതല്‍ ഒരിക്കലും ഒരു ഭൃത്യനേയും ഞാന്‍ അടിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടിലുണ്ട്: നബി(സ) യുടെ ഗാംഭീര്യത്താല്‍ എന്റെ കയ്യില്‍ നിന്ന് ആ ചാട്ടവാര്‍ വീണുപോയി. വേറൊരു റിപ്പോര്‍ട്ടിലുണ്ട്: ഞാന്‍ പറഞ്ഞു: പ്രവാചകരേ! അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അവനെ ഞാന്‍ സ്വതന്ത്രനാക്കിയിരിക്കുന്നു. തല്‍സമയം അവിടുന്ന് പ്രതിവചിച്ചു. അറിഞ്ഞുകൊള്ളുക, നീ ഇത് ചെയ്തിട്ടില്ലെങ്കില്‍ നരകം നിന്നെ കരിച്ചുകളയുമായിരുന്നു. (ഈ റിപ്പോര്‍ട്ടുകളെല്ലാം മുസ്ലിം ഉദ്ധരിച്ചിട്ടുണ്ട്) |
40) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) തറപ്പിച്ചുപറഞ്ഞു: വല്ലവനും തന്റെ ദാസനെ അന്യായമായി പ്രഹരിക്കുകയോ മുഖത്തടിക്കുകയോ ചെയ്താല്‍ അവനെ ഇത്ഖ് ചൊല്ലലാണ് അതിന്റെ കഫ്ഫാറത്ത്. (മുസ്ലിം) |
41) ഹിശാമി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം വെയിലില്‍ നിറുത്തി തലക്കുമീതെ എണ്ണ ഒഴിക്കപ്പെടുന്ന (സിറിയയിലെ) കുറേ കര്‍ഷകത്തൊഴിലാളികളുടെ അടുക്കല്‍ക്കൂടി നടന്നുപോയി. ഇതെന്താണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ നികുതി അടക്കാത്തതുകൊണ്ടാണ് അവര്‍ ശിക്ഷിക്കപ്പെടുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. ഹിശാം(റ) പറഞ്ഞു. ഞാന്‍ സാക്ഷ്യം വഹിക്കുന്നു: ദുനിയാവില്‍വെച്ച് മനുഷ്യരെ പീഡിപ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ശിക്ഷിക്കുന്നതാണെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അമീറിന്റെ സവിധത്തില്‍ചെന്ന് ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ അവരെ വെറുതെ വിട്ടേക്കൂ! എന്ന് അദ്ദേഹം (അമീര്‍) പറഞ്ഞു. (മുസ്ലിം) |
42) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ചുട്ടുപഴുപ്പിച്ച ഇരുമ്പ് വെച്ച് മുഖം പൊള്ളിച്ച ഒരു കഴുതയെ കണ്ടപ്പോള്‍ റസൂല്‍(സ) അതില്‍ പ്രതിഷേധിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. മുഖത്തുനിന്നും വളരെ അകന്ന സ്ഥലത്തല്ലാതെ അല്ലാഹുവാണ, ഞാന്‍ ഇനി മുദ്ര ചെയ്യുന്നതല്ല. തന്റെ കഴുതയെ കൊണ്ടുവന്ന് അതിന്റെ ചന്തിയില്‍ ചൂടുവെയ്ക്കാന്‍ അദ്ദേഹം കല്പിച്ചു. ആദ്യമായി ചന്തിയില്‍ ചൂടുവെച്ചത് അദ്ദേഹമാണ്. (മുസ്ലിം) |
43) ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: മുഖത്ത് ഇരുമ്പുകൊണ്ട് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരുകഴുത നബി(സ) യുടെ സമീപത്തുകൂടി നടന്നുപോയപ്പോള്‍ 'ചുട്ട ഇരുമ്പുകൊണ്ട് അതിനെ മുഖത്തു മുദ്രവെച്ചവനെ അല്ലാഹു ശപിക്കട്ടെ' എന്ന് നബി(സ) പറഞ്ഞു. (മുസ്ലിം) |
46) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കുകാരെ ആവശ്യമില്ലാത്തവനാണ് ഞാന്‍. ശിര്‍ക്ക് ആരെങ്കിലും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ തള്ളിക്കളയുന്നതാണ്. (മുസ്ലിം) |
49) അബൂത്വല്‍ഹ(റ)യില്‍ നിന്ന് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കവെ റസൂല്‍(സ) ഞങ്ങളുടെ അടുത്തുവന്നു നിന്ന് ചോദിച്ചു: നിങ്ങളെന്തിന് വഴിവക്കിലിരിക്കുന്നു? നിങ്ങള്‍ അത് വെടിയണം. ഞങ്ങള്‍ പറഞ്ഞു: കുറ്റക്കാരല്ലാത്ത കാര്യത്തിന് വേണ്ടിയാണല്ലോ ഞങ്ങളിവിടെ ഇരിക്കുന്നത്. സംസാരിക്കുവാനും ചര്‍ച്ചചെയ്യുവാനും വേണ്ടിയാണിവിടെ ഇരിക്കുന്നത്. നബി(സ) പറഞ്ഞു: നിങ്ങള്‍ക്ക് ഇരുന്നേ പറ്റുവെങ്കില്‍ നിങ്ങള്‍ വഴിയോടുള്ള ബാദ്ധ്യത നിറവേറ്റണം. നിഷിദ്ധങ്ങളുടെ നേരെ കണ്ണ് ചിമ്മുക, സലാം മടക്കുക, നല്ലത് സംസാരിക്കുക എന്നിവയാണ്. (മുസ്ലിം) |
50) ജരീരി(റ)ല്‍ നിന്ന് നിവേദനം: അവിചാരിതമായ നോട്ടത്തെപ്പറ്റി ഒരിക്കല്‍ നബി(സ) യോട് ഞാന്‍ ചോദിച്ചു. അവിടുന്നരുളി. വേഗത്തില്‍ നിന്റെ ദൃഷ്ടി തിരിച്ചുകളയൂ. (മുസ്ലിം) |
52) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഖണ്ഡിതമായി പറഞ്ഞു. പുരുഷന്‍ മറ്റു പുരുഷന്റെ ഔറത്തിലേക്കും സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കാന്‍ പാടില്ല. ഒരേ ഒരു വസ്ത്രത്തില്‍ പുരുഷന്‍ പുരുഷനൊന്നിച്ച് ശയിക്കാന്‍ പാടില്ല. അപ്രകാരം ഒരു സ്ത്രീ സ്ത്രീയൊന്നിച്ച് ശയിക്കലും പാടുള്ളതല്ല. (മുസ്ലിം) |
53) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഭടന്മാരുടെ ഭാര്യമാര്‍ ഉമ്മമാരെപ്പോലെ നിഷിദ്ധമാണ്. യുദ്ധത്തിന് പോകാത്തവര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഭടന്‍മാരുടെ കുടുംബത്തില്‍ പ്രതിനിധിയായിട്ട് അവരെ വഞ്ചിച്ചാല്‍ അവന് തൃപ്തിയാകുവോളം വഞ്ചകന്റെ നന്മയില്‍ നിന്ന് പിടിച്ചെടുക്കാന്‍ വേണ്ടി അന്ത്യനാളില്‍ അവനെ കൊണ്ടുവന്ന് നിറുത്തപ്പെടാതിരിക്കില്ല. പിന്നീട് റസൂല്‍(സ) ഞങ്ങളുടെ അടുത്തേക്ക് തിരിഞ്ഞിട്ട് ചോദിച്ചു. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ എന്ത് വിചാരിക്കുന്നു. (ഇഷ്ടാനുസരണം മതിയാകുവോളം അവന്‍ പിടിച്ചെടുക്കുകയില്ലേ?) (മുസ്ലിം) |
55) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചിരിക്കുന്നു. രണ്ട് ഇനം നരകവാസികളുണ്ട്. അവരെ ഞാന്‍ കണ്ടിട്ടില്ല. ഒന്ന് പശുവിന്റെ വാലുപോലുള്ള വടികളേന്തിക്കൊണ്ട് ജനങ്ങളെ മര്‍ദ്ദിക്കും. മറ്റൊരിനം ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞപോലുള്ള തലയുള്ളവരും ചാഞ്ഞും ചെരിഞ്ഞുകൊണ്ട് നടക്കുന്നവരും അന്യരെ (വ്യഭിചാരത്തിലേക്ക്) ആകര്‍ഷിക്കുന്നവരും നഗ്നകളും (പേരിനുമാത്രം) വസ്ത്രധാരിണികളുമായ സ്ത്രീകളാണ്. സ്വര്‍ഗ്ഗത്തില്‍ അവര്‍ പ്രവേശിക്കുകയോ അതിന്റെ വാസന അവരനുഭവിക്കുകയോ ചെയ്യുകയില്ല. അതിന്റെ വാസനയാണെങ്കിലോ ഇത്രയിത്ര വഴിയകലെ നിന്നുതന്നെ അനുഭവിക്കാന്‍ കഴിയുന്നതാണ്. (മുസ്ലിം) |
56) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ഇടതുകൈകൊണ്ട് നിങ്ങള്‍ ഭക്ഷിക്കരുത്. നിശ്ചയം, പിശാച് ഇടതുകൈകൊണ്ടാണ് ഭക്ഷിക്കുക (അതുകൊണ്ട് നിങ്ങളത് വര്‍ജ്ജിക്കണം). (മുസ്ലിം) |
57) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ശഠിച്ചുപറഞ്ഞു. നിങ്ങളാരും തന്നെ ഇടതു കൈകൊണ്ട് ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യരുത്. നിശ്ചയം, പിശാച് അവന്റെ ഇടതു കൈകൊണ്ടാണ് തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. (മുസ്ലിം) |
58) ജാബിറി(റ)ല്‍ നിന്ന് നിവേദനം: മക്കാ ഫത്ഹില്‍ അബൂബക്കര്‍ സിദ്ദിഖ്(റ) വിന്റെ പിതാവ് അബൂ ഖുഹാഫ തടവുകാരനായി ഹാജരാക്കപ്പെട്ടു. അന്നേരം തന്റെ തലയും താടിയും വെള്ളവര്‍ണ്ണത്തില്‍ സആമത്തിനോട് തുല്യമായിരുന്നു. റസൂല്‍(സ) പറയുകയുണ്ടായി. നിങ്ങളതിന് ചായം കൊടുക്കൂ! പക്ഷെ, കറുപ്പ് ചായം നിങ്ങള്‍ വെടിയണം. (മുസ്ലിം) |
63) ആയിശ(റ)യില്‍ നിന്ന് നിവേദനം: നമ്മുടെ അനുവാദില്ലാതെ വല്ലതും പ്രവര്‍ത്തിച്ചാല്‍ മര്‍ദൂദാണ്. (അല്ലാഹുവിങ്കല്‍ അസ്വീകാര്യമാണ്) (മുസ്ലിം) |
66) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ പാത്രം അടച്ചുവെക്കുകയും തോല്‍പാത്രം കെട്ടിവെക്കുകയും വിളക്ക് അണക്കുകയും ചെയ്യണം. അപ്പോള്‍ തോല്‍പാത്രം കെട്ടഴിക്കാനോ വാതില്‍ തുറക്കാനോ പാത്രം തുറക്കാനോ പിശാചിന് ഒരിക്കലും സാദ്ധ്യമല്ല. ബിസ്മിചൊല്ലി പാത്രത്തിന്‍മേല്‍ ഒരുകൊള്ളി എടുത്തുവെക്കാന്‍ മാത്രമേ കഴിഞ്ഞുള്ളുവെങ്കിലോ? അവന്‍ അത് ചെയ്തുകൊള്ളട്ടെ. കാരണം, വീട്ടുകാരുള്‍പ്പെടെ ഭവനത്തെ എലി അഗ്നിക്കിരയാക്കിത്തീര്‍ക്കും. (മുസ്ലിം) |
67) അബൂമാലികി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ ) പറഞ്ഞു: അലറിക്കരയുമ്പോള്‍ തന്റെ മരണത്തിനുമുമ്പെ പശ്ചാത്തപിച്ചുമടങ്ങിയിട്ടില്ലെങ്കില്‍, കത്രാന്‍ കൊണ്ടുള്ള ഒരുകുപ്പായവും ചൊറിച്ചിലുണ്ടാക്കുന്ന ഒരുതരം വസ്ത്രവും ധരിപ്പിച്ചുകൊണ്ട് അന്ത്യനാളില്‍ അവളെ നിറുത്തപ്പെടുന്നതാണ്. (മുസ്ലിം) |
70) സഫിയ്യ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ജ്യോത്സ്യന്റെ അടുത്തുചെന്ന് അവന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നവന്റെ നാല്പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം) |
74) ആയിശ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യുടെ അടുത്ത് ചെല്ലാമെന്ന് ജിബ്രീല്‍ (അ) വാഗ്ദത്തം ചെയ്തിരുന്നുവെങ്കിലും പറഞ്ഞ സമയത്ത് ചെല്ലുകയുണ്ടായില്ല. ആയിശ(റ) പറഞ്ഞു: നബി(സ) യുടെ കയ്യിലുണ്ടായിരുന്ന വടി (താഴെ) ഇട്ടുകൊണ്ട് അല്ലാഹുവും പ്രവാചകനും കരാര്‍ ലംഘിക്കുകയില്ല. എന്ന് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോള്‍ കട്ടിലിന്നു താഴെ ഒരു നായക്കുട്ടി. അവിടുന്ന് ചോദിച്ചു. എപ്പോഴാണ് ഈ നായക്കുട്ടി ഇവിടെ കടന്നുവന്നത്? ഞാന്‍ പറഞ്ഞു: അല്ലാഹുവാണ, എനിക്കറിയില്ല. ഉടനെ അവിടുത്തെ ഉത്തരവ് പ്രകാരം അതിനെ എടുത്തുമാറ്റിയപ്പോള്‍ ജിബ്രീല്‍ (അ) കടന്നുവന്നു. നബി(സ) ചോദിച്ചു: നിങ്ങള്‍ വാഗ്ദത്തം ചെയ്തതനുസരിച്ച് ഞാന്‍ ഇവിടെ കാത്തിരുന്നു. നിങ്ങള്‍ വന്നില്ല. ജിബ്രീല്‍ (അ) പറഞ്ഞു: അങ്ങയുടെ വീട്ടിലെ നായ മൂലമാണ് ഞാന്‍ വരാതിരുന്നത്. നിശ്ചയം, നായയും രൂപവുമുള്ള വീട്ടില്‍ ഞങ്ങള്‍ പ്രവേശിക്കുകയില്ല. (മുസ്ലിം) |
76) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നായയും കിങ്കിണിയും കൂടെയുള്ള ഒരു യാത്രാസംഘത്തില്‍ മലക്കുകള്‍ സഹവസിക്കുകയില്ല. (മുസ്ലിം) |
80) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍ അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം, പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം) |
84) ഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച ഖുത്തുബയില്‍ അദ്ദഹം പ്രസംഗിച്ചു: ജനങ്ങളേ! നിങ്ങള്‍ ഈ രണ്ട് ചെടി ഭക്ഷിക്കുന്നു. അവ രണ്ടും ചീത്തയായിട്ടാണ് ഞാന്‍ കാണുന്നത്. അഥവാ ചുവന്നുള്ളിയും വെള്ളുള്ളിയും. പള്ളിയില്‍വെച്ച് അതിന്റെ വാസന ആരില്‍ നിന്നെങ്കിലും നബി(സ) ക്കെത്തിയാല്‍ അവിടുത്തെ നിര്‍ദ്ദേശമനുസരിച്ച് ബഖീഇ (ശ്മശാനത്തി) ലേക്ക് അവനെ പുറംതള്ളുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനി അവ ആരെങ്കിലും തിന്നുന്നപക്ഷം അവന്‍ പുഴുങ്ങി ദുര്‍ഗന്ധം അകറ്റിക്കൊള്ളട്ടെ. (മുസ്ലിം) |
86) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അറുത്തുകൊടുക്കാനുള്ള മൃഗം വല്ലവരുടേയും പക്കലുങ്കിെല്‍ ദുല്‍ഹജ്ജ് മാസത്തില്‍ അവന്‍ ബലിചെയ്യുന്നതുവരെ സ്വന്തം മുടിയും നഖവും നീക്കംചെയ്യാന്‍ പാടില്ല. (മുസ്ലിം) |
87) അബ്ദുര്‍റഹ്മാന്‍(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വന്തം പിതാക്കളെക്കൊണ്ടോ ബിംബങ്ങളെക്കൊണ്ടോ നിങ്ങള്‍ സത്യം ചെയ്യരുത്. (മുസ്ലിം) |
91) അബൂഉമാമ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താല്‍ അല്ലാഹു അവന് നരകം സ്ഥിരപ്പെടുത്തുകയും സ്വര്‍ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്‍ ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത് ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം) |
92) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഒരു കാര്യത്തില്‍ സത്യം ചെയ്യുകയും അതല്ലാത്തത് അതിനേക്കാള്‍ ഉത്തമമായി കാണുകയും ചെയ്താല്‍ അവന്‍ സത്യത്തിന് കഫ്ഫാറത്ത് കൊടുക്കുകയും നന്മയുള്ളത് പ്രവര്‍ത്തിക്കുകയും ചെയ്തുകൊള്ളട്ടെ. (മുസ്ലിം) |
97) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നിശ്ചയം റസൂല്‍(സ) ഒരിക്കല്‍ ഉമ്മുസ്സാഇബിന്റെ അടുത്തോ ഉമ്മുല്‍മുസയ്യിബിന്റെ അടുത്തോ കടന്നുചെന്ന് ചോദിച്ചു: ഉമ്മുസ്സാഇബേ, അല്ലെങ്കില്‍ ഉമ്മുല്‍മുസയ്യിബേ, നിനക്കെന്തുപറ്റി, വിറക്കുന്നല്ലോ? അവര്‍ പറഞ്ഞു: പനി പിടിപെട്ടിരിക്കുന്നു. അല്ലാഹു അതിനെ അനുഗ്രഹിക്കാതിരിക്കട്ടെ. അന്നേരം നബി(സ) പറഞ്ഞു: നീ പനിയെ കുറ്റപ്പെടുത്തരുത്. നിശ്ചയം അത് ഉല ഇരുമ്പിന്റെ തുരുമ്പ് നീക്കം ചെയ്യുന്നതുപോലെ മനുഷ്യരുടെ പാപങ്ങളെ നീക്കം ചെയ്യും. (മുസ്ലിം) |
109) അബൂമര്‍സദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിന്‍മുകളില്‍ ഇരിക്കുകയോ ചെയ്യരുത്. (മുസ്ലിം) |
110) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നമസ്കാരത്തിന് ഇഖാമത്ത് കൊടുക്കപ്പെട്ടാല്‍ (ഇഖാമത്ത് കൊടുക്കപ്പെട്ടിട്ടുള്ള) ഫര്‍ളല്ലാത്ത നമസ്കാരമില്ല. (മുസ്ലിം) |
112) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ ഓരോരുത്തരും തീക്കട്ടയുടെ മുകളിലിരുന്ന് തൊലിയും വസ്ത്രവും കത്തിക്കരിയലാണ് ഖബറിന്റെമേല്‍ ഇരിക്കുന്നതിനേക്കാള്‍ ഉത്തമം. (മുസ്ലിം) |
113) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഖബര്‍ ചെത്തിത്തേക്കുന്നതും അതിന്റെമേല്‍ ഇരിക്കുന്നതും അതിന്റെ മേല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു. (മുസ്ലിം) |
114) ജരീറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ല അടിമയും സയ്യിദിന്റെ അനുവാദം കൂടാതെ ഒളിച്ചോടിപ്പോകുന്നപക്ഷം അല്ലാഹുവിന്റെ സംരക്ഷണ ഉത്തരവാദിത്തം അവ നില്‍ നിന്ന് ഒഴിവാകുന്നതാണ്. (മുസ്ലിം) |
116) ജാബിറി(റ)ല്‍ നിന്ന് നിവേദനം: കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കല്‍ നബി(സ) നിരോധിച്ചിരിക്കുന്നു . (മുസ്ലിം) |
117) ഉഖ്ബ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസി സത്യവിശ്വാസിയുടെ സഹോദരനാണ്. സ്വന്തം സഹോദരന്റെ കച്ചവടത്തിനെതിരെ കച്ചവടം ചെയ്യരുത്. അപ്രകാരം തന്നെ തന്റെ സഹോദരന്റെ വിവാഹാലോചനക്കെതിരില്‍ വിവാഹാലോചന നടത്തരുത്. അവന്‍ വേണ്െടന്ന് വെച്ചാല്‍ ഒഴികെ. (മുസ്ലിം) |
118) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന് കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള്‍ അവനെ മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്‍ക്കാതിരിക്കുക, നിങ്ങള്‍ ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല്‍ കൂടുതല്‍ ചോദ്യം ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന്‍ വെറുക്കുകയും ചെയ്തിരിക്കുന്നു . (മുസ്ലിം)) |
120) അബൂശ്ശഹ്സാഇ(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ അബൂഹുറയ്റ(റ) യോടൊപ്പം ഞങ്ങള്‍ പള്ളിയില്‍ ഇരിക്കവെ മുഅദ്ദിന്‍ ബാങ്ക് വിളിച്ചു. തദവസരം ഒരാള്‍ എഴുന്നേറ്റു നടന്നു. അയാള്‍ പള്ളിയില്‍ നിന്ന് പുറത്തു പോകുവോളം അബൂഹുറയ്റ അയാളെ ഉറ്റു നോക്കിയിട്ട് പറഞ്ഞു: ഇദ്ദേഹം അബുല്‍ഖാസിമി(സ) നോട് വിപരീതം ചെയ്തിരിക്കുന്നു . (മുസ്ലിം) |
123) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ ചെന്താമരവര്‍ണ്ണം മുക്കിയ വസ്ത്രം ധരിച്ചത് നബി(സ) കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു: ഇത് നിന്റെ മാതാവാണോകല്‍പ്പിച്ചത്? ഞാനത് കഴുകട്ടെയോ? എന്ന് ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അത് കരിച്ചുകളയൂ! മറ്റൊരു റിപ്പോര്‍ട്ടിലുണ്ട് . നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം) ലുണ്ട്. നബി(സ) പറഞ്ഞു: ഒരിക്കലും നീ അത് ധരിച്ചുപോകരുത്. (മുസ്ലിം) |
8) ആയിശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) യോട് ഞാന്‍ പറഞ്ഞു: സഫിയ്യ(റ) യുടെ ഇന്നിന്ന ന്യൂനതതന്നെ മതിയല്ലോ. റിപ്പോര്‍ട്ടര്‍മാരില്‍ ചിലര്‍ പറഞ്ഞു: കുറിയവളാണെന്നതാണ് ആയിശ(റ) ഉദ്ദേശിച്ചത്. നബി(സ) പറഞ്ഞു: കുറ്റകരമായ വാക്കാണ് നീ സംസാരിച്ചത്. സമുദ്രത്തിലെ വെള്ളത്തില്‍ അത് ലയിപ്പിച്ചാല്‍ അതിനെ കലക്കിക്കളയും. ആയിശ(റ) പറഞ്ഞു. നബി(സ)ക്ക് ഞാന്‍ ഒരാളെ ഉദ്ധരിച്ചുകൊടുത്തു. അന്നേരം അവിടുന്ന് പറഞ്ഞു. എനിക്ക് ഇന്നിന്നതൊക്കെ ലഭിക്കുമെങ്കിലും ഒരാളെ ഹികായത്ത് ചെയ്യാന്‍ എനിക്കിഷ്ടമില്ല. (അബൂദാവൂദ്, തിര്‍മിദി) |
16) സമുറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. അല്ലാഹുവിന്റെ ലഅ്നത്തുണ്ടാകട്ടെ. അവന്റെ കോപമുണ്ടാകട്ടെ. നരകം നിങ്ങള്‍ക്കുണ്ടാകട്ടെ. അന്നിങ്ങനെ നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (അബൂദാവൂദ്, തിര്‍മിദി) |
18) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മനുഷ്യന്‍ ഏതെങ്കിലുമൊന്നിനെ ലഅ്നത്ത് ചെയ്യുന്നപക്ഷം ആ ലഅ്നത്ത് വാനലോകത്തേക്ക് കയറിച്ചെല്ലും. പക്ഷെ ആകാശത്തിന്റെ കവാടം അടക്കപ്പെടും. ഭൂമിയിലേക്ക് തിരിച്ചുവന്നാല്‍ അതിന്റെ കവാടവും അടക്കപ്പെടും. പിന്നീട് അത് വലതുഭാഗത്തും ഇടതുഭാഗത്തും ചെന്നു നോക്കും. അവസാനം ഒരു വഴിയും കണ്ടെത്താതെ വന്നാല്‍ ലഅ്നത്ത് ചെയ്യപ്പട്ട ആളുടെ അടുത്തുവന്ന് നോക്കും. അയാളതിന്ന് അര്‍ഹനല്ലെങ്കില്‍ അതിന്റെ വക്താവില്‍ തന്നെ മടങ്ങിയെത്തും. (അബൂദാവൂദ്) |
25) മുആവിയ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മുസ്ളിംകളുടെ ന്യൂനതകളെ നീ തെരഞ്ഞുപിടിക്കുന്നപക്ഷം അവരെ നീ നശിപ്പിക്കുകയോ നാശത്തിലേക്കടുപ്പിക്കുകയോ ചെയ്യും. (അബൂദാവൂദ്) (കുറ്റം തെരഞ്ഞുപിടിക്കല്‍ ഒരു ഭരണകര്‍ത്താവിന്റേയും ചുമതലയില്‍ പെട്ടതല്ല) |
26) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: (കള്ള് കുടിയനായ) ഒരാള്‍ ഹാജറാക്കപ്പെട്ടു. ഇയാളുടെ താടിയില്‍ നിന്ന് കള്ള് ഇറ്റ് വീഴുന്നു (എന്ന് മറ്റുള്ളവര്‍ പറഞ്ഞു) അദ്ദേഹം പറഞ്ഞു: അന്യരുടെ രഹസ്യങ്ങള്‍ ചികഞ്ഞുനോക്കുന്നത് ഞങ്ങളെ നിരോധിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് വല്ലതും വെളിപ്പെട്ടാല്‍ ഞങ്ങള്‍ അത് കൈക്കൊള്ളും. (അതനുസരിച്ച് ശിക്ഷാനടപടി സ്വീകരിക്കും) (അബൂദാവൂദ്) |
30) അബുഹുറയ്റ(റ)യില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അന്യന്റെ ഭാര്യയേയോ ഉടമയിലുള്ളവനേയോ വഞ്ചിക്കുന്നവന്‍ നമ്മളില്‍ പെട്ടവനല്ല. (അബൂദാവൂദ്) |
37) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സത്യവിശ്വാസികള്‍ തമ്മില്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ പിണങ്ങിനില്‍ക്കല്‍ അനുവദനീയമല്ല. ഇനി അങ്ങനെ മൂന്നുദിവസം കടന്നുപോയാലോ അവനെ സമീപിച്ച് സലാം പറയണം. സലാം മടക്കിയാല്‍ അവര്‍ രണ്ടുപേര്‍ക്കും തുല്യ പ്രതിഫലം ലഭിക്കും. മടക്കിയിട്ടില്ലെങ്കില്‍ കുറ്റംകൊണ്ട് അവന്‍ മടങ്ങി. സലാം ചൊല്ലിയവനോ കുറ്റത്തില്‍ നിന്ന് രക്ഷപ്പെട്ടു. (അബൂദാവൂദ്) |
44) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: ഒരു യാത്രയില്‍ ഞങ്ങള്‍ റസൂല്‍(സ) യൊന്നിച്ചുണ്ടായിരുന്നു. അവിടുന്ന് വെളിക്കിരിക്കാന്‍ പോയപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുള്ള ഒരു ചുകന്ന പക്ഷിയെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അതിന്റെ കുഞ്ഞുങ്ങളെ എടുക്കുമ്പോഴേക്കും ആ പക്ഷി വന്നിട്ട് ഉപരിഭാഗത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി. നബി(സ) തിരിച്ചു വന്നപ്പോള്‍ കുഞ്ഞിന്റെ പേരില്‍ തള്ളയെ ആരാണ് ശല്യപ്പെടുത്തിയത് എന്ന് ചോദിച്ചിട്ട് പറഞ്ഞു: കുഞ്ഞിനെ അതിന് തിരിച്ചുകൊടുക്കൂ! അപ്രകാരം തീയിട്ട് കരിച്ച ഒരു ഉറുമ്പിന്റെ മാളത്തെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ ചോദിച്ചു: ആരാണിത് കരിച്ചത്? ഞങ്ങളാണെന്ന് മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: തീ കൊണ്ട് ശിക്ഷിക്കല്‍ തീയിന്റെ സ്രഷ്ടാവിനല്ലാതെ ഭൂഷണമല്ല. (അബൂദാവൂദ്) |
47) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ഭൌതികമായ നേട്ടം കരസ്ഥമാക്കാന്‍ വേണ്ടി അല്ലാഹുവിന്റെ പ്രീതി നേടാനുതകുന്ന വിദ്യ അഭ്യസിച്ചവന്ന് അന്ത്യദിനത്തില്‍ സ്വര്‍ഗ്ഗത്തിന്റെ വാസനപോലും ഏല്‍ക്കാന്‍ സാദ്ധ്യമല്ല. (അബൂദാവൂദ്) |
51) ഉമ്മുസല്‍മ(റ)യില്‍ നിന്ന് നിവേദനം: മൈമൂന(റ)യുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ ഒരിക്കല്‍ റസൂല്‍(സ)യുടെ അടുത്തുണ്ടായിരുന്നു. അന്നേരം ഇബ്നു ഉമ്മിമഖ്തൂം അവിടെ ആഗതനായി. ഹിജാബ് കൊണ്ടുള്ള കല്പനക്കുശേഷമായിരുന്നു. അത്. നബി(സ) പറഞ്ഞു: നിങ്ങള്‍ രണ്ടുപേരും അദ്ദേഹത്തില്‍ നിന്ന് മറഞ്ഞുനില്‍ക്കൂ! ഞങ്ങള്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളെ കാണാനും മനസ്സിലാക്കാനും കഴിയാത്ത അന്ധനല്ലേ അദ്ദേഹം. നബി(സ) ചോദിച്ചു. നിങ്ങള്‍ രണ്ടുപേരും അന്ധരാണോ? നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയുകയില്ലേ? (അബൂദാവൂദ്, തിര്‍മിദി) |
54) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: സ്ത്രീ വേഷം അണിയുന്നവനെയും പുരുഷ വേഷം ധരിക്കുന്നവളെയും റസൂല്‍(സ) ശപിച്ചിരിക്കുന്നു. (അബൂദാവൂദ്) |
59) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) തലമുടി അല്പം കളഞ്ഞ് ബാക്കിഭാഗം ഉപേക്ഷിച്ച ഒരു കുട്ടിയെ കണ്ടപ്പോള്‍, മുടി അപ്രകാരം വെട്ടുന്നത് നിരോധിച്ചുകൊണ്ട് പറഞ്ഞു: മുടി മുഴുവനും കളയുകയോ മുഴുവനും ഉപേക്ഷിക്കുകയോ ചെയ്യണം. (അബൂദാവൂദ്) |
60) അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം: (ജഅ്ഫറിന്റെ മരണാനന്തരം) സന്തതികള്‍ക്ക് കരയാന്‍ നബി(സ) മൂന്ന് ദിവസംവരെ താമസം നല്‍കിയിരുന്നു. പിന്നീട് അവരുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു: ഈ ദിവസത്തിനുശേഷം എന്റെ സഹോദരന്റെ (ജഅ്ഫറിന്റെ) പേരില്‍ നിങ്ങള്‍ കരയരുത്. എന്റെ സഹോദരന്റെ മക്കളെ ഇങ്ങോട്ട് വിളിക്കൂ. അങ്ങനെ ഞങ്ങള്‍ ആഗതരായി. ഞങ്ങളപ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സമാനമായിരുന്നു. അവിടുന്ന് പറഞ്ഞു: ക്ഷുരകനെ വിളിക്കൂ. നബി(സ) യുടെ ആജ്ഞയനുസരിച്ച് അയാള്‍ ഞങ്ങളുടെ തല (മുടി) വെട്ടിക്കളഞ്ഞു. (അബൂദാവൂദ്) |
65) ജാബിറി(റ)ല്‍ നിന്ന് നിവേദനം: നിന്നു കൊണ്ട് ചെരുപ്പ് ധരിക്കല്‍ റസൂല്‍(സ) നിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്) |
71) ഖബീസ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ റസൂല്‍(സ) പറഞ്ഞു കേട്ടു: ഇയാഫത്തും (വരശ്ശകുനം) ത്വിയറത്തും (ദുശ്ശകുനം) ത്വര്‍ഖും (പക്ഷിശകുനം) പൈശാചികമാണ്. (അബൂദാവൂദ്) |
73) ഉര്‍വ(റ)യില്‍ നിന്ന് നിവേദനം: ഒരിക്കല്‍ നബി(സ) യുടെ സന്നിധിയില്‍ ത്വിയറത്തിനെ (ശകുനത്തെ) പറ്റി പറയപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: അതില്‍വെച്ച് ഏറ്റവും നല്ലത് ശുഭലക്ഷണമാണ്. മുസ്ളിമിനെ (തന്റെ ലക്ഷ്യത്തില്‍ നിന്ന്) അത് തടുക്കുകയില്ല. ഇനി നിങ്ങളാരെങ്കിലും തനിക്കിഷ്ടമില്ലാത്തത് കണ്ടാല്‍ അവന്‍ പറഞ്ഞുകൊള്ളട്ടെ. അല്ലാഹുവേ, നീയല്ലാതെ നന്മ കൊണ്ടുവരുന്നില്ല. നീയല്ലാതെ തിന്മ തടുക്കുന്നില്ല. പാപങ്ങളില്‍ നിന്ന് പിന്മാറാനും ഇബാദത്തിനുമുള്ള കഴിവ് നിന്നില്‍ നിന്ന് മാത്രമാണ്. (അബൂദാവൂദ്) |
77) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: മണി പിശാചിന്റെ പുല്ലാങ്കുഴലാണ്. (അബൂദാവൂദ്) |
78) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കാഷ്ഠം ഭക്ഷിക്കുന്ന ഒട്ടകത്തിന്മേല്‍ സവാരിചെയ്യല്‍ നബി(സ) നിരോധിച്ചിരുന്നു. (അബൂദാവൂദ്) |
88) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മതനടപടികള്‍കൊണ്ട് സത്യം ചെയ്യുന്നവന്‍ നമ്മളില്‍പ്പെട്ടവനല്ല. (അബൂദാവൂദ്) |
89) ബുറൈദ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും ഞാന്‍ ഇസ്ളാമില്‍ നിന്ന് തെറ്റിയവനാണ് എന്ന് സത്യം ചെയ്തു. അവന്‍ പറഞ്ഞതോ കള്ളമാണുതാനും, എങ്കില്‍ അവന്‍ പറഞ്ഞതുപോലെ തന്നെയായിരിക്കും. ഇനി സത്യവാനാണെങ്കില്‍ തന്നെ സുരക്ഷിതമായി ഇസ്ളാമിലേക്ക് അവന്‍ മടങ്ങി വരികയില്ല. (അബൂദാവൂദ്) |
94) ജാബിറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: സ്വര്‍ഗ്ഗമല്ലാത്ത മറ്റൊന്നും അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിക്കാന്‍ പാടില്ല. (അബൂദാവൂദ്) |
95) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ പേരില്‍ വല്ലവനും കാവലപേക്ഷിച്ചാല്‍ നിങ്ങളവന് അഭയം നല്‍കണം. അപ്രകാരംതന്നെ അല്ലാഹുവിന്റെ പേരില്‍ വല്ലവനും ചോദിച്ചാല്‍ അവന് നിങ്ങള്‍ ദാനം കൊടുക്കണം. നിങ്ങളെവല്ലവരും ക്ഷണിച്ചാല്‍ നിങ്ങള്‍ ഉത്തരം ചെയ്യണം. നിങ്ങള്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ സാധ്യമല്ലെങ്കില്‍ തുല്യമായി എന്ന് നിങ്ങള്‍ക്ക് ബോധ്യം വരുവോളം നിങ്ങള്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കണം. (അബൂദാവൂദ്, നസാഈ) |
99) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാല്‍ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷതേടുകയും വേണം. (അബൂദാവൂദ്) |
100) സൈദുബ്നു ഖാലിദി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. നിങ്ങള്‍ കോഴിയെ ചീത്തപറയരുത്. നമസ്കാരത്തിനുവേണ്ടി അത് വിളിച്ചുണര്‍ത്തും. (അബൂദാവൂദ്) |
106) ഹുദൈഫ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. അല്ലാഹുവും ഇന്ന വ്യക്തിയും ഉദ്ദേശിച്ചത് എന്ന് പറയരുത്. അല്ലാഹു ഉദ്ദേശിച്ചതിന് ശേഷം ഇന്ന വ്യക്തി ഉദ്ദേശിച്ചത് എന്ന് നിങ്ങള്‍ക്ക് പറയാം. (അബൂദാവൂദ്) |
119) ജാബിറി(റ)ല്‍ നിന്ന് നിവേദനം: ഊരിയ വാളുമായി നടക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു . (അബൂദാവൂദ്, തിര്‍മിദി) |
1) ബിലാലി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു. മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമുള്ള വാക്ക് സംസാരിക്കും. അതു എന്തുമാത്രം നേട്ടമുള്ളതാണെന്ന് അവന്‍ വിചാരിച്ചിട്ടുണ്ടായിരിക്കുകയില്ല. അതുവഴി അല്ലാഹു അന്ത്യനാള്‍വരെ തന്റെ തൃപ്തി അവന് നല്‍കുന്നതാണ്. അപ്രകാരംതന്നെ മനുഷ്യന്‍ അല്ലാഹുവിന്നിഷ്ടമില്ലാത്തത് സംസാരിക്കുന്നു. അതെന്തുമാത്രം കുറ്റകരമാണെന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടായിരിക്കുകയില്ല. തന്നിമിത്തം അന്ത്യനാള്‍വരെ അല്ലാഹു അവനോട് കോപിക്കുന്നതാകുന്നു. (തിര്‍മിദി) |
2) സുഫ്യാനി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞാന്‍ അവലംബിക്കേണ്ട ഒരുകാര്യം എനിക്ക് പറഞ്ഞുതരിക. എന്റെ നാഥന്‍ അല്ലാഹുവാണെന്ന് നീ പറയുകയും അതനുസരിച്ച് ജീവിതം നയിക്കുകയും ചെയ്യൂ. ഞാന്‍ ചോദിച്ചു. പ്രവാചകരേ! ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ടതെന്താണ്? സ്വന്തം നാവ് കാണിച്ചിട്ട് നബി(സ) പറഞ്ഞു: ഇതിനെയാണ്. (തിര്‍മിദി) |
3) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: ദിക്റ് ചൊല്ലാതെ നിങ്ങള്‍ അധികം സംസാരിക്കരുത്. ദിക്റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളില്‍വെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവന്‍. (തിര്‍മിദി) |
4) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു: അല്ലാഹു വല്ലവനേയും തന്റെ താടിയെല്ലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും കാലുകള്‍ക്കിടയിലുള്ളതിന്റെ ശര്‍റില്‍ നിന്നും രക്ഷിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. (തിര്‍മിദി) |
5) ഉഖ്ബത്തി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! മോക്ഷ മാര്‍ഗ്ഗമേതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാക്കുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തിര്‍മിദി) |
6) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നേരം പുലര്‍ന്നാല്‍ മനുഷ്യന്റെ അവയവങ്ങളെല്ലാം (വിനയത്തോടെ) നാവിനോട് അപേക്ഷിക്കും. ഞങ്ങള്‍ക്കുവേണ്ടി നീ അല്ലാഹുവിനെ സൂക്ഷിക്കണേ! പാപങ്ങളില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതേ! ഞങ്ങള്‍ നിന്നോട് കൂടെയുള്ളവയാണ്. നീ നന്നാവുന്നപക്ഷം ഞങ്ങളും നന്നായി. നീ ചീത്തയായാലോ ഞങ്ങളും ചീത്തയായി. (തിര്‍മിദി) |
11) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വല്ലവനും തന്റെ സഹോദരന്റെ അഭിമാനത്തെ ക്ഷതം വരുത്തുന്നത് തടുത്താല്‍ അന്ത്യദിനത്തില്‍ അവന്റെ മുഖത്തുനിന്ന് അല്ലാഹു നരകാഗ്നിയെതടുക്കുന്നതാണ്. (തിര്‍മിദി) |
17) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: അധിക്ഷേപിക്കുന്നവനും ലഅ്നത്ത് ചെയ്യുന്നവനും നീചവും നികൃഷ്ടവുമായി സംസാരിക്കുന്നവനും സത്യവിശ്വാസിയല്ല. (തിര്‍മിദി) |
27) വാസില(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ചെയ്തു. നിന്റെ സഹോദരന്റെ കഷ്ടപ്പാടില്‍ നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്‍മിദി) |
45) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും തീറ്റിപ്പിക്കുന്നവനെയും പ്രവാചകന്‍ ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിര്‍മിദിയിലും മറ്റുമുണ്ട്. |
81) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ വെച്ച് വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍ പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി) |
90) ഇബ്നുഉമറി(റ)ല്‍ നിന്ന് നിവേദനം: കഅ്ബയെ തന്നെയാണ, എന്ന് ഒരാള്‍ സത്യം ചെയ്യുന്നത് അദ്ദേഹം കേട്ടു. അന്നേരം ഇബ്നുഉമര്‍(റ) പറഞ്ഞു. അല്ലാഹുവല്ലാത്തവരെക്കൊണ്ട് നീ സത്യംചെയ്യരുത്. റസൂല്‍(സ) പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവല്ലാത്തവരെക്കൊണ്ട് വല്ലവനും സത്യം ചെയ്താല്‍ അവന്‍ കാഫിറോ മുശ്രികോ ആയിപ്പോകും. (തിര്‍മിദി) |
98) ഉബയ്യി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ കാറ്റിനെ ആക്ഷേപിക്കരുത്. നിങ്ങള്‍ക്ക് വിഷമമുള്ള കാറ്റ് കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില്‍ നിന്നുണ്ടാകുന്ന ഗുണവും അതിനെ തുടര്‍ന്നുണ്ടാകുന്ന നന്മയും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ള നന്മയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിന്റെ ഉപദ്രവത്തില്‍ നിന്നും അതി നാലുണ്ടാകാവുന്നതിന്റെ ഉപദ്രവത്തില്‍ നിന്നും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തില്‍ നിന്നും ഞങ്ങള്‍ നിന്നോട് രക്ഷതേടുന്നു. (തിര്‍മിദി) |
102) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു. ദു:ഖ സ്വഭാവിയെ ആ സ്വഭാവം വഷളാക്കാതിരിക്കില്ല. ലജ്ജയുള്ളവന് അത് അലങ്കാരമാവാതിരിക്കുകയുമില്ല. (തിര്‍മിദി) |
108) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: നമസ്കാരത്തില്‍ തിരിഞ്ഞുനോക്കുന്നത് നിങ്ങള്‍ സൂക്ഷിക്കണം. നമസ്കാരത്തില്‍ തിരിഞ്ഞുനോക്കല്‍ നാശത്തിന് കാരണമാണ്. അങ്ങനെ തിരിഞ്ഞുനോക്കിയേ കഴിയൂ എങ്കില്‍ സുന്നത്ത് നമസ്കാരത്തിലാവാം. ഫര്‍ള് നമസ്കാരത്തിലത് പറ്റുകയില്ല. (തിര്‍മിദി) |
61) അലി(റ)യില്‍ നിന്ന് നിവേദനം: സ്ത്രീ തലമുടി കളയുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. (നസാഈ) |